sections
MORE

‘10 വർഷ ചലഞ്ച്’: ലോകത്ത് കൂടുതൽ വിറ്റഴിച്ച ഫോൺ ഇന്നും ഒരദ്ഭുതമാണ്!

nokia_1100-nokia8
SHARE

ഇന്ന് ആഴ്ചകൾകളുടെ മാത്രം വ്യത്യാസത്തിൽ ഓരോ മോഡലുകൾ എന്ന നിരക്കിൽ മൊബൈൽ ഫോൺ നിർമാതാക്കൾ പുതിയ ഫോണുകൾ അവതരിപ്പിക്കുമ്പോൾ മിക്കവരും ബ്രാന്റ് നോക്കാതെയും തങ്ങളുടെ പോക്കറ്റ് കാലിയാക്കാതെയും അത്യാവശ്യം സൗകര്യങ്ങൾ നൽകുന്ന സ്മാർട് ഫോൺ വാങ്ങുന്നതിനാണല്ലോ പ്രാധാന്യം നൽകുന്നത്. എന്നാൽ വർഷങ്ങൾ പുതിയ മോഡലിനായി കാത്തിരുന്ന് ഫോൺ വാങ്ങിയ ഒരു കാലവും ഇവിടെയുണ്ടായിരുന്നു എന്നത് നാം മറന്നിട്ടില്ല. അന്നത്തെ പ്രധാന ബ്രാന്റ് നോക്കിയ തന്നെയായിരുന്നു. ഫെയ്സ്ബുക്കിൽ ട്രന്റിങ്ങായ 10 വർഷ ചലഞ്ചിൽ നോക്കിയ ഫോണുകളെയും ചിലർ ഉൾപ്പെടുത്തി കണ്ടു. 2009 നിർമാണം നിർത്തിയ നോക്കിയ 1100 മുതൽ ഏറ്റവും അവസാനമായി ഇറങ്ങിയ നോക്കിയ 8 സിറോക്കോ (2019)യാണ് 10 വർഷ ചലഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഫോൺ വിപണിയിൽ മോഡലുകളുടെ കുത്തൊഴുക്കിൽപ്പെട്ട് പകച്ച് നിൽക്കുന്ന ഈ ലോകത്ത് ഇത് വരെ ഏറ്റവും കൂടുതൽ വിറ്റഴിച്ച മൊബൈൽ ഹാൻഡ്സെറ്റ് ഏതാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വിപണി ഭരിക്കുന്ന മോഡലുകൾ മൊബൈൽ ഫോൺ വിപണിയിലെത്തും മുൻപ് വിപണിയിലെ എതിരില്ലാത്ത രാജാവ്; ഫിൻലാന്റിന്റെ അഭിമാന താരം നോക്കിയക്ക് സ്വന്തമാണ് ആ നേട്ടം. ഇതു വരെയും വിപണിയിലെ മറ്റൊരു ബ്രാന്റിനും കടത്തിവെട്ടാൻ കഴിയാത്ത ആ റിക്കോർഡിനുടമ നോക്കിയയുടെ ജനപ്രിയ ഹാൻഡ്സെറ്റായ നോക്കിയ 1100 ആണ്. 2003 ഓഗസ്റ്റ് 27 നാണ് നോക്കിയ 1100 പുറത്തിറങ്ങിയത്. ആറു വർഷങ്ങൾക്ക് ശേഷം 2009 ൽ നോക്കിയ 1100 പിൻവലിച്ചു.

നോക്കിയ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആ ബ്രാന്റിന്റെ ആരാധകരുടെ മനസ്സിലോടിയെത്തുന്ന ഫോൺ നോക്കിയ 3310; മുപ്പത്തിമൂന്ന് പത്ത് എന്ന് മലയാളി സ്നേഹത്തോടെ വിളിച്ചിരുന്ന, ആരും ലാളിച്ചു പോകുന്ന ആ മോഡലാണ്. 2000 സെപ്റ്റംബർ ഒന്നിനാണ് ഈ ഫോൺ അവതരിപ്പിച്ചത്. അന്നുള്ളതിൽ വച്ച് ഒതുങ്ങിയതും മികച്ച രൂപകൽപ്പനയോടെയുള്ള ഈ ഫോണായിരുന്നു വിദേശങ്ങളിൽ പലരും കാമുകിമാർക്ക് സമ്മാനം കൊടുക്കാൻ തിരഞ്ഞെടുത്തിരുന്നത്. നമ്മുടെ നാട്ടിലും ചില നിരാശ പ്രേമത്തിന്റെ ഭാരം പേറുന്ന 3310 ഫോണുകൾ ഉണ്ടാകും.

20 വർഷങ്ങൾക്ക് മുൻപെത്തിയ ആ ഫോൺ 12.6 കോടി യൂണിറ്റുകളുടെ വിൽപ്പനയാണ് അന്ന് നടത്തിയത്. ഇതു വരെ ലോകത്ത് വിറ്റഴിച്ച ഫോൺ മോഡലുകളിൽ പത്താം സ്ഥാനത്താണ് ഇതിന്റെ സ്ഥാനം. ആ ഫോണിലൂടെ സ്നേക്ക്, സ്പേസ് ഇംപാക്ട് എന്നീ ഗെയിമുകളെ സ്നേഹിച്ച കുട്ടികൾ ഇന്ന് അത്യാധുനിക സ്മാർട് ഫോണുകളിൽ കൗമാരത്തിന്റെ നിറമാർന്ന ലോകത്തെ തിരക്കുകളിലാകും. എപ്പോഴെങ്കിലും അവരോർക്കുന്നുണ്ടാകുമോ തങ്ങളെ ഗെയിമിംഗ് ലോകത്തേക്ക് കൂട്ടിയ ആ പഴയ 3310 നെ?

നോക്കിയ 3310 പോലെ ജനപ്രിയമായ മറ്റൊരു നോക്കിയ മോഡലായ നോക്കിയ 1100; 2003 ലാണ് വിപണിയിലെത്തുന്നത്. ടോർച്ച്ലൈറ്റും പൊടി കയറാത്ത കീപാഡുമായി വന്ന ഫോൺ നൈജീരിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വൻ വിൽപ്പനയാണ് നടത്തിയത്. ലോകത്ത് ഇതുവരെ വിറ്റഴിഞ്ഞ ഫോണുകളിൽ ഏറ്റവും മുൻപന്തിയിലുള്ള 1100 എന്ന നോക്കിയ മോഡലിന്റെ 25 കോടിയിലധികം ഫോണുകളാണ് വിറ്റഴിഞ്ഞത്. മറ്റൊരു ബ്രാന്റിന്റെ മോഡലിനും ഇതുവരെ ഈ റിക്കോർഡ് ഭേദിക്കാൻ കഴിഞ്ഞിട്ടില്ല.

ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ രണ്ടാമത്തെ ഫോണും നോക്കിയ നിർമിച്ചത് തന്നെയാണ്. 2005 ൽ വിപണിയിലെത്തിയ 1110 എന്ന ഇൻവർട്ടഡ് സ്ക്രീൻ മോഡലിന്റെ 25 കോടി യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. വിൽപ്പനയിൽ 1100 യ്ക്ക് തൊട്ടു പിന്നാലെയെത്താൻ വളരെ കുറഞ്ഞ കാലം കൊണ്ട് 1110 ക്ക് കഴിഞ്ഞു. ലോകത്ത് ഇതുവരെയുള്ള വിൽപ്പനയിൽ മൂന്നാം സ്ഥാനത്തുള്ള നോക്കിയ 3210 മുപ്പത്തി മൂന്ന് പത്തിന്റെ മുൻഗാമിയാണ് 1999 ൽ പുറത്തിറങ്ങിയ ഈ ഫോണിന്റെ വിൽപ്പന 15 കോടി കവിഞ്ഞിരുന്നു. മികച്ച ബാക്കപ്പ് നൽകുന്ന ബാറ്ററിയുമായെത്തിയ മറ്റൊരു ഇൻവർട്ടഡ് സ്ക്രീൻ മോഡലായ നോക്കിയ 1200 ആണ് വിൽപ്പനയിൽ നാലാം സ്ഥാനത്ത്. 2007 ൽ വിപണിയിലെത്തിയ ഈ ഫോണിന്റെ വിൽപ്പന 15 കോടിക്കടുത്തായിരുന്നു.

ആഗോള തലത്തിൽ ഇതുവരെ നടന്ന ഫോൺ വിൽപ്പനയിലെ അഞ്ചും ആറും സ്ഥാനങ്ങളും നോക്കിയ ഫോണുകളാണ് അലങ്കരിക്കുന്നത്. ആധുനിക നോക്കിയ സ്മാർട് ഫോണുകളുടെ ആദ്യ രൂപം എന്ന് കണക്കാക്കാവുന്ന നോക്കിയ 5230 എന്ന സിംബിയൻ ഫോൺ 15 കോടിയോളം വിറ്റഴിച്ചു അഞ്ചാം സ്ഥാനത്താണുള്ളത്. ജോയ് സ്റ്റിക്ക് നാവിഗേഷനുമായി വന്ന് ആപ്പുകളുടെ വിശാല ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയ മുട്ടയുടെ ആകൃതിയിലുള്ള സിംബിയൻ ഫോൺ 6600 വിൽപ്പനയിൽ 15 കോടിക്കടുത്തെത്തി. 2003 ൽ വിപണിയിലെത്തിയ ഫോൺ അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു.

nokia-1100

വിൽപ്പനകളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്ത് മാത്രമാണ് നോക്കിയ അല്ലാത്ത ഒരു ഫോണിന് എത്താനായത്. 15 കോടിക്കടുത്ത് വിൽപ്പന നടത്തിയ സാംസങ്ങ് മോഡലായ ഇ1100 ലോകത്ത് ഇതു വരെയുള്ള ഹാൻഡ്സെറ്റുകളുടെ വിൽപ്പനയിൽ ഏഴാം സ്ഥാനത്ത് ഇന്നും തുടരുന്നു. ഏത്ര പുതിയ സൗകര്യങ്ങളുള്ള ഫോണുമായി സാംസങ്ങ് ഇനിയുമെത്തിയാലും ഈ ബേസിക് ഫോണാകും സാംസങ്ങിനെ സംബന്ധിച്ചിടത്തോളം ഗോൾഡൻ മോഡൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOBILES
SHOW MORE
FROM ONMANORAMA