sections
MORE

1.44 ലക്ഷത്തിന്റെ ഐഫോണ്‍ XS വിൽക്കുന്നത് 19,000 രൂപയ്ക്ക്; തട്ടിപ്പ് തുടരുന്നു

iPhone-fake
SHARE

ഈ വര്‍ഷം പുതിയ ഐഫോണുകള്‍ക്ക് വില കൂട്ടിയെന്നറിയാമല്ലോ. ഇന്ത്യയില്‍ XS/മാക്‌സ് മോഡലുകളുടെ വില 99,900 രൂപ മുതല്‍ 1,44,900 രൂപ വരെയാണ്. എന്നാല്‍, ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന ചില വെബ്‌സൈറ്റുകളില്‍ ഐഫോണ്‍ XS മാക്‌സ് എന്ന വ്യാജേന വില്‍ക്കുന്ന മോഡലുകള്‍ക്ക് 19,000 രൂപയാണു വില. എന്തായാലും ആപ്പിളിന്റെ മോഡലുകളെപ്പോലെയല്ലാതെ, ഡ്യൂപ്ലിക്കെറ്റ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില താണിരിക്കുന്നുവെന്നതാണ് രസകരം. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ X ആണെന്നു പറഞ്ഞു വിറ്റിരുന്ന ഉപകരണത്തിന് ഏകദേശം 25,000 രൂപയായിരുന്നു വാങ്ങിയിരുന്നത്.

ഇത്തരം അനുകരണ മോഡലുകള്‍, ഐഫോണ്‍ എന്നു പറഞ്ഞു തന്നെയാണു വില്‍ക്കുന്നത്. ഇത്തരം ഫോണുകള്‍ വില്‍ക്കുന്നവരില്‍ ചിലര്‍ വിവരണത്തിന്റെ കൂട്ടത്തില്‍ 'റീഫര്‍ബിഷ്ഡ്' എന്നു ചേര്‍ക്കും. (ലോകമെമ്പാടും വമ്പന്‍ കമ്പനികളും, ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന വെബ്സൈറ്റുകളും, പഴയ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി സര്‍വീസ് ചെയ്ത ശേഷം, മിക്കവാറും ഗ്യാരന്റിയോടെ വില്‍ക്കും. അത്തരം ഉപകരണങ്ങള്‍ക്കാണ് റീഫര്‍ബിഷ്ഡ് എന്ന് ഉപയോഗിക്കുന്നത്.) ഇവിടെ ഡ്യൂപ്ലിക്കേറ്റ് ഫോണ്‍ വില്‍ക്കുന്നവര്‍ ആ വാക്കിനെയും ദുരുപയോഗം ചെയ്യുകയാണ്.

ഇത്തരം ഫോണുകളില്‍, ഹാര്‍ഡ്‌വെയറും ആപ്പുകളുടെ ഐക്കണുകളും മറ്റും ഐഫോണിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. പാടുപെട്ടുണ്ടാക്കുന്ന പൈസ, അനുകരണ ഫോണുകള്‍ക്കു നല്‍കി നാണം കെട്ടവര്‍ ധാരാളമുണ്ട്. ഇത് കൈയ്യില്‍ വന്നുകഴിഞ്ഞാല്‍ ഇതേപ്പറ്റി അറിയാവുന്നവര്‍ കളിയാക്കും. ഈ വിലയ്ക്ക് ഗ്യാരന്റിയുള്ള, നല്ല ഒരുപിടി ആന്‍ഡ്രോയിഡ് ഫോണുകളെങ്കിലും വാങ്ങാമെന്നിരിക്കെയാണ് ആളുകള്‍ പോയി ചതിയില്‍ പെടുന്നത്. ഇപ്പോഴും ഈ ബിസിനസ് തകൃതിയായി നടക്കുന്നുവെന്നതാണ് മറ്റൊരു രസകരമായ കാര്യം.

ഐഫോണ്‍ X ശ്രേണി മാത്രമല്ല ഐഫോണിന്റെ വിവിധ മോഡലുകള്‍ ഇത്തരം വ്യാപാരികള്‍ വില്‍ക്കുന്നു. ടെക്‌നോളജിയെക്കുറിച്ച് തീര്‍ത്തും അവബോധമില്ലാത്തവരാണ് ചതിയില്‍ പെടുന്നത് എന്നതാണ് ദുഃഖകരം. ആവശ്യമായ സെക്യൂരിറ്റി ഫീച്ചറുകള്‍ പോലുമില്ലാത്ത ഇത്തരം ഫോണുകള്‍ പലപ്പോഴും ഉപയോക്താവിന് തലവേദനയായി തീരും. കൂടാതെ, ഒരിക്കല്‍ വാങ്ങിക്കഴിഞ്ഞ് തട്ടിപ്പു മനസിലാകുമ്പോള്‍ വില്‍ക്കാന്‍ ശ്രമിച്ചാലും ആരും വാങ്ങണമെന്നുമില്ല.

ഇരട്ട ക്യാമറ, ഫെയ്‌സ്‌ഐഡി എന്നു വേണ്ട സകല പ്രപഞ്ചവും ഉണ്ടെന്നു പറഞ്ഞാണ് ഇത്തരം ഫോണുകള്‍ വില്‍ക്കുന്നത്. ചില വില്‍പനക്കാര്‍ മാത്രം ഇതു അനുകരണ ഫോണാണെന്നു പറയും. എന്നാല്‍, ഇത്തരമൊരു ഉപകരണത്തില്‍ ആകൃഷ്ടനാകേണ്ടിവരുന്ന ഉപയോക്താവ് അത് മനസിലാക്കാന്‍ കഴിവുള്ളയാളായിരിക്കില്ല.

എന്തായാലും, കഴിഞ്ഞവര്‍ഷം വ്യാജ ഐഫോണ്‍ X റിവ്യൂ ചെയ്ത ഒരാള്‍ എഴുതിയ കാര്യം കൂടെ പങ്കുവയ്ക്കാം: (ആപ്പിള്‍ അവതരിപ്പിച്ച അഭിമാന ഫീച്ചറുകളിലൊന്നാണല്ലോ ഫെയ്‌സ്‌ഐഡി. റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ഫോണ്‍ ഉപയോക്താവിന്റെ, മുഖമല്ലാതെ മറ്റാരുടെ മുഖം കാണിച്ചാലും അണ്‍ലോക് ചെയ്യാനാവില്ലല്ലോ.) അനുകരണ ഫോണിന്റെ മുന്‍ ക്യാമറയെടുത്ത് മുഖത്തിനു നേരെ പിടിച്ച് ഉപയോക്താവിന് ഫെയ്‌സ്‌ഐഡി റജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആരുടെയെങ്കിലും ഒരു മുഖം കാണിച്ചാല്‍ മതി ഫോണ്‍ അണ്‍ലോക് ചെയ്യാം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA