പുതിയ ആൻഡ്രോയ്ഡിലേത് അദ്ഭുത മാറ്റം, അറിയാം ചില കാര്യങ്ങൾ

ആൻഡ്രോയ്ഡിന്റെ പതിനാറാം പതിപ്പിനു പൈ എന്നു പേര്. ആൻഡ്രോയ്ഡ് പി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡവലപ്പർ വേർഷനാണു പി എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ തുടങ്ങുന്ന മധുരപലഹാരമായ പൈ എന്ന പേരിൽ ഗൂഗിൾ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കിയത്. ഗൂഗിൾ പിക്സൽ ഫോണുകളിൽ ഇതിനോടകം ലഭ്യമാക്കിയിട്ടുള്ള ആൻഡ്രോയ്ഡ് പൈ അപ്ഡേറ്റ് അർഹമായ മറ്റു ഫോണുകളിലും വൈകാതെയെത്തും.

ജെസ്ചർ നാവിഗേഷൻ, അഡാപ്റ്റീവ് ബാറ്ററി, ബ്രൈറ്റ്നസ്, ഡിജിറ്റൽ വെൽബീയിങ് തുടങ്ങിയ പുതുമകളും നിലവിലുള്ള സംവിധാനങ്ങളിലെ ശ്രദ്ധേയമായ പരിഷ്കാരങ്ങളുമാണ് ആൻഡ്രോയ്ഡ് പൈയുടെ പ്രത്യേകത.

ഹോം സ്ക്രീനിനു താഴെയുള്ള ഓൺ സ്ക്രീൻ ഹോം ബട്ടൺ രൂപം മാറി പിൽ ഷേപ്പിലായി. അതു ചലിപ്പിച്ച് മെനുവിലെ വിവിധ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഒറ്റ ക്ലിക്കിൽ ഹോം, വലത്തോട്ടു നീക്കിയാൽ റീസന്റ് ആപ്സ്, മുകളിലേക്ക് സ്വൈപ് ചെയ്താൽ ആപ് ഡ്രോവർ എന്നിങ്ങനെ. ഹോം സ്ക്രീനിൽ വലതു മുകളിലുള്ള ഡിജിറ്റൽ ക്ലോക്ക് പൈയിൽ ഇടതു കോണിലേക്കു മാറ്റിയിട്ടുണ്ട്. നോച്ചസ് എന്ന പുതിയ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പരിഷ്കാരം. സ്ക്രീനിനു മുകളിൽ മധ്യഭാഗത്തുള്ള സ്പീക്കർ, ഫ്രണ്ട് ക്യാമറ, വിവിധ സെൻസറുകൾ എന്നിവയടങ്ങിയ ഭാഗത്തെ സ്ക്രീനിനുള്ളിലാക്കി വശങ്ങളിലേക്കു ഡിസ്പ്ലേ വ്യാപിപ്പിക്കുന്ന സംവിധാനമാണു നോച്ചസ്.

അഡാപ്റ്റീവ് ബാറ്ററി

നിങ്ങൾ ഫോണിലെ ഏതൊക്കെ ആപ്പുകൾ ഏതൊക്കെ സമയത്ത് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതു നിരീക്ഷിക്കുന്ന നിർമിത ബുദ്ധി അതതു സമയങ്ങളിൽ ആ ആപ്പുകൾക്കു മാത്രം പ്രവർത്തനാനുമതി നൽകുകയും മറ്റ് ആപ്പുകളുടെ ബാറ്ററി ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണ്. ഗൂഗിളിന്റെ ഡീപ്മൈൻഡ് എഐ ആണ് ഇത്തരത്തിൽ ബാറ്ററി ഉപയോഗം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആൻഡ്രോയ്ഡ് ഒഎസിൽ ബാറ്ററി ശേഷി വർധിപ്പിക്കുന്നതിനായി ഇതുവരെ വന്നതിൽ വച്ച് ഏറ്റവും ശക്തവും ശ്രദ്ധേയവുമായ പരിഷ്കാരമാണ് അഡാപ്റ്റീവ് ബാറ്ററി സംവിധാനം. ഒരു തുള്ളി ബാറ്ററി ഊർജം പോലും പാഴാവാതെ കാത്തുസൂക്ഷിക്കുന്നതു വഴി ഫോണിന്റെ ബാറ്ററി ബാക്കപ് മണിക്കൂറുകൾ വർധിപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിന് അഡാപ്റ്റീവ് ബ്രൈറ്റ്നസ് സംവിധാനവും വലിയ സംഭാവന നൽകുന്നുണ്ട്. വിവിധ സമയങ്ങളിൽ സ്ക്രീൻ ബ്രൈറ്റ്നസ് നിങ്ങൾ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതു മനസ്സിലാക്കി ആ സാഹചര്യങ്ങൾ വിലയിരുത്തി ഈ അഡ്ജസ്റ്റ്മെന്റ് സ്വയം ചെയ്ത് ബാറ്ററി ലാഭിക്കുകയാണ് അഡാപ്റ്റീവ് ബ്രൈറ്റ്നസ് സംവിധാനം.

ഡിജിറ്റൽ വെൽബീയിങ്

ഫോൺ കയ്യിൽ നിന്നു താഴെ വയ്ക്കാത്തവരാണു ഗൂഗിളിനെ സംബന്ധിച്ചു മികച്ച ഉപയോക്താക്കൾ. എന്നാൽ, സദാസമയവും ഫോണും പിടിച്ചിരുന്നു ജീവിതം നശിപ്പിക്കുന്നവർക്കു പിന്മാറാൻ പ്രചോദനം നൽകുന്ന ഡിജിറ്റൽ വെൽബീയിങ് ആൻഡ്രോയ്ഡ് പൈയിലെ പുതുമയാണ്. ഓരോ ദിവസവും ആകെ എത്രസമയം ഫോൺ ഉപയോഗിച്ചു എന്നതിനു പുറമേ ഓരോ ആപ്പിലും എത്ര സമയം ചെലവഴിച്ചു എന്നതും ഡിജിറ്റൽ വെൽബീയിങ് വ്യക്തമായി കാണിച്ചുതരും. ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഉദാഹരണത്തിന്, ഒരു ദിവസം ആറു മണിക്കൂറിലധികം ഫോൺ ഉപയോഗിക്കില്ല എന്നു തീരുമാനിച്ചാൽ അതനുസരിച്ചു സമയം സെറ്റ് ചെയ്യാം. ആറു മണിക്കൂർ കഴിയുമ്പോൾ ഫോണിന്റെ ഡിസ്പ്ലേ ബ്ലാക് ആൻഡ് വൈറ്റായി മാറും. അതിനു മുൻപു തന്നെ ഉപയോഗത്തെപ്പറ്റി പലവട്ടം നോട്ടിഫിക്കേഷനുകളും നൽകും. സമയം കഴിഞ്ഞാൽ നോട്ടിഫിക്കേഷനുകൾ എല്ലാം അവസാനിപ്പിച്ച് ഫോൺ ഡു നോട്ട് ഡിസ്റ്റർബ് മോഡിലേക്കു മാറുകയും ചെയ്യും. ഫോണിൽ നോക്കിയിരുന്നാൽ സമയം പോകുന്നതറിയാത്തവർക്കു ഡിജിറ്റൽ വെൽബീയിങ് അതു കൃത്യമായി അറിയിച്ചുതരും.

ആൻഡ്രോയ്ഡ് പൈയിലെ മറ്റു സംവിധാനങ്ങൾ ഇവയാണ്:

∙ പുതിയ യൂസർ ഇന്റർഫെയ്സും ക്വിക്ക് സെറ്റിങ്സ് മെനുവും

∙ പവർ ഓപ്ഷനുകളോടൊപ്പം സ്ക്രീൻഷോട്ട് ബട്ടണും

∙ മെസ്സേജ് നോട്ടിഫിക്കേഷനുകളിൽ തന്നെ മുഴുവൻ ഉള്ളടക്കവും ചിത്രങ്ങളും കാണാം, സ്മാർട് റിപ്ലൈ വഴി ∙ നോട്ടിഫിക്കേഷനിൽ നിന്നു തന്നെ മറുപടിയും നൽകാം

∙ വോളിയം സ്ലൈഡർ നോട്ടിഫിക്കേഷൻ ബാറിൽ നിന്നു പുറത്ത്. ഫോണിലെ വോളിയം ബട്ടണുകൾക്കു ∙ സമാന്തരമായി സ്ലൈഡർ സ്ക്രീനിൽ പ്രത്യക്ഷപ്പെടും

∙ ഓൾവെയ്സ് ഓൺ ഡിസ്പ്ലേ മോഡിലും ബാറ്ററി ശതമാനം കാണിക്കും

∙ ഫോൺ കമഴ്‍ത്തിവച്ചാൽ നോട്ടിഫിക്കേഷനുകൾ ഇല്ല. എന്നാൽ, എമർജൻസി കോളുകൾ മാത്രം വരും

∙ ഫോണിലെ സ്ക്രീൻ റൊട്ടേഷൻ ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ലോക്ക് ബട്ടൺ നാവിഗേഷൻ ബാറിൽ കാണാം.