sections
MORE

എയർടെല്ലിൽ 67,900 രൂപയുടെ ഗ്യാലക്സി നോട്ട് 9ന് 7,900 രൂപ

04-samsung-galaxy-note-9
SHARE

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫറുമായി രംഗത്ത്. ഐഫോൺ, ഗ്യാലക്സി മോഡലുകൾ, ഐവാച്ച് തുടങ്ങി ഹാൻഡ്സെറ്റുകളെല്ലാം ഓഫർ വിലയ്ക്ക് എയർടെൽ ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങാം. ജിയോ സ്റ്റോറിന് സമാനമായാണ് എയർടെൽ ഓൺലൈൻ സ്റ്റോറും പ്രവര്‍ത്തിക്കുന്നത്.

സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി നോട്ട് 9 ഇന്ത്യയിൽ എത്തും മുൻപെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. സാംസങ് ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ, എയർടെൽ ഓൺലൈന്‍ സ്റ്റോർ എന്നിവിടങ്ങളിൽ ബുക്കിങ് അവസരമുണ്ട്. 

67,900 രൂപ വിലയുള്ള ഗ്യാലക്സി നോട്ട് 9 ഹാൻഡ്സെറ്റ് 7,900 രൂപയ്ക്ക് ഡൗൺടൈം ഓഫറിൽ സ്വന്തമാക്കാം. മാസം 2999 രൂപ നിരക്കിൽ 24 തവണകളായി അടച്ചാൽ മതി. എയർടെൽ വരിക്കാർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഇൻസ്റ്റന്റ് ലോൺ ലഭ്യമാണോ എന്നും പരിശോധിക്കണം. 

ഡൗൺടൈം ഓഫറിലൂടെ ഗ്യാലക്സി നോട്ട് 9 വാങ്ങുന്നതോടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാനും ആക്ടിവേറ്റാകും. അൺലിമിറ്റഡ് കോൾ, ഫ്രീ നാഷണൽ റോമിങ്, മാസം 100 ജിബി ഡേറ്റ, ആമസോൺ പ്രൈം അംഗത്വം, ഫ്രീ എയർടെൽ ടിവി, ഫ്രീ എയർടെൽ സെക്യുർ ഡിവൈസ് പ്രൊട്ടക്‌ഷൻ പാക്കേജ് എന്നീ ഓഫറുകളും ലഭിക്കും.

വിസ്മയിപ്പിച്ച് ഗ്യാലക്‌സി നോട്ട് 9

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവെന്ന ഖ്യതി കയ്യാളുന്ന കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് അവരുടെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നായ ഗ്യാലക്‌സി നോട്ട് 9 അവതരിപ്പിച്ചു. വര്‍ഷങ്ങള്‍ക്കു മുൻപ് നോട്ടു കുറിക്കാനായി, നോട്ട് സീരിസിനോപ്പം അവതരിപ്പിച്ച S പെന്നിനും പുതിയ സവിശേഷതകള്‍ നല്‍കി. ഇതിനെ ശരിക്കുമൊരു മാന്ത്രികവടിയാക്കിയെന്നതാണ് സാംസങ് ഫോൺ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്നത്. ഫോണിലുള്ള DeX സോഫ്റ്റ്‌വെയറിലൂടെ ഉപയോക്താവിന് ഈ ഹാന്‍ഡ്‌സെറ്റിനെ ഒരു മോണിറ്ററുമായി ഘടിപ്പിച്ച് കംപ്യൂട്ടര്‍ പോലെ ഉപയോഗിക്കുകയും ചെയ്യാം.

ഈ വര്‍ഷം ആദ്യമിറക്കിയ ഗ്യാലക്‌സി S9ന്റെ ക്യാമറ ശേഷി പുതിയ മോഡലിലേക്കും പറിച്ചു നല്‍കുകയാണു ചെയ്തിരിക്കുന്നത്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവിലൂടെ നിങ്ങള്‍ ഒരു മോശം ചിത്രമെടുത്താല്‍ പറയുകയും ചെയ്യും. ഉദാഹരണത്തിന് നിങ്ങള്‍ ചിത്രമെടുക്കുന്നയാള്‍ കണ്ണടച്ചെങ്കില്‍ ഫോണ്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കും. അപ്പോള്‍ തന്നെ വേണമെങ്കില്‍ വേറെ ചിത്രമെടുക്കാം. ചിത്രം ഷെയ്ക്കായാലും മുന്നറിയിപ്പു കിട്ടും.

ചില പ്രധാന ഫീച്ചറുകൾ

ഹാര്‍ഡ്‌വെയര്‍

പ്രകടനത്തിനു തന്നെയാണു മുന്‍തൂക്കം. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ സാംസങ്ങില്‍ നിന്ന് ഹാര്‍ഡ്‌വെയര്‍ വാങ്ങാറുണ്ട് എന്നോര്‍ക്കുക. അവരുടെ മികവിനു കിട്ടുന്ന ഒരു പ്രശംസാപത്രമാണത്. അപ്പോള്‍ അവര്‍ സ്വന്തം അഭിമാന ഫോണ്‍ ഇറക്കുമ്പോള്‍ അതില്‍ എത്രമാത്രം ശ്രദ്ധിച്ചിരിക്കുമെന്ന് ആലോചിക്കാവുന്നതാണ്. സ്‌നാപ്ഡ്രാഗണ്‍ 845 അല്ലെങ്കില്‍ ഇതേ ശേഷിയുള്ള സാംസങ്ങിന്റെ എക്‌സിനോസ് പ്രൊസസര്‍ ഇവയില്‍ ഏതെങ്കിലുമായിരിക്കും ഫോണിലുണ്ടാകുക. ഏതു രാജ്യത്താണ് ഫോണ്‍ വില്‍ക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കുമിത്. ഫോണിലുള്ള 'വാട്ടര്‍ കാര്‍ബണ്‍ കൂളിങ് സിസ്റ്റവും,' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രകടനം മെച്ചപ്പെടുത്തുന്ന ഘടകങ്ങളായിരിക്കും. ഫോൺ ചൂടാകുന്ന കാര്യത്തില്‍ ഈ ഫോണ്‍ മൂന്നിരട്ടി ഭേദമായിരിക്കും. ധാരാളം ശക്തി വേണ്ട ഗെയിമുകളും മറ്റും കളിക്കുമ്പോഴും വിഡിയോ എഡിറ്റിങ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴും ഇവയുടെ ശക്തി കാണാനാകും. രണ്ടു മോഡലുകളാണുള്ളത്. 128GB മോഡലിന് 6GB റാമും 512GB മോഡലിന് 8GB റാമും ഉണ്ടായിരിക്കും. മള്‍ട്ടി ടാസ്‌കിങ്ങും മറ്റും പ്രശ്‌നമില്ലാതെ നിര്‍വ്വഹിക്കാനാകും. തങ്ങള്‍ ഈ വര്‍ഷാവസാനം ഒരു 512GB മൈക്രോഎസ്ഡി കാര്‍ഡും പുറത്തിറക്കുന്നുണ്ടെന്ന് സാംസങ് അറിയിച്ചു. അതോടെ, ഈ ഫോണിന് 1TB സ്‌റ്റോറേജ് പോക്കറ്റില്‍ ഒതുക്കാനാകും!

കഴിഞ്ഞ വര്‍ഷമിറക്കിയ നോട്ട് 8നെക്കാള്‍ ബെസല്‍ കുറച്ചാണ് 2960 x 1440 റെസലൂഷനുള്ള സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. നിറങ്ങൾ കൂടുതൽ ഫലപ്രദമായി എടുത്തു കാണിക്കുന്നു. കറുപ്പു നിറം കൂടുതല്‍ മിഴിവോടെ തെളിയുന്നുവെന്നത് ഡിസ്‌പ്ലെയുടെ മികവു സൂചിപ്പിക്കുന്നു. ബ്രൈറ്റ്‌നസും അത്യുജ്‌ലമായ ഒരു ഹാന്‍ഡ്‌സെറ്റാണ് കയ്യിലിരിക്കുന്നതെന്ന് ഓര്‍മിപ്പിക്കും. ലോകത്തെ ഏറ്റവു മികച്ച ഡിസ്‌പ്ലെ നിര്‍മാതാക്കളില്‍ ഒരാളായ സാംസങ്ങിന്റെ വര്‍ണ്ണോജ്വലമായ സ്‌ക്രീനുകളില്‍ ഒന്നാണ് ഇതിനു നല്‍കിയിരിക്കുന്നത്. ഗ്യാലക്‌സി S9ന് ലോകത്തെ ഏറ്റവും നല്ല സ്‌ക്രീൻ എന്ന അവാര്‍ഡ് ലഭിച്ചിരുന്നു. നോട്ട് 9 അതിനെ വെല്ലുമെന്നാണ് ആദ്യ സൂചനകള്‍. മെറ്റല്‍ ഫ്രെയ്മിനു മീതെ ഗ്ലാസ് പതിപ്പിച്ചാണ് നോട്ട് 9 നിര്‍മിച്ചിരിക്കുന്നത്. സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ മികവോടെ കാണാം. ഗ്ലാസ് നിര്‍മിതമായതിനാല്‍ ഈ ഫോണും എളുപ്പം പൊട്ടാം. അതിനാല്‍ ഫോണ്‍ വാങ്ങുന്നവര്‍ ഒപ്പം കവറും ഉറപ്പായി വാങ്ങിയിരിക്കണം. IP68 റെയ്റ്റിങ്ങുള്ള ഈ ഫോണ്‍ യാദൃശ്ചികമായി നനയുകയോ വെള്ളത്തില്‍ വീഴുകയോ ചെയ്താലും ഒരു പിണക്കവും കാണിക്കില്ല എന്നതും സാംസങ്ങിന്റെ നിര്‍മാണ മികവിന്റെ പ്രഖ്യാപനമാണ്.

നോട്ട് 8ന്റെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിടിപ്പിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് വളരെയധികം വിമര്‍ശനങ്ങള്‍ സാംസങ് കേട്ടിരുന്നു. എന്നാല്‍ നോട്ട് 9നില്‍ ഇരട്ട ക്യാമറയ്ക്കു താഴെ, അതിനു സ്ഥാനം നല്‍കി വിമര്‍ശനമൊഴിവാക്കാന്‍ കമ്പനി ശ്രമിച്ചിരിക്കുന്നു. വോയ്‌സ് അസിസ്റ്റന്റ് ബിക്‌സിബി കീ ഇടതുവശത്തു തന്നെ പിടിപ്പിച്ചിരിക്കുന്നു. പവര്‍ ബട്ടണ്‍ വലതു വശത്താണ്. യുഎസ്ബി ടൈപ്-സി പോര്‍ട്ടും ഹെഡ്‌ഫോണ്‍ ജാക്കും ഫോണിന്റെ കീഴ്ഭാഗത്താണ്. താഴെയുള്ള സ്പീക്കറും മുകളിലുള്ള, ഇയര്‍പീസും ഒരുമിച്ചു പ്രവര്‍ത്തിച്ച് സ്റ്റീരിയോ എഫക്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. ഓഡിയോയ്ക്കായി എകെജിയുടെയും ഡോള്‍ബി അറ്റ്‌മോസിന്റെയും പിന്തുണ സാംസങ് തേടിയിട്ടുണ്ട്.

നോട്ട് 9ന്റെ ബാറ്ററി 4,000 mAh ആണ്. അഡാപ്റ്റിവ് ഫാസ്റ്റ്-ചാര്‍ജിങ്ങിന്റെ സാന്നിധ്യമുണ്ട്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. സാംസങ്ങിന്റെ വയര്‍ലെസ് ചാര്‍ജിങ് ഡൂവോ പാഡിന് വയര്‍ലെസ് ചാര്‍ജിങ് കഴിവുള്ള രണ്ടു ഫോണുകളെ ഒരുമിച്ചു ചാര്‍ജ് ചെയ്യാനാകും.

സ്മാര്‍ട് ക്യാമറ

ഗ്യാലക്‌സി S9 പ്ലസിന്റെ അതേ ക്യാമറ സിസ്റ്റമാണ് നോട്ട് 9ലും പിടിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട് വേരിയബിൾ അപേര്‍ച്ചര്‍ തുടങ്ങിയ മറ്റൊരു ഫോണിലും ഇല്ലാത്ത ഫീച്ചറുകള്‍ ഈ ഫോണിനുമുണ്ട്.

സാംസങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപ്ലവാത്മകമായ കഴിവുകള്‍ തങ്ങളുടെ ഫോണുകളില്‍ കൊണ്ടുവരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. സീന്‍ തിരിച്ചറിയല്‍ ശേഷിയിലൂടെ എക്‌സ്പോഷര്‍ ക്രമീകരിക്കാന്‍ നോട്ട് 9ന്റെ ക്യാമറകള്‍ക്കാകും. ഇങ്ങനെ 20 സീനുകള്‍ വരെ തിരിച്ചറിഞ്ഞ് സ്വയം ക്രമീകരിക്കാനാകുന്ന രീതിയിലാണ് ക്യാമറകളുടെ നിര്‍മിതി. എക്‌സ്‌പോഷര്‍, കളര്‍, കോണ്‍ട്രാസ്റ്റ് എന്നിവയൊക്കെ തിരിച്ചറിയാനുള്ള ശേഷിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ സാംസങ് ക്യാമറകള്‍ക്കു നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് ആയിരക്കണക്കിനു സൂര്യാസ്തമയ ഫോട്ടോകള്‍ നല്‍കിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എന്താണ് അസ്തമയ ഫോട്ടോകളുടെ സവിശേഷത എന്നു പഠിപ്പിച്ചെടുത്തിരിക്കുന്നത്. നിങ്ങളുദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ലെങ്കില്‍ എഐയെ ഓഫ് ചെയ്തും ചിത്രങ്ങള്‍ പകര്‍ത്താം. ലൈവ് ഫോക്കസ് മോഡില്‍ ബോ-കെ ശൈലിയുള്ള ഫോട്ടോകളും എടുക്കാനാകും. കുറ്റം കണ്ടുപിടിക്കലാണ് മറ്റൊരു സവിശേഷത. മോശം ചിത്രങ്ങളെ കണ്ടെത്തി ഉപയോക്താവിനെ അറിയിക്കാനും ഗ്യാലക്‌സി നോട്ട് 9ന് സാധിക്കും. പിന്‍വെളിച്ചത്തിലൂടെ സബ്ജക്ട് നല്ല രീതിയില്‍ ഫോട്ടോയില്‍ പതിഞ്ഞിട്ടില്ലെങ്കിലും ഫോണ്‍ നിങ്ങളെ അറിയിക്കും.

എസ് പെന്‍ ഡെക്‌സ്

എസ് പെന്നിന് ചില ഗൗരവമുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. എസ് പെന്‍ എന്നറിയപ്പെടുന്ന, സാംസങ്ങിന്റെ കൊച്ചു സ്റ്റൈലസിന് 40 സെക്കന്‍ഡ് കൊണ്ട് ഏകദേശം 30 മിനിറ്റ് (200 ക്ലിക്‌സ്) പ്രവര്‍ത്തിക്കാനുള്ള ബാറ്ററി ഫോണില്‍ നിന്നു വലിച്ചുകുടിക്കാനാകും. സൂപ്പര്‍കപ്പാസിറ്റര്‍ സ്റ്റൈലസില്‍ അടക്കം ചെയ്യാന്‍ സാംസങ്ങിന്റെ എൻജിനീയര്‍മാര്‍ക്കു സാധിച്ചതിലൂടെയാണ് ഇതു സാധ്യമായത്. ബ്ലൂടൂത്ത് ലോ എനര്‍ജിയുടെ സാന്നിധ്യമാണ് ഇതിന്റെ ശേഷി വര്‍ധിപ്പിച്ച ഒരു ഘടകം. മുപ്പതടി അകലെ നിന്നു പോലും സ്‌റ്റൈലസ് ഉപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാം. ഇതിലൂടെ ഫോണിന്റെ ക്യാമറയെ നിയന്ത്രിക്കാമെന്നത് കൂടുതല്‍ ക്രിയേറ്റീവ് ആയി ഫോട്ടോയും വിഡിയോയും പകര്‍ത്താനുള്ള കഴിവുള്ളവര്‍ക്ക് അനുഗ്രഹമാകും. സെല്‍ഫി ക്യാമറ വേണോ പിന്‍ക്യാമറ വേണോ എന്നൊക്കെ സ്‌റ്റൈലസിലൂടെ തീരുമാനിക്കാം. പവര്‍ പോയിന്റ് പ്രസന്റേഷനും എസ് പെന്നിലൂടെ നടത്താം. ഇതൊക്കെ ചെയ്യുമ്പോള്‍ ഫോണിനെ സ്പര്‍ശിക്കേണ്ട കാര്യം പോലും വരില്ല. ആവശ്യാനുസരണം പ്രിഫറന്‍സില്‍ മാറ്റങ്ങള്‍ വരുത്തിയും എസ്‌ പെന്നിന്റെ കഴിവുകളെ നിയന്ത്രിക്കാം. ഡവലപ്പര്‍മാര്‍ക്ക് ഇതിന്റെ സോഫ്റ്റ്‌വെയര്‍ കിറ്റ് നല്‍കുമെന്നും സാംസങ് പറഞ്ഞു.

ഡെക്‌സ് (DeX ) മോഡ്

കഴിഞ്ഞ വര്‍ഷത്തെ മോഡലില്‍ ഡെക്‌സ് സ്‌റ്റേഷനോ ഡെക്‌സ്പാഡോ പുറമേ വാങ്ങിച്ചാല്‍ മാത്രമായിരുന്നു സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് ഡെസ്‌ക്ടോപ് മോഡ് പ്രവര്‍ത്തിക്കുമായിരുന്നുള്ളു. എന്നാല്‍ നോട്ട് 9ല്‍ വെറുതെ യുഎസ്ബി ടൈപ്-സി റ്റു എച്ഡിഎംഐ കേബിൾ കണക്ടു ചെയ്തു കഴിഞ്ഞാല്‍ ഡെസ്‌ക്ടോപ്പ് മോഡില്‍ പ്രവേശിച്ച് വലിയ മോണിറ്ററില്‍ വിവിധ കാര്യങ്ങള്‍ ചെയ്യാം. ഫോണിനെ ഈ സമയത്ത് ഒരു ട്രാക് പാഡ് ആയോ കീബോർഡ് ആയോ ഉപയോഗിക്കാം.

ലോകത്തെ ഏറ്റവും പ്രശസ്തമായ വിഡിയോ ഗെയിം Fortnite: Battle Royale ഗ്യാലക്സി ഫോണുകളില്‍ കളിക്കാനാകുമെന്ന് സാംസങ് അറിയിച്ചു. സാംസങ്ങിന്റെ വോയ്‌സ് അസിസ്റ്റന്റിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവിലൂടെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാകും. ഓഗസ്റ്റ് 24 ന് വില്‍പനയ്‌ക്കെത്തുന്ന ഫോണിന്റെ ഇന്ത്യയിലെ വില പുറത്തു വിട്ടിട്ടില്ല. കുറഞ്ഞ മോഡലിന് 999.99 ഡോളറും, കൂടിയ മോഡലിന് 1249.99 ഡോളറുമാണ് രാജ്യാന്തര വിപണിയിലെ വില.

അതേസയം, ഡൗൺ ടൈം ഓഫർ പ്രകാരം ഗ്യാലക്സി നോട്ട് 9 വാങ്ങുമ്പോൾ 67,900 രൂപയുടെ ഫോണിന് 79,876 രൂപ നൽകേണ്ടി വരും. 128 ജിബി വേരിയന്റാണ് എയർടെല്ലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഗസ്റ്റ് 22 മുതൽ ഹാൻഡ്സെറ്റ് വിതരണം ചെയ്തു തുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA