sections
MORE

പുതിയ ഐഫോണിലെ ഈ ഫീച്ചറിന് 6 വർഷ പഴക്കം; ജാള്യത മറയ്ക്കാൻ പുതിയ തന്ത്രം

iPhone
SHARE

പുതിയ മോഡല്‍ ഐഫോണുകളില്‍ ആപ്പിള്‍ ഇരട്ട സിം സപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണല്ലോ. എന്തായാലും അവരുടെ എതിരാളികള്‍ക്ക് ട്രോളാന്‍ ഒരവസരവും നല്‍കിയിരിക്കുകയാണ് ആപ്പിൾ. 2012ല്‍ പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും നടപ്പിലാക്കിയ കാര്യം മനസ്സിലാക്കാന്‍ ആപ്പിളിന് 2018 വരെ കാത്തിരിക്കേണ്ടി വന്നുവെന്നാണ് ട്രോളുന്നവര്‍ പറയുന്നത്. എന്തായാലും, ആപ്പിളിന്റെ ഡ്യുവല്‍ സിം സപ്പോര്‍ട്ടും വ്യത്യാസമുള്ള രീതിയിലാണ് എന്നറിയാമല്ലോ- ഇസിം (eSIM) സപ്പോര്‍ട്ടാണ് അവര്‍ നല്‍കുന്നത്. അവരുടെ ജാള്യത മറയ്ക്കാനാണ് ആപ്പിള്‍ ഇതു ചെയ്യുന്നതെന്ന് ഒരു കൂട്ടര്‍ ആരോപിക്കുന്നുണ്ടെങ്കിലും ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള പുതിയ ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

മുൻപ് പറഞ്ഞതു പോലെ ഇന്ത്യയിൽ ഇപ്പോള്‍ ഇസിം സപ്പോര്‍ട്ടു ചെയ്യുന്നത് എയര്‍ടെല്ലും ജിയോയും മാത്രമാണ്. എന്നാല്‍, ഇവരില്‍ത്തന്നെ എയര്‍ടെല്‍ ഇസിം അവരുടെ പോസ്റ്റ്‌പെയ്ഡ് കസ്റ്റമര്‍മാര്‍ക്കു മാത്രമാണ് നല്‍കുന്നത്. ഭാവിയില്‍ ഇതു മാറാം. ജിയോ ആകട്ടെ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കും പ്രീപെയ്ഡുകാര്‍ക്കും ഇസിം നല്‍കുന്നുണ്ട്. മറ്റു സേവനദാദാക്കളും ഈസിം സേവനം താമസിയാതെ തുടങ്ങുമെന്നാണ് അറിയുന്നത്.

ഇതുവരെ ഇറങ്ങിയ എല്ലാ ഐഫോണുകളെയും പോലെ ഈ വര്‍ഷത്തെ മോഡലുകളും സാധാരണ ഫിസിക്കല്‍ സിം കാര്‍ഡ് (നാനോ) സ്വീകരിക്കും. ഇസിം എന്നു പറഞ്ഞാല്‍ അതൊരു വെര്‍ച്വല്‍ ഐഡിയാണ്. അതിന് ഫിസിക്കല്‍ സിമ്മിന്റെ ആവശ്യമില്ല. സാധാരണക്കാര്‍ക്കു കൂടുതല്‍ മനസ്സിലാകുന്ന ഭാഷയില്‍ പറയാം. ആപ്പിള്‍ അവരുടെ പുതിയ ഐഫോണുകളില്‍ ഒരു ബ്ലാങ്ക് സിം വച്ചിരിക്കുന്നുവെന്നു കരുതുക. സേവനദാദാക്കള്‍ ആ സിമ്മിലേക്ക് ഉപയോക്താവിനായി സൃഷ്ടിക്കുന്ന വെര്‍ച്വല്‍ ഐഡി നിക്ഷേപിച്ച് അതിനെ പ്രവര്‍ത്തന സജ്ജമാക്കുന്നു.

അപ്പോള്‍ ഒരിക്കല്‍ ഇസിം എടുത്താല്‍ ആ സേവനദാദാവിനെ ഇഷ്ടമായില്ലെങ്കില്‍ പോലും ചുമക്കോണോ? വേണ്ട. ഇസിമ്മുകള്‍ ഓവര്‍റൈറ്റു ചെയ്യാവുന്നവയാണ്. എന്നു പറഞ്ഞാല്‍ പുതിയ സേവനദാദാവിന് പഴയ സേവനദാദാവ് നിക്ഷേപിച്ച വെര്‍ച്വല്‍ ഐഡി മായിച്ച് പുതിയത് എഴുതാം. ആപ്പിള്‍ അവരുടെ ഇസിം രീതി തുടങ്ങിയത് ആപ്പിള്‍ വാച്ച് 3യിലാണ്. ഇപ്പോഴത്തെ പോക്കുവച്ചു പറയുകയാണെങ്കില്‍ സമീപഭാവിയില്‍ തന്നെ ഇസിം മാത്രമായി തീര്‍ന്നേക്കാം. 

കൂടുതലായി അറിയേണ്ട കാര്യങ്ങള്‍

ഇസിം സപ്പോര്‍ട്ട് പുതിയ മോഡലുകള്‍ വാങ്ങുമ്പോഴെ കിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്നും ഇതിനു ശേഷം മാത്രമെ ഇസിം ശേഷി ഫോണുകളില്‍ ഉണരൂ എന്നുമാണ് ആപ്പിള്‍ പറഞ്ഞിരിക്കുന്നത്. തുടക്കത്തില്‍ ഒരു മോഡലിനും ഇരട്ട സിം സപ്പോര്‍ട്ട് ഉണ്ടാവില്ല.

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് കണക്‌ഷനോ, ജിയോ കണക്‌ഷനോ ഉള്ളവര്‍ പുതിയ ഇസിം രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. ഇതിന്റെ ഒരു സൗകര്യമെന്താണെന്നു ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഒരു ബിഎസ്എന്‍എല്‍ കണക്‌ഷനും എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് കണക്‌ഷനുമാണ് ഉള്ളതെങ്കില്‍ ബിഎസ്എന്‍എല്‍ സിം ഫോണിലിടാം. എയര്‍ടെല്ലിന്റെ കണക്‌ഷന്‍ ഇസിം ആയി ഉപയോഗിക്കുകയും ചെയ്യാം.

ഇസിം സേവനം ഇന്ത്യയില്‍ ഫ്രീയാണ്. എയര്‍ടെല്‍ കസ്റ്റമര്‍മാര്‍ക്കും ജിയോ ഉപയോക്താക്കള്‍ക്കും ഇത് കാശില്ലാതെ ഉപയോഗിക്കാം. എന്നാല്‍, ഇത് ഭാവിയില്‍ മാറിയേക്കാം. അമേരിക്കയില്‍ ഒരു മാസം ഇസിം ഉപയോഗിക്കുന്നതിന് ചാര്‍ജു ചെയ്യുന്നത് 10 ഡോളറാണ്. അതായത്, ഇസിം എത്തുമ്പോള്‍ സിം ഉപയോഗത്തിനു പൈസയും വന്നേക്കാം. കൂടാതെ രാജ്യാന്തര റോമിങ്ങിന് വേറെ പൈസയും നല്‍കേണ്ടതായി വരും.

രാജ്യത്തിനു വെളിയില്‍ ധാരാളം യാത്ര നടത്തുന്നയാളാണെങ്കില്‍ ഫിസിക്കല്‍ സിമ്മില്‍ ഒരു രാജ്യാന്തര റോമിങ് പ്ലാന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പല രാജ്യങ്ങളിലും ഇസിം സപ്പോര്‍ട്ട് ഇല്ല. അതു കൂടാതെ, പല ടെലികോം കമ്പനികളും ഇസിമ്മില്‍ റോമിങ് അനുവദിക്കുന്നുമില്ല.

ഇന്ത്യയ്ക്കു വെളിയില്‍ നിന്ന് ഐഫോണ്‍ കൊണ്ടുവന്നു കിട്ടുന്നത് വളരെ ലാഭകരമായ ഒരു കാര്യമാണ്. എന്നാല്‍, ഇനി മുതല്‍ ഇന്ത്യയില്‍ ഉപയോഗിക്കാനാണെങ്കില്‍, അതിന്റെ മോഡല്‍ നമ്പര്‍ പരിശോധിക്കുകയും, കടക്കാരോടു തന്നെ അതിന് ഇന്ത്യ‌യിലെ ഇസിം സപ്പോര്‍ട്ട് ഉണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പിക്കുകയും ചെയ്യണം.

പുതിയ ഐഫോണിനൊപ്പം, നിങ്ങള്‍ക്ക് സെല്ലുലാര്‍ സപ്പോര്‍ട്ടുള്ള ആപ്പിള്‍ വാച്ച് 3, ഇപ്പോള്‍ ഇറക്കിയ സീരിസ് 4 വാങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഓര്‍ക്കുക, ഒരേഫോണ്‍ നമ്പര്‍ തന്നെയായിരിക്കും നിങ്ങള്‍ക്ക് ഫോണിലും വാച്ചിലും കിട്ടുക. എയര്‍ടെല്‍ എന്നോ, ജിയോ എന്ന് കോണ്‍ഫിഗര്‍ ചെയ്തു കഴിഞ്ഞാല്‍ അതു മാറ്റണമെങ്കില്‍ പുതിയ സേവനദാദാവിന്റെ നമ്പര്‍ ഉപയോഗിച്ച് ഓവര്‍റൈറ്റ് ചെയ്യേണ്ടിവരും. തുടക്കത്തില്‍ ആപ്പിളിന്റെ ഇസിം സേവനം ഇന്ത്യ അടക്കം പത്ത് രാജ്യങ്ങളില്‍ മാത്രമാണ് ലഭിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA