sections
MORE

ഐഫോൺ വാങ്ങാനാളില്ല; പക്ഷേ ആപ്പിള്‍ പിടിച്ചു നില്‍ക്കും, നിര്‍മാതാക്കളോ?

tim-cook
SHARE

ഐഫോണ്‍ വില്‍പ്പന ലോകമെമ്പാടും കുറഞ്ഞാലും ആപ്പിളിനു പിടിവള്ളികളുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന ഫീച്ചറുകളൊക്കെ കുറച്ചു സമയത്തെ ഇഷ്ടത്തിനു മാത്രമാണെന്നു മനസിലാക്കിയ പലരും സ്മാര്‍ട് ഫോണുകള്‍ അപ്‌ഗ്രേഡു ചെയ്യാന്‍ വിസമ്മതിക്കുകയാണ്.

ഈ സാഹചര്യത്തില്‍ അവരുടെ പെട്ടിയില്‍ കാശു വീഴാന്‍ ആപ്പിള്‍ ഇപ്പോള്‍ പുതിയ പ്ലാനുകളാണ് നടപ്പാക്കുന്നത്. ഫോണുകള്‍ക്ക് വില കൂട്ടുക, പാട്ടുകളും വിഡിയോയും സ്ട്രീം ചെയ്യുന്നതിലൂടെയും, സ്‌റ്റോറേജ് വിറ്റും മറ്റുമാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത്. (ഇത് ആപ്പിള്‍ മാത്രം നേരിടുന്ന ഒരു പ്രശ്‌നമല്ല. ഓരോ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവും നേരിടുന്ന പ്രശ്‌നമാണ്. ക്യാമറയുടെ ശേഷി അല്‍പ്പം കൂടി എന്നൊക്കെ പറഞ്ഞാല്‍ അത് ബാധിക്കാത്ത നിരവധി ഉപയോക്താക്കള്‍ ലോകമെമ്പാടുമുണ്ട്.) പക്ഷേ, ആപ്പിളിനായി ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിലൂടെ പിടിച്ചു നില്‍ക്കുന്ന കമ്പനികളാണ് ശരിക്കും കഷ്ടത്തിലായി തുടങ്ങിയിരിക്കുന്നത്. ഉദാഹരണത്തിന് കമ്പനിക്ക് സ്‌ക്രീനുകള്‍ വില്‍ക്കുന്ന ജപ്പാന്‍ ഡിസ്‌പ്ലെ ( Japan Display Inc) അവരുടെ ഈ വര്‍ഷത്തെ ഫോര്‍കാസ്റ്റ് വെട്ടിക്കുറച്ചിരിക്കുകയാണ്. ഈ കമ്പനിയുടെ പകുതി ഡിസ്‌പ്ലെയും വാങ്ങുന്നത് ആപ്പിളാണ്. അതുപോലെ ലുമെന്റം ഹോള്‍ഡിങ്‌സ് (Lumentum Holdings Inc) ആണ് ആപ്പിളിന് വേണ്ടി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സെന്‍സറുകള്‍ നിര്‍മിക്കുന്നത്. അവരും വില്‍പ്പനയിലുള്ള പ്രതീക്ഷ കുറച്ചിരിക്കുന്നു. ആപ്പിളിനെ പോലെയല്ലാതെ ഘടകഭാഗങ്ങള്‍ ഉണ്ടാക്കി നല്‍കുന്നവര്‍ക്ക് കൂടുതല്‍ എണ്ണം വിറ്റുപോയാലാണ് പിടിച്ചു നില്‍പ്പ് സാധിക്കൂ. ഈ വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ആപ്പിള്‍ മറുപടി പറയാന്‍ വിസമ്മതിച്ചു.

എന്തായാലും, ഓഹരി വിപണിയിൽ ഇതു പ്രതിഫലിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് ആപ്പിളിന്റെ ഓഹരികള്‍ 5 ശതമാനം കുറഞ്ഞപ്പോള്‍ ലുമെന്റത്തിന്റെ ഓഹരികള്‍ താഴേക്കു പതിച്ചത് 30 ശതമാനമാണ്. അവരുടെ എതിരാളിയായ II-VIന്റേത് (II-VI Inc) 13 ശതമാനവും ജപ്പാന്‍ ഡിസ്‌പ്ലെയുടേത് 9.5 ശതമാനവും താഴ്ന്നു. ഐഫോണ്‍ അസംബ്ലിങ്ങിലെ പ്രധാനികളായ ഹോണ്‍ ഹായിയുടേത് (Hon Hai Precision Industry Co) കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പതനമായിരുന്നു. ഇത് ലോകം മുഴുവനുള്ള, ആപ്പിളിനെ ആശ്രയിക്കുന്ന സപ്ലൈ കമ്പനികളുടെ കാര്യത്തിലും ശരിയാണ്.

ലുമെന്റം ഉണ്ടാക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷനു വേണ്ട 3-D സെന്‍സിങ് ഘടകഭാഗങ്ങള്‍ ഉപയോഗിക്കപ്പെടുന്ന ഫോണുകളിലേറെയും 1000 ഡോളറോ അതിലേറെയോ വിലയുള്ളവയാണ്. ഇവ വിറ്റു പോകുന്നുണ്ടെങ്കിലും ലോകവ്യാപകമായി അവയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഐഫോണുകള്‍ വിറ്റുപോകുന്നത് കുറഞ്ഞെങ്കിലും, കഴിഞ്ഞ വര്‍ഷങ്ങളില്‍ വില കൂട്ടിയതിനാല്‍ ആപ്പിളിന്റെ കാശുപെട്ടിയിലേക്ക് ഒഴുക്കു കുറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, ആപ്പിളിനു ഘടകഭാഗങ്ങള്‍ വില്‍ക്കുന്ന കമ്പനികളെ സംബന്ധിച്ച് ഇത് വലിയ ക്ഷീണമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇറക്കിയ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞാല്‍ ആപ്പിള്‍ വീണ്ടും ഘടകഭാഗങ്ങള്‍ വാങ്ങുന്നത് വെട്ടിക്കുറച്ചേക്കാം. ഐഫോണുകളുടെ വില കൂട്ടിയതോടെ ആപ്പിളിന് ഇതു ലാഭക്കച്ചവടമാണ്. അവരുടെ ലാഭവിഹിതം 29 ശതമാനമാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ഐപാഡുകള്‍ക്കും വമ്പന്‍ വില വര്‍ധനവാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ വിറ്റുപോകുന്ന ഉപകരണങ്ങളുടെ എണ്ണം കുറയുന്നതോടെ ഘടകഭാഗ നിര്‍മാതാക്കള്‍ പ്രതിസന്ധിയിലാകാം. അടുത്ത തവണ ആപ്പിള്‍ ഉടമ്പടി എഴുതാന്‍ എത്തുമ്പോള്‍ അവര്‍ ഇപ്പോഴത്തെതിനെക്കാള്‍ വില കുറച്ചു നല്‍കാന്‍ നിര്‍ബന്ധിതരായേക്കും.

അതേസമയം കാറ്റുമാറി വീശുന്നത് ആപ്പിള്‍ മനസിലാക്കി കഴിഞ്ഞുവെന്നാണ് പ്രമുഖ ആപ്പിള്‍ വിശകലന വിദഗ്ധനായ ജീന്‍ മണ്‍സ്റ്റര്‍ (Gene Munster) പറയുന്നത്. ഹാര്‍ഡ്‌വെയര്‍ വില്‍പ്പനയിലുള്ള ഊന്നല്‍ കുറയ്ക്കുന്നതിനൊപ്പം, സ്ട്രീമിങ് പോലെയുള്ള കാര്യങ്ങളാണ് അവര്‍ ഇപ്പോള്‍ കാശു വാരാനായി പരിഗണിക്കുന്നത്. കാശുപെട്ടി നിറഞ്ഞു തന്നെ ഇരിക്കുന്നുവെന്നു വരുത്താന്‍ അതാണു നല്ലതെന്നാണ് അവര്‍ കരുതുന്നത്.

2017ല്‍ ആണ് ആദ്യമായി സ്മാര്‍ട് ഫോണ്‍ വിപണിയുടെ കുതിപ്പു നിന്നത്. ഇത് ഈ വര്‍ഷവും തുടരുന്നുവെന്നും വ്യവസായം വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി നേരിട്ടാല്‍ അദ്ഭുതപ്പെടേണ്ടെന്നും വിലയിരുത്തുന്നവരുണ്ട്. സ്മാര്‍ട് ഫോണുകളുടെ പ്രാഥമിക ദൗത്യങ്ങള്‍ നിറവേറ്റാന്‍ താഴേക്കിടിയിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ധാരാളം മതിയാകും. പലരും അതില്‍ക്കൂടുതല്‍ ഒന്നും ഫോണില്‍ ചെയ്യുന്നില്ലെന്നും പൈസ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന തിരിച്ചറിവിലേക്ക് എത്തുകയാണെന്നും പറയന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA