sections
MORE

ചൈന കൈവിട്ടു, ഇന്ത്യ പിടിക്കണമെങ്കില്‍ വിലകുറച്ച് ഐഫോണ്‍ ഇറക്കണം, അവരതു ചെയ്യുമോ?

tim-cook-modi
SHARE

വന്‍ വളര്‍ച്ചാ സാധ്യതയുള്ള ചൈനയില്‍ ആപ്പിളിന്റെ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കമ്പനിയുടെ വളര്‍ച്ചമുറ്റിക്കഴിഞ്ഞു. എന്നാല്‍ അമിത ഐഫോണ്‍ ആസക്തിയുള്ള രാജ്യമായ ഇന്ത്യയില്‍ കമ്പനി പടിക്കു വെളിയില്‍ നില്‍ക്കുകയുമാണ്. ഇവിടെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിന്റെ സാന്നിധ്യം രണ്ടു ശതമാനത്തില്‍ താഴെയാണ്. ഇതിന്റെ കാരണവും വ്യക്തമാണ്. ഐഫോണ്‍ ആഗ്രഹം അടക്കിപ്പിടിച്ചു കൊണ്ടുനടക്കുന്ന വലിയൊരു ശതമാനം ആളുകളുടെയും വാര്‍ഷിക വരുമാനത്തേക്കാളേറെയാണ് ഏറ്റവും വിലകൂടിയ ഐഫോണിനിട്ടിരിക്കുന്ന എംആര്‍പി. ഐഫോണ്‍ SE പോലെയുള്ള മോഡലുകള്‍ വിലകുറച്ചു ലഭിക്കുമെങ്കിലും അതിനുപോലും നല്‍കേണ്ടിവരുന്നതില്‍ കുറഞ്ഞ വിലയക്ക് കൂടുതല്‍ ഫീച്ചറുകളുള്ള ഫോണുകള്‍ ഷവോമിയും പാര്‍ട്ടികളും ഇട്ടിരിക്കുന്ന വിലയേക്കാള്‍ കൂടുതലാണ്. കൂടുതല്‍ വില നല്‍കി, കുറച്ചു ഫീച്ചറുകളുള്ള, താഴ്ന്ന ഐഫോണ്‍ മോഡല്‍ വാങ്ങാതിരിക്കുന്നതിലൂടെ തെളിയുന്നത് ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ സ്മാര്‍ട് ആണെന്നതുമാണ്.

വില കൂടാതെ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കു ചുമത്തപ്പെടുന്ന തീരുവയും ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോറുകളെത്തി പ്രചാരം നേടാത്തതും രൂപയുടെ മൂല്യത്തകര്‍ച്ചയുമെല്ലാം ആപ്പിളിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അതേസമയം, ആപ്പിളിന്റെ ആഗോള പ്രതിയോഗിയായ സാംസങ്ങും ചൈനീസ് കമ്പനിയായ ഷവോമിയും ഇന്ത്യയില്‍ തങ്ങളുടെ വില്‍പ്പന കുതിക്കുകയുമാണ്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന രണ്ടു സ്മാര്‍ട് ഫോണില്‍ ഒന്ന് ഇതിലേതെങ്കിലും കമ്പനിയുടേതായിരിക്കും. അതായത് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഫോണുകളില്‍ നേര്‍പകുതി ഇവര്‍ രണ്ടുപേരും കൂടെ പങ്കിടുന്നു. മുടക്കുമുതലിന് മൂല്യം ലഭിച്ചുവെന്ന തോന്നലുളവാക്കാന്‍ സാധിക്കുന്ന ഹാന്‍ഡ്‌സെറ്റുകളാണ് ഇരു കമ്പനികളും ഇവിടെ ഇറക്കുന്നതെന്നും കാണാം. ഗുണനിലവാരവും വിലയും ഇന്ത്യയിലെ ശരാശരി ഉപയോക്താവിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സമ്മേളിപ്പിക്കാന്‍ ഇരു കമ്പനികള്‍ക്കുമാകുന്നു. കൂടാതെ രണ്ടു കമ്പനികളും ഇന്ത്യയില്‍ തന്നെ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നുവെന്നതും അവര്‍ക്ക് ഗുണകരമാകുന്നു.

ആപ്പിളും ഇന്ത്യയില്‍ ഫോണ്‍ നിര്‍മാണം 2017ല്‍ തുടങ്ങിയിരുന്നു. ഐഫോണ്‍ SE, 6എസ് എന്നീ മോഡലുകളാണ് ബെംഗളൂരു അടുത്തുള്ള പ്ലാന്റില്‍ നിര്‍മിച്ചിറക്കുന്നത്. ഇത് നല്ല രീതിയില്‍ പോകുന്നുവെന്നാണ് ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞത്. എന്നാല്‍ താമസിയാതെ ആപ്പിള്‍ മുന്തിയ ഹാന്‍ഡ്‌സെറ്റുകളും ഇന്ത്യയില്‍ നിര്‍മാണം തുടങ്ങാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് ഈ വര്‍ഷം തന്നെ തുടങ്ങിയേക്കാം. എന്നാല്‍ ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണ പാര്‍ട്ണറായ ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലുള്ള ഫാക്ടറിയില്‍ 2019ല്‍ തന്നെ ഐഫോണ്‍ നിര്‍മാണം തുടങ്ങുമെന്ന വാര്‍ത്തയെക്കുറിച്ച് ആപ്പിളും ഫോക്‌സ്‌കോണും പ്രതികരിക്കാന്‍ വിസമ്മതിച്ചു.

എന്നാല്‍, ഇത്തരമൊരു നീക്കമുണ്ടെങ്കില്‍ അത് ഐഫോണ്‍ വില കുറച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ ആപ്പിളിനെ അനുവദിച്ചേക്കും. ഡോളറിനനുസരിച്ചുള്ള രൂപയുടെ ചാഞ്ചാട്ടം ഇന്ത്യയിലെ വിലയെ ബാധിക്കില്ലെന്നതും ഇറക്കുമതി തീരുവ ഒഴിവാക്കാനായേക്കുമെന്നതും (ഫോണിന്റെ ഘടക ഭാഗങ്ങളാണോ ഇന്ത്യയില്‍ നിര്‍മിക്കുക, അതോ അസംബ്ലിങ് മാത്രമാണോ തുടങ്ങിയ കാര്യങ്ങളൊന്നും ഇനിയും വ്യക്തമല്ല) വില കുറയ്ക്കാന്‍ അനുകൂല ഘടകങ്ങളായിരിക്കാം. പുതിയ നികുതി മൂലം കഴിഞ്ഞ വര്‍ഷം മാത്രം ഐഫോണുകള്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ അമേരിക്കയിലെ വിലയുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയില്‍ ഐഫോണ്‍ XSന് 430 ഡോളര്‍ അധികമായി നല്‍കേണ്ടിവരുന്നുവെന്നു കാണാം.

ചൈനയ്ക്കു പിന്നില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നടന്നിരുന്ന ചൈനയിലെ തുടര്‍ച്ചയായ വളര്‍ച്ചാ ഘട്ടം അവസാനിക്കുകയാണ്. ഇന്ത്യയിലാകട്ടെ ഏകദേശം 900 ദശലക്ഷം പേർ സ്മാര്‍ട് ഫോണ്‍ വാങ്ങാൻ തയാറായി നില്‍ക്കുകയുമാണ്. ആപ്പിളിനെ നോക്കുകുത്തിയാക്കി നിർത്തി അവരുടെ എതിരാളികള്‍ ഇന്ത്യക്കാരുടെ കാശുവാങ്ങി കീശയിലാക്കുന്നുമുണ്ട്. ഈ അന്തരം കുറയ്ക്കാനാകുമെന്നാണ് കുക്ക് കണക്കുകുട്ടുന്നത്. ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഒന്ന് നിര്‍മാണ വസ്തുക്കളില്‍ 30 ശതമാനമെങ്കിലും ഇന്ത്യയില്‍ നിന്നു തന്നെ സംഭരിക്കണമെന്നാണ്. അതെങ്കിലുമൊന്ന് ഇളവു ചെയ്തു തരണമെന്ന ആപ്പിളിന്റെ അഭ്യര്‍ഥനയിലും ഇതുവരെ തീര്‍പ്പു കല്‍പ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് കമ്പനിയുടെ കുതിപ്പിനു തടസ്സം സൃഷ്ടിക്കുന്നതത്രെ. ആപ്പിള്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യ അനുവദിക്കാത്തതും കമ്പനിയ്ക്ക് പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്നു. എന്നാല്‍ ഇതെല്ലാം സമീപഭാവിയില്‍ തന്നെ മാറിയേക്കുമെന്ന് കുക്ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയാല്‍ ഒരോ ഐഫോണിനും ഏതിനും പതിനായിരം രൂപ കുറഞ്ഞേക്കും. ഇപ്പോള്‍ ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ XSന്റെ വില 1,430 ഡോളറും ഇന്ത്യക്കാരുടെ ശരാശരി വാര്‍ഷികവരുമാനം 2,000 ഡോളറുമാണെന്നു കാണാം. ഐഫോണ്‍ XS മാക്‌സിന്റെ വിലകൂടിയ മോഡല്‍ വില്‍ക്കുന്നത് 2,079 ഡോളറിനാണ്! എന്നാല്‍, ആപ്പിള്‍ ഇന്ത്യയില്‍ അടുത്തകാലത്ത് ഒരു വിജയമാകണമെങ്കില്‍ ഒരു വില കുറഞ്ഞ ഐഫോണ്‍ എത്തിക്കുക തന്നെ വേണമെന്നാണ് വിപണി പഠനം നടത്തുന്ന കമ്പനിയായ ഫിച് സൊലൂഷന്‍സ് ( Fitch Solutions) പറയുന്നത്. അര്‍ഥവത്തായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആപ്പിളിനു മുന്നില്‍ അതേ വഴിയുള്ളുവെന്ന് അവര്‍ പറയുന്നു.

ഐഫോണ്‍ SE/6s മോഡലുകള്‍ക്ക് യഥാക്രമം 270 ഡോളറും 430 ഡോളറുമാണ് വില. എന്നാല്‍ ഇന്ത്യയിലെ ശരാശരി സ്മാര്‍ട് ഫോണ്‍ വില 160 ഡോളറാണ്. അമേരിക്കയ്ക്കു വെളിയില്‍ ഐഫോണുകള്‍ക്ക് കൂടുതല്‍ വിലയിടുക എന്ന രീതിയും കമ്പനിക്കു വിനയായിട്ടുണ്ട്. ഇന്ത്യ പോലെയുള്ള വിപണിയില്‍ ചലനമുണ്ടാക്കണമെങ്കില്‍ വിലയിടുന്ന കാര്യത്തില്‍ മാറ്റം വരുത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA