sections
MORE

വിവോ V11 പ്രോ: വാങ്ങാനും വാങ്ങാതിരിക്കാനും ചില കാരണങ്ങള്‍

vivo-v11
SHARE

മകച്ച ആന്‍ഡ്രയോഡ് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെയും വാവെയെും അനുകരിച്ച് ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തില്‍ പ്രകടവും, ഗുണപരവുമായ മാറ്റങ്ങള്‍ വരുത്തുന്ന കമ്പനിയാണ് വിവോ എന്നാണ് അറിയപ്പെടുന്നത്. അവരുടെ പുതിയ ഹാന്‍ഡസെറ്റുകളിലൊന്നാണ് വിവോ V11 പ്രോ. ഈ ഫോണ്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ അല്ലയോ? വാങ്ങാനും വാങ്ങാതിരിക്കാനുമുള്ള ചില കാരണങ്ങള്‍ പറയാം:

6.41-ഇഞ്ച് വലിപ്പമുള്ള, ഫുള്‍ എച്ഡി പ്ലസ് (2340×1080) പിക്‌സല്‍സ്) അമോലെഡ് ഡിസ്‌പ്ലെയുള്ള ഫോണാണ് V11 പ്രോ. (ഇത് അമോലെഡ് ഡിസ്‌പ്ലെയാണ് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.) വലുപ്പം കൂടുതലുള്ളതിനാല്‍, ഒറ്റ കൈകൊണ്ടുള്ള ഉപയോഗം പലര്‍ക്കും എളുപ്പമാവില്ല. നേര്‍ത്ത ബെസലാണുള്ളത്. അങ്ങനെ കുറ്റം പറയാന്‍ പറ്റാത്ത തരത്തിലുള്ള സ്‌ക്രീനാണിതിന്. മറ്റൊരു ഗുണം ഫോണ്‍ ചൂടാകുന്നത് വളരെ കുറവാണെന്നതാണ്. ഇടത്തരം ശക്തിയുള്ള സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറും, 6GB റാമും, 64GB സംഭരണ ശേഷിയുമാണ് ഇതിനുള്ളത്. 

ഇരട്ട പിന്‍ക്യാമറകളുടെ റെസലൂഷന്‍ 12MP+5MP യാണെങ്കില്‍ മുന്‍ക്യാമറ 25MP യാണ്. മുന്‍ക്യാമറയിരിക്കുന്നത് വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള നോച്ചിലാണ്. ഫോണിന് 7.9mm കനമെയുള്ളു. വിവോയുടെ സ്വന്തം ഫണ്‍ടെക് 4.5 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്. ഇതാകട്ടെ ആന്‍ഡ്രോയിഡ് 8.1 ഒറിയോയുടെ മുകളില്‍ നിര്‍മിച്ചിരിക്കുന്നതുമാണ്. ഫോണിന്റെ ഭാരം 156 ഗ്രാമാണ്. ബാറ്ററിക്ക് 3,4 00 mAh ശേഷിയാണ് നല്‍കിയിരിക്കുന്നത്. കൂടെക്കിട്ടുന്ന 9V/2A  അഡാപ്റ്ററിലൂടെ ക്വിക് ചാര്‍ജിങ് ശേഷിയുണ്ട്. രണ്ടു മണിക്കൂറിനുള്ളല്‍ 0-100 ചാര്‍ജിങ് സാധ്യമാണ്. പുറകുവശം ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

മികച്ച സ്‌ക്രീനാണെന്നു കണ്ടല്ലോ. സ്‌ക്രീനില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. ഇതിലൂടെ അണ്‍ലോക്ക് ചെയ്യാന്‍ സമയമെടുക്കുന്നുണ്ട്. അല്‍പം മുറുക്കെ അമര്‍ത്തുമ്പോഴാണ് രജിസ്റ്ററാകുന്നത്. എന്നാല്‍, പരമ്പരാഗത ഫിംഗര്‍പ്രിന്റ് സ്‌കാനറുകളുടെ അത്ര സമഗമമല്ല.

ഇരട്ട ക്യാമറകളിലൊന്നിന് പോട്രെയ്റ്റ് മോഡുമുണ്ട്. പോര്‍ട്രെയ്റ്റ് മോഡാണ് ഫോണിന്റെ ബലഹീനതകളിൽ ഒന്ന്. ബോ-കെ എഫെക്ട് അല്‍പം അസ്വാഭാവികമാണ്. ക്യാനന്റെ വിശ്രുതമായ ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസുമുണ്ട്. പ്രകാശം കുറഞ്ഞ സ്ഥലങ്ങളിലും നല്ല ചിത്രങ്ങളെടുക്കും. ഫോട്ടോയിലെ നിറങ്ങള്‍ക്കും കൃത്യതയുണ്ടെന്നതും മികവു സൂചിപ്പിക്കുന്നു. പോര്‍ട്രെയ്റ്റ്, എച്ഡിആര്‍ തുടങ്ങിയ മോഡുകളൊഴിച്ചാല്‍ ഇന്ന് ലഭ്യമായ മികച്ച ഫോണ്‍ ക്യാമറകളോട് കിടപിടിക്കത്തക്കതാണ് വിവോ V11 പ്രോയുടെ ക്യാമറ എന്നു പറയാം. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍പം സാച്ചുറേഷന്‍ കൂടുതല്‍ തോന്നുന്നുണ്ട്. ഗൂഗിള്‍ ലെന്‍സുമായി ഒത്തു പ്രവര്‍ത്തിക്കുന്ന ക്യാമറയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവുമുണ്ട്. വെളിച്ചമുള്ള സ്ഥലങ്ങളില്‍ എടുക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ ആശ്ചര്യകരമായി മികവു കാണിക്കുന്നു. ഫെയ്‌സ് അണ്‍ലോക്കും ഫോണിനുണ്ട്. വെളിച്ചക്കുറവുള്ള സ്ഥലത്തു പോലും ഇത് തൃപ്തികരമായി പ്രവര്‍ത്തിക്കുന്നു. ഇരുളില്‍ പ്രവര്‍ത്തിക്കില്ല.

WPS ഓഫിസ്, യൂസി ബ്രൗസര്‍, ന്യൂസ് പോയിന്റ്, ഫോണ്‍ പെ തുടങ്ങിയ ചില പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്തിട്ടുണ്ട്. ഇതൊക്കെ വേണ്ടിയിരുന്നില്ല. ലൗഡ്‌സ്പീക്കറുകള്‍ക്ക് ശബ്ദക്കുറവു തോന്നും. 

ആരാണ് ഈ ഫോണ്‍ വാങ്ങാന്‍ പരിഗണിക്കേണ്ടത്?

∙ ഫോണില്‍ തരക്കേടില്ലാത്ത ഫോട്ടോകളും സെല്‍ഫിയും എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍

∙ ഒപ്പോ F9 പ്രോയ്ക്കു പകരം ഒരു ഫോണ്‍ അന്വേഷിക്കുന്നവര്‍

∙ ഗ്രേഡിയന്റ് ഡിസൈനുള്ള, ആശ്ചര്യകരമായ ഒരു സ്‌ക്രീന്‍ വേണമെന്നുള്ളവര്‍

∙ നല്‍കുന്ന പൈസ മുതലായി എന്ന തോന്നല്‍ വേണെന്നുള്ളവര്‍

ആരൊക്കെ ഈ ഫോണ്‍ പരിഗണിക്കരുത്

∙ നല്ല ശബ്ദമുള്ള ലൗഡ് സ്പീക്കര്‍ വേണമെന്നുള്ളവര്‍

∙ അതിവേഗ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ വേണമെന്നുള്ളവര്‍

∙ ധാരാളം ഗ്രാഫിക്‌സ് ശേഷിയുളള ഗെയ്മുകള്‍ കളിക്കാനും മറ്റും ആഗ്രഹിക്കുന്നവര്‍

വിവോ V11 പ്രോയുടെ വില 25,990 രൂപയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA