റെഡ്മി 6 നും ഇരട്ട ക്യാമറാ? സാധാരണക്കാരുടെ സ്മാര്‍ട്ഫോണ്‍ ഇറങ്ങുന്നത് സെപ്റ്റംബര്‍ 6ന്?

വലിയ ആഡംബരമൊന്നും വേണ്ട, എന്നാല്‍ തരക്കേടില്ലാത്ത ഒരു ഫോണ്‍ വേണം, അധികം വിലയും പാടില്ല തുടങ്ങിയ നിബന്ധനകളുള്ളവരാണ് വലിയൊരു ശതമാനം സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളും. അവരെ ലക്ഷ്യമാക്കി ഷവോമി ഇറക്കുന്ന സീരിസാണ് റെഡ്മി 6. ഇവ സെപ്റ്റംബര്‍ 6ന് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. "ദേശ് കി നയാ സ്മാര്‍ട്ഫോണ്‍സ്" എന്ന ഹാഷ്ടാഗ് പ്രചാരണം ഇതിനു മുമ്പ് റെഡ്മി 5ന്റെ വരവ് പ്രഖ്യാപിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുതുതായി വരുന്ന ഫോണുകള്‍ റെഡ്മി 6 സീരിസിലുള്ളവയാണ് എന്നു പറയാം. റെഡ്മി 6A, റെഡ്മി 6, റെഡ്മി 6 പ്രോ എന്നീ മോഡലുകളാണ് ഷവോമി അവതരിപ്പിക്കുമെന്നു കരുതുന്നത്. ഇവയില്‍ റെഡ്മി 6 പ്രോയ്ക്ക് കൂടുതല്‍ ഫീച്ചറുകളുണ്ടെങ്കിലും അതിനു വിലയും കൂടും.

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍:

റെഡ്മി 6A

ഈ സീരിസിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ ഇതായിരിക്കും. സംഭരണശേഷി കുറഞ്ഞ മോഡലിന് 6.500 രൂപയില്‍ കുറവായിരിക്കാം വില. 5.45-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് (1440×720) ഡിസ്‌പ്ലെയാണ് പ്രതീക്ഷിക്കുന്നത്.

18:9 അനുപാതത്തിലായിരിക്കും സ്‌ക്രീന്‍. ഹെലിയോ A22 (Helio A22) ആയിരിക്കും പ്രൊസസര്‍. 13എംബി പിന്‍ ക്യാമറയും 5എംബി സെല്‍ഫി ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. 2ജിബി റാമുള്ള ഫോണിന് 16ജിബി ആയിരിക്കും കുറഞ്ഞ സംഭരണശേഷി.

റെഡ്മി 6

പതിനായിരം രൂപയ്ക്ക് താഴെയും മുകളിലുമായി മോഡലുകള്‍ പ്രതീക്ഷിക്കുന്നു. 3ജിബി റാമുള്ള മോഡലിന് 10,000 രൂപയില്‍ താഴെയായിരിക്കും വില. 4ജിബി റാമും 64ജിബി സംഭരണശേഷിയുമുള്ള മോഡലിന് വില കൂടുതല്‍ നല്‍കേണ്ടിവരും. ഈ സീരിസിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് റെഡ്മി 6ന് ഇരട്ട പിന്‍ക്യാമറാ സെറ്റ്-അപ് വന്നേക്കും എന്നതാണ്. 12എംബി+5എംബി ആയിരിക്കും പിന്‍ ക്യാമറ. മുന്നിലും 5എംബി ക്യാമറ  പ്രതീക്ഷിക്കുന്നു. റെഡ്മി 6Aയെക്കാള്‍ മെച്ചപ്പെട്ട സ്‌ക്രീനും, പ്രൊസസറും ഈ മോഡലിന് ഉണ്ടായിരിക്കും.

റെഡ്മി 6 പ്രോ

ഈ സീരിസിലെ താരമാണ് റെഡ്മി 6 പ്രോ. (Mi A2 എന്ന മോഡലിന്റെ പേരുമാറ്റി ഇറക്കുന്നതാണ് ഇത്.) തുടക്ക മോഡലിന്റെ വില 12,500 രൂപയ്ക്കു മുകളിലായിരിക്കുമെന്നാണ് കരുതുന്നത്. 12എംബി+5എംബി ഇരട്ട പിന്‍ ക്യാമറാ സെറ്റ്-അപ് തന്നെയാണ് ഇതിനും. മുന്നില്‍ 5എംബി സെല്‍ഫി ക്യാമറയും പിടിപ്പിച്ചിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് മോഡും എച്ഡിആറുമാണ് മറ്റു ഫീച്ചറുകൾ. 8 കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 625ആയിരിക്കും ഇതിന്റെ പ്രോസസറത്രെ. 3ജിബി/4ജിബി റാമുകളുള്ള രണ്ടു വേര്‍ഷനുകള്‍ പ്രതീക്ഷിക്കുന്നു. 5.84-ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് ഡിസ്‌പ്ലെയായിരിക്കും ഇതിന്. 19:9 അനുപാതത്തില്‍ ആയിരിക്കും ഡിസ്‌പ്ലെ. മുന്‍ക്യാമറാ സെറ്റ്-അപിനായി സ്‌ക്രീനില്‍ നോച്ചും സജീകരിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയായിരിക്കും ഇതിന്. 

ഈ മോഡലുകളായിരുന്നു ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ഫോണുകള്‍. എന്നാല്‍, ഈ വര്‍ഷം പൊകോ സീരിസില്‍ ഇവയിലും വില കുറഞ്ഞ ഫോണുകളും പ്രതീക്ഷിക്കുന്നുണ്ട്. പോകോ F1 ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.