sections
MORE

ആപ്പിൾ സമ്മതിച്ചു, വിലകൂടിയ ഐഫോൺ ടച്ചിന് ഗുരുതര പ്രശ്‌നമുണ്ട്; ഫ്രീയായി പരിഹരിക്കാം

tim-cook-iphone-x
SHARE

ആപ്പിളിനെ പ്രതിസന്ധിയിലാക്കി മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുന്നു. ചില ഐഫോണ്‍ X മോഡലുകള്‍ക്കും 13-ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കും പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ പൈസ വാങ്ങാതെ ശരിയാക്കി കൊടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരത്തിലുള്ള നിരവധി ക്വാളിറ്റി പ്രശ്നങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് കണ്ടെത്തിയിരുന്നതായും അവയില്‍ പലതും പരിഹരിച്ചു നല്‍കാന്‍ കമ്പനി തീരുമാനിക്കുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ഐഫോണുകളുടെയും വില പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് കമ്പനി ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും വില കൂടിയ ഐഫോണ്‍ മോഡലിന്റെ വില 1,449 ഡോളറാണെങ്കില്‍ ഐപാഡിന്റെത് 1,899 ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 999 ഡോളര്‍ വിലയുമായി ഇറങ്ങിയ ചില ഐഫോണ്‍ X മോഡലുകളുടെ ഡിസ്‌പ്ലെകള്‍ക്ക് ടച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയായാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. ഇതൊരു ഘടകഭാഗത്തിനു പ്രശ്‌നം നേരിട്ടതിന്റെ ഫലമായി സംഭവിച്ചതാണ്. പ്രശ്‌നമുള്ള ഭാഗങ്ങള്‍ ഫ്രീയായി റിപ്പെയര്‍ ചെയ്തു നല്‍കുമെന്നും കമ്പനി പറയുന്നു. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലിനു മാത്രമെ ബാധിക്കൂവെന്നും ഈ വര്‍ഷമിറക്കിയ ഐഫോണ്‍ Xs/Xs മാക്‌സ്, XR തുടങ്ങിയ മോഡലുകള്‍ക്ക് ഇതു ബാധകമല്ലെന്നും അവര്‍ പറയുന്നു.

പ്രശ്‌നമുളള ഫോണുകളെ എങ്ങനെ കണ്ടെത്താം? അവ സ്പര്‍ശിക്കുമ്പോള്‍ വേണ്ടരീതിയില്‍ പ്രതികരിക്കില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ സ്പര്‍ശിക്കാത്തപ്പോള്‍ പോലും പ്രതികരിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. പ്രശ്‌നമുള്ള മാക്ബുക്കുകളുടെ കാര്യത്തില്‍ അവയില്‍ സ്റ്റോറു ചെയ്തിരിക്കുന്ന ഡേറ്റാ നഷ്ടപ്പെടാനുള്ള സാധ്യതയാണ് ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ഡ്രൈവിന്റെ പ്രശ്‌നം കൊണ്ടു സംഭവിക്കുന്നതാണ്. പ്രശ്‌നമുള്ള ഡ്രൈവുകള്‍ നന്നാക്കി നല്‍കുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ, 128GB, 256GB സംഭരണ ശേഷിയുള്ള ഡ്രൈവുകള്‍ പിടിപ്പിച്ച കുറച്ചു മോഡലുകള്‍ക്കു മാത്രമാണ് പ്രശ്‌നമുള്ളതെന്നും അവര്‍ പറയുന്നു. ഇവയാകട്ടെ ജൂണ്‍ 2017നും ജൂണ്‍ 2018നും ഇടയില്‍ വിറ്റവയാണെന്നും കമ്പനി പറയുന്നു. ഈ മോഡല്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ പ്രശ്‌നബാധിത ലാപ്‌ടോപ്പുകളുടെ കൂടെയാണോ അതിന്റെ സ്ഥാനമെന്ന് ഇവിടെ പരിശോധിക്കാം: https://apple.co/2DxBNx4

കഴിഞ്ഞ വര്‍ഷം ഐഫോണുകളുടെ ബാറ്ററി മാറ്റിനല്‍കലും കമ്പനി സംഘടിപ്പച്ചിരുന്നു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ തങ്ങള്‍ ചില ഐഫോണ്‍ മോഡലുകളുടെ പ്രവര്‍ത്തനക്ഷമത കുറച്ചുവെന്നു സമ്മതിക്കേണ്ടിവന്നതിനു ശേഷമാണ് ഫ്രീയായി ബാറ്ററി മാറ്റി നല്‍കാന്‍ കമ്പനി തീരുമാനമെടുത്തത്. ഈ പ്രശ്‌നം അമേരിക്കന്‍ സെനറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

ഈ വര്‍ഷം ജൂണില്‍ ചില മാക്ബുക്കുകളുടെയും മാക്ബുക്ക് പ്രോകളുടെയും കീബോഡുകള്‍ക്ക് പ്രശ്‌നം കണ്ടെത്തുകയും കമ്പനിക്ക് അവയും ഫ്രീയായി മാറ്റി നല്‍കേണ്ടി വന്നിരുന്നു. 2015 മുതല്‍ അവരുടെ ലാപ്‌ടോപ്പുകളില്‍ ഘടിപ്പിച്ച കീബോഡുകളുടെ പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ടൈപ്പു ചെയ്തുകൊണ്ടിരിക്കെ പൊടുന്നനെ കേടാകുന്നതും ടൈപ്പു ചെയ്യുമ്പോള്‍ ആവശ്യത്തിലേറെ ശബ്ദമുയരുന്നു എന്നതുമായിരുന്നു അവയുടെ പ്രശ്‌നങ്ങള്‍. ഇതേതുടര്‍ന്ന് ഈ വര്‍ഷം ആപ്പിള്‍ കീബോഡുകളുടെ ഡിസൈന്‍ മാറ്റിയിരുന്നു. കീകളുടെ അടിയില്‍ സിലിക്കണ്‍ന്റെ ഒരു അടരു പിടിപ്പിക്കുകയാണ് കമ്പനി ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA