sections
MORE

തലയുടെ 3D ഫോട്ടോ ഉണ്ടെങ്കിൽ ആന്‍ഡ്രോയിഡ് ഫോണിന്റെ പൂട്ട് തുറക്കാം!

android-3d-printed-heads
SHARE

എല്ലാ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിയും ഒരുപോലെയല്ല. ഒരാളുടെ തലയുടെ 3D പ്രിന്റ് ഉണ്ടാക്കാന്‍ സാധിച്ചാല്‍ അയാളുടെ മുന്തിയ ആന്‍ഡ്രോയിഡ് ഫോണ്‍ പോലും അണ്‍ലോക്കു ചെയ്യാനായേക്കാമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്തായാലും, സാംസങ് ഗ്യാലക്‌സി S9, നോട്ട് 8, വണ്‍പ്ലസ് 6, എല്‍ജി G7 തിങ്ക് എന്നീ ഫോണുകള്‍ ഈ വിധത്തില്‍ തുറന്നു കഴിഞ്ഞു. എന്നാല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഫീച്ചര്‍ ആദ്യമായി ആപ്പിള്‍ കമ്പനിയുടെ സ്മാര്‍ട് ഫോണുകളില്‍ കൊണ്ടുവന്ന ഐഫോണ്‍ Xനോട് അത്തരം വേലത്തരമൊന്നും ചിലവാകുകയുമില്ല.

ഫോര്‍ബ്‌സിന്റെ (Forbes) സൈബര്‍ സുരക്ഷാ മാധ്യമപ്രവര്‍ത്തകനായ റ്റോമസ് ബ്രെവ്‌സ്റ്റര്‍ ആണ് സുപ്രധാന ആന്‍ഡ്രോയിഡ് ഫോണുകളിലെ പോലും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഫീച്ചര്‍ എത്ര ബാലിശമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. മുകളില്‍ പറഞ്ഞ നാല് ആന്‍ഡ്രോയിഡ് ഫോണുകളെയും ബ്രിട്ടനിലുള്ള തന്റെ സ്റ്റുഡിയോയില്‍ പരീക്ഷണ വിധേയമാക്കുകയായിരുന്നു. അവയുടെ പരാജയം അദ്ദേഹത്തെ അമ്പരപ്പിച്ചു. എന്നാല്‍, ഐഫോണ്‍ Xനോട് ഈ കളി ഏശുകയില്ലെന്നും അദ്ദേഹത്തിനു മനസ്സിലായി.

നാല് സുപ്രധാന ആന്‍ഡ്രോയിഡ് മോഡലുകളില്‍ ഏറ്റവും മോശം ഫേഷ്യല്‍ റെക്കഗ്നിഷനുള്ളത് വണ്‍പ്ലസ് 6 മോഡലിനാണ്. പ്രിന്റു ചെയ്ത മുഖം കാണിച്ചതേ തുറന്ന മോഡല്‍ വണ്‍പ്ലസ് 6 ആണ്. എന്നാല്‍, സാംസങ്ങിന്റെയും എല്‍ജിയുടെയും ഫോണുകള്‍ കുറച്ചു കൂടെ ഭേദപ്പെട്ട പ്രകടനമാണ് കാണിച്ചത്. ഇരു കമ്പനികളുടെ ഫോണുകളും ഈ അവസരത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഫിങ്ഗര്‍പ്രിന്റ് സ്‌കാനറിന്റെയത്ര നല്ല പ്രകടനം നടത്തിയേക്കില്ലെന്ന് എഴുതിക്കാണിച്ച ശേഷമാണ് കീഴടങ്ങിയത്. ടെസ്റ്റിനിടയില്‍ എല്‍ജി ഒരു സെക്യൂരിറ്റി അപ്‌ഡേറ്റ് അയയ്ക്കുക പോലും ചെയ്തുവെന്നും പറയുന്നു. ഇതിലൂടെ അവരുടെ മോഡലായ G7 തിങ്ക് അല്‍പ്പം കൂടെ സുരക്ഷിതമായിയത്രെ.

ടെസ്റ്റു ചെയ്ത ഫോണുകളില്‍ സുരക്ഷിതമായ ഫോണ്‍ എന്ന കിരീടം ഐഫോണ്‍ Xനേടുകയായിരുന്നു. ഈ ഫോണിനെ എളുപ്പത്തില്‍ കബളിപ്പിക്കാനാവില്ല എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഐഫോണ്‍ Xല്‍ ഉപയോഗിച്ചിരിക്കുന്ന, ആപ്പിളിന്റെ ട്രൂ ഡെപ്ത് ക്യാമറാ സിസ്റ്റം ഇത്തരം സാധ്യതകള്‍ കൂടെ പരിഗണിച്ചാണ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍, ഐഫോണ്‍ Xന് അവസരത്തിനൊത്ത് ഉയരാനായി.

ഈ ടെസ്റ്റ് നല്‍കുന്ന ഗുണപാഠമെന്താണെന്നു ചോദിച്ചാല്‍ മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലുമുള്ള മുഖം തിരിച്ചറിയല്‍ സിസ്റ്റങ്ങളും വിശ്വസിക്കാവുന്നവയല്ല എന്നാണ്. ആന്‍ഡ്രോയിഡ് ഫോണുകളേറെയും സോഫ്റ്റ്‌വെയറിനെ ആശ്രയിച്ചാണ് മുഖം തിരിച്ചറിയല്‍ നടത്തുന്നത്. എന്നാല്‍, ആപ്പിളാകട്ടെ സവിശേഷമായി നിര്‍മിച്ച തങ്ങളുടെ ട്രൂഡെപ്ത് (TrueDepth) ക്യാമറാ സിസ്റ്റത്തിന്റെ കഴിവില്‍ ആശ്രിയിക്കുന്നു. ആപ്പിള്‍ പറയുന്നത് ഈ സാങ്കേതികവിദ്യ മുഖത്തേ 30,000 അദൃശ്യ ബിന്ദുക്കളെ (dot) വിശകലനം ചെയ്താണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ നടത്തുന്നത്. ഇതിലൂടെ ഉപയോക്താവിന്റെ മുഖത്തിന്റെ കൃത്യതയുള്ള ഒരു ഡെപ്ത് മാപ് സൃഷ്ടിക്കുന്നു. ഒരു ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറപ്പെടുവിച്ചാണ് അതീവ കൃത്യതയുള്ള ഫോഷ്യല്‍ മാപ് ഉണ്ടാക്കുന്നത്. ഇതിലൂടെയാണ് ഐഫോണ്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. 2018ലെ ഐഫോണുകളായ Xs/Xs മാക്‌സ്/XR എന്നിവയില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഒന്നുകൂടെ ബലപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഫേഷ്യല്‍ റെക്കഗ്നിഷന്റെ കാര്യം പറയുമ്പോള്‍ വ്യാജ ഐഫോണുകളിലും, ഗ്യാലക്‌സി ഫോണുകളിലുമൊക്കെ ഈ ഫീച്ചറുള്ള കാര്യം ഓര്‍മിക്കുമല്ലോ. ഇതാണ് ഏറ്റവും രസകരമത്രെ. ഉപയോക്താവ് ആദ്യമായി മുഖം കാണിച്ചു കഴിയുമ്പോള്‍ മുഖം റെക്കോഡു ചെയ്തതായി അത്തരം ഫോണുകള്‍ പറയും. പിന്നീടാകട്ടെ, ആരുടെയെങ്കിലും ഒരു മുഖം കാണിച്ചാല്‍ ഫോണ്‍ തുറന്നു കിട്ടുകയും ചെയ്യുമത്രെ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA