sections
MORE

മികച്ച ഡിസൈനിൽ നോക്കിയ 6.1 പ്ലസ് ഇന്ത്യയില്‍; അടുത്തറിയാം ഫീച്ചറുകൾ

Nokia-6.1-plus-2.jpg1
SHARE

പ്രീമിയം ഫോണ്‍ സെഗ്്മെന്റിലേക്കല്ലാത്ത ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എങ്ങനെ കുറഞ്ഞ വിലയ്ക്ക്, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കാം എന്ന കാര്യത്തില്‍ മത്സരിക്കുകയാണ്. എച്എംഡി ഗ്ലോബല്‍ കമ്പനി, നോക്കിയ ബ്രാന്‍ഡ് നാമത്തിൽ ഇറക്കിയ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റാണ് നോക്കിയ 6.1 പ്ലസ്. (ഈ മോഡലിന് ചൈനീസ് മാര്‍ക്കറ്റില്‍ നോക്കിയ X6 എന്നാണ് പേര്.)

പൈസയ്ക്കു മൂല്യം തോന്നിക്കുന്ന തരത്തിലുള്ള നിര്‍മിതിയും പ്രകടനവും ഒരുമിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും പാളിപ്പോകാറുണ്ട്. ശരിയായ പ്രീമിയം നിര്‍മാണത്തികവുള്ള ഫോണുകള്‍ക്ക് 30,000 മുതല്‍ 35,000 രൂപ വരെയെങ്കിലും വില നല്‍കണമെന്നിരിക്കെ നോക്കിയയുടെ പുതിയ മോഡലിന് എന്തെല്ലാം സവിശേഷതകളാണ് ഉള്ളത്? നോക്കാം:

Nokia-6.1-Plus2

ഹാര്‍ഡ്‌വെയര്‍

5.8-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് (2280x1080p (FHD+) ഡിസ്‌പ്ലെയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ശക്തി. 4ജിബി റാമും 64ജിബി സംഭരണശേഷിയുമാണ് ഫോണിനുള്ളത്. ഇരട്ട പിന്‍ക്യാമറകളുടെ റെസലൂഷന്‍-16MP+ 5MP ആണ്. മുന്‍ ക്യാമറ 16MPയാണ്. 3,060 mAh ബാറ്ററിയുമുണ്ട് ഫോണിന്. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. യുഎസ്ബി ടൈപ്-സി പോര്‍ട്ടും ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. 151 ഗ്രാം ആണ് ഭാരം. മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കും.

വില വച്ചു നോക്കുമ്പോള്‍ ഈ ഫോണിന്റെ ഡിസൈൻ മനോഹരമാണ്. പരമ്പരാഗത രീതിയുടെയും ആധുനികതയുടെയും നല്ല ഒരു മിശ്രണമാണിതിലുള്ളത്. മുമ്പിലും പിമ്പിനും ഗ്ലാസാണ്. 5.8-ഇഞ്ച് വലുപ്പമുണ്ടെങ്കിലും വളരെ ഒതുക്കം തോന്നുന്ന ഫോൺ. നോക്കിയ 6 നെ അപേക്ഷിച്ച് നല്ലൊരു അപ്‌ഗ്രേഡാണ്. 19:9 അനുപാതത്തിലാണ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. ചെറിയ ബെസല്‍ മാത്രമാണ് ശേഷിപ്പിച്ചിരിക്കുന്നത്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഇല്ല. ഓണ്‍സ്‌ക്രീന്‍ ബട്ടണുകളാണ് അതിനു പകരം. പിന്‍ക്യാമറയ്ക്കു താഴെയാണ് ഫിങ്ഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം.

സ്‌ക്രീന്‍ പ്രസന്നമാണെങ്കിലും നിറങ്ങളുടെ അതിപ്രസരം തോന്നുന്നുമില്ല എന്നും കാണാം. ഇതു മിക്കവര്‍ക്കും ഇഷ്ടപ്പെടും. മുന്‍ക്യാമറ നോച്ചിനുള്ളിലാണ് ഇരിക്കുന്നത്. നോച് ഉള്ള നോക്കിയയുടെ ആദ്യ മോഡലുമാണിത്. എന്നാല്‍, വാവെയും മറ്റും സാധ്യമാക്കിയിരിക്കുന്നതു പോലെ ഓഫ് ചെയ്യാനുള്ള മാര്‍ഗമൊന്നുമില്ല എന്നത് നിരാശാജനകമാണ്.

സ്‌നാപ്ഡ്രാഗണിന്റെ മധ്യനിര പ്രൊസസറും 4ജിബി റാമും ചേര്‍ന്ന് തരക്കേടില്ലാത്ത പെർഫോർമൻസ് നൽകുന്നു. ഗെയ്മുകളും, യൂട്യൂബ് സ്ട്രീമിങും, വെബ് ബ്രൗസിങ്ങുമൊക്കെ തരക്കേടില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നതായി കാണാം. ഏറ്റവും മികച്ച ഫോണുകളുമായി താരതമ്യം ചെയ്യാന്‍ പോകുന്നില്ലെങ്കില്‍ ഇതു ധാരാളം മതിയെന്നാകും പലരും കരുതുക. പഗ് (PlayerUnknown's Battlegrounds) മള്‍ട്ടിപ്ലെയര്‍ ഗെയ്മുകളും മറ്റും കളിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ ഫോണ്‍ വാങ്ങാതിരിക്കുന്നതായിരിക്കും ബുദ്ധി.

ബാറ്ററി ലൈഫ് മികച്ചതാണ് എന്നതാണ് മറ്റൊരു കാര്യം. പ്രധാന ഫോണായി ഉപയോഗിച്ചാല്‍ പോലും ചാര്‍ജ് ഒരു ദിവസത്തേക്കു കിട്ടുന്നുണ്ട്. കാലക്രമത്തില്‍ ഇതിനു മാറ്റം വരുമോ എന്നു പറയാനാവില്ല. യുഎസ്ബി ടൈപ്-സി പോര്‍ട്ടിലൂടെയുള്ള ചാര്‍ജിങ് വളരെ വേഗം നടക്കും. സ്പീക്കറുകളും മികച്ച അനുഭവം തരുന്നു.

ആന്‍ഡ്രോയിഡ് വണ്‍

ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമിന്റെ ഭാഗമാണ് ഇതെന്നതാണ് മറ്റൊരു കാര്യം. ഒട്ടും കലര്‍പ്പില്ലാത്ത സ്‌റ്റോക് ആന്‍ഡ്രോയിഡ് ആണിത്. ഒറ്റ തേഡ്പാര്‍ട്ടി ആപ്പു പോലും പ്രീലോഡ് ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത. ഷവോമിയും മറ്റും ചെയ്യുന്നതുപോലെ ആന്‍ഡ്രോയിഡിന് മറ്റൊരു ആവരണം ഇടാത്തതും ഫോണ്‍ വളരെ ഫാസ്റ്റാണ് എന്നു തോന്നാന്‍ കാരണമാകുന്നുണ്ട്. പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ഫോണിന് യഥാസമയം രണ്ടു കൊല്ലത്തേക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് വരും മാസങ്ങളില്‍ ആന്‍ഡ്രോയിഡ് പിയിലേക്ക് കയറാം എന്നതും ചിലര്‍ക്കെങ്കിലും ഇതു വാങ്ങാനൊരു പ്രോത്സാഹനമാകും.

Nokia-6.1-plus-1.jpg3

ലളിതമായ ഇന്റര്‍ഫെയ്‌സാണ് ഫോണിന്റെത്. ഗൂഗിള്‍ ആപ്പുകള്‍ക്കൊപ്പം നോക്കിയ മൊബൈല്‍ സപ്പോര്‍ട്ട് ആപ്പ് മാത്രമാണ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെയാണ് എച്എംഡി ഗ്ലോബലിന്റെ ക്‌സ്റ്റമര്‍ സപ്പോര്‍ട്ട് ടീമിനെ വിളിക്കുന്നത്.

ക്യാമറ

നല്ല വെളിച്ചത്തില്‍ മികച്ച പ്രകടനമാണ് ഇരട്ട പിന്‍ക്യാമറകളുടേത്. നല്ല കളറും വിശദാംശങ്ങളും അനുഭവവേദ്യമാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കിട്ടുന്നു. എന്നാല്‍, വെളിച്ചം കുറയുമ്പോള്‍ ക്യാമറയുടെ പ്രകടനം മോശമാകുന്നു. ഷവോമി Mi A2 പോലെയുള്ള ഫോണുകളുടെ ക്യാമറ ഇതിനെക്കാള്‍ മികച്ചതാണ് എന്നു തോന്നുന്നു. സെല്‍ഫി ക്യാമറയുടെ കഥയും അതു പോലെ തന്നെയാണ്. ലൈറ്റ് ഉണ്ടെങ്കില്‍ മികച്ച ഫോട്ടോ ലഭിക്കും.

എന്നാല്‍, കൊടുക്കുന്ന വിലയ്ക്കുള്ള പ്രകടനം നല്‍കുന്ന ഫോണാണ് എന്നാണ് ആദ്യ സൂചന. ഡിസൈന്‍ മികവ് ആദ്യ നോട്ടത്തില്‍ തന്നെ പലരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. കണ്ണുപറിക്കാന്‍ പറ്റാത്ത ആകര്‍ഷണീയതയൊന്നുമില്ലെങ്കിലും 15,999 രൂപയ്ക്ക് ഇതൊരു നിരാശാജനകമായ ഹാന്‍ഡ്‌സെറ്റാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA