sections
MORE

ഇതു സാംസങിന്റെ മണ്ടത്തരമോ, ബിസിനസ് തന്ത്രമോ?

Galaxy-X-Concept
SHARE

സ്മാര്‍ട് ഫോണ്‍ വിപണിയിൽ ഈ വര്‍ഷം സാംസങിന്റെ മികച്ച പ്രകടനമാണ് കണ്ടത്. കമ്പനി ഈ വര്‍ഷം അവസാനമിറക്കിയ മികച്ച ഹാന്‍ഡ്‌സെറ്റായ നോട്ട് സീരിസിലടക്കം അവരുടെ കൈയ്യൊപ്പു പതിഞ്ഞിട്ടുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. എന്നാല്‍ അവര്‍ അടുത്ത വര്‍ഷം ഇറക്കിയേക്കുമെന്നു പറയുന്ന, മടക്കാവുന്ന ഡിസ്‌പ്ലെയുള്ള ഫോണിലാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ.

ഈ ഫോണ്‍ സങ്കല്‍പം കുറച്ചു വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. മടക്കാവുന്ന ഡിസ്‌പ്ലെ സാംസങിന്റെ കൊറിയന്‍ എതിരാളിയായ എല്‍ജിയും ഉണ്ടാക്കുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ആപ്പിള്‍ അത്തരമൊരു ഫോണ്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ എല്‍ജിയുടെയൊ, സാംസങിന്റെയൊ ഡിസ്‌പ്ലെ വാങ്ങുമെന്നും പറയുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസങ് അവരുടെ പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഡിസ്‌പ്ലെ ചൈനീസ് കമ്പനികളായ ഷവോമിയ്ക്കും ഒപ്പോയ്ക്കും നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ്.

പുതിയതരം സ്മാര്‍ട് ഫോണ്‍ ട്രെന്‍ഡ് ഉണ്ടാക്കിയാല്‍ തങ്ങള്‍ക്ക് ധാരാളം ഡിസ്‌പ്ലെ വില്‍ക്കാമെന്നാണ് സാംസങ് കരുതുന്നതെന്നു വേണം കരുതാന്‍. ഇത്തരം ഡിസ്‌പ്ലെ ഷവോമിക്കും മറ്റും വിറ്റാല്‍ സാംസങ് തങ്ങള്‍ക്ക് ശക്തരായ എതിരാളികളെ സൃഷ്ടിക്കുകയായിരിക്കും ചെയ്യുക. എന്നാല്‍ അങ്ങനെ വരുന്ന നഷ്ടം പോലും ഡിസ്‌പ്ലെ വില്‍പനയിലൂടെ നികത്താമെന്നാണ് കമ്പനി കരുതുന്നതെന്നു വേണം മനസ്സിലാക്കാന്‍.

galaxy-x

മടക്കാവുന്ന ഡിസ്‌പ്ലെയെ പറ്റി അധികം കാര്യങ്ങളൊന്നും സാംസങ് പുറത്തുവിട്ടിട്ടില്ല. അത്തരം ഒരു ഡിസ്‌പ്ലെ തങ്ങള്‍ നിര്‍മിക്കുന്നുവെന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഒരു ടെക്‌നോളജി മീറ്റിങ്ങില്‍ സാംസങ് ഈ സങ്കല്‍പ്പ ഫോണ്‍ പ്രദര്‍ശിപ്പിച്ചുവെന്നു വാര്‍ത്തകളുണ്ട്. പക്ഷേ, അതിന്റെ ഒരു ചിത്രം പോലും വെളിയില്‍ വിട്ടിട്ടില്ല. ഈ സാങ്കേതികവിദ്യയുമായി ആദ്യമെത്തുന്ന ഫോണിനെ സാംസങ് വിളിക്കുക ഗ്യലക്‌സി X എന്നായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

സെല്‍ഫി ക്യാമറയുടെ കാര്യത്തിലടക്കം താത്പര്യജനകമായ ചില പുതുമകളുമായി ഒപ്പോയും ഈ വര്‍ഷം നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഷവോമിയാകട്ടെ, മുന്‍വര്‍ഷങ്ങളിലേതു പോലെ കുതിപ്പു തുടരുകയുമാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്ന കമ്പനി എന്ന യശസുയര്‍ത്തിപിടിക്കാനാണ് ഷവോമി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. പൊകോ F1 ആണ് അവരുടെ ഈ രീതയിലുള്ള ഏറ്റവും പുതിയ പരിശ്രമം. മടക്കാവുന്ന ഡിസ്‌പ്ലെ, സാംസങില്‍ നിന്നും കിട്ടിയാല്‍ ഈ കമ്പനികള്‍ സാംസങിനെ തന്നെ ഒരു പാഠം പഠിപ്പിക്കുമെന്നു തന്നെയാണ് പലരും പ്രതീക്ഷിക്കുന്നത്. ഇതൊരു മണ്ടത്തരമായിരിക്കുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. എന്നാല്‍ ചില വാര്‍ത്തകള്‍ പറയുന്നത് സാംസങിന്റെ മടക്കാവുന്ന സ്‌ക്രീനുള്ള ഫോണ്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണ്. കൂടുതല്‍ നിര്‍മാതാക്കള്‍ ഈ രംഗത്തേക്കു വരുന്നത് സാംസങിന് ഗുണമാകുമെന്നു കരുതുന്നവരുമുണ്ട്. ഈ മത്സരത്തിന്റെ ഫലമറിയാന്‍ ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA