sections
MORE

അന്ന് ബുര്‍ജ് ഖലീഫയുടെ താഴേക്കിട്ടു; ഇന്ന് ജൂസടിച്ച് കുടിച്ചു

iPhone-x-juice
SHARE

ആപ്പിളിന്റെ ഐഫോണ്‍ X ന്റെ റിവ്യൂകള്‍ പലരീതിയിലും കണ്ടിട്ടുണ്ടാകും. എന്നാലിത് അല്‍പം കടന്ന പ്രകടനമാണ്. ടെക്‌റാക്‌സ് എന്ന് അറിയപ്പെടുന്ന യുട്യൂബറായ തരസ് മാക്‌സിമുക്കാണ് ഐഫോണ്‍ X ജ്യൂസടിച്ച് കുടിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

വിപണിയിലെ വിലയേറിയ സ്മാര്‍ട് ഫോണുകളിലൊന്നായ ഐഫോണ്‍ X സ്വന്തമാക്കുകയെന്നത് ലോകത്ത് നിരവധി പേരുടെ സ്വപ്‌നമാണ്. അതിനായി അല്‍പം കടന്നകൈകള്‍ പ്രയോഗിക്കുന്നവരെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ സ്വന്തം ഐഫോണ്‍ X പൊടിക്കുന്ന യന്ത്രത്തിലിട്ട് അടിച്ച് സ്‌ട്രോയിട്ട് കുടിക്കുന്ന ചങ്ങാതിയാണ് തരസ് മാക്‌സിമുക്ക്. 

നേരത്തെയും ഇത്തരം വിചിത്രമായ പരീക്ഷണങ്ങള്‍ ഐഫോണ്‍ മോഡലുകളില്‍ പരീക്ഷിച്ച് ഓണ്‍ലൈനില്‍ വൈറല്‍ വിഡിയോകൾ നിര്‍മിച്ചിട്ടുള്ളയാളാണ് മാക്‌സിമുക്ക്. ഐഫോണ്‍ ചൂടായ വെള്ളത്തിലിടുന്നത് തൊട്ട് വെടിമരുന്നിലിട്ട് കത്തിക്കുക വരെ ഇയാള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ഐഫോണിന്റെ പരീക്ഷണമാണ് എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടിയിരിക്കുന്നത്. 

ഉക്രെയിന്‍കാരനായ  മാക്‌സിമുക് കാലിഫോര്‍ണിയയില്‍ വെച്ചാണ് ഈ കടുംകൈ പരീക്ഷണം നടത്തിയത്. 6.2 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള തന്റെ യുട്യൂബ് ചാനലില്‍ ഈ ഐഫോണ്‍ ജ്യൂസിന്റെ നിര്‍മാണ വിഡിയോ അദ്ദേഹം പോസ്റ്റു ചെയ്യുകയും ചെയ്തു. 

ഒരു കുഴപ്പവുമില്ലാത്ത ഐഫോണ്‍ X ന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ ഫോണ്‍ പൊടിക്കുന്ന ജാറില്‍ ഇടുന്നത്. ജാറിനുള്ളിലും ഫോണ്‍ ഓണായ നിലയിലാണുള്ളത്. ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നെ ഐഫോണ്‍ X നെ യന്ത്രം പൊടിച്ച് നല്‍കുന്നുണ്ട്. 

ഇങ്ങനെ കിട്ടിയ മിശ്രിതം വെള്ളം ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അതിനു ശേഷം ലൈഫ് സ്‌ട്രോ എന്ന മലിനജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോ ഉപയോഗിച്ച് കുടിക്കാന്‍ ശ്രമിക്കുകയാണ് മാക്‌സിമുക് ചെയ്യുന്നത്. എന്തൊക്കെ വിഷാംശങ്ങളുണ്ടെന്ന് ഊഹം പോലുമില്ലാത്ത ഈ ദ്രാവകം വായിലാക്കിയ ശേഷം ഇയാള്‍ തുപ്പിക്കളയുകയാണ് ചെയ്യുന്നത്. 

നേരത്തെയും ഐഫോണ്‍ മോഡലുകളെ ഇത്തരം അഗ്നിപരീക്ഷണങ്ങള്‍ക്ക് വിധേയനാക്കിയിട്ടുണ്ട് ഇയാള്‍. 2016ല്‍ ഐഫോണ്‍ 7 പ്ലസ് ബുര്‍ജ് ഖലീഫയുടെ താഴേക്കിട്ടായിരുന്നു പരീക്ഷണം. ഫോണിന്റെ പൊടിപോലും കിട്ടിയില്ല അന്ന്. 2017 ഏപ്രിലില്‍ ഐഫോണ്‍ 7ന്റെ സ്‌പെഷല്‍ എഡിഷന്‍ റെഡ് ഫോണ്‍ 11കിലോ വെടിമരുന്നിനുള്ളിലിട്ട് കത്തിച്ചു. അന്ന് ഫോണ്‍ കാര്യമായ കേടുപാടുകളില്ലാതെ രക്ഷപ്പെട്ടത് അദ്ഭുതമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA