sections
MORE

'മൂന്നാം' ഐഫോണ്‍ നാണക്കേടാകുമോ? അതോ കാശുവാരുമോ?

iphone-2018
SHARE

പ്രവചനങ്ങള്‍ ശരിയാണെങ്കില്‍ ഈ വര്‍ഷം ഇറങ്ങുക മൂന്ന് ഐഫോണ്‍ മോഡലുകളായിരിക്കും. ഓലെഡ് സ്‌ക്രീനുള്ള രണ്ടു പ്രീമിയം ഫോണുകളും ഒരു വില കുറഞ്ഞ മോഡലും. എന്നാല്‍, ആപ്പിളിനെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ലോകത്തെ ഏറ്റവും കൃത്യതയുള്ളയാളായി കരുതുന്ന മിങ്-ചി കുവൊ (Ming-Chi Kuo) പറയുന്നതു ശരിയാണെങ്കില്‍ മൂന്നാമത്തെ മോഡലിന്റെ കാര്യം കുറച്ചു കഷ്ടമായിരിക്കും. ഇതായിരിക്കും 'ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ X' എന്ന രീതിയില്‍ കുറച്ചു കാലം പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ പ്രീമിയം ഫീച്ചറുകള്‍ ഉണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. പക്ഷേ, ആപ്പിള്‍ അതില്‍ ഒരു തീപ്പൊരി ഒളിപ്പിച്ചു വച്ചിട്ടുമുണ്ടാകാം.

അദ്ദേഹത്തിന്റെ പുതിയ പ്രവചനങ്ങള്‍ ഇങ്ങനെ:

മോശം ഡിസ്‌പ്ലെ; മോശം റെസലൂഷന്‍

ഐഫോണ്‍ 9ന് 6.1-ഇഞ്ച് സ്‌ക്രീനാണുള്ളത്. (എന്തു പേരു വേണമെങ്കിലുമാകാം. ഒരു പക്ഷേ, ഏറ്റവും വില കുറഞ്ഞ ഐപാഡുകള്‍ക്ക് ഇപ്പോള്‍ നമ്പര്‍ ഒന്നുമില്ല. വെറുതെ ഐപാഡ് എന്നു മാത്രമാണ് വിളിക്കുന്നത്. അതുപോലെ, ഇതിന്റെ പേര് വെറും 'ഐഫോണ്‍' എന്നു വേണമെങ്കിലും ആകാം.) ഈ വര്‍ഷത്തെ ഐഫോണ്‍ X മോഡലുകളെ പോലെ ഓലെഡ് സ്‌ക്രീനൊന്നും കിട്ടില്ലെന്നതു പോട്ടെ, വെറും എല്‍സിഡി സ്‌ക്രീനുള്ള ഈ ഫോണിന്റെ റെസലൂഷന്‍ കേവലം 1792X 828 പിക്‌സല്‍സ് ആയിരിക്കുമത്രെ. ഐഫോണ്‍ Xന്റെ റെസലൂഷന്‍ 2436X1125 പിക്‌സല്‍സ് ആണ്. ഐഫോണ്‍ X പ്ലസിന്റെ സ്‌ക്രീന്‍ റെസലൂഷന്‍ 2880X1242 പിക്‌സല്‍സ് ആണ്.

2880X1440 പിക്‌സല്‍സ് സ്‌ക്രീന്‍ റെസലൂഷനുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ 15,000 രൂപയില്‍ താഴെ ലഭ്യമാണെന്നതാണ് ഏറ്റവും വലിയ തമാശ. സ്‌ക്രീന്‍ റെസലൂഷന്റെ കാര്യത്തില്‍ പരമദയനീയമായിരിക്കും മൂന്നാം ഐഫോണ്‍ എന്നാണ് ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്.

ബാറ്ററി

സാംസങും വാവെയുമൊക്കെ ഫോണുകളില്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള ബാറ്ററികള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നു. ആപ്പിളിന്റെ ഐഫോണ്‍ ഈ വര്‍ഷത്തെ ഐഫോണ്‍ X, X പ്ലസ് മോഡലുകള്‍ക്ക് 2800 mAh മുതല്‍ 3400 mAh വരെ കപ്പാസിറ്റിയുള്ള ബാറ്ററി കിട്ടിയേക്കാമെങ്കില്‍, എല്‍സിഡി സ്‌ക്രീനുള്ള മോഡലിന് 2600 mAh മുതല്‍ 2700 mAh വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും ലഭിക്കുക. 6.1-ഇഞ്ച് വലിപ്പമുള്ള, അത്ര മികവില്ലാത്ത ഒരു എല്‍സിഡി സ്‌ക്രീനിന് ഇത് അപര്യാപ്തമായിരിക്കുമെന്നാണ് അനുമാനം.

സ്റ്റോറെജും റാമും

മൂന്നാം മോഡലിന് പരമാവധി 3ജിബി റാമും 256 ജിബി സംഭരണശേഷിയുമാകും ഉണ്ടാകുക എന്നാണ് പ്രവചനം. 40,000 രൂപയിലേറെ വില വരുന്ന ഫോണിന് ഇതൊക്കെ ഇക്കാലത്ത് അംഗീകരിക്കാനാകുമോ എന്നാണ് ഒരു കൂട്ടര്‍ ചോദിക്കുന്നത്.

വൈഫൈ

വേഗം കുറഞ്ഞ വൈഫൈ (2x2 MIMO) ആയിരിക്കും ഈ മോഡലിന് എന്നതാണ് മറ്റൊരു ആരോപണം. വീട്ടില്‍ വൈഫൈയ്ക്ക് റെയ്ഞ്ച് കുറവുള്ള ഇടമുണ്ടെങ്കില്‍ ഈ മോഡല്‍ അവിടെ റെയ്ഞ്ച് കാണിച്ചേക്കില്ലെന്നാണ് മറ്റൊരു ആരോപണം.

ഇരട്ട ക്യാമറകള്‍ ഇല്ല

പിന്നില്‍ ഇരട്ട ക്യാമറകള്‍ ഇല്ല. അതായത് ടെലി ലെന്‍സ് ഇല്ലാത്തത് പോര്‍ട്രെയ്റ്റ് ഫോട്ടോകള്‍ എടുക്കുമ്പോള്‍ മകവു കുറയാന്‍ കാരണമാകുമെന്നാണ് പറയുന്നത്.

വിപണിയിലെത്താന്‍ വൈകിയേക്കും

കുവോയുടെ പ്രവചനം പറയുന്നത് ഈ വര്‍ഷത്തെ പ്രീമിയം ഫോണുകള്‍ കാലതാമസമില്ലാതെ വിപണിയിൽ എത്തുമെന്നാണ്. പക്ഷേ, എല്‍സിഡി സ്‌ക്രീനുള്ള മോഡല്‍ എത്താന്‍ വൈകുമെന്നും പറയുന്നു. 

എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഐഫോണ്‍ 9ല്‍ ഒരു വിജയിയെ കണ്ടേക്കാമെന്നും അദ്ദേഹം പറയുന്നു. 599 മുതല്‍ 699 ഡോളര്‍ വരെയായിരിക്കാം ഇതിന്റെ വില എന്നതാണ് ഫോണിനെ ആപ്പിള്‍ പ്രേമികളുടെ ഇഷ്ട ഫോണാക്കാന്‍ സാധ്യതയുള്ള കാര്യമെന്നും അദ്ദേഹം പറയുന്നു. 2019ലെ ഐഫോണുകളുടെ വില്‍പനയിലെ 70 ശതമാനവും ഈ മോഡലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA