sections
MORE

ഐഫോണിന് ഇന്ത്യയിൽ അപ്രതീക്ഷിത തിരിച്ചടി, എവിടെയും നീണ്ട ക്യൂ ഇല്ല

iphone-xs
SHARE

ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും തണുപ്പന്‍ പ്രകടനമാണ് ഈ വര്‍ഷം ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പകുതിയോളം സ്‌റ്റോക്ക് ഇപ്പോഴും ബാക്കിയുണ്ടെന്നാണ് ഇന്ത്യയൊട്ടാകെയുള്ള പല പ്രധാന റീടെയ്‌ലര്‍മാരും പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍, ആദ്യ ബാച്ച് ഫോണുകള്‍ ഐഫോണ്‍ പ്രേമികള്‍ ക്യൂ നിന്നും മറ്റും ആവേശത്തോടെ സ്വീകരിച്ചിരുന്നു. മുൻപൊരിക്കലും ആവശ്യത്തിനു വേണ്ട ഫോണുകള്‍ ആപ്പിളിന് ഇന്ത്യയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ഒരു ലക്ഷം ഐഫോണ്‍ XS/XS മാക്‌സ് ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയൊട്ടാകെയുള്ള ഏകദേശം 1500 റീടെയ്‌ലര്‍മാരില്‍ പലരും പറഞ്ഞത് അവർക്ക് കിട്ടിയതിന്റെ 40-45 ശതമാനം സ്റ്റോക് അനങ്ങിയിട്ടില്ലെന്നാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എത്തിയത് വില കൂടിയ മോഡലുകളാണ് എന്നതാണ് ഒരു വസ്തുത. കഴിഞ്ഞ വര്‍ഷം ആദ്യമെത്തിയത് താരതമ്യേന വില കുറഞ്ഞ ഐഫോണ്‍ 8/8പ്ലസ് മോഡലുകളായിരുന്നു. ഐഫോണ്‍ X പിന്നീടാണ് എത്തിയത്. ഈ വര്‍ഷത്തെ വില കുറഞ്ഞ മോഡലായ ഐഫോണ്‍ XR ഏതാനും മാസം കഴിഞ്ഞേ എത്തൂ. ഈ മോഡലിനു പോലും 76,000 രൂപയിലേറെയാണു വില. വില തന്നെയാകണം ആദ്യമെത്തിയ പ്രീമിയം മോഡലുകളില്‍ നിന്നു ഉപയോക്താക്കളെ അകറ്റിയ പ്രധാന കാര്യം. ഈ വര്‍ഷത്തെ മോഡലുകളുടെ വില 99,900 രൂപ മുതല്‍ 1,44,900 വരെയാണ്.

എന്നാല്‍, ഉത്സവ സീസണായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐഫോണ്‍ വില്‍പന തകൃതിയായി നടന്നേക്കാമെന്നും ചിലര്‍ വിലയിരുത്തുന്നു. പക്ഷേ, ഈ വര്‍ഷത്തെ വില വര്‍ധനവിനു ശേഷം അന്ധമായ ആപ്പിള്‍ ആരാധനയുള്ളവര്‍ മാത്രമേ പുതിയ ഐഫോണുകള്‍ക്കായി കാശെറിയൂ എന്നു വാദിക്കുന്നവരുണ്ട്. രൂപയുടെ മൂല്യമിടിഞ്ഞതും ഐഫോണുകളുടെ വില കൂടാനിടയാക്കി. ഐഫോണുകള്‍ക്ക് ലോകത്ത് ഏറ്റവുമധികം വിലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഫോണ്‍ ആദ്യ ലോട്ടായി ഇന്ത്യയില്‍ എത്തിയതാകാം ഫോണുകളുടെ വില്‍പന കുറയാന്‍ കാരണമെന്ന് ചിലര്‍ പറയുന്നു.

ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് ടാക്‌സ് കുറച്ചു വില്‍ക്കാനുള്ള ആപ്പിളിന്റെ ശ്രമവും കാര്യമായി ഫലം കണ്ടില്ല. ആപ്പിള്‍ ആവശ്യപ്പെട്ട തരത്തിലുള്ള ടാക്‌സ് ഇളവു നല്‍കാന്‍ സർക്കാരും തയാറായില്ല. പക്ഷേ, ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 6s എന്ന മോഡല്‍ നിര്‍മിച്ചേക്കാമെന്നു പറയുന്നുണ്ട്. ഈ മോഡലിന്റെ തുടക്ക വില 30,000 രൂപയില്‍ താഴെയാണ്. ഇന്ത്യയില്‍ നിര്‍മിക്കാനായാല്‍, രൂപയുടെ വില വീണ്ടും ഇടിഞ്ഞാലും വില വര്‍ധിപ്പിക്കാതിരിക്കാന്‍ ആപ്പിളിനു സാധിക്കുമെന്നതാണ് കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA