sections
MORE

കടലിൽ മുങ്ങിയ നീലുവിനെ രക്ഷിച്ചത് ഐഫോൺ, ആ കഥ ടിം കുക്കും അറിഞ്ഞു

Shipwreck-survivor
SHARE

അശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കറിയാം വാട്ടര്‍പ്രൂഫ് ഫോണുകള്‍ എത്രമാത്രം ഉപകാരപ്രദമാണെന്ന്. കാപ്പിയും ജ്യൂസുമൊക്കെ അബദ്ധത്തിൽ വീഴിക്കുന്നവര്‍ ഫോണുകളുടെ വാട്ടര്‍ റെസിസ്റ്റന്‍സ് ശക്തിക്കു നന്ദി പറയും. എന്നാല്‍ ഐഫോണ്‍ 8 പ്ലസിന്റെ വാട്ടർപ്രൂഫ് ശക്തി കടലില്‍ പെട്ടുപോയ തന്റെ ജീവന്‍ രക്ഷിച്ച കഥയാണ് ഈ യുവതിക്കു പറയാനുള്ളത്.

റെയ്ചല്‍ നീല്‍ (28) തന്റെ ആൺ സുഹൃത്തും കൂട്ടുകാര്‍ക്കുമൊപ്പം ജപ്പാനിലെ ഒകിനാവയ്ക്കടുത്തുള്ള (Okinawa) ഒറ്റപ്പെട്ട ചില ദ്വീപുകള്‍ക്ക് സമീപത്തുകൂടെ ബോട്ട് വാടകയ്‌ക്കെടുത്തു സഞ്ചരിക്കുകയായിരുന്നു. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസി പ്രദേശത്തു നിന്ന് വെക്കേഷന്‍ ചിലവഴിക്കാനെത്തിയ നീലും മറ്റ് ഏഴുപേരും സഞ്ചരിച്ചിരുന്ന ബോട്ട് ചില്ലു പോലെ നിശ്ചലവും സുതാര്യവുമായി തോന്നിച്ച ജലത്തിലൂടെ പോകുകയായിരുന്നു. പക്ഷേ, പെട്ടെന്നു കടലിന്റെ സ്വഭാവം മാറി. തിരകള്‍ ബോട്ടിനെ എടുത്തുയര്‍ത്തി. തങ്ങളുടെ യാത്ര ദുഷ്‌കരമായേക്കുമെന്നു തോന്നിയെങ്കിലും വരാനിരിക്കുന്ന കാര്യങ്ങള്‍ ആര്‍ക്കും മുന്നില്‍ കാണാനായില്ല– നീല്‍ ഓര്‍ത്തെടുക്കുന്നു.

അധികം താമസിയാതെ ബോട്ടില്‍ വെള്ളം കയറിത്തുടങ്ങി. ബോട്ടിലുണ്ടായിരുന്നവര്‍ ഒന്നൊന്നായി കടലിലേക്ക് എടുത്തു ചാടി. ആറു വര്‍ഷം ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയില്‍ ജോലിയെടുത്തു പരിചയമുള്ള നീല്‍ എപ്പോഴും തന്റെ ഗോ ബാഗും ('go bag') എടുത്താണ് കടലില്‍ ചാടിയത്. ഗോബാഗില്‍ കുടിവെള്ളം, ചെറിയ ഫസ്റ്റ് എയ്ഡ് കിറ്റ്, പ്രോട്ടീന്‍ ബാറുകള്‍, പിന്നെ തന്റെ പ്രിയപ്പെട്ട ഐഫോണ്‍ എന്നിവയാണ് കരുതലെടുക്കുന്ന കാര്യത്തില്‍ വീഴ്ച്ചവരുത്താത്ത നീല്‍ സൂക്ഷിച്ചിരുന്നത്.

ആ പേടിപ്പെടുത്തുന്ന നിമിഷങ്ങളിലും താന്‍ കുനിഞ്ഞ് തന്റെ ഗോ ബാഗ് എടുത്തു, നീല്‍ പറയുന്നു. കടലില്‍പ്പെട്ട എട്ടു പേരും ഓരോ തരം വിഷമഘട്ടങ്ങളിലൂടെ കടന്നു പോയി. നീലും മൂന്നു പേരും ചുഴിയില്‍ കുടുങ്ങി. ഇരുപതു മിനിറ്റിനു ശേഷം അവര്‍ നാലു പേരും ഒരു തരത്തില്‍ കരപറ്റി. മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചുവെന്നു പോലും അറിയില്ലായിരുന്നു. അവരുടെ ബോട്ടോടിച്ചയാള്‍ക്ക് സുഗമമായി ജാപ്പനീസ് ഭാഷയറിയാമായിരുന്നു. നീലിന്റെ വെള്ളം കയറാത്ത ഐഫോണിലൂടെ അദ്ദേഹം അധികാരികളെ വിവരമറിയിച്ചു. സഹായമെത്താന്‍ വേണ്ടി കാത്തിരിക്കുമ്പോഴാണ് തങ്ങള്‍ പെട്ടുപോയ സാഹചര്യത്തെക്കുറിച്ച് ബോധമുണ്ടാകുന്നതെന്ന് നീല്‍ പറയുന്നു. ഇവർ സഞ്ചരിച്ചത് സ്രാവുകളുടെ വൻ ആക്രമണ ഭീഷണിയുള്ള ഭാഗത്തു കൂടിയായിരുന്നു. തുടര്‍ന്ന് ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡിന്റെ ബ്ലാക് ഹോക് ഹെലികോപ്ടര്‍ എത്തി നീല്‍ അടക്കം ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരും രക്ഷപെട്ടു.

സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ജീവന്‍ രക്ഷിച്ച സാങ്കേതികവിദ്യയ്ക്ക് ആപ്പിളിനു നന്ദിയറിയിച്ചു. കമ്പനിയുടെ മേധാവി ടിം കുക്ക് പറഞ്ഞത് നിങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു ('We are glad you're all safe.') എന്നാണ്.

വാട്ടര്‍പ്രൂഫിങ്

ഐഫോണ്‍ 7/7 പ്ലസ് മോഡലുകള്‍ മുതലുള്ള ഫോണുകള്‍ക്കാണ് ആപ്പിള്‍ വാട്ടർപ്രൂഫ് എന്ന വിശേഷണം നല്‍കിത്തുടങ്ങിയത്. സ്മാര്‍ട് ഫോണ്‍ വാട്ടര്‍പ്രൂഫിങ് ഐപി (IP) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. (ഇതിനെ ഇന്‍ഗ്രെസ് (ingress) പ്രൊട്ടക്‌ഷന്‍ റേറ്റിങ്, അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്‌ഷന്‍ റേറ്റിങ് എന്നു വിപുലപ്പെടുത്താം.)

ഐപി 67 റേറ്റിങ്ങുള്ള ഫോണുകള്‍ ഒരു മീറ്റര്‍ അല്ലെങ്കില്‍ 3.3 അടി വരെ താഴ്ചയുള്ള വെള്ളത്തില്‍ കിടന്നാലും പ്രതിരോധിക്കും. മുപ്പതു മിനിറ്റു വരെ കിടന്നാലും കുഴപ്പമില്ലെന്നാണ് പറയുന്നത്. ഐഫോണ്‍ 7/7 പ്ലസ്/ 8/8 പ്ലസ്/X/XR എന്നീ മോഡലുകള്‍ക്ക് ഈ റേറ്റിങ് ആണുള്ളത്.

എന്നാല്‍, ഐഫോണ്‍ Xs/Xs മാക്‌സ് എന്നീ മോഡലുകള്‍ക്ക് ഐപി 68 റേറ്റിങ് ആണു നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് 6.5 അടി താഴ്ചയുള്ള വെള്ളത്തില്‍ കുഴപ്പം വരില്ലെന്നാണ് പറയുന്നത്. മുപ്പതു മിനിറ്റു നേരത്തേക്കും പ്രശ്നമില്ല.

ഇത് ഐഫോണുകള്‍ക്കു മാത്രമാണോ?

ഒരിക്കലുമല്ല. സാംസങ് ഗ്യാലക്‌സി S9/നോട്ട് 9, വാവെയ് മെയ്റ്റ് 20 പ്രോ തുടങ്ങി വണ്‍പ്ലസ് 6T വരെയുള്ള ചില മോഡലുകളിലും ഇതു ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA