sections
MORE

കുറഞ്ഞ വിലയ്ക്ക് പൊകോ F1; ചരിത്രം കുറിയ്ക്കാൻ ഷവോമി

xiaomi-pocophone-f1
SHARE

ഷവോമിയുടെ സബ്-ബ്രാന്‍ഡായ പൊകോയെക്കുറിച്ചുള്ള വിശേഷങ്ങള്‍ https://bit.ly/2LgzOgk വായിച്ചിരിക്കുമല്ലൊ. എന്നാലും ഇതൊരു വലിയ സംഭവമായെന്നു പറയാതിരിക്കാന്‍ വയ്യ. ഏറ്റവും മികച്ച പ്രൊസസറുള്ള ഫോണ്‍ വാങ്ങാന്‍ 30,000 രൂപയെങ്കിലും കൊടുക്കണമെന്ന നിലയാണ് ഷവോമി അവരുടെ പുതിയ ഫോണിലൂടെ തകര്‍ത്തെറിഞ്ഞിരിക്കുന്നത്. ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ഉപയോഗിച്ചുളള പുതിയ ഫോണ്‍ 21,000 രൂപയ്ക്കു വാങ്ങുന്ന കാര്യം എന്നെങ്കിലും സ്വപ്‌ന കണ്ടിരുന്നോ? എങ്കില്‍ അത് സത്യമായിരിക്കുന്നു. ഇന്ത്യയിലെ പ്രീമിയം സെഗ്‌മെന്റ് എന്നു വിളിക്കുന്നത് 30,00 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയിലുള്ള ഫോണുകളെയാണ്. ഇവിടെ മത്സരം വണ്‍പ്ലസും സാംസങും ആപ്പിളിന്റെ പഴയ മോഡലുകളുമൊക്കെ തമ്മിലാണ്. പൊകോ മോഡലുകളുടെ വരവോടെ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ പലതും പൂട്ടേണ്ടണ്ടി വരുമോ? ഏറ്റവും നല്ല പ്രൊസസറുപയോഗിച്ചുള്ള ഫോണിന് 20,000 രൂപയ്ക്കു വില്‍ക്കുമെങ്കില്‍ താഴ്ന്ന മോഡലുകളുടെ കഥയെന്താകുമെന്ന് ആലോചിക്കാവുന്നതെയുള്ളു. 

ഫോണുകളുടെ വിലയില്‍ നിന്നു തുടങ്ങാം. റാമിനും, സംഭരണശേഷിക്കുമനുസരിച്ച് വില മാറുന്നു:

POCO F1 (6GB+64GB) - 20,999 രൂപ

POCO F1 (6GB+128GB) - 23,999 രൂപ

POCO F1 (8GB+256GB) - 28,999 രൂപ

POCO F1  Armoured Edition (8GB+256GB) - 29,999 രൂപ

(കെവ്‌ലര്‍ ആര്‍മൊര്‍ഡ് എഡിഷനാണ് ഏറ്റവും നല്ല നിര്‍മാണത്തികവുള്ളത്. അപ്പോള്‍ പോലും വണ്‍പ്ലസ് 6ന്റെ ഏറ്റവും കുറഞ്ഞ മോഡലിനെക്കാള്‍ വില കുറവാണ്.)

ഈ വേരിയന്റുകള്‍ക്ക് പൊതുവായുള്ള സവിശേഷതകള്‍ നോക്കാം:

ഇന്ത്യക്കാര്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള ബാറ്ററികളുള്ള ഫോണുകളുടെ ആരാധകരാണെന്നും ഷവോമിക്ക് അറിയാം. 4,000 mAh ബാറ്ററിയാണ് പുതിയ ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കം അഡ്രെനോ 630 ഗ്രാഫിക്‌സ് പ്രൊസസര്‍, 18.7:9 അനുപാതത്തില്‍ നിര്‍മിച്ച 6.18-ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡി പ്ലസ് ഡിസ്‌പ്ലെ, 20MP സെല്‍ഫി ക്യാമറ, 12MPയും 5MP യും റെസലൂഷനുള്ള ഇരട്ട പിന്‍ ക്യാമറകള്‍ തുടങ്ങിയവയെല്ലാമാണ് F1ന് ഉള്ളത്. ഫോണിന് ഒരു ലിക്വിഡ് കൂളിങ് സിസ്റ്റം പോലുമുണ്ട്. എന്നു പറഞ്ഞാല്‍ ധാരാളം ഗെയിം കളിക്കുന്നവര്‍ക്കു പോലും ഈ ഫോണ്‍ മികച്ച പ്രകടനം നടത്തിയേക്കാം. 

ബോഡി

ഫോണിന്റെ കുറവുകളിലൊന്ന് ഇതാണ്. നിര്‍മിതി ഗ്ലാസൊ മെറ്റലോ അല്ല. മറിച്ച് പോളികാര്‍ബണേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കെവ്‌ലര്‍ (Kevlar) എഡിഷന്‍ കാണാന്‍ മറ്റുള്ളവയെക്കാള്‍ മികച്ചതാണ്. പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്ന ഈ ഫോണുകള്‍ക്ക് 20,000 രൂപയ്ക്കു മേല്‍ വിലയിട്ടിരിക്കുന്നത് വിമര്‍ശനം ചോദിച്ചു വാങ്ങിച്ചേക്കാം. എന്നാല്‍ പ്ലാസ്റ്റിക്കിന് അതിന്റെ ഗുണങ്ങളുണ്ട്. ഗ്ലാസ് നിര്‍മിത ഫോണുകളെപ്പോലെ അവ താഴെ വീണാല്‍ പൂര്‍ണ്ണമായും തകരണമെന്നില്ല. വണ്‍പ്ലസ് 6ന്റെതിനോടു സമാനമായ ഒരു ഡിസൈനാണ് പൊകോ F1നും. എന്നാല്‍ വണ്‍പ്ലസിന്റെ ഓലെഡ് സ്‌ക്രീനും നിര്‍മാണത്തികവും പൊകൊ മോഡലുകള്‍ക്കില്ല.

ശ്രദ്ധിക്കപ്പെടാവുന്ന അത്ര വലിയ നോചാണ് മുന്‍ക്യാമറയ്ക്കിരിക്കാനായി സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍ ഡിസ്‌പ്ലെ തരക്കേടില്ലെന്നു പറയാം. മിക്ക ഉപയോക്താക്കള്‍ക്കും ഇത് ഇഷ്ടപ്പെട്ടേക്കും. 

ശക്തി, ശക്തി, ശക്തി...

പൊകോ മോഡിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത അതിന്റെ പ്രൊസസിങ് ശക്തിയാണല്ലോ. സ്‌നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയതും ശക്തിയുളളതുമായ പ്രൊസസര്‍ പേറുന്ന ഏറ്റവും വില കുറഞ്ഞ ഫോണാണിത്. അടുത്തിടെ ഇറക്കിയ, 67,900 രൂപ മുതല്‍ 84,900 രൂപ വരെ വിലയുള്ള സാംസങ് ഗ്യാലക്‌സി നോട്ട് 9ന്റെ ശക്തിക്കു പിന്നില്‍ പോലും ഈ പ്രൊസസറാണ്. വളരെ നല്ല പ്രകടനമാണ് ഫോണിനെന്നാണ് ആദ്യ പ്രതികരണം. എന്നാല്‍ ബെഞ്ച് മാര്‍ക്ക് ടെസ്റ്റുകളുടെ റിസള്‍ട്ടുകള്‍ എത്തിയിട്ടില്ല. കൂളിങ് സിസ്റ്റമുള്ളതിനാല്‍ ഏറെനേരം ഗെയിം കളിച്ചു ചൂടായ ഫോണ്‍ അധികം താമസിയാതെ തന്നെ തണുക്കുന്നുവെന്നും കാണാം. 

ബാറ്ററി

ഷവോമിയുടെ റെഡ്മി നോട്ട് സീരിസില്‍ കണ്ട രീതിയിലുള്ള 4,000 mAh ബാറ്ററിയാണ് ഇതിനുള്ളത്. ഒരു ദിവസം മുഴുവന്‍ സുഖമായി ഉപയോഗിക്കാമെന്നാണ് മനസിലാകുന്നത്. 5V/2A ചാര്‍ജര്‍ ഫോണിനൊപ്പം ലഭിക്കുന്നു. ക്വാല്‍കമിന്റെ ക്വിക്ചാര്‍ജ് 3.0 സാങ്കേതികവിദ്യയുമുള്ളതിനാല്‍ ബാറ്ററി പ്രശ്നം പലപ്പോഴും നേരിടേണ്ടിവന്നേക്കില്ല.

Poco-F1-Red1

ക്യാമറ

ക്യാമറകള്‍ക്ക് എഐ മോഡുമുണ്ട്. സീനുകള്‍ തിരിച്ചറിയാനുള്ള കഴിവാണ് ഇതു സൂചിപ്പിക്കുന്നത്. സീന്‍ തിരിച്ചറിഞ്ഞ് ക്യാമറ സ്വയം ക്രമീകരിക്കും. ഷവോമിയുടെ ക്യാമറ നിര്‍മാണ മികവില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ സ്വീകരിച്ചാണ് പോകോ F1 ഇറക്കിയിരിക്കുന്നത്. (DXO റെയ്റ്റിങില്‍ ലോകത്തെ സ്മാര്‍ട് ഫോണുകളുടെ കൂട്ടത്തില്‍ 5-ാം സ്ഥാനത്താണ് ഷവോമി Mi 8.) മറ്റു ഷവോമി ഫോണുകളെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് F1 നടത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. ഫോണിന്റെ ഇരട്ട ക്യാമറകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളില്‍ ധാരാളം വിശദാംശങ്ങളും കൃത്യമായ നിറവുമൊക്കെയുണ്ടെന്നു പറയാം.

സോഫ്റ്റ്‌വെയര്‍

MIUI 9.6 ആണ് ഫോണിന്റെ സോഫ്റ്റ്‌വെയര്‍. എന്നാല്‍ ഈ വര്‍ഷം തന്നെ MIUI 10 (ആന്‍ഡ്രോയിഡ് പി) കിട്ടുമെന്നാണ് പറയുന്നത്. ആപ്പുകളില്‍ മറ്റു ഷവോമി ഫോണുകള്‍ക്കില്ലാത്ത തരം ഒരു പൊകോ ലോഞ്ചറുമുണ്ട്. ഫോണിന്റെ ഫെയ്‌സ് അണ്‍ലോക് പരിപൂര്‍ണ്ണമായ ഇരുട്ടിലും പ്രവര്‍ത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് ശരിയാണെന്നു തന്നെയാണ് ആദ്യ പ്രതികരണത്തില്‍ പറയാനാകുന്നത്.

ഇന്ത്യയില്‍ ഷവോമിയുടെ ശക്തി ഏകദേശം 15,000 രൂപ വരെയുള്ള ഫോണുകളുടെ കാര്യത്തിലാണ്. അതിനപ്പുറത്തേക്കുള്ള വിപണിയെ ലക്ഷ്യംവച്ചിറക്കിയ മോഡലാണ് പൊകോ F1. ഈ മോഡല്‍ ചൈനയിലൊഴികെ മറ്റു രാജ്യങ്ങളിലും വില്‍ക്കും. എല്ലായിടത്തും വില തന്നെയായിരിക്കും പ്രധാന ആകര്‍ഷണീയത.

ഇന്ത്യയില്‍ വണ്‍പ്ലസ് ഫോണുകളുടെ മേല്‍ക്കോയ്മ തകര്‍ക്കാനായിരിക്കും പൊകോ F1 ശ്രമിക്കുക. വണ്‍പ്ലസ് 6ന്റെ ഡിസ്‌പ്ലെ ഓലെഡ് സ്‌ക്രീനാണ്. കൂടാതെ മെച്ചപ്പെട്ട നിര്‍മ്മിതിയുമാണ്. ദീര്‍ഘകാല ഉപയോഗത്തില്‍ ഫോണിനു വന്നേക്കാവുന്ന മാറ്റങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാനാവില്ലെങ്കിലും പ്രകടനമാണ് കാഴ്ചയെക്കാള്‍ പ്രധാനമെന്നു കരുതുന്നവര്‍ക്ക് നിശ്ചയമായും പരിഗണിക്കാവുന്ന മോഡലാണ് പൊകോ F1 എന്ന് പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA