sections
MORE

നോക്കിയയുടെ പ്യൂവര്‍വ്യൂ എച്എംഡി ഗ്ലോബലിന്; പുതിയ ഫോണ്‍ ഉടൻ?

nokia-808
SHARE

നോക്കിയയുടെ 808 പ്യൂവര്‍വ്യൂ (PureView) ഫോണ്‍, ഒരേസമയം ഫൊട്ടോഗ്രഫി, സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. അതുപോലെ ഒരു മാറ്റം പിന്നീടൊരിക്കലും മൊബൈല്‍ ക്യാമറ രംഗത്തു വന്നിട്ടില്ല. നോക്കിയയുടെ സുവര്‍ണ്ണ നാളുകള്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫി എത്രകണ്ട് പുരോഗമിക്കുമായിരുന്നുവെന്ന് വേദനയോടെ മാത്രമെ ഓര്‍ക്കാന്‍ കഴിയൂ. ഇത്ര മികവു കാണിച്ച എൻജിനീയര്‍മാരും മറ്റും എവിടെ പോയെന്നും അറിയില്ല. 

നോക്കിയ അവരുടെ സ്മാര്‍ട് ഫോണ്‍ ബിസിനസ് 2013ല്‍ മൈക്രോസോഫ്റ്റിന് അടിയറവച്ചതും അവരതിനെ കൊന്നു കുഴിച്ചിട്ടതും ചരിത്രമാണല്ലോ. അതൊടൊപ്പം പ്യുവര്‍വ്യൂ വാണിജ്യനാമവും മൈക്രോസോഫ്റ്റ് കുഴിയില്‍ തള്ളിയിരുന്നു. നോക്കിയയുടെ ക്യാമറ ഡിവിഷനിലെ പ്രതിഭാധനരായ എൻജിനീയര്‍മാരെ പോലും നിലനിര്‍ത്താന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചില്ലെന്നും കാണാം.

നോക്കിയ ഇറക്കിയ 808 പ്യൂവര്‍വ്യൂ, മൈക്രോസോഫ്റ്റ് ഇറക്കിയ ലൂമിയ 1020 പ്യൂവര്‍വ്യൂ തുടങ്ങിയ ഫോണുകളില്‍ വലിയ സെന്‍സറും സൈസ് രൂപകല്‍പന ചെയ്ത ലെന്‍സുകളും ഉപയോഗിച്ചിരുന്നു. എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു അക്കാലത്ത് ഈ ഫോണ്‍ ക്യാമറകള്‍ നടത്തിയിരുന്നത്.

നോക്കിയയെ പോലെ തന്നെ, ഫിന്‍ലന്‍ഡില്‍ നിന്നുള്ള 'എച്എംഡി ഗ്ലോബല്‍' കമ്പനി ആദ്യം മൈക്രോസോഫ്റ്റില്‍ നിന്ന് 'നോക്കിയ' എന്ന വ്യാപാരമുദ്ര വാങ്ങി ഫോണ്‍ നിര്‍മാണം തുടങ്ങിയിരുന്നു. ചെറിയ കാലം കൊണ്ട് പല രാജ്യങ്ങളിലും അവര്‍ മികച്ച പ്രതികരണമുണ്ടാക്കുകയും ചെയ്തു. അവരിപ്പോള്‍ പ്യുവര്‍വ്യൂ എന്ന വാണിജ്യനാമവും വാങ്ങിയിരിക്കുകയാണ്. 

അടുത്തകാലത്തായി ഗൃഹാതുരത്വം ചൂഷണം ചെയ്യാനായി എച്എംഡി ഗ്ലോബല്‍ പല പഴയ നോക്കിയ ഫോണുകളുടെയും പുതിയ പതിപ്പുകള്‍ പോലും ഇറക്കിയിരുന്നു. നോക്കിയ 3310, 8110 തുടങ്ങിയവയൊക്കെയാണ് ഉദാഹരണം. നമ്മള്‍ 808 പ്യുവര്‍വ്യൂ തുടങ്ങിയ മോഡലുകള്‍ സമീപഭാവിയില്‍ തന്നെ ഒരിക്കല്‍കൂടെ എത്തുന്നതും കാണാന്‍ പോകുകയാണോ എന്നാണ് ഇപ്പോള്‍ ടെക്കികൾ ചോദിക്കുന്നത്.  

ഈ വര്‍ഷം അത്തരമൊരു ഫോണ്‍ ഇറങ്ങിയാല്‍ അതിന് ആദ്യ ഫോണില്‍ ഉണ്ടായിരുന്നതു പോലെ വലിയ സെന്‍സര്‍ കണ്ടേക്കില്ല. മറിച്ച്, വര്‍ത്തുളമായി സജ്ജീകരിച്ച ഒരുപറ്റം ലെന്‍സുകള്‍ അടങ്ങുന്നതായിരിക്കാം പുതിയ 808 പ്യൂവര്‍വ്യൂവിന്റെ പിന്‍ ക്യാമറ സിസ്റ്റമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ബെര്‍ലിനില്‍ ഉടന്‍ നടക്കാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ ഫ്രാഞ്ചൈസ് അസോസിയേഷന്‍ സമ്മേളനത്തില്‍ നോക്കിയ പുതിയ ഫോണുകള്‍ അവതരിപ്പിച്ചേക്കുമെന്നും അവയില്‍ ഒരു പ്യുവര്‍വ്യൂ ബ്രാന്‍ഡഡ് ഫോണ്‍ കണ്ടേക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA