sections
MORE

അദ്ഭുതം! ഐഫോണ്‍ Xs/Xs മാക്‌സ് നിലത്തിട്ടിട്ടും തകർന്നില്ല

iPhone-test
SHARE

ആപ്പിളിന്റെ ഈ വര്‍ഷത്തെ മുന്തിയ മോഡലുകളായ ഐഫോണ്‍ Xs/Xs മാക്‌സ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലും മറ്റു ചില വിപണികളിലും വില്‍പനയ്‌ക്കെത്തി. ഓസ്‌ട്രേലിയയില്‍ ഫോണ്‍ വാങ്ങിയ, ടെക്‌സ്മാര്‍ട് എന്ന യൂട്യൂബ് ചാനലുകാർ പുതിയ രണ്ടു മോഡലുകളും ഒന്നു വീതം വാങ്ങി താഴേക്കിടല്‍ ടെസ്റ്റ് (drop test) നടത്തി. പല പൊക്കത്തില്‍ നിന്ന് ഇവ താഴേക്കിട്ടാണ് ഫോണിന്റെ മികവു പരിശോധിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രധാന മോഡലായ ഐഫോണ്‍ Xനെക്കുറിച്ചുള്ള ഒരു പ്രധാന പരാതി അത് താഴെ വീണാല്‍ എളുപ്പം തകരാമെന്നാതായിരുന്നു. ടെക്‌സ്മാര്‍ട് ഐഫോണ്‍ X നെ പുതിയ മോഡലുകളുമായി താരതമ്യം ചെയ്യുന്നുണ്ട്. ഈ വര്‍ഷത്തെ Xs/Xs മാക്‌സ് മോഡലുകളെക്കുറിച്ച് അവതരണവേദിയില്‍ ആപ്പിള്‍ പറഞ്ഞത് 'ഗ്ലാസ് നിര്‍മിതമായ ലോകത്തെ ഏറ്റവും ഈടുനില്‍ക്കുന്ന സ്മാര്‍ട് ഫോണുകള്‍' എന്നായിരുന്നു. ഫോണുകള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നുണ്ടോ എന്ന് വിഡിയോ കണ്ടു മനസിലാക്കാം.

വിഡിയോ തുടങ്ങുന്നത് പോക്കറ്റ് ടെസ്റ്റിലാണ്. ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് താഴെ വീണാല്‍ എന്തു സംഭവിക്കും എന്നാണ് പരിശോധിക്കുന്നത്. ഇതില്‍ ഐഫോണ്‍ X, Xs/Xs മാക്‌സ് മോഡലുകളെല്ലാം പരിക്കില്ലാതെ രക്ഷപെടുന്നതു കാണാം. പോറലുകളോ വിള്ളലുകളോ വീഴുന്നില്ല. ഈ മോഡലുകളുടെയെല്ലാം അരികുകള്‍ സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ നിര്‍മിതമാണെന്നതാണ് ഇവയെ സുരക്ഷിതമാക്കുന്നത്.

അടുത്ത ടെസ്റ്റില്‍ അരയ്‌ക്കൊപ്പം പൊക്കത്തിലാണ് താഴേക്കിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ Xന് ഈ വീഴ്ചയില്‍ സാരമായ പരിക്കു പറ്റുന്നതായി കാണാം. എന്നാല്‍ ഇതേ പൊക്കത്തില്‍ നിന്നുള്ള വീഴ്ചയില്‍ ഈ വര്‍ഷത്തെ മോഡലുകള്‍ക്ക് കാര്യമായി പരിക്കേല്‍ക്കുന്നില്ലെന്നും കാണാം. വലുപ്പക്കൂടുതലുള്ള മോഡലായ ഐഫോണ്‍ Xs മാക്‌സിന്റെ മുകള്‍ഭാഗത്ത് പോറലേല്‍ക്കുന്നുണ്ട്.

അടുത്ത ടെസ്റ്റില്‍ പത്തടി, അല്ലെങ്കില്‍ ഏകദേശം മൂന്നു മീറ്റര്‍ പൊക്കത്തില്‍ നിന്നാണ് ഇവയെ താഴേക്കിടുന്നത്. ഐഫോണ്‍ X ന്റെ പിന്‍ഭാഗവും ഡിസ്‌പ്ലെ ഗ്ലാസും വീണു പാടെ തകരുന്നു. എന്നാല്‍ Xs മോഡല്‍ ഈ വീഴ്ചയില്‍ അദ്ഭുതകരമായി രക്ഷപെടുന്നു. പക്ഷേ, വിലകൂടിയ മോഡലായ Xs മാക്‌സിന്റെ സ്‌ക്രീനിന്റെ പകുതി ഭാഗം തകരുന്നു. ഈ ഫോണിന് ഭാരക്കൂടുതലുള്ളതായിരിക്കാം ഇതിന്റെ കാരണമെന്നു പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ മോഡലുകള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നവയാണ് എന്നാണ് യുട്യൂബര്‍ പറയുന്നത്. എന്നാല്‍, ഇത്തരം ടെസ്റ്റുകള്‍ ഒരു ഫോണ്‍ ഉപയോക്താവിന്റെ കാര്യത്തില്‍ ശരിയാകണമെന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ, ഏതു മോഡല്‍ ഫോണ്‍ ആണെങ്കിലും വീഴ്ച കഴിഞ്ഞ് ഫോണിന് പുറമെ ഒന്നും സംഭവിച്ചില്ല, അല്ലെങ്കിൽ കുറച്ച് ആഴ്ച സുഗമമായി പ്രവര്‍ത്തിച്ചു എന്നതൊന്നും വീഴ്ചയില്‍ നിന്നുള്ള ആഘാതം പിന്നീടെ ഫോണിനു വിനയായി തീരില്ലെന്നു പറയാനും സാധിക്കില്ല. ഇത്തരം വിഡിയോകള്‍ ഒരു രസത്തിനു കാണാവുന്നവയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA