sections

Manoramaonline

MORE

73,000 രൂപയുടെ നോട്ട് 9 നെക്കാൾ മികച്ച ഫോൺ 20,999ന്റെ പോക്കോ F1?

pocophonef1-note9
SHARE

ഏകദേശം ഒരേ കാലഘട്ടത്തില്‍ ഇറങ്ങിയ രണ്ടു സ്മാര്‍ട് ഫോണ്‍ മോഡലുകളാണ് സാംസങ്ങിന്റെ ഏറ്റവും മുന്തിയ ഹാന്‍ഡ്‌സെറ്റുകളിലൊന്നായ ഗ്യാലക്‌സി നോട്ട് 9, ഷവോമിയുടെ സബ്-ബ്രാന്‍ഡ് ആയ പോകോ ഇറക്കിയ പോകോ F1 (ചിലര്‍ വിളിക്കുന്നതു പോലെ പോക്കോഫോണ്‍) ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും? വിലയുടെ അങ്ങേയറ്റവും ഇങ്ങേയറ്റവും നില്‍ക്കുന്നവയാണ് ഈ മോഡലുകള്‍ എന്നതാണ് താരതമ്യത്തിനു പ്രസക്തി നല്‍കുന്നതു തന്നെ. 73,000 രൂപയാണ് നോട്ട് 9ന്റെ തുടക്ക മോഡലിന്റെ വിലയെങ്കില്‍ പോക്കോഫോണിന്റെ കുറഞ്ഞ മോഡലിന് വില 20,999 രൂപയാണ്. ചൈനീസ് കമ്പനികളുടെ വിലയിടിക്കലിനെതിരെ മറ്റു നിര്‍മാതാക്കള്‍ക്ക് പ്രതിഷേധം പോലുമുണ്ട്.

എന്നാല്‍, ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിലയാണ് ഷവോമി ഇവിടെ നടത്തിയിരിക്കുന്നത്. രണ്ടു ഫോണുകളും സ്‌നാപ്ഡ്രാഗണ്‍ 845 എന്ന ഇപ്പോഴത്തെ ഏറ്റവും മികച്ച പ്രോസസറുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. സാമ്യം അവിടെ തീരുന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. സാംസങ് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ലിക്വിഡ് കൂളിങ് സിസ്റ്റം പോലും പോക്കോഫോണിലുമുണ്ട്.

സാംസങ് നോട്ട് 9 ന്റെ 8 ജിബി റാമുള്ള മോഡലും പോക്കോഫോണിന്റെ 6 ജിബി റാമുള്ള ഫോണും തമ്മില്‍ താരതമ്യ പഠനം നടത്തിയ യുട്യൂബര്‍ ബെന്‍ സിന്‍ കണ്ടെത്തിയ പ്രകടന സാമ്യം ഞെട്ടിക്കുന്നതാണ്. ഡൗണ്‍ലോഡ് സ്പീഡിലും മറ്റും സാംസങ് മോഡലിനെ തോല്‍പ്പിക്കുകയാണ് പോക്കോഫോണ്‍ ചെയ്തിരിക്കുന്നത്. പകല്‍ വെളിച്ചത്തിലാണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ ക്യാമറയുടെ പ്രകടനവും ഏകദേശം ഒപ്പത്തിനൊപ്പമാണ്.

ബേസിക് ആപ് ലോഡിങ് സ്പീഡ് തുടങ്ങിയ കാര്യങ്ങളിലും പോക്കോ F1 ആണ് മുന്നില്‍ നിൽക്കുന്നത്. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡിലാണ് പോക്കോഫോണ്‍ അതിന്റെ മികവു കാണിച്ചിരിക്കുന്നത്. ഗ്യാലക്‌സി നോട്ട് 9 കാണിച്ച ഡൗണ്‍ലോഡ് സ്പീഡ് 76.3 Mbps ആണെങ്കില്‍ പോക്കോഫോണിന് 112 Mbps ലഭിച്ചു. അപ്‌ലോഡ് സ്പീഡ് യഥാക്രമം 113 Mbps ഉം 114 Mbps ഉം ആയിരുന്നു. പിസി മാര്‍ക്ക്, ബെഞ്ച് മാര്‍ക്ക് ടെസ്റ്റുകളിലും പോക്കോഫോണാണ് വിജയിച്ചത്. ഈ ടെസ്റ്റുകളൊന്നും ഒരു ഫോണിന്റെ ശക്തിയെ പൂര്‍ണ്ണമായും തെളിയിക്കുന്നവയല്ല. പക്ഷേ, വിലയിലുള്ള നാലിരട്ടിയോളം വ്യത്യാസം പലരുടെയും കണ്ണു തുറപ്പിക്കത്തക്കതാണ്.

ക്യാമറയുടെ കാര്യത്തില്‍ പോക്കോഫോണ്‍, ഗ്യാലക്സി നോട്ടിന്റെ ഏഴയലത്തു വരില്ല എന്നാണു താന്‍ കരുതിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, അതിസൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമാണ് അത്തരമൊരു വ്യത്യാസം ഇരു ഫോണുകളിലും പകല്‍ വെളിച്ചത്തില്‍ എടുക്കുന്ന ചിത്രങ്ങളില്‍ കണ്ടെത്താനാകൂ. വെളിച്ചക്കുറവില്‍ നോട്ടിന്റെ ക്യാമറ മികവ് സ്പഷ്ടമാണെന്നും അദ്ദേഹം പറയുന്നു. പൊക്കോഫോണിന് ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനെ ഉള്ളൂ. നോട്ടിനാകട്ടെ ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുണ്ട്. ഇതിന്റെ ഗുണം വിഡിയോ റെക്കോഡിങ്ങിലും മറ്റും കാണാം. പക്ഷേ, വില പരിഗണിച്ചാല്‍ ഇത് അവഗണിക്കാവുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. ബാറ്ററി ലൈഫിന്റെ കാര്യത്തിലും പോക്കോഫോണാണ് നല്ലത്. അതിനൊരു കാരണമുണ്ട്. സാംസങ്ങിന്റെ ഡിസ്‌പ്ലെ കൂടുതല്‍ നല്ലതും പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് വേണ്ടതുമാണ്.

f1-note9

എന്നാല്‍, പോക്കോഫോണ്‍ (പോകോ F1) ഗ്യാലക്‌സി നോട്ട് 9നെക്കാള്‍ നല്ല ഹാന്‍ഡ്‌സെറ്റാണെന്നല്ല അദ്ദേഹം പറയുന്നത്. നോട്ട് 9ന് ഉജ്ജ്വലമായ നിര്‍മാണ മികവുണ്ട്, കൂടുതല്‍ റെസലൂഷനുള്ള, മികച്ച ഡിസ്‌പ്ലെയുണ്ട്, വാട്ടര്‍പ്രൂഫിങ്, വയര്‍ലെസ് ചാര്‍ജിങ് എല്ലാം ഉണ്ട്. കൂടാതെ, നോട്ടിന്റെ സ്റ്റൈലസ് ആവശ്യമുള്ളവര്‍ക്ക് ഒരു അനുഗ്രഹമാണ്. (എന്നാല്‍, മൂന്നു ശതമാനം പേരായിരിക്കും ഇത് ഉപയോഗിക്കാന്‍ പോകുക എന്നും അദ്ദേഹം പറയുന്നു.) പണം ചെലവാക്കാൻ മടിയില്ലാത്തവർക്ക് ഉചിതം ഗ്യാലക്‌സി നോട്ട് 9 ആയിരിക്കുമത്രെ.

എന്നാല്‍, പോക്കോഫോണില്‍ പകലെടുക്കുന്ന ചിത്രങ്ങള്‍ 90 ശതമാനം നോട്ടിനോപ്പം നില്‍ക്കും. രാത്രി ചിത്രങ്ങള്‍ 70 ശതമാനം മികവേ അതിനു കാണൂ. വില പരിഗണിച്ചാല്‍, വെറുതെ കളയാന്‍ പൈസയില്ലാത്തവര്‍ക്ക് ഗ്യാലക്‌സി നോട്ട് 9 പരിഗണിക്കേണ്ട കാര്യമേയില്ല എന്നാണ് ബെന്നിന്റെ വാദം. തന്റെ അമ്മ വാട്‌സാപ് മെസേജുകളും ഫെയ്‌സ്ബുക്കും നോക്കാനാണ് പ്രധാനമായും ഫോണ്‍ ഉപയോഗിക്കുന്നത്. അമ്മയ്‌ക്കെന്തിനാണ് നോട്ട് വാങ്ങി നല്‍കുന്നത്? പോക്കോഫോണ്‍ ധാരാളം മതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഗ്യാലക്‌സി നോട്ട് 9 അത്യുജ്ജ്വലമായ ഫോണാണെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്നും അദ്ദേഹം പറയുന്നു. അതിന് ഐഫോണ്‍ നിലവാരത്തിലുള്ള വിലയിടുന്നതും തെറ്റല്ല. പക്ഷേ, ചൈനീസ് കമ്പനികള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളുടെ വിലയിടലിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നതായി അദ്ദേഹം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA