sections
MORE

ഷവോമി ഫോൺ പൊട്ടിത്തെറിച്ചു; ദുരന്തമായി എംഐ A1, മുന്‍കരുതൽ നല്ലത്

xiaomi-a2-blast-
SHARE

സ്മാർട് ഫോണ്‍ നിര്‍മാണത്തിലും വില്‍പനയിലും കുതിച്ചുകയറ്റം നടത്തുന്ന ചൈനീസ് ബ്രാന്‍ഡ് ഷവോമിക്ക് വൻ തിരിച്ചടി. കമ്പനിയുടെ ജനപ്രിയ ഹാൻഡ്സെറ്റ് എംഐ A1 പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. എംഐ A1 പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എംഐ A2 നും പ്രശ്നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. എംഐ A2 മോഡലിന്റെ ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍ ഉണ്ടെന്നു കരുതുന്ന ബഗ് ബാറ്ററിയെ പെട്ടെന്നു തന്നെ നശിപ്പിക്കുന്നുവെന്നാണ് ആരോപണം.

ആദ്യം എംഐ A1 നെ പരിചയപ്പെടാം. മറ്റു ഷവോമി ഫോണുകളെപ്പോലെയല്ലാതെ ആന്‍ഡ്രോയ്ഡ് വണ്‍ ആണ് എംഐ A1ന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഷവോമിയുടെ മറ്റു ഫോണുകളില്‍ ആന്‍ഡ്രയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ വേണ്ട രീതിയില്‍ പരുവപ്പെടുത്തി നിര്‍മിക്കുന്ന MIUI ആണ് ഓപ്പറേറ്റിങ് സിസ്റ്റം. മറ്റു പല നിര്‍മാതാക്കളും ഇത്തരം രീതിയാണ് പിന്തുടരുന്നത്. എന്നാല്‍, ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിങ് സിസ്റ്റം ഗൂഗിളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനാല്‍ അപ്‌ഡേറ്റുകളും മറ്റും എളുപ്പം ലഭിക്കുമെന്നതാണ് ഗുണം. ഹാര്‍ഡ്‌വെയര്‍ ശക്തി കുറഞ്ഞ ഉപകരണങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്.

പൊട്ടിത്തെറിക്കല്‍ സംഭവത്തില്‍ സോഫ്റ്റ്‌വെയറുമായി യാതൊരു ബന്ധവുമില്ലെന്നു തന്നെയാണ് പ്രാഥമിക നിഗമനം. പക്ഷേ, ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ഒപ്ടിമൈസ് ചെയ്താല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാകുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പൊട്ടിത്തെറിച്ച ഫോണ്‍, ഒരിക്കലും ചെയ്യരുതെന്ന് പലപ്പോഴും പറഞ്ഞു കഴിഞ്ഞ രീതിയില്‍, രാത്രി മുഴുവന്‍ ചാര്‍ജിലിട്ടു കിടന്നതു തന്നെയാണ് വിനയായിരിക്കുന്നത്. ബെഡിന് കുറച്ചകലെ ആയിരുന്നതിനാല്‍ അപകടം സംഭവിക്കാതെ ഫോൺ ഉടമ രക്ഷപ്പെട്ടു. MIUI ഫോറത്തിലാണ് ഫോൺ പൊട്ടിത്തെറിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഷവോമി ഇതേപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടു സംഭവിച്ചിരിക്കാമെന്ന കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എംഐ A2നെക്കുറിച്ചുള്ള പരാതികള്‍ ശരിയാണെന്നു പറയുന്നുണ്ടെങ്കിലും ഷവോമി അതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മുന്‍കരുതലുകള്‍

ഇനി സ്മാർട് ഫോണ്‍ പൊട്ടിത്തെറിക്കലിനെതിരെ എടുക്കേണ്ട മുന്‍കരുതലുകള്‍ ഒന്നു കൂടെ ഓര്‍ക്കാം. കുളിക്കാന്‍ പോകുമ്പോള്‍ പോലും ഫോണ്‍ താഴെ വയ്ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് ഇന്നുള്ളതെന്ന് കണ്ടല്ലോ. ഇതു വരെ കാണാത്ത ചില നിര്‍ദേശങ്ങളും ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

∙ ഏറ്റവും സുപ്രധാനമായ കാര്യം ആവശ്യത്തിലേറെ ചാര്‍ജു കയറ്റുന്നതാണ്. മിക്ക സ്മാര്‍ട് ഫോണ്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഇതു തന്നെയാണെന്നാണ് കണ്ടെത്തല്‍. ഉറങ്ങാന്‍ പോകുന്നതിനു മുൻപ് ചാർജിനായി കുത്തിയിട്ടിട്ടു കിടക്കുന്ന ശീലം ഇനിയും തുടരുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കുക. ഫോണ്‍ ചാര്‍ജ് ആകാന്‍ വേണ്ടതിനെക്കാള്‍ നിരവധി മണിക്കൂര്‍ നേരം ചാര്‍ജറുമായി ബന്ധിപ്പിച്ച് ഇട്ടേക്കുന്നത് നല്ലതല്ലെന്നു തന്നെയാണു വിലയിരുത്തല്‍. സ്മാര്‍ട് കട്ട്-ഓഫ് ഉള്ള ധാരാളം മോഡലുകള്‍ ഇന്നുണ്ട്. എങ്കില്‍ പോലും രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ ഇടരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറങ്ങാന്‍ പോകുന്നതിനു മുൻപ് ചാര്‍ജറില്‍ നിന്നു ഫോണ്‍ ഊരിയിടുക.

∙ ഫോണ്‍ എപ്പോഴും അടുത്തു വച്ചിരിക്കുന്നത് മാതാപിതാക്കളും മറ്റും കാണാതിരിക്കാനായി തലയിണയ്ക്കടിയില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സ്വഭാവം ചില കുട്ടികള്‍ കാണിക്കുന്നു. ഫോണിനകത്തെ താപം കൂടാനും ഫോണ്‍ തീപിടിക്കാനുമുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.

∙ ഫോണ്‍ ചാര്‍ജു ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരിക്കലും ഗെയിം കളിക്കരുത്. പല ഗെയ്മുകള്‍ക്കും ഹാര്‍ഡ്‌വെയര്‍ നല്ലതു പോലെ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. അപ്പോള്‍ ചൂട് ഇരട്ടിയാക്കും. ചാര്‍ജിങ് സമയത്ത് സിനിമ കാണുന്നതും നല്ല ശീലമല്ല. ചാര്‍ജറില്‍ കുത്തി കഴിഞ്ഞാല്‍ ഫോണിനെ വെറുതെ വിട്ടേക്കുന്നതാണ് ഉചിതം.

∙ ചാര്‍ജിങ് സമയത്ത് ഇയര്‍ഫോണ്‍ കുത്തി പാട്ടു കേള്‍ക്കുന്നതും ഉചിതമല്ലെന്നും പറയുന്നു.

∙ ചാര്‍ജറില്‍ കുത്തി കിടക്കുമ്പോള്‍ ഒരിക്കലും കോള്‍ എടുക്കരുത്. വിളിക്കുകയും ചെയ്യരുത്. അത്യവശ്യമാണെങ്കില്‍ ഡിസ്‌കണക്ട് ചെയ്ത ശേഷം കോള്‍ നടത്തുക.

∙ ഇന്ന് പവര്‍സ്ട്രിപ്പുകള്‍ അല്ലെങ്കില്‍ എക്‌സ്റ്റെന്‍ഷന്‍ കോഡുകളില്‍ യുഎസ്ബി പോര്‍ട്ടുകളുണ്ട്. അവ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജു ചെയ്യുന്നത് സുരക്ഷിതമല്ല. ഏതെങ്കിലും ഒരു പോര്‍ട്ടിനു പ്രശ്‌നമുണ്ടെങ്കില്‍ അത് മൊത്തത്തില്‍ ബാധിക്കുകയും ഫോൺ തകരാറിലാക്കുകയു ചെയ്യാമെന്ന് ഒരു സംഘം ടെക് വിദഗ്ധര്‍ പറയുന്നത്.

∙ ചാര്‍ജിങ് സമയത്ത് നേരിട്ട് സൂര്യപ്രകാശത്തില്‍ ഫോണ്‍ വയ്ക്കരുത്. വെയില്‍ നേരിട്ടടിക്കുന്നുണ്ടെങ്കില്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചും ചാര്‍ജ് ചെയ്യരുത്. പ്രത്യേകിച്ചും ചാര്‍ജിങ് മണിക്കൂറുകള്‍ നീളുമെങ്കില്‍ ഇത് ചെയ്യരുത്.

∙ ചാര്‍ജിങ് സമയത്ത് ഫോണിന്റെ കെയ്‌സുകള്‍ വില്ലന്മാരാകും. ഫോണുകളും മറ്റും താഴെ വീണാല്‍ ആഘാതം കുറയ്ക്കാനും മറ്റും കെയ്‌സുകള്‍ നല്ലതാണ്. പക്ഷേ, ചാര്‍ജിങ് സമയത്ത് പ്രശ്‌നം സൃഷ്ടിക്കാം. ആവശ്യത്തിനു വെന്റിലേഷന്‍ ഇല്ലാതെയാണ് പല കെയ്‌സുകളും നിര്‍മിച്ചിരിക്കുന്നത്.

∙ ഫോണിനൊപ്പം കിട്ടിയ ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക. അത് നഷ്ടപ്പെടുകയോ, കേടാകുകയോ ചെയ്താല്‍ അതേ കമ്പനി ഇറക്കുന്ന ചാർജർ തന്നെ വാങ്ങുക.

∙ ബാറ്ററി മാറ്റേണ്ടി വന്നാല്‍, ഫോണ്‍ നിര്‍മാതാവിന്റെ ബാറ്ററി തന്നെ വയ്ക്കുക. സുരക്ഷയ്ക്കും, ഫോണിന്റെ ആയുസിനും ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA