Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷവോമിയുടെ ‘ഓഫർ കളി’ ബ്രിട്ടനിൽ നടന്നില്ല; പ്രതിഷേധത്തിനൊടുവിൽ മാപ്പ് പറഞ്ഞു

Xiaomi-flash-sale-

ഫ്‌ളാഷ് സെയിലിലൂടെ പേരെടുത്ത കമ്പനിയാണ് ഇന്ത്യക്കാരുടെ പ്രിയ സ്മാര്‍ട്ഫോണ്‍ കമ്പനിയായ ഷവോമി. ഫ്‌ളാഷ് സെയിൽ പ്രഖ്യാപിക്കുക, വാർത്തകളിൽ ഇടംപിടിക്കുക, പ്രസ്തുത സമയത്ത് തങ്ങളുടെ സൈറ്റിലേക്ക് ആളുകളെ എത്തിക്കുക. ഈ പദ്ധതി ഇന്ത്യയിലും മറ്റ് രാജ്യാന്തര വിപണികളിലും വിജയകരമായി തന്നെ ഷവോമി നടപ്പാക്കി. എന്നാൽ ഈ പരീക്ഷണം ബ്രിട്ടനില്‍ പാളി. ഷവോമിയുടെ ബ്രിട്ടനിലെ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തിരിച്ചടിക്കുകയാണ്.

ബ്രിട്ടനിൽ നടന്ന ഓഫർ ചതിയെന്ത്?

തങ്ങളുടെ രണ്ടു മോ‍ഡൽ ഹാന്‍ഡ്‌സെറ്റുകള്‍ ഒരു പൗണ്ടിന് (£1) ഫ്‌ളാഷ് സെയില്‍ നടത്തുന്നു എന്ന പരസ്യമാണ് ക്രെയ്‌സി ഡീല്‍സ് പ്രമോഷന്‍ എന്നു പറഞ്ഞ് കമ്പനി നടത്തിയത്. സെയില്‍ തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ''സോള്‍ഡ് ഔട്ട്'' ബാനര്‍ ഷവോമി പ്രദര്‍ശിപ്പിച്ചു. ബ്രിട്ടനുകാരെ സംശാലുക്കളാക്കിയത് ഇതാണ്. (ആദ്യ കാലത്ത് സെയിലിനായി കണ്ണിലെണ്ണയൊഴിച്ച് ഇന്ത്യയിലും പലരും കാത്തിരുന്നിട്ടുണ്ട്. നിരാശയായിരുന്നു ഫലം. ഇതായിരുന്നു ഷവോമിയുടെ ഇന്ത്യയിലെ പ്രധാന വില്‍പ്പനാ തന്ത്രങ്ങളില്‍ ഒന്ന്. എന്നാല്‍, അത് ഒരു രൂപ വില്‍പ്പനകളായിരുന്നില്ല. പക്ഷെ, അപ്പോഴും കുറച്ച് എണ്ണം മാത്രമായിരിക്കാം വിറ്റിരിക്കുക എന്നുസംശയിച്ചാല്‍ തെറ്റില്ല. പരസ്യം പോലുമില്ലാതെ ഷവോമി ഇന്ത്യയില്‍ ജ്വരമായി മാറിയതിനു പിന്നില്‍ ഫ്‌ളാഷ് സെയില്‍ എന്ന തന്ത്രമാണ് മുഖ്യം.)

ജനപ്രിയ ബജറ്റ് സ്മാർട് ഫോണുകൾ ഇന്ത്യയിൽ ഒരു രൂപയ്ക്ക് വിറ്റിരുന്നതു പോലെ ബ്രിട്ടനിൽ ഒരു പൗണ്ടിനാണ് ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് ബിബിസി വരെ വാർത്ത റിപ്പോർട്ട് നൽകി. എന്നാൽ ഷവോമിയുടെ ഒരു പൗണ്ട് ഫ്ലാഷ് സെയിലിൽ കേവലം പത്ത് ഹാൻഡ്സെറ്റുകളാണ് വിതരണം ചെയ്തതെന്നാണ് മുഖ്യ ആരോപണം. ഇത് വൻ ചതിയാണെന്നാണ് മിക്ക ഉപയോക്താക്കളും സോഷ്യൽമീഡിയകളിലൂടെ പ്രതികരിച്ചത്.

ഫ്ലാഷ് സെയിലിൽ വിതരണം ചെയ്യുന്ന ഡിവൈസുകളുടെ കൃത്യമായ എണ്ണം ഓഫറിന്റെ വിൽപ്പന പേജിൽ പരാമർശിച്ചിട്ടില്ല. എന്നാൽ ഇക്കാര്യം ഷവോമിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും പറയുന്നുമുണ്ട്. ആദ്യ രണ്ടു ഫ്ലാഷ് സെയിലിൽ മൂന്ന് വീതം ആറു ഹാൻഡ്സെറ്റുകളും രണ്ടാം സെയിൽ രണ്ടു വീതം നാലു ഹാൻഡ്സെറ്റുകളും വിതരണം ചെയ്യും. മൊത്തം പത്ത് ഹാൻഡ്സെറ്റുകൾ. എന്നാൽ, ഈ കണക്കുകൾ വിൽപ്പനയ്ക്ക് തൊട്ടു മുൻപാണ് ഷവോമി വെളിപ്പെടുത്തിയതെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. തെളിവുകൾ സഹിതം ചില ട്വീറ്റുകളും വന്നിട്ടുണ്ട്.

ഫ്ലാഷ് സെയിൽ തുടങ്ങി സെക്കൻഡുകൾക്കുള്ളിൽ തന്നെ സ്റ്റോക്ക് തീർന്നത് ബ്രിട്ടനിലെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് മിക്കവരും പ്രതികരിച്ചത്. ഒരു പൗണ്ടിന് പുതിയ ഹാൻഡ്സെറ്റ് വിൽക്കുമെന്ന് അറിയിച്ചതോടെ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ഉപഭോക്താക്കൾ ഒഴുകിയെത്തി. ബ്രിട്ടനിലെ സ്മാർട് ഫോൺ ഉപഭോക്താക്കളെ പുതിയ ബ്രാൻഡ് പരിചയപ്പെടുത്താൻ ഷവോമി ഉപയോഗിച്ചത് മികച്ച തന്ത്രമായിരുന്നു ഇതെന്ന് ഉപഭോക്താക്കൾ അറിഞ്ഞത് ഏറെ വൈകിയാണ്.

എംഐ8 ലൈറ്റ്, എംഐ എ2 മിഡ്റെയ്ഞ്ച് ഹാൻഡ്സെറ്റുകളാണ് ബ്രിട്ടനിലെ ഒരു പൗണ്ട് ഫ്ലാഷ്സെയിലിൽ വിറ്റത്. എന്നാൽ എത്ര ഹാൻഡ്സെറ്റുകളാണ് ഫ്ലാഷ് സെയിൽ വിൽക്കുക എന്നത് സംബന്ധിച്ച് ഷവോമി അറിയിച്ചിരുന്നില്ല. അതേസമയം, ഫ്ലാഷ് സെയിലിൽ ഹാൻഡ്സെറ്റ് ബുക്ക് ചെയ്യാൻ സാധിച്ചവർക്ക് തന്നെ തുടർന്നുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പരാതിയുണ്ട്. രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തകൾ വരാന്‍ വേണ്ടി മാത്രമാണ് ഈ ഫ്ലാഷ് സെയിലുകളെന്നും പത്തിൽ കൂടുതല്‍ ഹാൻഡ്സെറ്റുകൾ വിൽക്കാറില്ല എന്നുമാണ് മിക്കവരും ആരോപിക്കുന്നത്.

പ്രതിഷേധം ശക്തം, ഒടുവിൽ മാപ്പ്

കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പലരും പരാതി എഴുതിക്കഴിഞ്ഞു. 50 ബില്ല്യന്‍ ഡോളര്‍ ആസ്തിയുളള ഒരു കമ്പനി ഒരു രാജ്യത്ത് പുതിയതായി കച്ചവടം തുടങ്ങുമ്പോള്‍ ചെയ്യേണ്ട രീതിയല്ല ഇത്. കുറഞ്ഞത് 50 എണ്ണമെങ്കിലും വയ്ക്കണമായിരുന്നു. അവരതു ചെയ്തില്ല. ഉപയോക്താക്കള്‍ ഇതു പൊറുക്കില്ല, ഒരാള്‍ പറയുന്നു. എന്തൊരു ഫലിതം. കൗണ്ട്ഡൗണ്‍ പുജ്യത്തിലെത്തിയതും ഔട്ട് ഓഫ് സ്റ്റോക് ബാനറും വന്നു. ആളുകളെക്കൊണ്ട് അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു വേലയായിരുന്നു അത്, വേറൊരാള്‍ പറയുന്നു. ഇന്‍ഡ്യക്കാരെപ്പോലെയല്ലാതെ, ഒരാള്‍ ഷവോമിയുടെ വെബ് പേജ് വിശകലനം ചെയ്തു കണ്ടെത്തിയത്:https://bit.ly/2QCwKOZ അതിലും രസകരമായ കാര്യമാണ്. ഈ സെയില്‍ ഒരു സ്‌കാം ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സ്റ്റോക്കു തീര്‍ന്നോ എന്നു പോലും നോക്കാതെയാണ് സോള്‍ഡ് ഔട്ട് ബാനര്‍ കാണിച്ചത് എന്ന് ഫില്‍ വില്യംസ് പറയുന്നു.

Xiaomi-post

എന്നാല്‍, ഒരു ഫോണ്‍ പോലും വിറ്റിട്ടില്ല എന്ന ആരോപണം ഷവോമി നിഷേധിച്ചു. ആയിരക്കണക്കിനു പേര്‍ Buy ബട്ടണില്‍ ക്ലിക്കു ചെയ്തവരില്‍ നിന്ന് ടൈ-ബ്രേക്കറിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത് എന്നാണ് അവര്‍ വാദിക്കുന്നത്. 10 പേർ ഫോൺ വാങ്ങിയെന്ന് ഉറപ്പിച്ച് പറയുന്ന ഷവോമി. തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ക്ഷമാപണവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.