sections
MORE

ഇന്ത്യൻ കമ്പനികളെ തകർത്ത് ചൈനീസ് വിപ്ലവം; കടത്തിയത് 50,000 കോടി രൂപ!

samsung_galaxy
SHARE

ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികൾ 2018 സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യയില്‍ നിന്നു കൊണ്ടുപോയത് 50,000 കോടി രൂപയാണത്രെ! അസൂയാവഹമായ വളര്‍ച്ചയാണിത്. ഇതേ കാലയളവില്‍, മുൻ വര്‍ഷം ഇവര്‍ നേടിയത് 26,262 കോടി രൂപയാണെന്നു പറയുമ്പോഴാണ് ഇതിന്റെ വ്യാപ്തി വെളിപ്പെടുന്നത്. ഇന്ത്യന്‍ വിപണിയിൽ മുൻനിര ചൈനീസ് ഫോൺ കമ്പനികൾ എത്തിയിട്ട് കേവലം നാലു വര്‍ഷം ആയിട്ടുള്ളു എന്നും ഓര്‍ക്കണം. ഇവരുടെ വിജയത്തിനു കാരണം, ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള ചില നീക്കങ്ങളും അതോടൊപ്പം മൈക്രോമാക്‌സ് പോലെയുള്ള കമ്പനികള്‍ കാണിച്ച മണ്ടത്തരവുമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ശരിക്കും ഇത് ഇന്ത്യയ്ക്കൊരു മുന്നറിയിപ്പ് കൂടിയാണ്. വരും വർഷങ്ങളിൽ ഇന്ത്യൻ വിപണി ഒന്നടങ്കം ചൈന പിടിച്ചടക്കുമെന്ന മുന്നറിയിപ്പ്.

നാലു പ്രമുഖ ചൈനീസ് ബ്രാൻഡുകളുടെ ഫോണുകളാണ് ഈ തുക മുടക്കി ഇന്ത്യയിലെ ഉപയോക്താക്കൾ‌ സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ഇത് രണ്ടിരട്ടിയാണ്. ഇന്ത്യന്‍ വിപണിയിൽ ചൈനീസ് സ്മാർട് ഫോണുകളുടെ ആധിപത്യം വർധിക്കാനിടയുള്ളതിനാൽ ഈ പ്രവണത തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഷവോമി, ഒപ്പോ, വിവോ, ഓണര്‍ എന്നീ കമ്പനികളുടെ സ്മാർട് ഫോണുകൾക്കാണ് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ കൂടുതൽ. ഇതുകൂടാതെ ലെനോവ – മോട്ടറോള, വൺ–പ്ലസ്, ഇൻഫിനിക്സ് എന്നീ കമ്പനികളുടെ വിപണന നിരക്കു കൂടി പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിൽ വിറ്റഴിക്കുന്ന സ്മാർട് ഫോണുകളിൽ പകുതിയിലധികവും ചൈനീസ് നിർമാതാക്കളുടേതാണെന്ന് കണ്ടെത്താനാകും. നടപ്പു സാമ്പത്തിക വർഷവും വിപണിയിലെ മേധാവിത്വം ചൈനീസ് കമ്പനികൾക്കു തന്നെയാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 

ഉയർന്ന സാങ്കേതികക്ഷമതയുള്ള ഫോണുകൾ കുറഞ്ഞ നിരക്കിൽ വിപണിയിലെത്തിക്കാനാകുന്നതാണ് ചൈനീസ് നിർമാതാക്കൾക്ക് മേൽക്കോയ്മ പകർന്നു നൽകുന്ന പ്രധാന ഘടകം. ദക്ഷിണ കൊറിയ, ജപ്പാൻ. ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നിർമാതാക്കളെ ബഹുദൂരം പിന്നലാക്കാനും സാങ്കേതിക രംഗത്തെ ഈ ആധിപത്യം ചൈനീസ് കമ്പനികൾക്കു തുണയാകുന്നു. 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഷവോമി, ഒപ്പോ, വാവെയ്, വിവോ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ വൻ തോതിൽ നിക്ഷേപത്തിന് തയാറാകുന്നത് നല്ല സൂചനയാണ്. നിർമാണ യൂണിറ്റിനായി 15,000 കോടി രൂപ മുതൽമുടക്കുമെന്ന് ഷവോമി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ രണ്ടു നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാനാണ് ഒപ്പോയുടെ പദ്ധതി. ഇന്ത്യയില്‍ വിൽക്കപ്പെടുന്ന ഫോണുകളുടെ ഏതാണ്ട് 80 ശതമാനത്തിലേറെ വരുന്ന പ്രധാനപ്പെട്ട മൂന്നു വില ശ്രേണികളിലും ചൈനീസ് നിർമാതാക്കൾക്കാണ് മേധാവിത്വം. 6,000–13,000 രൂപക്കിടയിൽ വരുന്ന സ്മാർട് ഫോണുകളുടെ കാര്യത്തിൽ ഷവോമിക്കാണ് മുൻതൂക്കം. 10,000–22,000 രൂപക്കിടയിലുള്ള ഫോണുകളെടുത്താൽ ഒപ്പോയും വിവോയുമാണ് ഒന്നാം സ്ഥാനത്ത്. 8,000–12,000 രൂപക്കിടയിലുള്ള മേഖലയിലാകട്ടെ ഓണറാണ് ഏറ്റവും കൂടുതല്‍ വിൽക്കപ്പെടുന്ന ഫോൺ. ‌

നാലു കമ്പനികളുടെയും കൂടിയുള്ള ഫോണുകളുടെ 2017ലെ ആകെ വിൽപ്പന 26,262 കോടി രൂപക്കായിരുന്നു. ഇതാണ് 2018ൽ 51,722.1 കോടിയിലെത്തിയത്. ഷവോമിയും വാവെയും ഇതിനോടകം തന്നെ ഇന്ത്യൻ വിപണിയിൽ ലാഭകരമായി മാറികഴിഞ്ഞു. ഒപ്പോയും വിവോയും ഈ നേട്ടത്തിനടുത്തു നിൽക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ജോലി സാധ്യതകളും വൻ തോതിലുള്ള മുതൽമുടക്കും ഉണ്ടാകുന്നുണ്ടെങ്കിലും സ്മാർട് ഫോൺ വിപണിയിലെ കുതിപ്പിന്‍റെ ഭാഗമായി പണമേറെയും ഒഴുകുന്നത് ചൈനയിലേക്കാണെന്നാണ് കണക്കുകൾ നല്‍കുന്ന സാരം. 

30,000 രൂപക്കു മുകളിൽ വരുന്ന ഫോണുകളുടെ കാര്യത്തിൽ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു പാദങ്ങളിൽ വൺപ്ലസ് കരുത്തു കാട്ടിയതോടെ ഇന്ത്യന്‍ സ്മാർട് ഫോൺ വിപണിയിലെ ചൈനീസ് വിപ്ലവം ഏതാണ്ട് പൂർണമാകുമെന്നാണ് വിലയിരുത്തൽ. സാംസങ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട സാന്നിധ്യം പ്രകടമാക്കിയ ഏക ചൈനീസ് ഇതര കമ്പനി. 

പുതിയ കണക്കുകള്‍ പ്രകാരം, വിവോയുടെയും ഒപ്പൊയുടെയും കുതിപ്പിന് കടിഞ്ഞാണ്‍ വീണെങ്കിലും ഷവോമി അശ്വമേധം തുടരുകയാണ്. ഈ കമ്പനികള്‍ അനുവര്‍ത്തിച്ചു വന്ന വിജയ സൂത്രവാക്യത്തില്‍ മുഖ്യമായത് വില്‍പനയിലും വിതരണത്തിനുമായി കൈ അയച്ചു പൈസ ചിലവാക്കുക എന്നതായിരുന്നു. ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ ഒതുങ്ങാതെ തങ്ങളുടെ ഫോണുകള്‍ പരമാവധി സ്ഥലങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുക വഴി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഇവര്‍ക്കായി. ഉയര്‍ന്ന മൂല്യമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ തങ്ങളുടെ എതിരാളികളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചു എന്നതാണ് അവരുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ച രണ്ടാമത്തെ കാര്യം.

മൈക്രോമാക്‌സിന്റെ പതനം

ഷവോമിയും കൂട്ടരും കുതിപ്പു നടത്തിയ കാലയളവില്‍ ആഭ്യന്തര സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് മൈക്രോമാക്‌സ് മൂക്കുകുത്തി വീണ കാഴ്ചയാണ് കണ്ടത്. മറ്റൊരു ഇന്ത്യന്‍ നിര്‍മാതാവയ ഇന്റക്‌സിനും ഇടിവാണ് തട്ടിയത്. ഹാന്‍ഡ്‌സെറ്റുകളില്‍ 4G യും പുതിയ ഫീച്ചറുകളും കൊണ്ടുവരാന്‍ താമസിച്ചു എന്നതാണ് ഇവര്‍ക്കു നേരെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ മുഖം തിരിച്ചത്. വെറും ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ താമസിച്ചതിനാല്‍ അവര്‍ക്കു വിപണിയിലുണ്ടായ ഇടിവു ഭീകരമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA