sections
MORE

ക്യാമറാ പ്രേമികള്‍ റെഡ്മി നോട്ട് 7 വാങ്ങണോ, കാത്തിരിക്കണോ?

redmi-note-7-
SHARE

മികച്ച ടെക്‌നോളജി കുറഞ്ഞ വിലയ്ക്ക് എത്തുന്നതിന്റെ നല്ല ഉദാഹരണമാണ് ഷവോമിയുടെ റെഡ്മി നോട്ട് 7. 48എംപി ക്യാമറയടക്കം ഒരു പിടി പുതിയ ഫീച്ചറുകളുമായാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. അതും പതിനോരായിരം രൂപയില്‍ താഴെ വിലയ്ക്ക്. (ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, ചരിത്രം പരിശോധിച്ചാല്‍ ചൈനയിലിടുന്ന വില തന്നെയായിരിക്കും ഇന്ത്യയിലും എന്നു കാണാം.) വന്‍ വില കൊടുത്തു ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവരെ മോഹിപ്പിക്കുന്ന മോഡലാണ് റെഡ്മി നോട്ട് 7. എന്നാല്‍ ഇതാ, ഇതു വാങ്ങണോ അതോ, വാങ്ങാതെ അല്‍പ്പം കൂടെ കാത്തിരിക്കണോ എന്നു തീരുമാനിക്കാന്‍ ഇതാ ചില കാരണങ്ങള്‍:

വില

ഇനിമേല്‍, 'റെഡ്മി' ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയിരിക്കും. ആ നിലയില്‍ റെഡ്മിയുടെ ആദ്യ ഫോണായിരിക്കും റെഡ്മി നോട്ട് 7. നന്നായി അണിയിച്ചൊരുക്കിയ ഈ ഫോണ്‍ മികച്ചതാകുമെന്ന് കരുതുന്നു. 3ജിബി-32ജിബി മോഡലിന് ഏകദേശം 10,400 രൂപ വിലയും, 6ജിബി-64ജിബി വേരിയന്റിന് 15,000 രൂപയില്‍ താഴെ വിലയും പ്രതീക്ഷിക്കുന്നു. (ഇന്ത്യയിലെ 80 ശതമാനം സ്മാര്‍ട്ഫോണ്‍ വാങ്ങലുകാരും 15,000 രൂപയില്‍ താഴെയുള്ള ഫോണുകളിലാണ് കണ്ണുവയ്ക്കുക എന്നതിനാല്‍ കമ്പനി ആ തുകയ്ക്കു മേലെ വിലയിട്ടേക്കില്ലത്രെ.) വിലയിടീലിലൂടെ എതിരാളികളെ തകര്‍ക്കുന്ന ഷവോമി പുതിയ മോഡലും ബുദ്ധിപൂര്‍വം മാര്‍ക്കറ്റിലെത്തിക്കും. തീര്‍ച്ചയായും പരിഗണിക്കാം.

ക്യാമറ

ഇരട്ട പിന്‍ ക്യാമറാ സിസ്റ്റമാണ് മറ്റൊരു ആകര്‍ഷണീയത. ഇത്ര കുറഞ്ഞ വിലയ്ക്ക് മാര്‍ക്കറ്റിലെത്തുന്ന 48 എംപി ക്യാമറയുള്ള ആദ്യ ഫോണ്‍ എന്ന നിലയ്ക്ക് ചാടി വാങ്ങാന്‍ തോന്നിപ്പിക്കും. സാംസങിന്റെ സെന്‍സറാണ് ( ISOCELL Samsung G1) ഫോണിലെ പ്രധാന ക്യാമറയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. f/1.8 അപര്‍ചര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രകാശം പിടിച്ചെടുക്കുന്നതില്‍ മിടുക്കുകാട്ടുന്നതായിരിക്കും. കൂടാതെ, സെന്‍സറിന് സ്മാര്‍ട്ഫോണ്‍ ക്യാമറകള്‍ പരിഗണിച്ചാല്‍, നല്ല വലുപ്പവുമുണ്ട്--1/2''. ഇതും മികച്ച ഫോട്ടോകള്‍ കിട്ടാന്‍ സഹായകമാണ്. രണ്ടാമത്തെ ക്യാമറ 5എംപിയാണ്. ഇതിന്റെ ചുമതല ഡെപ്ത് സെന്‍സിങും മറ്റുമാണ്. ഇതിന് f/2.4 ആണുള്ളത്. സൂപ്പര്‍ നൈറ്റ് മോഡ് എന്നൊരു പുതിയ സെറ്റിങും ഫോണിനുണ്ട്. ഇത് വെളിച്ചക്കുറവുള്ള സ്ഥലത്ത് ചിത്രമെടുക്കുമ്പോള്‍ വളരെ ഉപകാരപ്രദമാകാനാണ് സാധ്യത. ഷവോമിയുടെ പ്രധാന മോഡലുകളിലൊന്നായ എംഐ മിക്‌സ് 3യില്‍ കണ്ട മോഡാണിത്. ക്യാമറയ്ക്ക് ഒരു ക്വോഡ് ബെയര്‍ ഫില്‍റ്ററുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാമറാ സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ വാവെയ് മെയ്റ്റ് 20 പ്രോയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഇതെല്ലാം റെഡ്മി നോട്ട് 7 വാങ്ങാന്‍വളരെ പ്രലോഭിപ്പിക്കുന്ന തരം കാരണങ്ങളാണ്. മുന്‍ ക്യാമറ അത്ര മികച്ചതല്ല.

നിർമിതി

വലവച്ചു നോക്കിയാല്‍ ആകര്‍ഷമാണ് ഡിസൈന്‍. മുന്‍ റെഡ്മി ഫോണുകളെ വച്ചു നോക്കിയാല്‍ പോലും ഈ ഡിസൈന്‍ കണ്ടാല്‍ നിങ്ങള്‍ വീണേക്കും. ഗ്ലാസ് പിന്‍ഭാഗമാണ് ഈ ഫോണിന്. ഓണര്‍ 8X, ഓണര്‍ 10 ലൈറ്റ് തുടങ്ങിയ മോഡലുകളില്‍ കണ്ടതുപോലെയുള്ള പിന്‍പ്രതലമാണ് റെഡ്മി നോട്ട് 7ന്. മുന്നിലുള്ള വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ചും ആകര്‍ഷകമാണ്.

മികച്ച സ്പീഡ്

റെഡ്മി നോട്ട് 6 പ്രോയെക്കാള്‍ മികച്ച സ്പീഡ് ഈ ഫോണിനു ലഭിച്ചേക്കും. 2.2GHz വരെ ക്ലോക് ചെയ്യാവുന്ന സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് റെഡ്മി നോട്ട് 7നില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഗ്രാഫിക് ശക്തി വേണ്ട ഗെയ്മുകള്‍ കളിക്കുമ്പോള്‍, കൂടിയ മസില്‍ പവര്‍ അനുഭവിക്കാനായേക്കും. 4,000 mAh ബാറ്ററിയും, യുഎസ്ബി ടൈപ്-സിയുടെ സാന്നിധ്യവും, ക്വിക് ചാര്‍ജ് 4 ശേഷിയുമെല്ലാം ഈ ഫോണിനെ അത്യാകര്‍ഷകമാക്കുന്നു.

എന്തുകൊണ്ട് കാത്തിരിക്കണം?

എന്നാല്‍, നിങ്ങള്‍ മികച്ച ക്യാമറാ ഫോണ്‍ വേണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്‍പ്പം കൂടെ കാത്തിരിക്കുക തന്നെ ചെയ്യണം! റെഡ്മി നോട്ട് 7 പ്രോ എത്താന്‍!  ഇരു മോഡലുകള്‍ക്കും മിക്ക ഫീച്ചറുകളും സമാനമാണെന്നാണല്ലോ കേള്‍ക്കുന്നത്, പിന്നെയന്തിനാണ് കാത്തരിക്കുന്നത്?  48 എംപി ക്യാമറ രണ്ടു ഫോണുകള്‍ക്കുമുണ്ട്. രണ്ടു മോഡലുകളും  0.8µm-പിക്‌സല്‍ സെന്‍സറാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഒരു വലിയ വ്യത്യാസമുണ്ട്: 

നോട്ട് 7ന്റെ ക്യാമറ സാംസങിന്റെ സെന്‍സറുപയോഗിച്ച്, ഇമെജ് അപ്‌സ്‌കെയ്‌ലിങ് എന്ന ഫീച്ചറുപയോഗിച്ചാണ് ഈ കൂറ്റന്‍ ഫോട്ടോ സൃഷ്ടിക്കുന്നത്. സെന്‍സറിന്റെ റെസലൂഷന്‍ 12 എംപിയാണ്. പക്ഷെ, വാര്‍ത്തകള്‍ ശരിയാണെങ്കില്‍, റെഡ്മി നോട്ട് 7 പ്രോയുടെ 48 എംപി ക്യാമറാ സെന്‍സര്‍ സോണിയുടെ IMX586 ആണ്. ഇതാകട്ടെ സെന്‍സറിന്റെ ശേഷിയിലൂടെ ശരിക്കും 48 എംപി ചിത്രം എടുക്കും! നോട്ട് 7 പ്രോയ്ക്ക് മറ്റ് ഏതാനും ഹാര്‍ഡ്‌വെയര്‍ സവിശേഷതകളും കണ്ടേക്കാം. വിലയില്‍ വലിയ വ്യത്യാസം പ്രതീക്ഷിക്കുന്നുമില്ല. തുടക്ക വേരിയന്റിന് 15,000 രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്നു. ഇനി കാത്തിരിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിച്ചോളൂ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA