sections
MORE

ആപ്പിളിന് അപ്രതീക്ഷിത പ്രതിസന്ധി, ഐഫോണ്‍ XR നിര്‍മാണം വെട്ടികുറച്ചു

iphone-xr
SHARE

ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണുകളില്‍ ഏറ്റവും 'വില കുറഞ്ഞ' മോഡലാണ് ഐഫോണ്‍ XR. (വിലക്കുറവ് ഈ വര്‍ഷത്തെ മറ്റു ഐഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ്!) ഒറ്റ പിന്‍ ക്യാമറയും എല്‍സിഡി സ്‌ക്രീനുമൊക്കെ ഈ വര്‍ഷത്തെ മറ്റു മോഡലുകളില്‍ നിന്ന് ഇതിനെ മാറ്റി നിർത്തുന്നു. ഇന്ത്യയില്‍ ഇത് ലോഞ്ചു ചെയ്യുമ്പോഴത്തെ വില ഏകദേശം 77,000 രൂപയായിരുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞുവെന്നു പറഞ്ഞ് ആപ്പിള്‍ തങ്ങളുടെ എല്ലാ ഉപകരണങ്ങള്‍ക്കും വില വീണ്ടും കൂട്ടിയിട്ടുമുണ്ട്.

ഈ വര്‍ഷത്തെ പ്രീമിയം മോഡലുകളായ ഐഫോണ്‍ Xs/Xs മാക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് XR വിപണിയിലെത്തുന്നത്. ഇതിനു കാരണമായി പറഞ്ഞിരുന്നത് XR ആദ്യമെത്തിയാല്‍ കൂടിയ വിലയുള്ള മോഡലുകളുടെ വില്‍പ്പന കുറഞ്ഞേക്കാമെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ മോഡലിന് ആപ്പിള്‍ നല്ല വില്‍പ്പന പ്രതീക്ഷിച്ചു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പറയുന്നത് ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി എന്നാണ്.

ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന രണ്ടു പ്രധാന കമ്പനികളായ ഫോക്‌സ്‌കോണിനോടും പെഗാട്രോണോടും XR മോഡല്‍ കൂടുതല്‍ വേണ്ടെന്ന് അറിയിച്ചു കഴിഞ്ഞു. കൂടുതൽ ഐഫോൺ XR യൂണിറ്റുകള്‍ വേണ്ടെന്നു വയ്ക്കാന്‍ കമ്പനി ഒക്ടോബറില്‍ ആവശ്യപ്പെട്ടതായി ചൈനയില്‍ നിന്നുളള വാര്‍ത്തകള്‍ പറയുന്നു.

XR മോഡലിനായി 60 അസംബ്ലി ലൈനുകളാണ് ഫോക്‌സ്‌കോണ്‍ തുടങ്ങിയിരുന്നത്. ഇതില്‍ 45 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാം കൂടെ പ്രവര്‍ത്തിച്ചാല്‍ നിര്‍മിക്കാവുന്നയത്ര എണ്ണം തങ്ങള്‍ക്കു വേണ്ടെന്ന് ആപ്പിള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. അതായത് ദിവസം ഏകദേശം 100,000 ഫോണുകള്‍ കുറച്ചായിരിക്കും നിര്‍മിക്കുക. എന്നു പറഞ്ഞാല്‍ 20 മുതല്‍ 25 ശതമാനം വരെ പ്രൊഡക്‌ഷന്‍ കുറച്ചിരിക്കുന്നത്.

പെഗാട്രോണും സമാന പ്രശ്‌നമാണ് നേരിടുന്നത്. ആപ്പിള്‍ പ്രതീക്ഷിച്ചത്ര ഐഫോണ്‍ XR നിര്‍മാണത്തിന് സാധ്യതയില്ലെന്നാണ് ഇതു കാണിക്കുന്നത്. ആപ്പിളിനു വേണ്ടി ഐഫോണും മറ്റും നിര്‍മിച്ചു നല്‍കുന്ന വിന്‍സ്ട്രണ്‍ പോലത്തെ മറ്റു കമ്പനികളിലും ഇതു തന്നെയാണ് അവസ്ഥയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രിസ്മസ് അവധിക്കാല വില്‍പ്പനയാണ് (holiday season) ഏറ്റവും വലിയ കച്ചവടം നടക്കുന്ന സമയം. അപ്പോഴേക്കു വേണ്ട ഫോണുകളാണ് ഇപ്പോള്‍ നിര്‍മിക്കേണ്ടത്. പ്രതീക്ഷിച്ചത്ര എണ്ണം ആ സമയത്തും വിറ്റുപോകില്ലെന്നു തന്നെയായിരിക്കണം ആപ്പിളിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

സ്മാര്‍ട് ഫോണ്‍ വില്‍പ്പനയിലൂടെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ആപ്പിള്‍. തങ്ങളുടെ നിര്‍മാണശാലകളോട് സജ്ജരായിരിക്കാന്‍ പറയുക വഴി, XR മോഡലിലൂടെ വന്‍ കുതിപ്പ് കമ്പനി പ്രതീക്ഷിച്ചിരുന്നു എന്നാണ് കരുതുന്നത്. ആ പ്രതീക്ഷ അസ്തമിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ മോഡലുകളായ ഐഫോണ്‍ 8/8 പ്ലസ് ഫോണുകള്‍ 50 ലക്ഷം എണ്ണം കൂടുതല്‍ നിർമിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതായും വാര്‍ത്തകള്‍ പറയുന്നു. ഫോക്‌സ്‌കോണ്‍ ആണ് ഇവയുടെ പ്രധാന നിര്‍മാതാവ്.

പഴയ മോഡലുകള്‍ക്ക് ഓര്‍ഡര്‍ കൂടുന്നതും പുതിയ ഫോണ്‍ വേണ്ടെന്നുവയ്ക്കുന്നതും പുതിയ മോഡലില്‍ പുതുമ കൊണ്ടുവരാനുള്ള ആപ്പിളിന്റെ ശ്രമം ഫലിച്ചില്ല എന്നതിന്റെ തെളിവാണെന്നാണ് ചിലര്‍ വാദിക്കുന്നത്. പുതിയ വിലയിടല്‍ തന്ത്രവും ഫലിച്ചിട്ടില്ല. ലോക വ്യാപകമായി സ്മാര്‍ട് ഫോണുകളുടെ വില്‍പ്പന ആദ്യമായി കുറഞ്ഞത് 2017ല്‍ ആണ്. ഈ വര്‍ഷം അതു വീണ്ടും കുറഞ്ഞേക്കുമെന്നും കരുതുന്നു. ഇതും XR മോഡലുകളുടെ വില്‍പ്പന കുറയുന്നതിന്റെ കാരണങ്ങളിലൊന്നാകാം. കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ 20 ശതമാനം ഘടക ഭാഗങ്ങള്‍ ഉണ്ടാക്കിയാല്‍ മതിയെന്ന് ആപ്പിള്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മാതാക്കാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ ആപ്പിള്‍ ഓരോ ആഴ്ചയിലെയും വില്‍പ്പന സശ്രദ്ധം വീക്ഷിച്ചാണ് കൂടുതല്‍ ഫോണുകള്‍ ഉൽപ്പാദിപ്പിക്കണെമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതെന്നു പറയുന്നു. അവധിക്കാല വില്‍പ്പനയില്‍ കമ്പനിക്ക് വലിയ പ്രതീക്ഷിയില്ല എന്നാണ് കേള്‍ക്കുന്നത്.

മറ്റൊരു സുപ്രധാന മാറ്റവും നിലവില്‍ വരികയാണ്. പതിവു തെറ്റിച്ച് തങ്ങള്‍ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ വിറ്റുപോയ ഐഫോണുകളുടെയും ഐപാഡുകളുടെയും മാക്കുകളുടെയും മറ്റും എണ്ണം പുറത്തുവിടുന്ന രീതി നിർത്തുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വില്‍പ്പന കുറയുന്നതിന്റെ തെളിവാണെന്നാണ് പറയുന്നത്. വില്‍പ്പന കുറയുന്നുവെന്ന വാര്‍ത്ത പ്രാധാന്യത്തോടെ അടിച്ചു വന്നാല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ആപ്പിള്‍ കമ്പനിയുടെ മൂല്യമിടിയാം. പുതിയ നീക്കത്തിലൂടെ ആപ്പിൾ പ്രീക്ഷിക്കുന്ന രീതിയിലുള്ള വളര്‍ച്ച നിലനിര്‍ത്താനാവില്ല എന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. തങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ ഇടിവു വന്നേക്കാമെന്ന ഭീതിയാണ് പുതിയ തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതവ് എന്ന പദവി വാവെയ് ആപ്പിളില്‍ നിന്ന് തട്ടിയെടുത്തിരുന്നു.

പ്രീമിയം മോഡലുകളായ Xs/Xs മാക്‌സ് എന്നിവയുടെ വില്‍പ്പനെയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പക്ഷേ, എണ്ണത്തില്‍ കൂടുതല്‍ വിറ്റു പോകുമെന്നു കരുതിയിരുന്ന മോഡല്‍ XR ആണ്. അതിന്റെ വില്‍പ്പന കുറയുന്നെങ്കില്‍ ഷവോമി പോലത്തെ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ആപ്പിളിനെ പിന്തള്ളിയേക്കാം. സ്മാര്‍ട് ഫോണ്‍ താൽപര്യം കുറയുന്നുവെന്നതും XR മോഡലിന്റെ അപ്രസക്തിയുമൊക്കെ ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് ആപ്പിളിനെ നയിച്ചിട്ടുണ്ടാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA