sections
MORE

ഐഫോണിനെ ‘പരസ്യ’മായി കളിയാക്കി സാംസങ് ട്രോൾ

advt
SHARE

ആദ്യ കാലത്ത് ആപ്പിൾ ഐഫോണിന്റെ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ പങ്കാളിയായിരുന്നു സാംസങ്. പിന്നീട് അവര്‍ ഗൂഗിളിന്റെ പ്രിയപ്പെട്ട ഫോണ്‍ നിര്‍മാതാവായി മാറി. തങ്ങളുടെ ഫോണുകള്‍ ഐഫോണിനെ അനുകരിച്ച് നിര്‍മിക്കാനും തുടങ്ങി. ഒരു നാണവുമില്ലാതെ ഐഫോണിനെ കോപ്പിയടിക്കുന്നു എന്ന ആരോപണത്തെ നേരിടുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക്, ഫോണ്‍ നിര്‍മാണത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനായതു മുതല്‍ ഐഫോണിനെ കളിയാക്കുന്നതില്‍ ഒരു പ്രത്യേക സുഖം അനുഭവിക്കുകയും ചെയ്തിരുന്നതായി കാണാം.

2011 മുതല്‍ ഐഫോണിനെ കളിയാക്കുന്ന പരസ്യങ്ങള്‍ സാംസങ് ഇറക്കിയിരുന്നു. സാംസങ് ചെയ്യുന്നതു ശരിയാണോ എന്ന കാര്യത്തില്‍ ചര്‍ച്ചയാകാം. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ലോകത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയാണ് സാംസങ് എന്ന കാര്യം മറക്കാനാവില്ല. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളിനെ മൂന്നാം സ്ഥാനത്തെക്കു പിന്തള്ളി ചൈനീസ് വാവെയ് എത്തുകയും ചെയ്തു.

ഐഫോണിനെ നേരിട്ടു കളിയാക്കുന്ന രീതി സാംസങ് ഇന്നും തുടരുന്നു. അവര്‍ അടുത്തകാലത്തിറക്കിയ ഒരു കൂട്ടം പരസ്യങ്ങളില്‍ ഐഫോണിനെക്കാള്‍ മെച്ചമാണ് തങ്ങളുടെ ഫോണ്‍ എന്നാണ് അവകാശപ്പെടുന്നത്. പലതും ഐഫോണ്‍ Xനെ ലക്ഷ്യമാക്കിയാണ് ഇറക്കിയിരിക്കുന്നതെന്നും കാണാം. ഐഫോണ്‍ Xന്റെ ഡൗണ്‍ലോഡ് സ്പീഡിനെക്കാള്‍ മെച്ചാമാണ് തങ്ങളുടേതെന്നാണ് അവര്‍ പറയുന്നത്. ഇതില്‍ കുറച്ചു കാര്യമുണ്ട്. എന്നാല്‍ പ്രായോഗിക തലത്തില്‍ കാര്യമായ വ്യത്യാസം ഇരു ഫോണുകളും തമ്മില്‍ കാണാനില്ലെന്നു വാദിക്കുന്നവരുമുണ്ട്.

S9പ്ലസ് DXOയുടെ റാങ്കിങ്ങില്‍ 99 പോയിന്റുമായി 97 പോയിന്റ് ഉള്ള ഐഫോണ്‍ Xനെക്കാള്‍ പൊടിക്കു മുന്നിട്ടു നില്‍ക്കുന്നുവെന്നതാണ് പരിഹസിക്കാനുള്ള മറ്റൊരു കാരണം. വാവെയ് പി20 പ്രോയാണ് ഇപ്പോള്‍ രണ്ടു ഫോണുകളെക്കാൾ DXO റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത്- 109 പോയിന്റ്. സാംസങ് ഗ്യാലക്‌സി S8 പ്ലസിനൊപ്പം ഷവോമി Mi 8ഉം, 99 പോയിന്റില്‍ എത്തിയിരിക്കുന്ന കാര്യവും സാംസങ്ങിനു പ്രശ്‌നമല്ല. (അതെ, DXOയെ വിശ്വസിക്കാമെങ്കില്‍ ഐഫോണ്‍ Xനെക്കാള്‍ നല്ല ക്യാമറയാണ് ഷവോമി Mi 8ന്റെത്!)

ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ കാര്യത്തിലാണ് ഐഫോണിനെ മറ്റൊരു പരസ്യത്തില്‍ സാംസങ് കളിയാക്കുന്നത്. ഐഫോണിന് ഹെഡ്‌ഫോണ്‍ ജാക്കില്ലാത്തതാണ് (വാട്ടര്‍പ്രൂഫായി ഹെഡ്‌ഫോണ്‍ ജാക്ക് വച്ച് ഫോണ്‍ നിര്‍മിക്കാന്‍ ആപ്പിളിന്റെ എൻജിനീയര്‍മാര്‍ക്കു കഴിഞ്ഞില്ല) കളിയാക്കലിനു കാരണം.

എന്നാല്‍, മറ്റു നിരവധി കാര്യങ്ങളില്‍ ഐഫോണുകള്‍ക്ക് സാംസങ്ങിന്റെ മോഡലുകളെക്കാള്‍ മികവുണ്ടെന്നും കാണാം. ഈ പരസ്യങ്ങളെല്ലാം അമേരിക്കക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്. ലോകത്ത് പ്രീമിയം ഫോണുകളുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് അതാണല്ലോ. അടുത്തിയിടെ സാംസങ്ങിനെക്കാള്‍ കൂടുതല്‍ സിം ആക്ടിവേഷന്‍സ് അമേരിക്കയില്‍ നടന്നത് ഐഫോണുകള്‍ക്കാണ് എന്നതായിരിക്കണം പുതിയ പരസ്യങ്ങളുമായി എത്താന്‍ സാംസങ്ങിനെ പ്രേരിപ്പിച്ചത്.

ഈ പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്നു സമ്മതിച്ചാലും പരസ്യങ്ങളിലെ ആരോപണങ്ങള്‍ മുൻപെ സാംസങ് പരസ്യങ്ങളിലൂടെ ഉന്നയിച്ചു കഴിഞ്ഞവയാണ് എന്നതാണ് പലര്‍ക്കും ഇഷ്ടക്കുറവുണ്ടാക്കുന്ന മറ്റൊരു കാര്യം. എന്തായാലും ഗ്യാലക്‌സി നോട്ട് 9 സാംസങ് ആരാധകര്‍ക്ക് കൂടുതല്‍ ആവേശമുണ്ടാക്കുന്ന ഒന്നാണെന്നു പറയാതെ വയ്യ. പക്ഷേ, ആ ആവേശം അടുത്ത മാസം നടക്കാന്‍ പോകുന്ന ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണം കഴിയുമ്പോള്‍ തണുക്കാനും വഴിയുണ്ട്. കാത്തിരിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA