sections
MORE

ഈ ഫോൺ ലെവൽ വേറെ; ഗൂഗിളിന്റെ 'അതിബുദ്ധി', ടെക്നോളജി!

pixel-3-
SHARE

ഈ വര്‍ഷത്തെ സുപ്രധാന ഫോണ്‍ മോഡലുകളായ ഗൂഗിളിന്റെ പിക്‌സല്‍ 3, പിക്‌സല്‍ 3 XL കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒരു പക്ഷേ, ഐഫോണുകള്‍ക്കൊപ്പം പ്രാധാന്യമുള്ളതെന്നു വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. കാരണം ആപ്പിളും ഗൂഗിളുമാണല്ലോ സ്വന്തമായി മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റവും ആവശ്യത്തിനു കാശുമുള്ള കമ്പനികള്‍. സാങ്കേതികവിദ്യാപരമായി പിക്‌സല്‍ മോഡലുകള്‍ അവയുടെ മേന്മ എക്കാലത്തും സൂക്ഷിച്ചിരുന്നു. പലരും പറയുന്നത് ലോകത്തെ ഏറ്റവും മികച്ച ഫോണ്‍ ക്യാമറകള്‍ ഗൂഗിള്‍ പിക്‌സലിലാണ് കാണുന്നതെന്നാണ്. ഇത്തവണയും ഒറ്റ ക്യാമറാ സെറ്റ്-അപ് തന്നെയാണ് ഫോണുകള്‍ക്കുള്ളത്. പക്ഷേ, അവ രണ്ടും, മൂന്നും, അഞ്ചും പിന്‍ ക്യാമറാ സെറ്റ് അപ് ഉള്ള മോഡലുകള്‍ക്കൊപ്പം നില്‍ക്കുമോ? എന്നാൽ, ഇവ ഇരട്ട സെല്‍ഫി ക്യാമറകളുള്ള, ആദ്യ പിക്‌സല്‍ മോഡലുകളുമാണ്. ഒരു പക്ഷേ, ലോകത്തെ ഏറ്റവും 'ബുദ്ധി'യുള്ള മുന്‍ ക്യാമറ സിസ്റ്റവും ഇതായിരിക്കാം.

കഴിഞ്ഞ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വര്‍ഷം വലിയ മാറ്റമൊന്നും ഗൂഗിള്‍ കൊണ്ടുവന്നിട്ടില്ല. പിക്‌സല്‍ കുടുംബാഗമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകാവുന്ന രീതിയിലാണ് നിര്‍മിതി. ഇരട്ട സെല്‍ഫി ക്യാമറകള്‍ ഇരിക്കുന്ന മുന്നിലെ നോച് തള്ളിയിറങ്ങിയിരിക്കുന്നത് വിലക്ഷണമാണെന്ന് അഭിപ്രായമുള്ളവരുണ്ട്. ഹാര്‍ഡ്‌വെയര്‍ പരിശോധിച്ചാല്‍, സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് പിക്‌സന്‍ മോഡലുകള്‍ക്ക് ശക്തി പകരുന്നതെന്നു കാണാം. 

റാം കൂട്ടല്‍ മത്സരത്തില്‍ ഗൂഗിള്‍ പങ്കെടുക്കുന്നില്ല- 4 ജിബി റാമാണ് ഇവയ്ക്ക്. എന്നാല്‍, ഗൂഗിളും ഇന്റലും ചേര്‍ന്നു നിര്‍മിച്ച പിക്‌സല്‍ വിഷ്വല്‍ കോര്‍, അഡ്രെനോ 630 ഗ്രാഫിക്‌സ് പ്രൊസസര്‍, ടൈറ്റന്‍ എം സെക്യുരിറ്റി മൊഡ്യൂള്‍ തുടങ്ങിയവ മുന്‍പില്ലാത്ത വിധം ഫോണിന് ബുദ്ധിയും ശക്തിയും നല്‍കുന്നു. 64 ജിബി, 128 ജിബി എന്നീ വേര്‍ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. 

പ്യുർ ആന്‍ഡ്രോയിഡ് 9.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പിക്‌സല്‍ 3യ്ക്ക് 5.5-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും, പിക്‌സല്‍ 3 XLന് 6.3-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമാണുള്ളത്. ഇവ ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ളവയാണ്. മികച്ച ചിത്രങ്ങളും വിഡിയോയും കാണാനുതകുന്ന രീതിയില്‍ എച്ഡിആര്‍ സപ്പോര്‍ട്ടുള്ള, 100,000:1 സൂപ്പര്‍ കോണ്‍ട്രാസ്റ്റ് റേഷ്യോ ഉള്ള ഓലെഡ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ഇതൊരു ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലെയുമാണ്. ഈ മോഡലുകള്‍ക്ക് IP68 ഡസ്റ്റ്, വാട്ടർ വികര്‍ഷണ ശേഷിയുമുണ്ട്. പിക്‌സല്‍ 3യ്ക്ക് 2915mAh, ബാറ്ററിയാണെങ്കില്‍ XL മോഡലിന് 3430mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. യുഎസ്ബി-സി ടൈപ്പ് പോര്‍ട്ടും 18W ക്വിക് ചാര്‍ജറും ഉണ്ട്. ഇരു മോഡലുകളും ഒരു മുഴുവന്‍ ചാര്‍ജില്‍ 7 മണിക്കൂര്‍ 15 മിനുറ്റ് പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്. ചില രാജ്യങ്ങളില്‍ ഇ-സിം സപ്പോര്‍ട്ടും നല്‍കുന്നുണ്ട്. നിര്‍മാണത്തികവ് എതിരാളികളെ അപേക്ഷിച്ച് അത്ര മെച്ചമല്ല. ക്യാമറയുടെ സവിശേഷതകളിലേക്കു പോകും മുൻപ് ഇവയുടെ വില നോക്കാം:

ഗൂഗിൾ പിക്സൽ 3 (64 ജിബി) 71,000 രൂപ

ഗൂഗിൾ പിക്സൽ 3 (128 ജിബി) 80,000 രൂപ

ഗൂഗിൾ പിക്സൽ 3XL (64 ജിബി) 83,000 രൂപ

ഗൂഗിൾ പിക്സൽ 3XL (128 ജിബി) 92,000 രൂപ

pixel-3

ക്യാമറ

മറ്റു ഫോണ്‍ നിര്‍മാതാക്കളെല്ലാം തന്നെ പിന്‍ ക്യാമറ സിറ്റം ഒന്നിലേറെ ലെന്‍സുകള്‍ ഉപയോഗിച്ചു നിര്‍മിക്കുന്നെങ്കില്‍ ഗൂഗിള്‍ ഒറ്റ ലെന്‍സ് തന്നെയാണ് ഈ വര്‍ഷവും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ അവരുടെ മാഹാത്മ്യം എതിരാളികള്‍ പോലും തള്ളിപ്പറിയില്ല താനും. ഈ വര്‍ഷത്തെ ഐഫോണ്‍ മികച്ച ചിത്രങ്ങളെടുക്കുന്നു. പക്ഷേ, ഗൂഗിളിന്റെ കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ മോഡലുകളില്‍ നിന്ന് ആപ്പിള്‍ ധാരാളമായി പഠിച്ചിരിക്കുന്നവെന്നും പറയുന്നു. ഈ വര്‍ഷത്തെ 'സ്മാര്‍ട് എചിഡിആര്‍' ഗൂഗിളിന്റെ ഫോണുകളില്‍ ഏതാനും വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഫീച്ചറാണ്. കൂടാതെ, ഇനി ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ മോഡലുണ്ടല്ലോ- ഐഫോണ്‍ XR- അതിന് പിക്‌സല്‍ മോഡലുകളെപ്പോലെ ഒരു ക്യാമറയാണുള്ളതും. ഈ മോഡല്‍ ആപ്പിള്‍ പുറത്തറക്കാതിരിക്കുന്നത് ഒരു തന്ത്രത്തിന്റെ ഭാഗമായാണെന്നു പറയുന്നവരുണ്ട്. അതായത്, അതിന്റെ പ്രകടനം വളരെ മികച്ചതാണ്. അതുകൊണ്ട് ധാരാളം പേര്‍ അതു മതിയെന്നു വച്ചേക്കാം. ആ സാധ്യത ഒഴിവാക്കാനാണ് XR മോഡല്‍ വില കൂടിയ മോഡലുകള്‍ വിപണിയിലെത്തി മാസങ്ങള്‍ക്കു ശേഷം ഇറക്കുന്നതെന്നാണ് ഒരു വാദം.

പിക്‌സല്‍ മോഡലുകളുടെ പിന്‍ ക്യാമറ ഇന്ന് ലോകത്ത് ലഭ്യമായവയില്‍ വച്ച് ഏറ്റവും പുരോഗമിച്ചതു തന്നെയാണ്. പുതുപുത്തന്‍ 12.2MP സെന്‍സറാണ് ഇരു മോഡലുകള്‍ക്കും ഉള്ളത്. പിക്‌സല്‍ സൈസ് 1.4um ആണെങ്കില്‍ അപേര്‍ച്ചര്‍ f/1.8 ആണ്. ഇരട്ട ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, ഒപ്ടിക്കല്‍, ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, 76-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ തുടങ്ങിയവയാണ് ഫീച്ചറുകള്‍. 

സൂപ്പര്‍റെസ് സൂം

ടെലി ലെന്‍സ് ഉള്‍പ്പെടുത്തുന്നതിനു പകരം ഗൂഗിള്‍ ചെയ്യുന്നത് സൂപ്പര്‍റെസ് സൂം ഫീച്ചര്‍ കൊണ്ടുവരികയാണ്. ഫോണ്‍ ഒന്നിലേറെ ചിത്രങ്ങളെടുത്ത് പിക്‌സലേഷനില്ലാത്ത ചിത്രങ്ങള്‍ തരുന്നു. നൈറ്റ് മോഡും ഏറ്റവും മികച്ചതാണ്. പക്ഷേ, ഈ രണ്ടു മോഡുകള്‍ക്കും ക്യാമറ എവിടെയെങ്കിലും അനക്കമില്ലാതെ വയ്ക്കാന്‍ സാധിക്കുകയോ പിടിക്കുകയോ വേണം.

പോര്‍ട്രെയ്റ്റ് മോഡ്

മറ്റു നിര്‍മാതാക്കള്‍ ടെലി ലെന്‍സിലൂടെ നല്‍കുന്ന ബോ-കെ ഒക്കെ ഒറ്റ ലെന്‍സിലൂടെ നടത്തുന്നുവെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ഗൂഗിളിന്റെ നിരവധി മികവുകള്‍ ഈ ഫോണില്‍ അടക്കം ചെയ്തിരിക്കുന്നു.

മുന്‍ ക്യാമറകളില്‍ പ്രധാനിക്ക് 8MP വൈഡ് ആംഗിള്‍ സെന്‍സറും, f/2.2 അപേര്‍ച്ചറും, 97-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവുമാണുള്ളത്. സഹ ക്യാമറയ്ക്ക് 8MP സെന്‍സറും f/1.8 അപേര്‍ച്ചറും, 75-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവുമാണുള്ളത്. ഇവയ്ക്ക് 4K/30fsp ഷൂട്ടു ചെയ്യാനുള്ള കഴിവുണ്ട്. ഗ്രൂപ്പ് സെല്‍ഫിയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. സാധാരണ മോഡിനെക്കാള്‍ 184 ഡിഗ്രി വൈഡ് ഫീല്‍ഡ് ഓഫ് വ്യൂ ലഭ്യമാക്കുന്നു. ഫോണ്‍ എവിടെയെങ്കിലും വച്ച ശേഷം വോയ്‌സ് കമാന്‍ഡിലൂടെയും സെല്‍ഫി എടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA