sections
MORE

ആന്‍ഡ്രോയിഡ് ഫോണുകൾ കരുതിയിരിക്കുക, അവർ ഏതു നിമിഷവും ആക്രമിച്ചേക്കാം

moblile-use
SHARE

ലോകത്ത് ഇന്നുള്ള മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങളെക്കാള്‍ കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ആന്‍ഡ്രോയിഡ് ഒഎസിലാണ് എന്നാണു പുതിയ കണ്ടെത്തല്‍. അടുത്തിടെ നോക്കിയ പുറത്തു വിട്ട നോക്കിയ ത്രെറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (Nokia's Threat Intelligence Report 2018) പ്രകാരം ഗൂഗിളിന്റെ കീഴിലുള്ള ആന്‍ഡ്രോയിഡിനു നേരെ നടന്നിരിക്കുന്നത് 47 ശതമാനം ആക്രമണങ്ങളാണ്. ഇതാകട്ടെ വരും വര്‍ഷങ്ങളില്‍ വര്‍ധിക്കാനിടയുണ്ട്. എന്നാൽ, ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിനു നേരെ കേവലം 0.85 ശതമാനം ആക്രമണങ്ങളാണ് ഇതേ കാലയളവില്‍ നടന്നിരിക്കുന്നത്. അടുത്തകാലം വരെ സൈബര്‍ ക്രിമിനലുകള്‍ ആക്രമിച്ചു കളിച്ചിരുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസില്‍ ഇതേ കാലയളവില്‍ നടന്നിരിക്കുന്നത് 35.82 ശതമാനം മാള്‍വെയര്‍ ബാധയാണ്.

അടുത്തകാലം വരെ വിന്‍ഡോസ് കംപ്യൂട്ടറുകളെ ആക്രമിച്ചിരുന്നതിന്റെ ഒരു കാരണം അവ, മാക് ഒഎസിനെയും ലിനക്‌സിനെയും അപേക്ഷിച്ച് എണ്ണത്തില്‍ വളരെ കൂടുതലുണ്ട് എന്നതായിരുന്നുവെന്നു വാദമുണ്ട്. ആ വാദം വച്ചു നോക്കിയാൽ ആന്‍ഡ്രോയിഡിനെതിരെയുള്ള ആക്രമണങ്ങള്‍ വരും വര്‍ഷങ്ങളില്‍ വർധിക്കാം. കാരണം ഇന്നു ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ആണല്ലോ.

ആന്‍ഡ്രോയിഡിനെതിരെ ഏതെല്ലാം തരം ആക്രമണങ്ങളാണ് നടക്കുന്നത്? നോക്കിയയുടെ കണ്ടെത്തല്‍ പ്രകാരം, ഉപകരണം കേടുവരുത്താനുള്ള സോഫ്റ്റ്‌വെയര്‍ ആക്രമണങ്ങള്‍, വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ആക്രമണങ്ങള്‍, ഉപയോക്താവിന്റെ സമ്മതമില്ലാതെ പരസ്യം കാണിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി ആക്രമണങ്ങള്‍ നടത്തുന്നു. ഉപയോക്താക്കളെ കബളിപ്പിച്ച് പണം കൊടുക്കേണ്ട ചില സര്‍വീസുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യിപ്പിക്കും. ഉദാഹരണത്തിന് ഉടന്‍ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു പറയുകയും ഉപയോക്താവിനെ കൊണ്ടത് വാങ്ങിപ്പിക്കുകയും ചെയ്യുന്നു. യാതൊരു ഉപകാരവുമില്ലാത്ത ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോക്താവിനെക്കൊണ്ട് ഇന്‍സ്‌റ്റാള്‍ ചെയ്യിക്കുകയെന്നതാണ് ഒരു വിനോദം.

നോക്കിയയുടെ ഗവേഷണം പറയുന്നത് രണ്ടു കോടി ആന്‍ഡ്രോയിഡ് മാള്‍വെയര്‍ ആക്രമണങ്ങളാണ് 2018ല്‍ നടന്നിരിക്കുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 31 ശതമാനം വര്‍ധനയാണ് കാണിച്ചിരിക്കുന്നത്. സൈബര്‍ ആക്രമണകാരികള്‍ കൊട്ടാന്‍ ആഗ്രഹിക്കുന്ന ഇഷ്ട ചെണ്ടയായി മാറിക്കൊണ്ടിരിക്കുകയാണ് ആന്‍ഡ്രോയിഡ്.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനെതിരെ നടക്കുന്ന ബോട്ട്‌നെറ്റ് ആക്രമണങ്ങളും വര്‍ധിക്കുന്നതായി കാണിക്കുന്നു. സ്മാര്‍ട് സ്പീക്കറുകള്‍ മുതല്‍, കുട്ടികളെ നോക്കാന്‍ വയ്ക്കുന്ന യന്ത്ര സാമഗ്രികളെ വരെ ആക്രമണത്തിനിരയാക്കുന്നുവെന്നും കണ്ടെത്തലുകള്‍ പറയുന്നു. ബോട്ട്‌നെറ്റ് പ്രവര്‍ത്തനങ്ങള്‍ 78 ശതമാനത്തിലെത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മുന്‍വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയാണ്. 2016ലാണ് ഇത്തരം ആക്രമണങ്ങള്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.

android-p

സൈബര്‍ കുറ്റവാളികള്‍ കംപ്യൂട്ടറുകളില്‍ നിന്നു ഫോണുകളിലേക്ക് ശ്രദ്ധ തിരിക്കുന്നതായാണ് കാണുന്നത്. അതോടൊപ്പം ഐഒടി ഉപകരണങ്ങളെയും വെറുതെവിടുന്നില്ലെന്നും നോക്കിയ റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ പ്രമുഖനായ കെവിന്‍ മക്‌നമി പറയുന്നു. ഐഒടി ഉപകരണങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ തിടുക്കം കാണിക്കുന്നു. എന്നാല്‍, അവയുടെ സുരക്ഷയെക്കുറിച്ച് അവര്‍ വേവലാതിപ്പെടുന്നുമില്ല.

ഓണ്‍ലൈന്‍ വിവരങ്ങള്‍ എങ്ങനെ കൂടുതല്‍ സുരക്ഷിതമാക്കാം?

ഇരട്ട ഒതന്റിക്കേഷന്‍ രീതി സാധിക്കുന്നിടത്തെല്ലാം നിര്‍ബന്ധപൂര്‍വ്വം ശീലിക്കുക. ഇത്തരം സേവനം നല്‍കുന്ന വെബ്‌സൈറ്റുകളും സേവനങ്ങളും പ്രയോജനപ്പെടുത്തുക. യൂസര്‍ നെയിമിനും പാസ്‌വേഡിനും പുറമെ മറ്റൊരു ഒതന്റിക്കേഷന്‍ കൂടെ വരുമ്പോള്‍ അതു താരതമ്യേന കൂടുതല്‍ സുരക്ഷ നല്‍കുന്നു.

ഫോണ്‍ സുരക്ഷിതമാക്കുക

പബ്ലിക് വൈ-ഫൈ, ഫ്രീ വൈ-ഫൈ തുടങ്ങിയവ വിവേകത്തോടെ മാത്രം ഉപയോഗിക്കുക. സ്‌ക്രീന്‍ ലോക്കിടുന്നത് ചില സന്ദര്‍ഭങ്ങളില്‍ ഉപകാരപ്രദമാകാം. ചില തട്ടിപ്പുകാര്‍, സുരക്ഷിതമായ ഫോണുകളെ പാടെ ഒഴിവാക്കിയാണ് തങ്ങളുടെ നീക്കങ്ങള്‍ നടത്തുന്നതത്രെ. ആന്റി മാള്‍വെയര്‍ പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതും ഉപകരിച്ചേക്കാം.

google-android

അലേര്‍ട്ടുകള്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യുക

ബാങ്കില്‍ നിന്നും മറ്റു പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും മറ്റും നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടു നടക്കുന്ന നീക്കങ്ങള്‍ എസ്എംഎസ്, അല്ലെങ്കില്‍ ഇമെയില്‍ അലേര്‍ട്ടുകളിലൂടെ അറിയാന്‍ സാധ്യതയുണ്ടെങ്കില്‍ അത് സബ്‌സ്‌ക്രൈബ് ചെയ്യുക. ഇത്തരും നോട്ടിഫിക്കേഷനുകള്‍ എപ്പോഴും പരിശോധിക്കുക.

ഓണ്‍ലൈനിലൂടെ നടത്തുന്ന പണമിടപാടുകള്‍ സുരക്ഷിതമാക്കുക

മുകളില്‍ പറഞ്ഞ അലേര്‍ട്ട് ഇതിന് ഒരു പരിധിവരെ പരിഹാരമാണ്. നിങ്ങളുടെ കാര്‍ഡ് ഓണ്‍ലൈനില്‍ ഉപയോഗിച്ചതായി അറിഞ്ഞാല്‍ അലേര്‍ട്ട് ലഭിക്കണം. ഓണ്‍ലൈനില്‍ ഉപയോഗിക്കാനുള്ള പണത്തിന് പരിധി വയ്ക്കുന്നതും ഗുണം ചെയ്‌തേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA