sections
MORE

തുച്ഛ വിലയ്ക്ക് വാട്സാപ് ഫോൺ, ജിയോ ഗ്രാമങ്ങളിലേക്ക്, ഇത് ‘അംബാനി തന്ത്രം’

whatsapp-phone
SHARE

അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് വിപണികളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നു വിലയിരുത്തപ്പെടുന്ന ഇന്ത്യയില്‍ ഫെയ്‌സ്ബുക്കും (വാട്‌സാപ്പിന്റെ ഉടമ) മുകേഷ് അംബാനിയുടെ ജിയോയും ഒരുമിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ വളരെ വിലകുറച്ച് 'വാട്‌സാപ് ഫോണ്‍' എന്ന പേരിട്ടു വില്‍ക്കാനുദ്ദേശിക്കുന്ന ഫോണുകളിലൂടെയാണ് ഇരു കമ്പനികളും കുതിപ്പിനു മുതിരുന്നത്. വിലകുറച്ചു നല്‍കുന്ന ഡേറ്റാ തന്ത്രം ഉപയോഗിച്ച് ഇരു കമ്പനികളും ഉപയോക്താക്കളെ പിടിക്കുമെന്നു കരുതുന്നു. പക്ഷേ, ഭാവി പരിപാടികളെക്കുറിച്ചു വിശദീകരിക്കാന്‍ ഇരു കമ്പനികളും വിസമ്മതിച്ചു.

രണ്ടു കമ്പനികള്‍ക്കും ജയം സമ്മാനിക്കാവുന്ന നീക്കമാണിത്. ജിയോയുടെ വില കുറച്ച ഡേറ്റാ പ്ലാനുകളിലൂടെ ജനങ്ങൾ വാട്‌സാപ് ഉപയോഗിക്കാന്‍ തുടങ്ങുന്നു. പലരും വാട്സാപ്പിലൂടെയാണ് ഇന്റര്‍നെറ്റിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. തുടര്‍ന്ന് അതൊരു മാറാശീലമാകുന്നു.

കണക്കുകള്‍ നോക്കാം

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ചൈനയും ഇന്ത്യയും അമേരിക്കയെ മറികടന്നു കുതിക്കുകയാണ്. ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത് ഏകദേശം 48 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇതാകട്ടെ അമേരിക്കയിലേതിനേക്കാള്‍ 75 ശതമാനം കൂടുതലും. 2022ല്‍ ഇത് 73.7 കോടിയായി ഉയരുമെന്നാണ് പ്രവചനം. അതായത് ഇന്റര്‍നെറ്റിനെക്കുറിച്ച് അറിയാത്തവര്‍ കൂടി ഉടൻ ഡേറ്റ ഉപയോഗിച്ചു തുടങ്ങുമെന്ന് ചുരുക്കം.

അമേരിക്കയിലെയും യൂറോപ്പിലെയും തിരിച്ചടികള്‍ക്കു ശേഷം ഫെയ്‌സ്ബുക് ആകെ വിഷമത്തിലാണ്. ഏഷ്യയിലും പ്രശ്‌നങ്ങളില്ല എന്നല്ല. മ്യാന്‍മാറില്‍ പടര്‍ന്ന കലാപത്തിന്റെയോ, വ്യാജ വിഡിയോ പ്രചരിപ്പിച്ച് ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലകളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നു മാറിനില്‍ക്കാനോ വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും സാധിക്കില്ല. നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കുന്ന 'ഫ്രീ ബെയ്‌സിക്‌സുമായി' (Free Basics) എത്തി ഇന്ത്യയിലെ സ്വതന്ത്ര ഇന്റര്‍നെറ്റ് സങ്കല്‍പ്പത്തിനു തുരങ്കംവയ്ക്കാന്‍ ശ്രമിച്ചതും ഫെയ്‌സ്ബുക്കിനു വിനയായിട്ടുണ്ട്. വ്യാജ വിഡിയോ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് കേന്ദ്ര സർക്കാർ വാട്‌സാപ്പിന് മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഓഹരി വിപണിയിലെ പതനമടക്കം ഫെയ്‌സ്ബുക്കിന് മൊത്തത്തില്‍ ഒരു മോശം വര്‍ഷമായിരുന്നു 2018.

ഇന്ത്യയിലെ വളര്‍ച്ചാ സാധ്യത ഫെയ്‌സ്ബുക്കിന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇന്ത്യയാണ് ഇപ്പോള്‍ത്തന്നെ വാട്‌സാപ്പിന്റെ ഏറ്റവും സുപ്രധാനമായ വിപണി. 200 ദശലക്ഷം ഉപയോക്താക്കളാണ് ഇവിടെയുള്ളത്. ഫെയ്‌സ്ബുക്കിന്റെ തളര്‍ച്ച വാട്‌സാപ്പിന്റെ വളര്‍ച്ചയിലൂടെ പരിഹരിക്കാനാകുമോ എന്നും കമ്പനി പരിശോധിക്കുന്നുണ്ട്. വാട്‌സാപ്പിന്റെ പുതിയ കുതിപ്പിനു പിന്നില്‍ മുകേഷ് അംബാനിയുടെ ജിയോയോടും കടപ്പെട്ടിരിക്കുന്നു. ടെലികോം സെക്ടറില്‍ അംബാനി ഇറക്കിയ 35 ബില്ല്യന്‍ ഡോളറിന്റെ ശക്തിയിലാണ് ഇരു കമ്പനികളും നേട്ടം കൊയ്യുന്നത്. രണ്ടു കൊല്ലത്തിനിടയില്‍ ജിയോയ്ക്ക് ലഭിച്ചത് 25 കോടി വരിക്കാരില്‍ കൂടുതലാണ്. ഇതാകട്ടെ ലോകത്തെ പല പ്രമുഖ സേവനദാതാക്കള്‍ക്കും ഉള്ളതിനെക്കാള്‍ കൂടുതലുമാണ്. ഡിജിറ്റല്‍ പെയ്‌മെന്റ്‌സ് ബാങ്ക്, ടെലിവിഷന്‍, സിനിമ നിര്‍മാണം, ഇ–കൊമേഴ്‌സ് തുടങ്ങി ആമസോണ്‍ മേധാവി ജെഫ് ബെയ്‌സോസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് അംബാനിയും പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഇതെല്ലാം ഇരു കമ്പനികളുടെയും നീക്കങ്ങള്‍ക്ക് ആക്കം കൂട്ടും. പക്ഷേ, ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നു തലയൂരുക എന്നതാണ് ആദ്യം ഫെയ്‌സ്ബുക് ചെയ്യേണ്ടിയിരിക്കുന്നത്. ഇതിനായി അവര്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്. വാടാസാപ്പില്‍ ഇപ്പോള്‍ ഒരു മെസേജ് ഫോര്‍വേഡ് ചെയ്യാവുന്നവരുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി. ഇംഗ്ലിഷ് കൂടാതെ, ഒൻപത് ഇന്ത്യന്‍ ഭാഷകളില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ പ്രചാരണവും കമ്പനി തുടങ്ങിയിരിക്കുന്നു. സന്തോഷം പങ്കുവയ്ക്കൂ; ഊഹാപോഹങ്ങള്‍ അരുത് ('Share Joy, Not Rumors') എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.

പക്ഷേ, ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് ഇന്റര്‍നെറ്റ് യുഗത്തില്‍ അവതാരം കൊള്ളുമ്പോള്‍ മത-ജാതി പ്രശ്‌നങ്ങള്‍ അവരുടെ വികാരങ്ങള്‍ക്ക് എളുപ്പം തീ കൊളുത്തില്ലേ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA