Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലയോ തുച്ഛം, ഗുണമോ മെച്ചം: തരംഗമായി നോട്ട് 6 പ്രോ: വിഡിയോ റിവ്യൂ

Redmi Note 6 Pro | Mobile Review

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 6 പ്രോ വിപണിയിൽ വൻ തരംഗമായി മുന്നേറുന്നു. റെഡ്മി നോട്ട് 5 ശ്രേണി ഫോണുകളുടെ തകർപ്പൻ വിജയത്തിന്റെ ചൂടാറും മുൻപെയാണ് പിൻഗാമിയായി റെഡ്മി നോട്ട് 6 പ്രോ വിപണിയിലെത്തിയിരിക്കുന്നത്.

റെഡ്മി നോട്ട് 6 പ്രോ ഫീച്ചറുകൾ

പിന്നില്‍ നിന്നു നോക്കിയാല്‍ തൊട്ടു മുന്‍പുള്ള മോഡലായ റെഡ്മി നോട്ട് 5 പ്രോയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് റെഡ്മി നോട്ട് 6 പ്രോയുടെ നിര്‍മിതി. അതു സ്വാഭാവികം. നാടകീയമായ ഡിസൈന്‍ മാറ്റം റെഡ്മി നോട്ട് സീരിസിന് ഈ വര്‍ഷവും വരുത്താന്‍ ഷവോമി ശ്രമിച്ചിട്ടില്ല. പക്ഷേ, 6000 സീരിസ് അലൂമിനിയം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ ഉറപ്പുള്ള ബോഡിയാണ് 6 പ്രോയ്ക്ക്.

റെഡ്മി നോട്ട് 6 പ്രോയുടെ ഡിസ്‌പ്ലെയ്ക്ക് മുന്‍ മോഡലിനെക്കാള്‍ അല്‍പ്പം വലുപ്പക്കൂടുതലുണ്ട്. സ്ക്രീനിന് 6.26 ഇഞ്ചുണ്ട്‍. സെല്‍ഫിയെടുക്കാന്‍ 20MP+2MP ഇരട്ട ക്യാമറകളെ നിയോഗിച്ചിരിക്കുന്നതാണ് മറ്റൊരു മാറ്റം. നോച്ചുളള സ്‌ക്രീനിന്റെ അനുപാതം 19:9 ആണ്. മുകളിലും താഴെയുമുള്ള ബെസല്‍ എടുത്തു നില്‍ക്കുകയും ചെയ്യുന്നു.

പിന്നില്‍ 12MP+5MP ഇരട്ട ക്യാമറ സിസ്റ്റം തന്നെയാണ് പിടിപ്പിച്ചിരിക്കുന്നത്. പക്ഷേ, റെഡ്മി നോട്ട് 5 പ്രോയുടെ സെന്‍സറുകളല്ല പിടിപ്പിച്ചിരിക്കുന്നത്. മുന്‍ മോഡലിന് ഫെയ്‌സ് (phase) ഡിറ്റക്‌ഷന്‍ ഓട്ടോഫോക്കസ് സിസ്റ്റം ആയിരുന്നുവെങ്കില്‍ പുതിയ ഫോണിന് ഡ്യൂവന്‍ പിക്‌സല്‍ ഓട്ടോഫോക്കസാണ്. ക്യാനന്റെ ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ കാണുന്ന ഈ സിസ്റ്റം കൂടുതല്‍ മെച്ചപ്പെട്ട ഓട്ടോഫോക്കസ് പ്രകടനം നടത്തുമെന്നു കമ്പനി കരുതുന്നു. പ്രധാന സെന്‍സറിന് 1.4um വലുപ്പമുള്ള പിക്‌സലുകളുമുണ്ട്. അപേര്‍ചര്‍ f/1.9 ആണ്. മുന്‍-പിന്‍ ക്യാമറകള്‍ക്ക് പോര്‍ട്രെയ്റ്റ് മോഡുമുണ്ട്.

ആന്‍ഡ്രോയിഡ് ഒറിയോ കേന്ദ്രമാക്കി നിര്‍മിച്ച MIUI 10 Global ROM ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എന്നാല്‍, ആന്‍ഡ്രോയിഡ് പൈ ഉപയോഗിച്ചുള്ള എംഐയുഐ ഉടനെ ഈ ഫോണിനു ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. യൂസര്‍ ഇന്റര്‍ഫെയ്‌സ് കൂടുല്‍ മെച്ചപ്പെടുത്തി. ഫുള്‍ സ്‌ക്രീന്‍ ജെസ്ചര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട വിധം പറഞ്ഞു തരുന്നുണ്ട്. ഇത് പല ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടും. തുറന്നിരിക്കുന്ന ആപ്പില്‍ നിന്ന് ഹോം സ്‌ക്രീനിലെത്താന്‍ സ്‌ക്രീനിന്റെ താഴെ നിന്ന് മുകളിലേക്കു സ്വൈപ് ചെയ്താല്‍ മതിയാകും. താഴെ നിന്നു സ്വൈപ് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ തുറന്നിരിക്കുന്ന ആപ്പുകളിലെത്താം. തുറന്നിരിക്കുന്ന ഒരാപ്പില്‍ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ് ചെയ്താല്‍ മുൻപ് തുറന്നിരുന്ന ആപ്പുകളിലുമെത്താം. ഈ രീതികള്‍ പൊതുവെ സങ്കീര്‍ണ്ണമല്ലെന്നു പറയേണ്ടി വരും.

മാറ്റം വരാത്തത് എവിടെയൊക്കെ?

റെഡ്മി നോട്ട് 5 പ്രോയെപ്പോലെ തന്നെ സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഫോണിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ പ്രകടനത്തില്‍ മുന്‍ മോഡലിനെ അപേക്ഷിച്ച് നാടകീയമായ വ്യത്യാസമൊന്നും ഇല്ലെന്ന് പറയാം. എന്നാല്‍, റെഡ്മി നോട്ട് 5 പ്രോ ഒരു സ്ഥരിതയുള്ള ഫോണായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ പുതിയ ഫോണും മോശമല്ല. 6GB RAM + 64GB/4GB RAM+64GB എന്നീ രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങിയത്. ബാറ്ററി 4000 mAh ആണ്. മൈക്രോ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ക്വാല്‍കമിന്റെ ക്വിക് ചാര്‍ജ് 3.0, ഡ്യുവല്‍  ഹൈബ്രിഡ് സിം ട്രെ തുടങ്ങിയവയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.