sections
MORE

ലോകത്തെ ആദ്യ മടക്കാവുന്ന ഫോണ്‍ എത്തി; വിടര്‍ത്തുമ്പോള്‍ 7.8 ഇഞ്ച് ഡിസ്‌പ്ലെ

Rouyu-FlexiPai111
SHARE

കാലം ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കില്ല, ടെക്‌നോളജിയും അങ്ങനെ തന്നെയാണ്. ടെക് ഭീമന്മാര്‍ക്കാര്‍ക്കും വേണ്ടി കാത്തുനില്‍ക്കാതെ, ലോകത്തെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈന കമ്പനിയായ റോയു ടെക്‌നോളജി (Rouyu Technology). ഫ്‌ളെക്‌സിപൈ (FlexPai) എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ഫോണ്‍ മടക്കുമ്പോള്‍ ഏകദേശം നാലിഞ്ചു വലുപ്പമുള്ള, ഇരു വശവും സ്‌ക്രീനായി ഉപയോഗിക്കാവുന്ന ഒരു ഫോണായി മാറും. എന്നാൽ തുറക്കുമ്പോള്‍ 7.8-ഇഞ്ച് വലുപ്പമുള്ള ഡിവൈസായി തീരും.

സാംസങ്, തങ്ങളുടെ ആദ്യ മടക്കുന്ന ഫോണ്‍ താമസിയാതെ അവതരിപ്പിക്കുമെന്നു പറഞ്ഞിരുന്നു. എല്‍ജിയും, ആപ്പിളും, വാവെയും ഇത്തരം ഫോണുകള്‍ പുറത്തിറക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍, ഇവരെയൊക്കെ മറികടന്നാണ് റോയു ടെക്‌നോളജി മടക്കാവുന്ന ഫോണ്‍ പുറത്തിറക്കിയത്. റോയു ടെക്‌നോളജി ഒരു പുതിയ കമ്പനിയല്ല. അവര്‍ ഡിസ്‌പ്ലെ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനിയാണ്. മടക്കാവുന്ന ഡിസ്‌പ്ലെ നിര്‍മാണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാംസങ് തങ്ങളുടെ മടക്കാവുന്ന ഫോണുകളെ പറ്റി വിവിധ കണ്‍സെപ്റ്റുകള്‍ കാണിച്ചിരുന്നു. എന്നാല്‍, ഒരെണ്ണം വിപണിയിലെത്തിക്കാന്‍ അവര്‍ക്കായില്ല.

റോയു ടെക്‌നോളജി പുറത്തിറക്കിയ ഫോണ്‍ ഒരുപക്ഷെ, കുറച്ചു പ്രാകൃതമാണെന്നു പറയേണ്ടി വരും. വാവെയും, ആപ്പിളും, സാംസങുമൊക്കെ പുറത്തിറക്കാന്‍ പോകുന്ന ഫോണ്‍ ഇതിനേക്കാള്‍ വളരെ പരിഷ്‌കരിച്ചതായിരിക്കുമെന്നും, അവ പോക്കറ്റിലും മറ്റും എളുപ്പം തിരുകാവുന്നതുമായിരിക്കുമെന്നു കരുതാം. അല്ലെങ്കില്‍, ടെക്‌നോളജി പ്രേമികള്‍ ആ വഴിക്കു നോക്കാന്‍ പോലും വഴിയില്ല.

ഫ്‌ളെക്‌സിപൈയുടെ ശക്തിയില്‍ ആര്‍ക്കും ആശങ്ക വേണ്ട എന്നാണ് ഐസ്‌യൂണിവേഴ്‌സ് (IceUniverse) എന്ന പേരില്‍ ടെക്‌നോളജി വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നയാള്‍ പറയുന്നത്. അദ്ദേഹത്തിന്റെ അറിവു വച്ച്, ലോകത്തെ ഇപ്പോഴത്ത എറ്റവും മികച്ച സ്മാര്‍ട്ഫോണ്‍ പ്രോസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 845ന്റെ പിന്‍ഗാമിയായ, ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലാത്ത സ്‌നാപ്ഡ്രാഗണ്‍ 8150 ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. (ഈ പ്രൊസസര്‍ പുറത്തിറക്കുമ്പോള്‍ പേര് സ്‌നാപ്ഡ്രാഗണ്‍ 855 എന്നായിരിക്കുമെന്നു പറയുന്നു.)

ഫോണ്‍ അവതരിപ്പിക്കമ്പോള്‍ റോയു പറഞ്ഞത് 7nm സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫ്‌ളെക്‌സിപൈക്ക് എന്നാണ്. കൂടാതെ 5G പിന്തുണയുമുണ്ടായിരിക്കും. ഫോണിന്റെ മറ്റു ഹാര്‍ഡ്‌വെയറും മികച്ചതാണ്. ഫ്‌ളെക്‌സിപൈയുടെ 7.8-ഇഞ്ച് സ്‌ക്രീന്‍ ആമോലെഡ് ഡിസ്‌പ്ലെയാണ്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് വാട്ടര്‍ ഒഎസ് എന്നാണ്. ഇത് ആന്‍ഡ്രോയിഡ് കേന്ദ്രീകരിച്ചു നിര്‍മിച്ചതായിരിക്കുമെന്നു കരുതുന്നു. ഇവയാണ് ലഭ്യമാക്കിയിട്ടുള്ള വിവിധ വേര്‍ഷനുകള്‍: 6ജിബി/8ജിബി റാം ഉളള മോഡലുകള്‍. ഇവയുടെ സംഭരണശേഷി 128ജിബി/256ജിബി/512ജിബി എന്നിങ്ങനെയായിരിക്കും.

ഒരു ക്യാമറാ സെറ്റ്-അപ് ആണ് ഫോണിനുള്ളത്. ഇതുപയോഗിച്ച് പൊതുവെയുള്ള ഫോട്ടോകളും, സെല്‍ഫികളും എടുക്കാം. 16MP, വൈഡ് ലെനന്‍സ് പ്രധാന ക്യാമറയും, 20MP ടെലി ലെന്‍സുമാണ് ഷൂട്ടിങ് നടത്തുക. എത്രയാണ് ബാറ്ററിയുടെ ശേഷി എന്ന് കമ്പനി വെളിപ്പെടുത്തിയില്ല. എന്നാല്‍ തങ്ങളുടെ സ്വന്തം ഫാസ്റ്റ് ചാര്‍ജിങ് ഈ ഫോണിനുണ്ടാകുമെന്നും, അതിലൂടെ 0-80 ശതമാനം ചാര്‍ജ് ഒരു മണിക്കൂര്‍ കൊണ്ട് നിറയ്ക്കാമെന്നും അവര്‍ പറഞ്ഞു. തുടക്ക മോഡലിന്റെ വില ഏകദേശം 95,300 രൂപയായിരിക്കുമെന്നു പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA