sections
MORE

സ്‌നാപ്ഡ്രാഗണ്‍ 855ൽ 5ജി കണക്ടിവിറ്റി, മികച്ച ക്യാമറാ പ്രകടനം

snapdragon-855
SHARE

ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ ധാരാളമായി ആശ്രയിക്കുന്ന ക്വാല്‍കം കമ്പനി അവരുടെ ഏറ്റവും പുതിയതും ശക്തമായതുമായ പ്രൊസസര്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 855. ലോകത്തെ ആദ്യത്തെ കൊമേര്‍ഷ്യല്‍ 5ജി മൊബൈല്‍ പ്ലാറ്റ്‌ഫോമാണിതെന്നാണ് പറയുന്നത്. പുതിയ പ്രൊസസര്‍ ഉപയോഗിച്ച് 2019 ആദ്യം മുതല്‍ 5ജി ശക്തിയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കാന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കാകും. സാംസങ് അടക്കം പല കമ്പനികളും തങ്ങള്‍ അടുത്ത വര്‍ഷം തന്നെ 5ജി കണക്ടിവിറ്റിയുള്ള ഫോണുകള്‍ പുറത്തിറക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ ഫൊട്ടോഗ്രഫി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ കാര്യത്തിലും പുതിയ പ്രൊസസര്‍ അടുത്ത വര്‍ഷത്തെ ഫോണുകളില്‍ മികവു കാണിക്കുമെന്നാണ് പറയുന്നത്.

പുതിയ പ്രൊസസറിനൊപ്പം സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന മറ്റൊന്നുകൂടെ അവര്‍ അനാവരണം ചെയ്തു, 3D സോണിക് സെന്‍സറാണത്. ക്വാല്‍കം പറയുന്നത് ഇതാണ് ലോകത്തെ ആദ്യത്തെ കൊമേര്‍ഷ്യല്‍ അള്‍ട്രാസോണിക് ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍ എന്നാണ്. ഇതിലൂടെ ഫിങ്ഗര്‍പ്രിന്റ് സെന്‍സറുകളെ ഡിസ്‌പ്ലെയ്ക്കടിയില്‍ വയ്ക്കാനാകും. അവയ്ക്കായി പ്രത്യേകം സ്ഥലം ഫോണിന്റെ മുന്നിലോ പിന്നിലോ അനുവദിക്കേണ്ടിവരില്ല. ശബ്ദം ഉപയോഗപ്പെടുത്തി വിരലടയാളം സൂക്ഷ്മതയോടെ അറിയാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നേരത്തെ സാംസങും വെറിസണും ക്വാല്‍കമിന്റെ പുതിയ 5ജി കണക്ടിവിറ്റി സെന്‍സറിന്റെ സഹായത്തോടെ ഹാൻഡ്സെറ്റുകൾ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ സാംസങ് ഗ്യാലക്‌സി S10 അടുത്ത വര്‍ഷം ആദ്യം ഇറങ്ങാന്‍ പോകുന്ന 5ജി ശക്തിയുള്ള സ്മാര്‍ട് ഫോണ്‍ ആയിരിക്കും. ഷവോമി, ഒപ്പോ, വണ്‍പ്ലസ് എന്നിവരും അടുത്ത വര്‍ഷം 5ജി കണക്ടിവിറ്റിയുള്ള ഫോണുകള്‍ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹവായില്‍ നടക്കുന്ന സ്‌നാപ്ഡ്രാഗണ്‍ ടെക്‌നോളജി സമ്മിറ്റില്‍ ക്വാല്‍കം പറഞ്ഞത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളായ എടിആന്‍ഡ്ടി, ഇഇ, ടെസല്‍സ്ട്ര, വെറിസണ്‍ എന്നിവര്‍ക്കൊപ്പവും 5ജിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന കമ്പനിയായ എറിക്‌സണൊപ്പവും അടുത്ത തലമുറ വയര്‍ലെസ് നെറ്റ്‌വര്‍ക്കിങ് സുഗമമാക്കാന്‍ യത്‌നിക്കുകയാണെന്നാണ്. അവരോടൊപ്പം സാംസങ് മോട്ടറോള, നെറ്റ്ഗിയര്‍ തുടങ്ങിയ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ടന്നും വെളിപ്പെടുത്തി. സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍ 2019ല്‍ വിജയിപ്പിക്കുന്നതില്‍ ഇവരുടെയെല്ലാം സഹകരണം ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

പുതിയ പ്രൊസസര്‍ 7 നാനോമീറ്റര്‍ ഡിസൈന്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. മുന്‍ തലമുറയിലെ പ്രൊസസറുകളെ അപേക്ഷിച്ച് ഇത് കൂടുതല്‍ ശക്തവും ബാറ്ററി ഉപയോഗിക്കുന്നതില്‍ കൂടുതല്‍ കാര്യക്ഷമതയുളളതും ആയിരിക്കുമെന്ന് അവര്‍ പറഞ്ഞു. ആപ്പിളിന്റെ A12 ബയോണിക് പ്രോസസറും വാവെയുടെ കിരിന്‍ 980 പ്രോസസറും ഈ 7 നാനോമീറ്റര്‍ ഫുട്പ്രിന്റ് ഉള്ളവയാണ്.

മറ്റൊരു സുപ്രധാന ഫീച്ചര്‍ ക്വാല്‍കമിന്റെ നാലാം തലമുറ, മള്‍ട്ടി കോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എൻജിന് പുതിയ പ്രൊസസറില്‍ ഇടം നല്‍കിയിരിക്കുന്നുവെന്നതാണ്. മുന്‍ തലമുറയിലുള്ള പ്രൊസസറുകളെക്കാള്‍ മൂന്നു മടങ്ങ് പ്രകടനമികവ് പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു.

മറ്റൊരു അതിപ്രധാനമായ ഫീച്ചര്‍ പുതിയ ഇമേജ് സിഗ്നല്‍ പ്രൊസസറിന്റെ സാന്നിധ്യമാണ്. ക്വാല്‍കം ഇതിനെ കംപ്യൂട്ടര്‍ വിഷന്‍ എന്നാണ് വിളിക്കുന്നത്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിക്കും വിഡിയോ പിടിക്കലിനും ഉപകരിക്കത്തക്ക വിധത്തിലാണ് ഇത് വിഭാവനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ കമ്പനിയും ഗൂഗിളും ഇപ്പോള്‍ ഒന്നിലേറെ ഫോട്ടോകള്‍ എടുത്ത ശേഷം ഒരുമിപ്പിക്കുന്ന രീതിയിലുള്ള ഫൊട്ടോഗ്രഫി തന്ത്രമാണ് പിന്തുടരുന്നത്. കൂടുതല്‍ നിര്‍മാതാക്കള്‍ ഈ വഴിയിലേക്ക് കടന്നുവരുമെന്നും അവര്‍ക്കെല്ലാം തങ്ങളുടെ പുതിയ പ്രൊസസര്‍ സഹായകമാകുമെന്നും ക്വാല്‍കം കരുതുന്നു. ഇതോടെ, മൊബൈല്‍ ഫൊട്ടോഗ്രഫി അടുത്ത വര്‍ഷത്തെ ഫോണുകളില്‍ കുടുതല്‍ മെച്ചപ്പെടുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ലൈവ് 5ജി നെറ്റ്‌വര്‍ക്കുകളുടെ പ്രകടനവും ക്വാല്‍കമിന്റെ മീറ്റിങ്ങില്‍ കാണിച്ചു. സ്‌നാപ്ഡ്രാഗണ്‍ X50 5G എന്നു പേരിട്ട ഒരു 5ജി മോഡവും ക്വാല്‍കം QTM052 mmWave ആന്റിന മൊഡ്യൂളും കമ്പനി അവതരിപ്പിച്ചു.

ആപ്പിള്‍ അടുത്ത വര്‍ഷം 5ജി ഐഫോണുകളില്‍ കൊണ്ടുവന്നേക്കില്ല എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്. അവര്‍ 5ജി ശക്തിയുള്ള ഫോണുകള്‍ 2020യില്‍ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് കമ്പനിയുടെ കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്നവര്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA