sections
MORE

ഹോം ബട്ടണിനെ യാത്രയാക്കി; ഐഫോണ്‍ SE, ഐഫോണ്‍ 6 അവസാനിപ്പിച്ചു

home-button
SHARE

2007ല്‍ ആദ്യം ഐഫോണ്‍ അവതരിപ്പിച്ചതു മുതല്‍ കഴിഞ്ഞ വര്‍ഷം വരെ (ഐഫോണ്‍ X ഒഴികെ) എല്ലാ ഫോണുകളിലും സജീവ സാന്നിധ്യമായിരുന്ന ഹോം ബട്ടണ്‍ ഈ വര്‍ഷത്തെ ഒരു ഫോണിലും ഇല്ല. എന്നു പറഞ്ഞാല്‍, പത്തു വര്‍ഷത്തോളം ഐഫോണുകളിലും, ഐപാഡുകളിലും പരിചയിച്ചുവന്ന ആ ഒരു സെക്കന്‍ഡില്‍ അവസാനിക്കുന്ന അനുഷ്ഠാന നിര്‍വഹണം ഇനിയുള്ള കാലം ഉണ്ടായേക്കില്ല. ടച്‌ഐഡി വന്നപ്പോള്‍, നിങ്ങളുടെ ഡിജിറ്റല്‍ ലോകത്തെക്കുള്ള ഒരു വാച്ചറുടെ ചുമതലയും ഈ ഹോംബട്ടണ്‍ ഏറ്റെടുത്തിരുന്നല്ലോ.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ എത്തിയത് കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ Xല്‍ ആണ്. എന്നാല്‍, ഹോം ബട്ടണ്‍ ഐഫോണ്‍ 8/8 പ്ലസ് മോഡലുകളിലും കാവല്‍ക്കാരനായി ഉണ്ടായിരുന്നു. പക്ഷേ, 11-ാം വര്‍ഷം അതിനെ ആപ്പിള്‍ ഇല്ലായ്മ ചെയ്തിരിക്കുകയാണ്.

ഹോം ബട്ടണ്‍ ഇല്ല. നിങ്ങള്‍ ഫോണിനു നേരെ നോക്കിയാല്‍ മതി. നിങ്ങളുടെ ഫോണിന് നിങ്ങള്‍ എങ്ങനെയാണ് ഇരിക്കുന്നതെന്നറിയാം. നിങ്ങളുടെ മുഖമായിരിക്കും നിങ്ങളുടെ പാസ്‌വേഡ്, പുതിയ മോഡലുകള്‍ അവതരിപ്പിച്ച ആപ്പിളിന്റെ ഫില്‍ ഷിലര്‍ അഭിമാനത്തോടെ പറഞ്ഞു.

ഇത് ചില ടെക് ജേണലിസ്റ്റുകളിലെങ്കിലും ഗൃഹാതുരത്വമുണര്‍ത്തി. എത്ര തണുപ്പന്‍ യാത്രയയപ്പാണ് ഒരു പതിറ്റാണ്ടോളം ഐഫോണ്‍ ഉപയോക്താക്കള്‍ക്കു സേവനം നല്‍കിയ ഹോം ബട്ടണു കിട്ടിയതെന്നാണ് അവര്‍ പ്രതികരിച്ചത്. മിക്ക ഐഫോണ്‍ ഉപയോക്താക്കളും ഫെയ്‌സ്‌ഐഡി ഇഷ്ടപ്പെടുകയും ധാരാളമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഐഫോണ്‍ X പുറത്തു വന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു പരാതി ടച്‌ഐഡിയാണ് കൂടുതല്‍ സുഗമം എന്നായിരുന്നു. രണ്ടാം തലമുറയിലേക്ക് എത്തുമ്പോള്‍ ഫെയ്‌സ്‌ഐഡി കൂടുതല്‍ ആത്മവിശ്വാസം കൈവരിച്ചിട്ടുണ്ടാകാം. പക്ഷേ, ചില ഐഫോണ്‍ ഉപയോക്താക്കളെങ്കിലും പഴയ ശീലങ്ങള്‍ ഇഷ്ടപ്പെടുന്നു.

ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ മാത്രമല്ല ഹോംബട്ടണ്‍ ഉപയോഗിച്ചിരുന്നത്. ഹാങ് ആയി നില്‍ക്കുന്ന ആപ്പിനെ സ്‌ക്രീനില്‍നിന്നു മാറ്റാന്‍, തുറന്നിരിക്കുന്ന ആപ്പുകളില്‍ നിന്ന് വേണ്ടതു തിരഞ്ഞെടുക്കാന്‍ ഹോംബട്ടണില്‍ ഇരട്ട ക്ലിക്, സിറിയോട് സംസാരിക്കാന്‍ ഹോംബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക തുടങ്ങി ശീലങ്ങള്‍ വര്‍ഷങ്ങളിലൂടെ ആര്‍ജിച്ചവയായിരുന്നു. ഇവയ്‌ക്കെല്ലാം പകരം സ്‌ക്രീന്‍ ജസ്ചറുകളാണ് ഐഫോണ്‍ Xല്‍ എത്തിയത്. പക്ഷേ, വര്‍ഷങ്ങളായി തുടര്‍ന്നു വന്ന ശീലങ്ങള്‍ ഇല്ലാതാക്കേണ്ടി വരുമ്പോള്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടു തോന്നാം.

ഇതൊന്നും പോരെങ്കില്‍ ഫെയ്‌സ്‌ഐഡി സ്വകാര്യതയ്ക്ക് ഒരു ഭീഷണിയാണെന്നു വിശ്വസിക്കുന്ന ഒരുപറ്റം ഉപയോക്താക്കളുമുണ്ട്. മുഖം തന്നെ നിങ്ങളുടെ ഐഡിയാകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ഡേറ്റ മറ്റു ആപ്പുകള്‍ക്കും ഉപയോഗിക്കാന്‍ നല്‍കുകയാണ്. ആപ്പിള്‍ പേയിലൂടെയും, മറ്റ് സ്വകാര്യ കമ്പനികളുടെ പേമെന്റ് ആപ്പികളിലൂടെയും മറ്റും വാങ്ങിയ സാധനങ്ങള്‍ക്കു പണമടയ്ക്കുമ്പോള്‍ ഒക്കെ ഈ സ്വകാര്യതയ്ക്കു ഭംഗം സംഭവിക്കാം. ഇതെല്ലാം കൂടാതെ ഡേറ്റ ചോര്‍ത്താന്‍ മാത്രമായി സൃഷ്ടിച്ചു വിടുന്ന ആപ്പുകള്‍ ഓതറൈസേഷനായി മുഖം ആവശ്യപ്പെടുമ്പോള്‍ അതു നല്‍കാതിരിക്കാന്‍ ഉപയോക്താവിനു കഴിയില്ല. ഈ ഡേറ്റ എളുപ്പത്തില്‍ ദുരുപോയഗം ചെയ്യപ്പെടാം. അമേരിക്കന്‍ കോണ്‍ഗ്രസ് നിങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത ചോർത്തുന്നില്ല എന്നുറപ്പാക്കാന്‍ എന്താണ് ചെയ്യുന്നതെന്ന് ആപ്പിളിനോട് ചോദിക്കുകയും ചെയ്തിരുന്നു. (ആപ്പിള്‍ പറയുന്നത് തങ്ങള്‍ ഫെയ്‌സ്‌ഐഡിയുടെ ഡേറ്റയാണെങ്കിലും, ടച്ച്‌ഐഡിയുടെ ഡേറ്റയാണെങ്കിലും ഫോണില്‍ തന്നെ സൂക്ഷിക്കുന്നുവെന്നാണ്. ക്ലൗഡിലേക്കു കൊണ്ടുപോകുന്നില്ലെന്ന് കമ്പനി പറയുന്നു. പക്ഷേ, ഒറ്റ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാവു പോലും ഇങ്ങനെ പറഞ്ഞതായി അറിയില്ല. സൗകര്യമെന്ന നിലയിലും മറ്റുള്ളവരുടെ മുൻപില്‍ പുതിയ ഫീച്ചര്‍ പ്രദര്‍ശിപ്പിക്കാനുമൊക്കെയായി ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതക്കാള്‍ക്കും, സ്വകാര്യത മോഷ്ടാക്കൾ എന്ന കുപ്രസിദ്ധിയുള്ള കമ്പനികള്‍ക്കും മറ്റും സ്വന്തം മുഖം എത്രപേര്‍ ഇപ്പോള്‍തന്നെ നല്‍കിക്കഴിഞ്ഞു എന്നും ഇവിടെ ഓര്‍ക്കുന്നതു നല്ലതാണ്.) 

ടെക് കമ്പനികള്‍ ഇത്തരം ഡേറ്റ എന്തു ചെയ്യുമെന്നത് ഒരു ചോദ്യമായി അവശേഷിക്കാനാണു വഴി. ഇപ്പോള്‍ ടച്‌ഐഡിയോടു കൂടിയ മോഡല്‍ വേണമെന്നുള്ളവര്‍ക്ക് ഐഫോണ്‍ 7/8 ശ്രേണിയിലുള്ള ഫോണുകള്‍ വാങ്ങാം. (ടച്ച്‌ഐഡിക്കൊപ്പം ഐഫോണ്‍ SEയും ഐഫോണ്‍ 6 ശ്രേണിയും ഔദ്യോഗികമായി ആപ്പിള്‍ അവസാനിപ്പിച്ചു.) ഇനി അധികം കാലം ഇപ്പോഴുള്ള മോഡലുകളും ലഭ്യമാവില്ല. 

സ്വകാര്യതയുടെ പ്രശ്‌നമില്ലെങ്കില്‍ ഹോം ബട്ടണിന്റെ വിയോഗം ചിലര്‍ക്കെങ്കിലും പ്രശ്‌നമാവില്ലായിരുന്നു. ഹോംബട്ടണിന്റെ അഭാവത്തിലൂടെ കൂടുതല്‍ ഫോണുകളുടെ മുഖം കൂടുതല്‍ ലാളിത്യം കൈവരിക്കുന്നുവെന്നു പറയേണ്ടതായി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA