sections
MORE

വിപണി തിരിച്ചുപിടിക്കാൻ 2018 ഐഫോൺ; വില, ഫീച്ചറുകൾ അറിയാം

iphone-2018
SHARE

ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണകാലം അടുക്കുകയാണ്. ജര്‍മന്‍ വെബ്‌സൈറ്റായ Macerkopf.de പുറത്തുവിട്ട വിവരം ശരിയാണെങ്കില്‍ സെപ്റ്റംബര്‍ 12നായിരിക്കും പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുക. സെപ്റ്റംബര്‍ 14 മുതല്‍ ഫോണുകള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. ഫോണുകള്‍ സെപ്റ്റംബര്‍ 21 മുതല്‍ വാങ്ങാനും സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പുതിയ ഫോണ്‍ മോഡലുകള്‍ക്കൊപ്പം ഐഒഎസ് 12 എത്തും. കൂടാതെ, വിലകുറഞ്ഞ ഒരു മാക്ബുക്ക്, എയര്‍പോഡ് 2, മാക് മിനി എന്നിവയും അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷത്തെ ഐഫോണുകളെ കുറിച്ചിറങ്ങിയിട്ടുള്ള അഭ്യൂഹങ്ങള്‍ കാച്ചിക്കുറുക്കിയാല്‍ ഇനി പറയാന്‍പോകുന്ന കാര്യങ്ങള്‍ കിട്ടും:

ഈ വര്‍ഷത്തെ ഏറ്റവും വിലകൂടിയ ഐഫോണിന് 6,5-ഇഞ്ച് വലിപ്പമായിരിക്കുമുള്ളത്. ഇതിന് ഐഫോണ്‍ Xപ്ലസ് എന്നായിരിക്കാം പേര്. ഇതിന് ഓലെഡ് സ്‌ക്രീനായിരിക്കുമുള്ളത്. മുഴുവന്‍ പേര് 'ഐഫോണ്‍ ടെന്‍ പ്ലസ്, 2018' എന്നായിരിക്കുമെന്നു വാദിക്കുന്നവരുമുണ്ട്. ഇതിലും വലിപ്പക്കുറവുള്ള ഒരു മോഡലുമുണ്ടെന്നു പറയുന്നു. അതിനാകട്ടെ, ഇപ്പോള്‍ നിലവിലുള്ള മോഡലിന്റെ 5.8-ഇഞ്ച് വലിപ്പവുമായിരിക്കും. ഇതിനെ 'ഐഫോണ്‍ ടെന്‍, 2018' എന്നു വിളിച്ചേക്കാമെന്നും അഭ്യൂഹക്കാര്‍ പറയുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് ഐഫോണ്‍ X2 എന്ന പേരും ലഭിക്കാം. ഈ രണ്ടു ഫോണുകള്‍ക്കും സ്‌ക്രീനിന്റെ വലിപ്പക്കുറവിലും റാമിലും (RAM) ഒഴികെ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

മൂന്നാമത്തെ മോഡല്‍ എല്‍സിഡി സ്‌ക്രീന്‍ ഉപയോഗിച്ചു നിര്‍മിച്ചതായിരിക്കും. ഇതാകട്ടെ ഇപ്പോഴത്തെ ഐഫോണ്‍ 8/8 പ്ലസ് മോഡലുകളുടെ പാരമ്പര്യം പേറുന്നതായിരിക്കും. (ഐഫോണ്‍ SEയുടെ പിന്തുടര്‍ച്ചയായിരിക്കും ഇതെന്ന വാദവുമുണ്ട്.) ഇതിന് 6.1-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വിലകുറഞ്ഞ മോഡലും ഇതായിരിക്കും. ഇതിനും ഫെയ്‌സ്‌ ഐഡിയും (നോച്ചും) ബെസൽ‌ലെസ് നിര്‍മാണ രീതിയുമെല്ലാം ഉണ്ടായിരിക്കും.

എന്നാല്‍ ഇത് ഐഫോണ്‍ 9 ആയിരിക്കില്ല, മറിച്ച് SE സീരിസിന്റെ തുടര്‍ച്ചയായിരിക്കുമെന്നു വാദിക്കുന്നവര്‍ പറയുന്നത് ഈ ഫോണിന്റെ പ്രൊസസര്‍ പഴഞ്ചന'ായിരിക്കുമെന്നാണ്. അതായത് A10 ചിപ്പായിരിക്കും ഇതിനെന്നാണ് അവര്‍ വാദിക്കുന്നത്. ഐഫോണ്‍ 7/7പ്ലസ് മോഡലുകളുടെ പ്രൊസസര്‍ ആയിരിക്കും ഇതിന് എന്നാണവര്‍ വീറൊടെ വാദിക്കുന്നത്.

ആപ്പിള്‍ വാച് സിരീസ് 4 ഐഫോണ്‍ അവതരണ വേദിയില്‍ വച്ചു തന്നെ പുറത്തിറക്കുമെന്നും പറയുന്നുണ്ട്. വാച് സിരീസിന് മികച്ച പ്രതികരണമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. വാച് സിരീസ് 3യെക്കാള്‍ വലിയ സ്‌ക്രീന്‍ വരുന്നു എന്നാണ് ഒരു അഭ്യൂഹം പറയുന്നത്. 

വില

ഏറ്റവും വില കൂടിയ മോഡലായി കരുതുന്ന ഐഫോണ്‍ X പ്ലസിന്റെ തുടക്ക വില (കുറഞ്ഞ സംഭരണ ശേഷിയുള്ള മോഡലിന്) 999 ഡോളറായിരിക്കുമെന്നാണ് പറയുന്നത്. കുറഞ്ഞ ഓലെഡ് സ്‌ക്രീനുള്ള മോഡലായ ഐഫോണ്‍ X 2018ന്റെ തുടക്ക വില 899 ഡോളറായിരിക്കാം. ഇരു മോഡലുകള്‍ക്കും 64ജിബി അല്ലെങ്കില്‍ 256ജിബി വേര്‍ഷനുകള്‍ ഉണ്ടാകും. ചിലര്‍ പറയുന്നത് ഒരു 512 ജിബി വേര്‍ഷനും വരുന്നുണ്ടെന്നാണ്.

ഏറ്റവും വില കുറഞ്ഞ, 6.1-ഇഞ്ച് വലിപ്പമുള്ള, എല്‍സിഡി സ്‌ക്രീനുള്ള മോഡലിന് പ്രതീക്ഷിക്കുന്ന വില 699 ഡോളറാണ്. (60,000 രൂപ വരെ വരാം തുടക്ക മോഡലിന്റെ ഇന്ത്യന്‍ വില.)

മറ്റു പ്രത്യേകതകള്‍

ലോകത്തെ മിക്ക ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഉള്ളതും ഐഫോണുകള്‍ക്ക് ഇല്ലാത്തതുമായ ഫീച്ചറേതാണ്? ഇരട്ട സിം! ഒരു പക്ഷേ, ഈ വര്‍ഷം ഇരട്ട സിമ്മുള്ള ഐഫോണ്‍ ഇറങ്ങിയേക്കാം. പക്ഷേ, ഇത് എല്ലാ വിപണിയിലും ലഭ്യമായേക്കില്ല. ചൈനീസ് മാര്‍ക്കറ്റിനു വേണ്ടിയാണ് ഇത്തരം ഒരു ഫോണ്‍ ആപ്പിള്‍ ഒരുക്കുന്നതെന്നാണ് പറയുന്നത്. 

ആപ്പിള്‍ പെന്‍സില്‍

ഇതു സംഭവിച്ചാല്‍ ആപ്പിള്‍ സാംസങ്ങിനെ അനുകരിക്കുന്നുവെന്ന ആരോപണം വരും! എന്തായാലും ചില അഭ്യൂഹങ്ങള്‍ പ്രകാരം ഐഫോണ്‍ X പ്ലസിന് ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും. ഇതു സംഭവിച്ചാല്‍ സ്‌റ്റൈലസ് സപ്പോര്‍ട്ടുള്ള ലോകത്തെ ആദ്യ ഐഫോണായിരിക്കും ഇത്.

കഴിഞ്ഞ വര്‍ഷം കണ്ട ഇരട്ട പിന്‍ ക്യാമറാ സെറ്റ്-അപ് തന്നെ ഈ വര്‍ഷത്തെ മോഡലുകള്‍ക്കും ഉണ്ടായിരിക്കുമെന്ന് കരുതുന്നു. എന്നാല്‍ പ്രകടനം ഏതെങ്കിലും രീതിയില്‍ മെച്ചപ്പെടുത്തുകുയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA