ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ ബ്രാൻഡായ ഐഫോണിന്റെ പുതിയ മോഡലുകൾ ബുധനാഴ്ച അവതരിപ്പിക്കും. മൂന്നു മോഡലുകളാണ് അവതരിപ്പിക്കുന്നത്. കൂടെ മറ്റു ചില ഡിവൈസുകളും പുറത്തിറക്കിയേക്കും. ഔദ്യോഗികമായി അവതരിപ്പിക്കും മുൻപെ മൂന്നു മോഡലുകളുടെയും മിക്ക വിവരങ്ങളും പുറത്തുവന്നു കഴിഞ്ഞു. പുതിയ മോഡൽ ഐഫോണുകളിൽ രണ്ടു സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പുതിയ റിപ്പോർട്ട്.
ഏറെക്കാലമായി ഐഫോൺ ആരാധകര്‍ കാത്തിരിക്കുന്ന ഫീച്ചറാണ് രണ്ടു സിം സ്ലോട്ട്. ഡിസ്പ്ലെയിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഐഫോണ്‍ X എസ്, X എസ് മാക്സ്, X ആര്. ഇതില്‍ XS ഉം XSMAX ഉം രണ്ടു സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാകുമെന്നാണ് സൂചന. ചൈന ടെലികോം പുറത്തുവിട്ട ഐഫോണിന്റെ ചിത്രങ്ങളിൽ രണ്ടു സിം സ്ലോട്ടുകൾ കാണാൻ സാധിക്കുന്നുണ്ട്. ഇന്ത്യ, ചൈന വിപണികളെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ ഡ്യൂവല്‍ സിംകാര്‍ഡ് ഐഫോൺ വരുന്നത്.
അതേസമയം, ഓര്‍ഗാനിക് എല്‍ഇഡി സ്ക്രീനുകളും ഐഫോണിൽ പ്രതീക്ഷിക്കാം. കാഴ്ചകള്‍ക്ക് പുതിയ മിഴിവാണ് ഓലെഡ് സ്ക്രീൻ നല്‍കുന്നത്. എന്നാൽ റൊമാനിയൻ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത ഐഫോണുകളുടെ പട്ടികയിൽ ഐഫോൺ9, ഐഫോൺ XS, ഐഫോൺ XS മാക്സ് എന്നീ മൂന്നു ഹാൻഡ്സെറ്റുകളാണ് കാണുന്നത്. റൊമാനിയൻ വെബ്സൈറ്റായ ക്യുക്ക്മൊബൈൽ പുതിയ ഐഫോണുകളുടെ പ്രീ ഓർഡറും തുടങ്ങി.
ഐഫോൺ 9 വരുന്നത് 6.1 ഇഞ്ച് എൽസിഡി പാനലുമായാണ്. ഐഫോൺ XS എത്തുന്നത് 5.8 ഇഞ്ച് ഓലെഡ് ഡിസ്പ്ലെയുമായാണ്. ഐഫോൺ XS മാക്സിന്റെ ഡിസ്പ്ലെ 6.5 ഇഞ്ചാണ്. മൂന്നു ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതിൽ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. എന്നാൽ ഐഫോണ്‍ 9 ന് 512 ജിബി വേരിയന്റ് ലഭ്യമല്ല. ബ്ലാക്ക്, വൈറ്റ് വേരിയന്റുകളാണ് ബുക്കിങ് വെബ്സൈറ്റിൽ ലിസ്റ്റു ചെയ്തിരിക്കുന്നത്.