sections
MORE

വണ്‍പ്ലസ് 6Tയുടെ ക്യാമറയില്‍ ഈ അദ്ഭുത ഫീച്ചര്‍ ഉണ്ടാകും, വിലയോ?

OnePlus-6T-
SHARE

എന്താണ് വണ്‍പ്ലസ് കമ്പനിയുടെ പ്രസക്തി? 30,000 രൂപയിലേറെ ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ചിലവഴിക്കുന്ന ഇന്ത്യക്കാരില്‍ ഏറിയ പങ്കും വണ്‍പ്ലസിനാണ് പണം നല്‍കുന്നതെന്ന് കണക്കുകള്‍. വില കുറഞ്ഞ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ഷവോമിയുടെ സ്വാധീനം വ്യക്തമാണെന്നതു പോലെ അല്‍പം വില കൂടിയ മോഡലുകള്‍ പരിഗണിക്കുന്നവര്‍ക്കിടയില്‍ വണ്‍പ്ലസിനാണ് സ്ഥാനം. എന്നാല്‍, വണ്‍പ്ലസിന് ഈ വര്‍ഷം ശക്തനായ എതിരാളി എത്തിയിരിക്കുന്നു. രൂപയുടെ ഇടിയുന്ന മൂല്യം പരിഗണിക്കുമ്പോള്‍, പ്രായോഗികതയിലൂന്നിയ സ്മാര്‍ട് ഫോണ്‍ വാങ്ങലുകാര്‍ വണ്‍പ്ലസിനെ തള്ളിക്കളയുമോ എന്നറിയാനാണ് ഇപ്പോള്‍ വിപണി നിരീക്ഷകര്‍ കാത്തിരിക്കുന്നത്. അതിനെപ്പറ്റി വഴിയെ പറയാം.

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 6T അടുത്ത മാസം പുറത്തിറങ്ങുമെന്നാണ് പുതിയ വാര്‍ത്ത. നല്ല ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ച് പണിത, മികച്ച മോഡലായിരിക്കും വണ്‍പ്ലസ് 6T എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ആരാധകരെ സന്തോഷിപ്പിക്കന്ന രീതിയില്‍ ആധുനിക സാങ്കേതികവിദ്യ അടക്കം ചെയ്തായിരിക്കും ഈ ഫോണ്‍ എത്തുക. ഫോണിനെപ്പറ്റി ധാരാളം കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവ ഉപയോഗിച്ച് പുതിയ മോഡലിനെ കാണാന്‍ ശ്രമിക്കാം.

oneplus-6t-1

വണ്‍പ്ലസ് 6T യാണ് അടുത്ത ഫോണെന്ന് കമ്പനി ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്‌ക്രീനിനുള്ളില്‍ തന്നെ അടക്കം ചെയ്തിരിക്കുകയാണെന്നാണ് മനസിലാകുന്നത്. ഇത്തരം ഡിസൈന്‍, സ്‌ക്രീന്‍ മുഴുവനായും ഉപയോഗിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍, ഈ രീതിയിലിറക്കിയ ഫോണുകളില്‍ പലതും ഫിസിക്കൽ ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. 6Tയില്‍ എങ്ങനെയാകുമെന്ന് കാത്തിരുന്നു കാണാം. വിവോയുടെയും ഒപ്പോയുടെയും മോഡലുകളാണ് ഈ ഫീച്ചറുമായി എത്തിയിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി S10, അടുത്ത വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ ഇവയിലും ഈ ഫീച്ചര്‍ പ്രതീക്ഷിക്കുന്നു. ഈ ടെക്‌നോളജി പൂര്‍ണത കൈവരിക്കാത്തതാണ് സാംസങ്ങിനെയും ആപ്പിളിനെയും ഇത് ഈ വര്‍ഷം ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച ഘടകം. വണ്‍പ്ലസ് 5Tയ്ക്കു വേണ്ടി തങ്ങള്‍ ഈ സാങ്കേതികവിദ്യ പരിഗണിച്ചതായിരുന്നെന്നും എന്നാല്‍ അതിന്റെ പൂര്‍ണ്ണതയില്ലായ്മ തങ്ങളെ പിന്തിരിപ്പിച്ചെന്നുമാണ് കമ്പനി പറയുന്നത്. ഇപ്പോളത് സാധാരണ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിന് സുഗമമായി കഴിഞ്ഞുവെന്നു കമ്പനി പറയുന്നു. ഫെയ്‌സ് അണ്‍ലോക്കും ഫോണിന് ഉണ്ടായിരിക്കും. എന്നാല്‍, സ്വകാര്യതയെക്കുറിച്ചു ബോധമുള്ള ചില ഉപയോക്താക്കളെങ്കിലും ഇതുപയോഗിക്കാന്‍ വൈമുഖ്യം കാണിക്കുന്നു എന്നതാണ് ഫിംഗര്‍പ്രിന്റ് ഐഡി തിരിച്ചുവരവു നടത്തുന്നതിന്റെ കാര്യങ്ങളിലൊന്ന്. അണ്‍ലോക് ദ സ്പീഡ് (Unlock the Speed) എന്നാണ് വണ്‍പ്ലസ് 6Tയുടെ ഒരു പരസ്യ വാചകം പോലും. ഈ സാങ്കേതിക വിദ്യയ്ക്കായി 0.45 മില്ലിമീറ്റര്‍ കനം (thickness) വണ്‍പ്ലസ് 6 നെക്കാള്‍ പുതിയ മോഡലിന് വര്‍ധിച്ചിട്ടുണ്ടെന്നും പറയുന്നു.

വാട്ടര്‍ഡ്രോപ് നോച് ആണ് മറ്റൊരു ഫീച്ചര്‍. വണ്‍പ്ലസിന്റെ മുഖ്യ ക്യാമറ സെറ്റ്-അപ്പില്‍ ഉണ്ടായേക്കാമെന്നു പറഞ്ഞു കേള്‍ക്കുന്നത് ഒരു വിപ്ലവകരമായ മാറ്റമാണ്. ഈ മാറ്റമുണ്ടെങ്കില്‍, അത് മൊബൈല്‍ ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ മികച്ച മാറ്റം വരുത്തുന്നുണ്ടെങ്കില്‍, വണ്‍പ്ലസിനും കൈയ്യടി നല്‍കേണ്ടിയിരിക്കുന്നു. സാധാരണ ചൈനീസ് കമ്പനികള്‍ ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ കൊണ്ടുവരുന്ന മാറ്റം എടുത്തു പിടിക്കാറെയുള്ളു. ഇതിന് ഒരു അപവാദം വാവെയ് ആയിരുന്നു. പിന്നീട്, വിവോ തുടങ്ങിയ കമ്പനികളും അവരുടെ രീതിയില്‍ ക്യാമറ ടെക്‌നോളജിയില്‍ ഇടപെട്ടിട്ടുണ്ടെന്നും കാണാം. വണ്‍പ്ലസ് 6T എത്തുക മൂന്നു ക്യാമറയുമായിട്ടായിരിക്കും. ഇവയില്‍ രണ്ടു ക്യാമറകള്‍ പരമ്പരാഗത രീതിയിലുള്ളവ. എന്നാല്‍ മൂന്നാമത്തെ സെന്‍സര്‍ 3D ഇമേജുകള്‍ സൃഷ്ടിക്കാനും, ഓഗ്‌മെന്റഡ് റിയാലിറ്റിക്കു വേണ്ടിയും ആയിരിക്കുമെന്നു പറയുന്നു. 6Tക്ക് ഈ ഫീച്ചര്‍ ഉണ്ടെങ്കില്‍ ഇത്തരം മാറ്റവുമായി എത്തുന്ന ലോകത്തെ ആദ്യത്തെ മോഡലുമായിരിക്കുമിത്.

വണ്‍പ്ലസ് 6നോടു സമാനമായിരിക്കും വണ്‍പ്ലസ് 6Tയുടെ നിര്‍മാണമെന്നു കേള്‍ക്കുന്നു. 6Tയെപ്പറ്റി ഔദ്യോഗികമായി ഒന്നും അറിയില്ലെങ്കിലും ഇവയാണ് പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍:

OnePlus-6T

∙ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍
∙ 8 ജിബി വരെ റാം, 256 ജിബി സംഭരണശേഷി
∙ 3.5 ഓഡിയോ ജാക് കണ്ടേക്കില്ല. എന്നു പറഞ്ഞാല്‍ മിക്കവാറും വാട്ടര്‍പ്രൂഫ് അയേക്കും.
∙ മെറ്റലും ഗ്ലാസും ഉപയോഗിച്ചുള്ള നിര്‍മിതി
∙ 16MP പ്രധാന ക്യാമറ. കൂടെ മറ്റൊരു ക്യാമറയും ഉണ്ടാകും. മുന്നില്‍ 20MP ക്യാമറ പ്രതീക്ഷിക്കുന്നു.
∙ ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഓഎസ്.

വണ്‍പ്ലസ് ഇനി പിടിച്ചു നില്‍ക്കുമോ?

എന്തുകൊണ്ടാണ് വണ്‍പ്ലസ് മോഡലുകളെ ഉപയോക്താക്കള്‍ ഇഷ്ടപ്പെടുന്നത്? പല പ്രീമിയം ഫോണുകളിലുമുള്ള ഫീച്ചറുകളും ഹാര്‍ഡ്‌വയെര്‍ ശക്തിയും അവയെക്കാള്‍ വില കുറച്ചു നല്‍കുന്നുവെന്നതാണ് വണ്‍പ്ലസിനെ ഒരുകൂട്ടം ആളുകളുടെ പ്രിയ കമ്പനിയാക്കുന്നത്. എന്നാല്‍, തുടക്കത്തിലുള്ള വിലക്കുറവ് വണ്‍പ്ലസിന് ഇപ്പോള്‍ ഇല്ലെന്നും കാണാം. ഓരോ വര്‍ഷവും വില കൂടുകയാണ്. വണ്‍പ്ലസ് 6Tയ്ക്കും വില കൂടിയേക്കുമെന്നാണ് സൂചന. ഇതെല്ലാം, വണ്‍പ്ലസ് മുന്നോട്ടുവച്ച ചിന്താഗതിക്ക് എതിരാണ്. അതുകൂടാതെ, അവര്‍ക്കിപ്പോള്‍ ശക്തനായ ഒരു എതിരാളിയും എത്തിയിരിക്കുന്നു. പൊക്കോ F1.

പൊക്കോ F1 ഒരു വര്‍ഷം കഴിയുമ്പോഴും നല്ല പേരു നിലനിര്‍ത്തുന്നുണ്ടെങ്കില്‍ വണ്‍പ്ലസ് പേടിക്കേണ്ടിയിരിക്കുന്നു. പൊക്കോ F1 മോഡലിന്‍ വണ്‍പ്ലസ് നല്‍കുന്ന നിര്‍മാണത്തികവില്ല എന്നേയുള്ളു. പ്രകടനത്തില്‍ മികച്ച അനുഭവമാണ്. ഒരേ പ്രൊസസര്‍ ഉപയോഗിക്കുന്ന മോഡലുകളാണ് ഇവ. വണ്‍പ്ലസിനു പകരം, പൊക്കോ F1ന്റെ തുടക്ക മോഡല്‍ വാങ്ങിയാല്‍ 15,000 രൂപയെങ്കിലും പോക്കറ്റില്‍ കിടക്കുമെന്നത് വളരെയധികം ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള കാര്യമായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. ഇത് ഇന്ത്യന്‍ വിപണിയിൽ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍, പൊക്കോ F1ന്റെ നിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍ ഈടുറ്റവയാണോ എന്ന് ഇപ്പോള്‍ പറയാനാവില്ല.

വില

ഒന്നുകില്‍ 34,999 രൂപ അല്ലെങ്കില്‍ 37,999 രൂപയായിരിക്കും വിലയെന്നാണ് കേള്‍ക്കുന്നത്. വര്‍ധിച്ചു വരുന്ന മത്സരം കുറഞ്ഞ വിലയിടാന്‍ വണ്‍പ്ലസിനെ പ്രേരിപ്പിച്ചേക്കുമെന്നു പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA