sections
MORE

പ്രശ്നമുള്ള ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റുകൾ മാറ്റി നല്‍കും: ആപ്പിൾ

Apple-iPhone-8-camera
SHARE

വളരെ ചെറിയ ശതമാനം ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റുകളില്‍ നിര്‍മാണപ്പിഴവുകള്‍ (manufacturing defect) കണ്ടെത്തിയിരിക്കുന്നതായി ആപ്പിള്‍ അറിയിച്ചു. ഇത്തരം ഹാന്‍ഡ്‌സെറ്റുകള്‍ ഹാങ് ആകുകയോ, അപ്രതീക്ഷിതമായി റീസ്റ്റാര്‍ട്ടാകുകയോ, ചിലപ്പോഴൊക്കെ ഓണാകാന്‍ വിസമ്മതിക്കുകയോ ചെയ്‌തേക്കാമെന്നാണ് കമ്പനി പറയുന്നത്. പ്രശ്‌നമുണ്ടെന്നു കണ്ടാല്‍ ആപ്പിള്‍ ഫോണ്‍ സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കും.

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റ് പ്രശ്‌നബാധിത ഫോണുകളുടെ കൂട്ടത്തില്‍ വരുമോ എന്നറിയാന്‍ വെബ്‌സൈറ്റും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ സീരിയല്‍ നമ്പര്‍ നൽകാനുള്ള സ്ഥലത്ത് ടൈപ് ചെയ്താല്‍ ഫോണിനു പ്രശ്‌നമുണ്ടോ എന്നു മനസിലാക്കാം. ഫോണിന്റെ ലോജിക് ബോര്‍ഡിനാണ് പ്രശ്‌നം. അത് മാറ്റിവയ്ക്കും.

പ്രശ്നം ബാധിച്ച ഫോണുകള്‍ 2017 സെപ്റ്റംബറിനും 2018 മാര്‍ച്ചിനുമിടയില്‍ വിറ്റവയാണെന്നാണ് കമ്പനി പറയുന്നത്. ഇവയാകട്ടെ ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ചൈന, ഹോങ്കോങ്, ജപ്പാന്‍, മക്കാവു, ന്യൂസിലന്‍ഡ് എന്നിവടങ്ങളിലാണ് വിറ്റിരിക്കുന്നതെന്നുമാണ് ആപ്പിള്‍ പറയുന്നത്. 2017 സെപ്റ്റംബറിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചതെന്നതു കൊണ്ട് ഹാന്‍ഡ്‌സെറ്റ് ആദ്യം വാങ്ങിയവര്‍ക്കായിരിക്കാം പ്രശ്‌നം നേരിട്ടിട്ടുണ്ടാകുക. എന്നാല്‍, ഇത്രകാലം ഇതിനെപ്പറ്റി അധികം വാര്‍ത്തകള്‍ വന്നിരുന്നില്ലെന്നതും അവിശ്വസനീയമാണ്.

ഫോണിനു പ്രശ്‌നമുണ്ടെന്നു കണ്ടാല്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്: ആപ്പിളിന്റെ അംഗീകൃത റിപ്പെയര്‍ സെന്ററിലെക്കു ഫോണ്‍ കൊണ്ടുചെല്ലുക. അല്ലെങ്കില്‍ ഒരു ആപ്പിള്‍ റീട്ടെയില്‍ വില്‍പ്പനക്കാരനെ വേണമെങ്കിലും സമീപിക്കാം. അതുമല്ലെങ്കില്‍ മെയിലിലൂടെ അറിയിക്കാം. ഏങ്ങനെയാണെങ്കിലും, ഫോണ്‍ കമ്പനിയുടെ പ്രധാന റിപ്പെയര്‍ സ്ഥലങ്ങളിലെവിടെയെങ്കിലും വച്ച് ഫോണ്‍ നന്നാക്കി തരുമെന്നാണ് ആപ്പിളിന്റെ വാഗ്ദാനം.

എന്നാല്‍, സൗജന്യ റിപ്പെയറിന് ഇറങ്ങുന്നതിനു മുൻപ് ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കുക. ഫോണിന്റെ സ്‌ക്രീന്‍ പൊട്ടുകയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരം പരിക്കേല്‍ക്കുയോ ചെയ്തിട്ടുണ്ടെങ്കില്‍ അതാദ്യം പരിഹരിച്ചാല്‍ മാത്രമേ ഫ്രീയായി ലോജിക് ബോര്‍ഡ് മാറ്റിവയ്ക്കാന്‍ സ്വീകരിക്കൂ. എന്നാല്‍, ഈ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആപ്പിളിനെ ഏല്‍പ്പിച്ചാല്‍ അതിനുള്ള സര്‍വീസ് ചാര്‍ജ് ആപ്പിള്‍ വാങ്ങുകയും ചെയ്യും.

നോച്ചില്ലാതെ അവതരിപ്പിച്ച അവസാനത്തെ ഐഫോണ്‍ മോഡലുകളിലൊന്നായിരിക്കും ഐഫോണ്‍ 8. ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ അടുത്തയാഴ്ച അവതരിപ്പിക്കും. മൂന്നു മോഡലുകളായിരിക്കും ഉണ്ടായിരിക്കുക. മൂന്നു മോഡലുകള്‍ക്കും ഫെയ്‌സ്‌ ഐഡിയും നോച്ചും പ്രതീക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA