sections
MORE

2018 ഏറ്റെടുത്ത 10 ഫോണുകൾ: ജിയോ ഫോൺ 2 മുതൽ റെഡ്മി നോട്ട് 5 പ്രൊ വരെ

Xiaomi-Redmi-y2
SHARE

പുതുപുത്തന്‍ ഫീച്ചറുകളുമായി സ്മാര്‍ട് ഫോണുകളുടെ കുത്തൊഴുക്കിനു സാക്ഷ്യം വഹിച്ച ഒരു വര്‍ഷമാണ്‌ കടന്നുപോകുന്നത്. നിലവിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് പുറമേ, റിയല്‍മി തുടങ്ങിയ പുതിയ ബ്രാന്‍ഡുകളും ഇന്ത്യന്‍ വിപണിയില്‍ സജീവ സാന്നിധ്യമായി. 2018 ല്‍ പുറത്തിറങ്ങിയ ഏറ്റവും ജനപ്രിയമായ 10 സ്മാര്‍ട് ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെബ്‌ സേര്‍ച്ചിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

10. ജിയോ ഫോണ്‍ 2

തകര്‍പ്പന്‍ പ്ലാനുകളും വ്യാപകമായ 4ജി വോള്‍ട്ടി നെറ്റുവര്‍ക്കുമായി ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം തീര്‍ത്ത ജിയോ, 4ജി വോള്‍ട്ടി സേവനങ്ങള്‍ രാജ്യത്തെ മഹാഭൂരിപക്ഷത്തിലേക്കും എത്തിക്കാനുള്ള ശ്രമമാണ് ജിയോ ഫോണിലൂടെ നടത്തിയത്. വലിയ ക്വര്‍ട്ടി കീപാഡും വലിയ ഡിസ്പ്ലേയുമായി എത്തിയ ജിയോ ഫോണ്‍ 2ന് വിപണി പിടിച്ചെടുക്കാൻ കഴിഞ്ഞു.

jiophone-2

വാട്സാപ്, യുട്യൂബ്, ഫെയ്സ്ബുക് പോലെയുള്ള ജനപ്രിയ ആപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നതാണ് ജിയോ ഫോണ്‍ 2ന്റെ ഏറ്റവും വലിയ പ്രത്യേകത. 2,999 രൂപ വിലയുള്ള ഈ ഫോണ്‍ ജിയോ ഡോട്ട്‌കോം വഴിയും അംഗീകൃത ജിയോ ഔട്ട്‌ലെറ്റുകള്‍ വഴിയും വാങ്ങാവുന്നതാണ്.

9. ഒപ്പോ എഫ്7

oppo-f7-7

ഈ പട്ടികയില്‍ ഇടംപിടിക്കുന്ന മറ്റൊരു സെല്‍ഫി കേന്ദ്രീകൃത ഫോണാണ് ഒപ്പോ എഫ്7. ഈ വില നിലവാരത്തില്‍, സെന്‍സ് എച്ച്ഡിആര്‍ മോഡ്, എഐ ബ്യൂട്ടി മോഡ് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളോടെ ലഭിക്കുന്ന മികച്ച സെല്‍ഫി ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ശേഷിയുള്ള ചിപ്സെറ്റ്, മികച്ച ബാറ്ററി ലൈഫ്, ഉജ്ജ്വലമായ ഡിസ്പ്ലേ എന്നിവയും ഒപ്പോ എഫ്7 ന്റെ പ്രത്യേകതയാണ്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കുന്നത്. യഥാക്രമം 20,000 രൂപയും 24,000 രൂപയുമാണ് വില.

8. റിയല്‍മി 1

ബജറ്റ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഷവോമിയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് റിയല്‍ മി എന്ന സബ്-ബ്രാന്‍ഡ്‌ ഒപ്പോ അവതരിപ്പിച്ചത്. ഇപ്പോള്‍ സ്വതന്ത്ര കമ്പനിയായി മാറിയ റിയല്‍ മി ആദ്യമായി അവതരിപ്പിച്ച ഫോണാണ് റിയല്‍ മി 1. യുണീക് ഫൈബര്‍ ഗ്ലാസ് ഡിസൈന്‍, ശക്തമായ പ്രകടനം, മികച്ച ബാറ്ററി തുടങ്ങിയ സവിശേഷതകളോടെ എത്തിയ ഈ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കി. ക്യാമറകളുടെയും ഒഎസിന്റെയും പ്രകടനം മതിപ്പുളവാക്കുന്നതല്ലെങ്കിലും പണത്തിനൊത്ത മൂല്യം നല്‍കുന്ന സ്മാര്‍ട് ഫോണ്‍ തന്നെയാണ് റിയല്‍ മി 2.

oppo-realme-1-

റിയല്‍ മി 1 ന്റെ 3 ജിബി റാം/ 32 ജിബി റാം വേരിയന്റ് 8,990 രൂപ പ്രൈസ് ടാഗിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ റിയല്‍ മി 2 വിന് അവസരം നല്‍കുന്നതിനായി 3 ജിബി റാം വേരിയന്റ് കമ്പനി പിന്‍വലിച്ചു. ഇപ്പോള്‍ 4 ജിബി റാം വേരിയന്റ് മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. 10,990 രൂപയാണ് വില.

7. അസുസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം1

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ അസുസിന്റെ പുനര്‍ജനത്തിന് തുടക്കമിട്ട ഫോണാണ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം1. തകര്‍പ്പന്‍ വിലയോടെയെത്തിയ ഈ സ്മാര്‍ട് ഫോണ്‍ റിവ്യൂകളില്‍ മികച്ച റേറ്റിങ് നേടി. വലിയ 4000 എംഎഎച്ച് ബാറ്ററി, ഉജ്ജ്വലമായ 5.99 ഇഞ്ച്‌ ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്നാപ്ഡ്രാഗണ്‍ 636 ചിപ്സെറ്റ് എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍.

asus-zenfone-max-pro-m1-

വിവിധ വേരിയന്റുകളില്‍ അസുസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം1. 3 ജിബി റാം 32 ജിബി സ്റ്റോറേജ് അടിസ്ഥാന പതിപ്പിന് 8,999 രൂപയും 6 ജിബി റാമോടു കൂടിയ, കൂടുതല്‍ മെച്ചപ്പെട്ട ക്യാമറയോടെ വരുന്ന 64 ജിബി പതിപ്പിന് 12,999 രൂപയുമാണ് വില.

6. ഷവോമി മി എ2

Mi-A2-

ഷവോമിയില്‍ നിന്നുള്ള ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട് ഫോണായ ഷവോമി മി എ1 ന്റെ പിന്‍ഗാമിയാണ് ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ഷവോമി മി എ2. ശക്തമായ സ്നാപ് ഡ്രാഗണ്‍ പ്രോസസറും ബ്ലോട്ട് വെയറുകള്‍ ഇല്ലാത്ത ക്ലീനായ സോഫ്റ്റ്‌വെയര്‍ പാക്കേജും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. സ്പഷ്ടവും ഉജ്ജ്വലവുമായ ഡിസ്പ്ലേയും ക്യാമറകളും ഈ വില നിലവാരത്തില്‍ ലഭിക്കുന്നുവെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ബേസ് വേരിയന്റായ 4 ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപയാണ് വില.

5. വിവോ വി9

vivo-v9

നോച് ഡിസ്പ്ലേയോടെ ഇന്ത്യയിലെത്തിയ ആദ്യത്തെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണാണ് വിവോ വി9. യുഎസ്ബി സി പോര്‍ട്ട്‌ ഇല്ലാത്തതും കുറഞ്ഞ വെളിച്ചത്തിലെ ക്യാമറയുടെ പ്രകടനവും ഈ സ്മാര്‍ട് ഫോണിന്റെ ന്യൂനതയാണ്. നിരവധി ഫീച്ചറുകള്‍ അടങ്ങിയ സോഫ്റ്റ്‌വെയര്‍ പാക്കേജും ശരാശരിയ്ക്ക് മുകളില്‍ പ്രകടനം കാഴ്ച വയ്ക്കുന്ന ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 626 SoC പ്രോസസറും കണ്ണിനെ പിടിച്ചുനിര്‍ത്തുന്ന ഡിസൈനും ഈ ഫോണിന്റെ വേറിട്ടു നിര്‍ത്തുന്നു. വിപണിയില്‍ മറ്റു ഓപ്ഷനുകള്‍ ലഭ്യമാണെങ്കിലും ഇപ്പോഴും വാങ്ങാവുന്ന ഒരു മികച്ച സ്മാര്‍ട് ഫോണ്‍ തന്നെയാണ് വിവോ വി9.

4. ഷവോമി റെഡ്മി നോട്ട് 5

mi-note-5

2018 ല്‍ ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യത്തെ ഫോണുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 5. മികച്ച നിലവാരത്തിലുള്ള നിര്‍മാണവും ബാറ്ററി ലൈഫും ശരാശരിയ്ക്ക് മുകളില്‍ നില്‍ക്കുന്ന ക്യാമറ നിലവാരവും ഇതിന്റെ പ്രധാന സവിശേഷതകളാണ്. എംഐയുഐയിലെ ബ്ലോട്ട് വെയറുകള്‍ നിരന്തരം പരാതിയ്ക്ക് ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ ഈ ഫോണിന് പകരക്കാരനായി ഷവോമി റെഡ്മി 6 പ്രൊയെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

3. ഷവോമി റെഡ്മി വൈ2

redmi-y2-

ഈ പട്ടികയിലെ അഞ്ച്‌ ഷവോമി സ്മാര്‍ട് ഫോണുകളില്‍ ഒന്നാണ് റെഡ്മി വൈ2. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു സ്മാര്‍ട് ഫോണാണിത്. എഐ പിന്തുണയുള്ള 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, വിവിധ ലൈറ്റിങ് സാഹചര്യങ്ങളില്‍ മികച്ച ചിത്രങ്ങള്‍ നല്‍കുന്നു. പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, മികച്ച ബാറ്ററി ലൈഫ് എന്നിവയും ഈ സ്മാര്‍ട് ഫോണിന്റെ മികച്ച ഒരു പാക്കേജാക്കുന്നുണ്ട്.

ഈ വിലനിലവാരത്തില്‍, ഇതേ പ്രകടനം കാഴ്ചവയ്ക്കുന്ന സെന്‍ഫോണ്‍ മാക്സ് പ്രൊ എം1, റിയല്‍ മി 1 പോലെയുള്ള ഫോണുകള്‍ ലഭ്യമാണെങ്കിലും പക്ഷേ, മറ്റെന്തിനെക്കാളും സെല്‍ഫികള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നവര്‍ക്ക് പറ്റിയ ഒരു മികച്ച ഓപ്ഷനാണ് റെഡ്മി വൈ2.

2. ഷവോമി റെഡ്മി 6 പ്രൊ

Xiaomi-Redmi-Note-6-Pro

മികച്ച ബാറ്ററി ലൈഫ്, മികച്ച ബില്‍ഡ് ക്വാളിറ്റി, പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ്‌ സ്ലോട്ട്, തെളിച്ചവും ഉജ്വലവുമായ ഡിസ്പ്ലേ എന്നിവയാണ് റെഡ്മി നോട്ട് 6 പ്രൊയുടെ പ്രധാന പ്രത്യേകതകള്‍. രണ്ട് വേരിയന്റുകളില്‍ ആണ് ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാകുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിനു 10,999 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില.

ഇപ്പോള്‍ ഏറെ ഡിമാന്‍ഡുള്ള 'നോച്' ഫീച്ചറോടെ വരുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ എന്ന പ്രത്യേകതയും റെഡ്മി നോട്ട് 6 പ്രോയ്ക്കുണ്ട്.

1. ഷവോമി റെഡ്മി നോട്ട് 5 പ്രൊ

Xiaomi-Redmi-Note-5-Pro

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സ്മാർട് ഫോണാണ് 'ഷവോമി റെഡ്മി നോട്ട് 5 പ്രൊ' എന്നതില്‍ ഒരു അദ്ഭുതവുമില്ല. മികച്ച ഡുവല്‍ ക്യാമറകളും നല്ല ബില്‍ഡ് ക്വാളിറ്റിയും മെറ്റല്‍ ഡിസൈനും മതിപ്പുളവാക്കുണ സവിശേഷതകളും ഈ സ്മാര്‍ട് ഫോണിനെ ഒരു ആള്‍റൗണ്ടറാക്കുന്നു. യുഎസ്ബി സി പോർട്ടിന്റെ അഭാവവും എംഐയുഐയിലെ ബ്ലോട്ട് വെയറുകളും ചെറിയ ന്യൂനതയാണ്. എഐ പിന്തുണയുള്ള പുതിയ 'നോച്ഡ്' ഫോണുകള്‍ റെഡ്മി നോട്ട് 5 പ്രൊയെ മറികടന്നേക്കാം. എങ്കിലും ഇപ്പോഴും വാങ്ങാവുന്ന ഒരു മികച്ച ഫോണ്‍ തന്നെയാണിത്. പ്രതേകിച്ചും പുതിയ വിലയായ 12,999 രൂപയ്ക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA