sections
MORE

വണ്‍പ്ലസ് 6Tയ്ക്ക് എന്തിനൊരു 'രഹസ്യ' ക്യാമറ? ക്ലൂ - ഫോട്ടോ എടുക്കാനല്ല!

oneplus-6t-camera
SHARE

പുറത്തു കാണാനാകാത്ത നാലാമതൊരു ക്യാമറ സെന്‍സര്‍ വണ്‍പ്ലസ് 6Tയ്ക്ക് ഉണ്ടെന്ന് ലോകത്തെ അറിയിച്ചത് പ്രശസ്ത യുട്യൂബര്‍ ജെറിറിഗ്എവ്‌രിതിങ് (JerryRigEverything) ആണ്. അദ്ദേഹത്തിന്റെ ലാബിലെത്തിയ ഈ മോഡലിനെ അഴിച്ചു പരിശോധിക്കുമ്പോഴാണ് പുറമെ കാണാനാകാത്ത ഒരു ക്യാമറ സെന്‍സര്‍ കണ്ടത്. ചിലരെങ്കിലും ചൈനക്കാരെ എല്ലാ രീതിയിലും ഭയക്കുന്ന കാലമല്ലെ? വണ്‍പ്ലസ് മോഡല്‍ വാങ്ങുന്നവരെ ഒളിഞ്ഞു നോക്കാന്‍ വേണ്ടിയാണോ എന്ന് സംശയിച്ചുപോയാല്‍ അദ്ഭുതപ്പെടേണ്ട.

വണ്‍പ്ലസ് 6T ഫോണിന് പിന്നില്‍ ഇരട്ട ക്യാമറകള്‍ക്കായി രണ്ടു ക്യാമറ സെന്‍സറുകളും മുന്നില്‍ സെല്‍ഫി ക്യാമറയ്ക്കായി ഒരു ക്യാമറ സെന്‍സറുമുണ്ട്. ജെറിറിഗ്എവ്‌രിതിങ് ഫോണിന്റെ ഘടകഭാഗങ്ങളെക്കുറിച്ചു പഠിക്കാനായി എല്ലാം അഴിച്ചു പറിച്ചെടുത്തപ്പോഴാണ് നാലാമത്തെ ക്യാമറ സെന്‍സര്‍ പുറത്തുവന്നത്. 

അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍ ഇവയാണ്: ഫോണിന്റെ ഗ്ലാസ് പിന്‍ഭാഗം ഇളക്കിയെടുത്ത് അകത്തു കടന്ന അദ്ദേഹം സ്‌ക്രൂകള്‍ അഴിച്ച് ബാറ്ററിയും എടുക്കുന്നു. മദര്‍ബോര്‍ഡും ബാറ്ററിയും എടുക്കുക എന്നത് വളരെ എളുപ്പമായ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. മുകളിലുള്ള എട്ടു സ്‌ക്രൂ കൂടെ അഴിച്ചാല്‍ എന്‍എഫ്‌സി, മദര്‍ബോര്‍ഡിന്റെ ആവരണമായ പ്ലാസ്റ്റിക്, മുന്‍ പിന്‍ ക്യാമറകള്‍ എന്നിവ വേര്‍പെടുത്തിയെടുക്കാം. ബാറ്ററിക്കു താഴെയുള്ള ഏഴു സ്‌ക്രൂ കൂടെ അഴിച്ചാല്‍ പ്ലാസ്റ്റിക് ഷെല്ലിനുള്ളില്‍ ഇരിക്കുന്ന ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സ്പീക്കര്‍, യുഎസ്ബി ടൈപ്-സി പോര്‍ട്ട് എന്നിവ പുറത്തെടുക്കാം. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പുറത്തെടുത്തപ്പോള്‍ അതിനുള്ളിലാണ് നാലാമത്തെ, 'രഹസ്യ' ക്യാമറ സെന്‍സര്‍ കണ്ടെത്തിയത്.

അതെ, ഒരു ക്യാമറ സ്‌ക്രീനിന് അടിയിലും വച്ചിട്ടുണ്ട്. ഇതിന്റെ ജോലി എന്താണെന്ന് കൃത്യമായി വ്യക്തമല്ലെങ്കിലും ഫിംഗര്‍പ്രിന്റ് സെന്‍സറിന് എളുപ്പത്തില്‍ വിരലടയാളം മനസിലാക്കാനാണെന്നു കരുതുന്നു. ഡിസ്‌പ്ലെയ്ക്കുള്ളില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നത് വണ്‍പ്ലസിന്റെ പുതിയ പരീക്ഷണമാണ്. ഇപ്പോള്‍ സ്‌ക്രീനിനടിയില്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറ സെന്‍സര്‍ വിരലടയാളം മാപ്പു ചെയ്യാനാണ് ഉപയോഗിക്കുന്നതെങ്കിലും ഭാവിയില്‍ ഇത്തരം ടെക്‌നോളജി സെല്‍ഫി ക്യാമറകളുടെ കാര്യത്തിലും വരാമെന്നാണ് യുട്യൂബര്‍ പറയുന്നത്.

വണ്‍പ്ലസ് കമ്പനിയുടെ പുതിയ സ്മാര്‍ട് ഫോണായ വണ്‍പ്ലസ് 6T റിവ്യൂവര്‍മാരുടെ പുകഴ്ത്തലുകള്‍ വാങ്ങി, അതിന്റെ വിജയക്കുതിപ്പു തുടരുകയാണ്. മറ്റു പല കമ്പനികളുടെയും പ്രീമിയം ഫോണുകളുടെ വിലയിടല്‍ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ഫോണിന്റെ പ്രകടനമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈ ഫോണ്‍ അമേരിക്കയിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഫോണിന്റെ ഉള്ളറകളില്‍ ഒരുപക്ഷേ, ആപ്പിളോ സാംസങ്ങിന്റെ ഏറ്റവും മികച്ച മോഡലുകളിലോ ഉപയോഗിച്ചിരിക്കുന്നയത്ര ക്വാളിറ്റിയുള്ള ഘടകഭാഗങ്ങളല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഈ വിഡിയോയില്‍ നിന്നു മനസിലാകുന്നു. പക്ഷേ, അധികമാരും രണ്ടോ മൂന്നോ വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഫോണ്‍ ഉപയോഗിക്കാറില്ലാത്തതിനാല്‍ ഇതിലേറെ മികവുറ്റ ഘടകഭാഗങ്ങള്‍ വേണ്ടായിരിക്കും. ഒരുപക്ഷേ, പല വര്‍ഷത്തേക്കു പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കാനും ഇതു മതിയായിരിക്കും. പോക്കോ F1 ആണ് വണ്‍പ്ലസിനെക്കാള്‍ വിലകുറച്ച് പ്രീമിയം പ്രകടനമുള്ള ഫോണ്‍ വില്‍ക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA