sections
MORE

ഇന്ത്യയിലെ ആദ്യ 10ജിബി റാം സ്മാർട് ഫോൺ, അറിയണം ചില കാര്യങ്ങള്‍

oneplus-6t
SHARE

ഇന്ത്യയിലെ ആദ്യത്തെ 10ജിബി റാം സ്മാർട് ഫോണ്‍ അവതരിപ്പിക്കാന്‍ ഒപ്പോ, ഷവോമി തുടങ്ങി ഒരുപറ്റം നിര്‍മാതാക്കള്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാതെ പതുങ്ങിയിരുന്ന് വണ്‍പ്ലസ് അതങ്ങു ചെയ്തു! വണ്‍പ്ലസ് 6T മക്ലാരന്‍ എഡിഷനാണ് (OnePlus 6T McLaren Edition) ആദ്യമായി 10 ജിബി റാമുമായി ഇന്ത്യയിലെത്തിയ സ്മാര്‍ട് ഫോണ്‍. മറ്റു വിശേഷങ്ങള്‍ പരിശോധിക്കാം:

മക്ലാരന്‍ റെയ്‌സിങ് ലിമിറ്റഡുമായി ചേര്‍ന്നാണ് വണ്‍പ്ലസ് കമ്പനി ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ആമസോണ്‍ വഴിയാണ് ഫോണ്‍ വില്‍ക്കുന്നത്. പുതിയ ഫോണിന്റെ രൂപകല്‍പ്പന F1 മക്ലാരന്‍ റെയ്‌സിങ് ടീമാണ് ചെയ്തിരിക്കുന്നത്. ഫോണിന്റെ താഴെയും പിന്‍ഭാഗത്തെ ഗ്ലാസിലുമെല്ലാം ഈ അനുകരണം കാണാം. ഇതിനായി മക്ലാരന്റെ കാര്‍ബണ്‍ ഫൈബര്‍ ടെക്‌നോളജി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വണ്‍പ്ലസ് 6Tയെ പോലെ തന്നെയാണ് ഫോണിരിക്കുന്നത്. പിന്നിലുള്ള മക്ലാരന്‍ ബ്രാന്‍ഡിങ് മാത്രമാണ് അപവാദമായുള്ളത്.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, സ്‌നാപ്ഡ്രാഗണിന്റെ നിര്‍മാതാവായ ക്വാല്‍കമുമായി ഉണ്ടാക്കിയ പ്രത്യേക ഉടമ്പടിയിലൂടെയാണ് ഈ പ്രൊസസറിന് 10 ജിബി റാം സപ്പോര്‍ട്ടു ചെയ്യാനായത്. PCBA-ലെവലിലുള്ള ചില സോഫ്റ്റ്‌വെയര്‍ മാറ്റങ്ങളിലൂടെയാണ് ഇതു സാധിച്ചിരിക്കുന്നത്. ഇതിനായി ക്വാല്‍കം ഇടപെടുകയും ചെയ്തു.

10ജിബി റാം ഉണ്ടെന്നത് വണ്‍പ്ലസ് 6T 8 ജിബി റാമുള്ള ഫോണിനെക്കാള്‍ വലിയ പ്രകടനവ്യത്യാസമൊന്നും കാണാനാകുന്നില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിസൂക്ഷ്മമായി നോക്കിയാല്‍ ആപ്പുകള്‍ ലോഡു ചെയ്യുന്നതിലും മറ്റും അല്‍പം വേഗം കൂടുതല്‍ കണ്ടേക്കാമെന്ന് കമ്പനിയുടെ സിമോണ്‍ കോപെക് (Szymon Kopec) പറഞ്ഞു. 256 ജിബി സംഭരണ ശേഷിയുള്ള ഒരു മോഡല്‍ മാത്രമെ ഇറക്കുന്നുള്ളു.

മക്ലാരന്‍ എഡിഷന് ഡിസൈനില്‍ മാത്രമെ മാറ്റമുള്ളുവെന്നു തെറ്റിധരിക്കേണ്ട. വാര്‍പ് ചാര്‍ജ് 30 (Warp Charge 30) എന്ന പുതിയ ചാര്‍ജിങ് ടെക്‌നോളജിയും ഇതിലുണ്ട്. ഇതുവരെ ഇറങ്ങിയിരിക്കുന്ന മറ്റൊരു വണ്‍പ്ലസ് മോഡലിലും ഇതില്ല. ഒരു കസ്റ്റമൈസ്ഡ് ഇന്റര്‍ഫെയ്‌സാണ് മക്ലാരന്‍ എഡിഷന് നല്‍കിയിരിക്കുന്നത്. ഇതില്‍ ഡാര്‍ക് തീമാണ് ഡിഫോള്‍ട്ടായി സെറ്റു ചെയ്തു വന്നിരിക്കുന്നത്.

ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് മക്ലാരന്‍ തന്നെ നിര്‍മിച്ച കാര്‍ബണ്‍ ഫൈബര്‍ കെയ്‌സും ഫ്രീയായി ലഭിക്കും. പുതിയ ഗെയിം ബൂസ്റ്റ് മോഡാണ് മറ്റൊരു പ്രത്യേതക. വണ്‍പ്ലസ് 6Tയെക്കാള്‍ വേഗത്തില്‍ ഗെയിമുകള്‍ ലോഡാകും. ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും വിലകൂടിയ വണ്‍പ്ലസ് മോഡലാണിത്. 50,999 രൂപയാണ് വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA