sections
MORE

വില കുറഞ്ഞ ഐഫോണ്‍ XR ഇന്ത്യയിലെത്തി; ഫലിച്ചത് ആപ്പിളിന്റെ പുതു തന്ത്രം

iphone-xr
SHARE

ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണം പലകാരണങ്ങള്‍ കൊണ്ടും വ്യത്യസ്തമായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു വില കുറഞ്ഞ മോഡലും ഒരു വില കൂടിയ മോഡലുമാണ് ആപ്പിള്‍ വിപണിയിലെത്തിച്ചതെങ്കില്‍ ഈ വര്‍ഷം രണ്ടു പ്രീമിയം മോഡലുകളും ഒരു വില കുറഞ്ഞ മോഡലുമാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വില കുറഞ്ഞ മോഡലുകള്‍ ആദ്യം വിപണിയിലെത്തി. അവ പിന്നീടെത്തിയ ഐഫോണ്‍ Xന്റെ ആവശ്യക്കാരെ വരെ കൊണ്ടുപോയെന്നാണ് പറയുന്നത്. അതു കൊണ്ടാണ് ആപ്പിള്‍ ഈ വര്‍ഷത്തെ വില കുറഞ്ഞ മോഡലിനെ അല്‍പ്പം താമസിച്ച് വിപണിയിലെത്തിച്ചതെന്നു വിശ്വസിക്കുന്നവരുമുണ്ട്. ആ തന്ത്രം നന്നായി ഫലിച്ചുവെന്നാണ് ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും, അവസാനം, 77,000 രൂപ (കൃത്യമായി പറഞ്ഞാല്‍ 76,900 രൂപ) വിലയുള്ള ഫോണും ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി.

ഈ വര്‍ഷമിറങ്ങിയ ഫോണുകളില്‍ സാങ്കേതികവിദ്യാ പ്രേമികള്‍ക്ക് വളരെ ജിജ്ഞാസയുണര്‍ത്തിയ മോഡലുകളിലൊന്നാണിത്. ഐഫോണ്‍ XS മോഡലുകളെപ്പോലെ ഇരട്ട പിന്‍ ക്യാമറ സിസ്റ്റമോ, ഓലെഡ് സ്‌ക്രീനോ ഇല്ല. എന്നാല്‍, അവയുടെ തന്നെ പ്രൊസസറും ഫെയ്‌സ് ഐഡിയുമൊക്കെയുണ്ടു താനും. ഇരട്ട പിന്‍ ക്യാമറ സിസ്റ്റക്കാരുടെ വണ്ടിയില്‍ കയറാത്ത കമ്പനിയാണ് ഗൂഗിള്‍. ഈ വര്‍ഷത്തെ പിക്‌സല്‍ മോഡലുകളും ഒറ്റ ക്യാമറയുമായാണ് എത്തിയിരിക്കുന്നത്. ഗൂഗിളിനെ പോലെ, ആപ്പിളിനും ഒറ്റ ക്യാമറ ഉപയോഗിച്ച് മാജിക് കാണിക്കാനാകുമോ, തുടങ്ങി സംശയങ്ങളാണ് ടെക് പ്രേമികൾ ചോദിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

6.1-ഇഞ്ച് IPS (1792 x 828 പിക്‌സല്‍ റെസലൂഷന്‍, 326 ppi) | A12 ബയോണിക് പ്രൊസസര്‍, 3GB റാം, 64, 128, 256 ജിബി സ്റ്റോറേജ്, 12MP വൈഡ് ആംഗിള്‍ ക്യാമറ (F/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7MP ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം, ഒരു ഇസിം ഉപയോഗിച്ചാല്‍ ഇരട്ട സിം സേവനം ലഭിക്കും.

ഐഫോണിന്റെ നിര്‍മാണ മികവ് ഈ മോഡലിലും പതിഞ്ഞിട്ടുണ്ട്. മുന്നില്‍ നിന്നു നോക്കിയാല്‍ വലിപ്പക്കൂടുതലുള്ള ഒരു ഐഫോണ്‍ X ആണെന്നു തോന്നും. എന്നാല്‍ ഐഫോണ്‍ Xനെക്കാള്‍ ബെസല്‍ കൂടുതലുണ്ടെന്നും കാണാം. ഫോണിന്റെ വലതു വശത്താണ് പവര്‍ ബട്ടണ്‍. വോളിയം ബട്ടണുകള്‍ ഇടതു ഭാഗത്തുമാണ്. ഗ്ലാസാണ് പിന്‍ പ്രതലം. ഒറ്റ പിന്‍ക്യാമറയും, ഫ്‌ളാഷും, സെന്‍സറും പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. കവര്‍ വാങ്ങിയിടുന്നതാണ് ഉചിതം. പല നിറങ്ങളില്‍ ഇറക്കിയിട്ടുള്ളത് ഓരോരുത്തരുടെയും രുചിക്കനുസരിച്ച് വാങ്ങാന്‍ സഹായിക്കും. ചുവപ്പ്, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ക്കാണ് കുടുതല്‍ ഇഷ്ടക്കാരുള്ളത്.

ഒറ്റ പിന്‍ ക്യാമറ

26mm ലെന്‍സാണ് പിടിപ്പിച്ചിരിക്കുന്നത്. എടുക്കുന്ന ഫോട്ടോകള്‍ മികച്ചവ തന്നെയാണ്. മുന്‍-പിന്‍ ക്യാമറകള്‍ക്ക് പോര്‍ട്രെയ്റ്റ് മോഡുണ്ട്. എന്നാല്‍ സ്റ്റുഡിയോ ലൈറ്റിങ് ഇല്ല. എന്നാല്‍, ഈ ഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ XS/മാക്‌സ് മോഡലുകളില്‍ എടുക്കുന്നവയെക്കാള്‍ മോശമല്ല. ഫോണില്‍ കാണാനും വെബിലെ ഉപയോഗത്തിനും ഇവ മികച്ചതു തന്നെയാണ്. സ്മാര്‍ട് എച്ഡിആര്‍ ഫീച്ചറിലൂടെ ഇപ്പോള്‍ നാലു ചിത്രങ്ങളെയാണ് ഒരുമിപ്പിച്ച് ഒറ്റ ഫോട്ടോ ആക്കുന്നത്. പ്രൊസസറിന്റെ ശക്തിയും ഇവിടെ പ്രകടമാകുന്നുണ്ട്. ക്യാമറയുടെ പ്രകടനം നിരാശയുണ്ടാക്കില്ലെന്നു പറയാം.

ഐഫോണ്‍ XSനെക്കാള്‍ വലിയ ബാറ്ററിയാണ് ഈ ഫോണിനുള്ളത്. എന്തായാലും സാധാരണ ഉപയോഗമാണെങ്കില്‍ പോലും മിക്കവര്‍ക്കും എന്നും ചാര്‍ജ് ചെയ്യേണ്ടതായി വരും. ഐഫോണ്‍ 7, 8 തുടങ്ങിയ മോഡലുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. പക്ഷേ, വിചിത്രമായ ഒരു മോഡലാണിതെന്നും കാണാം. ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ ആണെങ്കിലും 77,000 രൂപ നല്‍കണം. ഫീച്ചറുകളും മറ്റുമാണ് നോക്കുന്നതെങ്കില്‍ മികച്ച ആന്‍ഡ്രോയിഡ് മോഡലുകള്‍ ഇന്നു ലഭ്യമാണ്. ഐഒഎസ് പരിസ്ഥിതിയാണ് നോക്കുന്നത്. ഏറ്റവും പുതിയ ഫോണ്‍ തന്നെ വേണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഇത്ര വില നല്‍കേണ്ടതായി വരും. സ്‌ക്രീനിന്റെ പോരായ്മയും ഒറ്റ ക്യാമറയും മറ്റും ദൈനം ദിന ഉപയോഗത്തില്‍, മിക്ക ഉപയോക്താക്കള്‍ക്കും അത്ര വലിയ കുറവായി തോന്നണമെന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA