sections
MORE

ആപ്പിള്‍ എതിരാളികള്‍ക്കൊപ്പം ചേരുമോ? പുതിയ ഫീച്ചര്‍ ഐഫോണിലും?

iphone-2018
SHARE

ടെക്‌നോളജി കമ്പനികളില്‍ ഒരുതലം മുന്നിലാണ് ആപ്പിള്‍ എന്നാണ് വിശ്വാസം. അവരുടെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് നിരാശപ്പെടുത്തുന്നതാണെന്ന തിരിച്ചറിവില്‍ എതിരാളികള്‍ കൊണ്ടുവന്ന പുതിയ ഒരു ഫീച്ചര്‍ ആപ്പിൾ ഫോണുകളിലും കൊണ്ടുവരാന്‍ കമ്പനി ഒരുങ്ങിയേക്കും. എസ്എംഎസുകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ മറ്റു കമ്പനികള്‍ക്കൊപ്പം ആപ്പിളും ചേര്‍ന്നേക്കുമെന്നാണ് വാര്‍ത്ത. അവരുടെ എതിരാളികളായ മൈക്രോസോഫ്റ്റും ഗൂഗിളും വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് 'റിച് കമ്യൂണിക്കേഷന്‍ സര്‍വീസസ്' (ആര്‍സിഎസ്) എന്ന പുതിയ എസ്എംഎസ് സന്ദേശമയക്കല്‍ രീതി. കാലവും സാങ്കേതികവിദ്യയും മാറിയെങ്കിലും പഴമയില്‍ പൂണ്ടു കിടക്കുന്ന ഒന്നാണ് എസ്എംഎസ്. ഇതിന്റെ പുനരുജ്ജീവനത്തിനായി എന്താണ് ഉത്തമം? ആപ്പിള്‍ മറ്റു കമ്പനികള്‍ക്കൊപ്പം ചേരുമോ? നോക്കാം.

തങ്ങള്‍ എതിരാളികള്‍ക്കൊപ്പം ചേരുമെന്ന് ആപ്പിള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 'ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍സ് അസോസിയേഷന്‍,' അഥവാ 'ജിഎസ്എംഎ'യുമായി ആപ്പിള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണൂറോളം മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെയും മുന്നൂറോളം കമ്പനികളുടെയും കൂട്ടായ്മയാണ് ജിഎസ്എംഎ. ഐഒഎസിലും പ്രധാന മെസേജിങ് സംവിധാനമായി ആര്‍സിഎസിനെ നിയോഗിക്കാനുള്ള അവരുടെ താൽപര്യം കമ്പനി ചര്‍ച്ച ചെയ്തിരിക്കാമെന്നാണ് സൂചനകള്‍. എസ്എംഎസ് എന്ന മെസേജിങ് സംവിധാനം 2ജിയുടെ കാലത്ത് തുടങ്ങിയതാണെന്ന് ഓര്‍ക്കുക.

5ജിയെ സ്വാഗതം ചെയ്യാനൊരുങ്ങുമ്പോഴും ഈ പരിമിതമായ രീതി പിന്തുടരുന്നത് ടെക് കമ്പനികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. 2ജിക്കപ്പുറത്തേക്ക്, എസ്എംഎസിനപ്പുറത്തേക്ക് സന്ദേശമയക്കലിനെ കൊണ്ടു ചെല്ലാനാണ് മൈക്രോസോഫ്റ്റും ഗൂഗിളും മുന്നിട്ടിറങ്ങി ശ്രമിക്കുന്നത്. ആപ്പിള്‍ അവരോടൊപ്പം ചേര്‍ന്നാല്‍ സന്ദേശമയക്കല്‍ പുതിയ തലത്തിലേക്കുയരും. ലോകത്തെ പല ഓപ്പറേറ്റര്‍മാരും ആപ്പിളിനോട് ആര്‍സിഎസില്‍ പങ്കാളിയാകണമെന്ന് അവശ്യപ്പെട്ടു കഴിഞ്ഞു.

ആപ്പിള്‍ പുതിയ നീക്കത്തൊടൊപ്പം നില്‍ക്കുമെന്നു തന്നെയാണു സൂചനകള്‍. പക്ഷേ, ഏതുവര്‍ഷമായിരിക്കും അവര്‍ കടന്നുവരിക എന്നത് ഇപ്പോഴും പ്രവചനീയമല്ല. ജിഎസ്എംഎയും ആപ്പിളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.

എങ്ങനെയാണ് എസ്എംഎസിനു പുതുജീവന്‍ നല്‍കുന്നത്?

റിച് കമ്യൂണിക്കേഷന്‍ സര്‍വീസസിനെ വിശേഷിപ്പിക്കുന്നത് 'അടുത്ത തലമുറയിലെ എസ്എംഎസ്' എന്നാണ്. മള്‍ട്ടിമീഡിയ മെസേജുകള്‍, ഫയല്‍ ഷെയറിങ്, ഗ്രൂപ് അല്ലെങ്കില്‍ സിംഗിൾ ചാറ്റ്, ലൊക്കേഷന്‍ ഷെയറിങ്, ഓഡിയോ മെസേജിങ് തുടങ്ങി നിരവധി പുതുമകളോടെയാണ് മൊബൈല്‍ ഫോണുകളിലെ മെസേജിങ് സംവിധാനം പുനരാരംഭിക്കാന്‍ പോകുന്നത്.

പുതിയ സംവിധാനത്തിനായി യത്‌നിക്കുന്ന കമ്പനികളിലൊന്നായ ഗൂഗിള്‍ അവരുടെ അലോയുടെ (Allo) പണി നിർത്തിക്കഴിഞ്ഞു. ഗൂഗിള്‍ ഹാങ്ഔട്‌സും (Hangouts) 2020 യില്‍ നിർത്തുമെന്നു പറയുന്നു. മുഴുവന്‍ ശ്രദ്ധയും പുതിയ മെസേജിങ് സംവിധാനമായ ആര്‍സിഎസിന്‍ ചെലുത്താനാണ് കമ്പനി ഇതു ചെയ്യുന്നത്. സ്മാര്‍ട് ഫോണുകളിലെ ഡിഫോള്‍ട്ട് മെസേജിങ് സംവിധാനം ഇതായി തീരുമെന്നാണ് കരുതുന്നത്. 2019 അവസാനമോ, 2020 ആദ്യമോ ഇത് എത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ആപ്പിള്‍ മാറി നിന്നു കഴിഞ്ഞാല്‍, ആന്‍ഡ്രോയിഡില്‍ നിന്ന് ഐഒഎസിലേക്ക് അയയ്ക്കുന്ന മെസേജുകള്‍ ചിലപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കാമെന്നു കരുതുന്നു. എല്ലാവരും ഒരുമിച്ചുള്ള ഒരു നീക്കമാണ് ഉചിതം. ആപ്പിള്‍ മാറി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു പ്രധാന കാരണം പുതിയ സംവിധാനത്തിന്റെ പൂര്‍ണതയില്‍ തങ്ങള്‍ക്കു തൃപ്തിയില്ല എന്നതായിരിക്കുമെന്നു കരുതുന്നു. അതിന്റെ കാരണങ്ങളും ഉത്തരവാദിത്വമുള്ള ഒരു കമ്പനി എന്ന നിലയില്‍ അവര്‍ പുറത്തുവിട്ടേക്കാം.

ആപ്പിള്‍ തങ്ങളുടെ എതിരാളികള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമോ? എന്തായാലും അടുത്തകാലത്ത് സാംസങ് ടിവികളില്‍ തങ്ങളുടെ ഐട്യൂണ്‍സ് കൊണ്ടുവരാന്‍ അവരോടൊത്ത് ആപ്പിള്‍ പ്രവര്‍ത്തിച്ചു എന്ന വാര്‍ത്ത ശുഭസൂചകമാണെന്ന് പലരും കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA