sections
MORE

5 ക്യാമറകളുമായി എല്‍ജി V40 തിങ്ക് ഇന്ത്യയിലെത്തി, ഫൊട്ടോഗ്രഫി അദ്ഭുതം

LG-V40-ThinQ
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ എൽജിയുടെ പുതിയ ഹാൻഡ്സെറ്റ് എൽജി വി40 തിങ്ക് ഇന്ത്യയിലെത്തി. ആമസോൺ വഴി ജനുവരി 24 മുതലാണ് വിൽപ്പന. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എൽജി വി40 തിങ്ക് ആദ്യമായി അവതരിപ്പിച്ചത്. പിന്നിൽ മൂന്നും മുന്നിൽ രണ്ടും ക്യാമറകളുമായാണ് എൽജി വി40 തിങ്ക് എത്തിയിരിക്കുന്നത്. 

ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ വില 60,000 രൂപയാണ്. എന്നാൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 49,990 രൂപയാണ്. ഗ്രേ, ബ്ലൂ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് അവതരിപ്പിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ പ്രൈം ഉപഭോക്താക്കൾക്ക് ഹാൻഡ്സെറ്റ് ബുക്ക് ചെയ്യാം. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് വഴി വാങ്ങുന്നവർക്ക് 10 ശതമാനം ഇളവ് വാങ്ങും. ഹാൻഡ്സെറ്റ് ജനുവരി 24 നാണ് വിതരണം തുടങ്ങുക.

പ്രധാന ഫീച്ചറുകൾ

സ്റ്റാന്‍ഡര്‍ഡ്, വൈഡ്, ടെലി ലെന്‍സുകളുള്ള മൂന്നു പിന്‍ക്യാമറ സിസ്റ്റവുമായി ഇറങ്ങിയ ലോകത്തെ ആദ്യത്തെ സ്മാര്‍ട് ഫോണാണ് എല്‍ജി V40 തിങ്ക് (LG V40 ThinQ). ഇന്നേവരെ ഇറങ്ങിയ ക്യാമറ ഫോണുകളില്‍ വച്ച്, ഫോക്കല്‍ ലെങ്തുകളുടെ കാര്യത്തില്‍, ഏറ്റവും പൂര്‍ണ്ണതയുള്ള ഫോണ്‍ എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. മുന്നിലുള്ള ഇരട്ട ക്യാമറകളും പരിഗണിച്ചാല്‍ ഫോണിന് മൊത്തം അഞ്ചു ക്യാമറകളുണ്ട്.

എന്താണ് ഈ ഫോണിന്റെ പിന്‍ക്യാമറ സിസ്റ്റത്തിന്റെ സവിശേഷത?

മൂന്നു ക്യാമറ സിസ്റ്റവുമായി ഇറങ്ങിയ ലോകത്തെ ആദ്യത്തെ ഫോണാണ് വാവെയ് P20 പ്രോ. ധാരാളം നിരൂപക പ്രശംസ ഈ ഫോണ്‍ നേടുകയും ചെയ്തു. പക്ഷേ, ആ മോഡലിന് മൂന്നു ഫോക്കല്‍ ലെങ്തില്‍ ചിത്രമെടുക്കാനാകില്ല. അങ്ങനെ ചെയ്യാനാകുന്ന ലോകത്തെ ആദ്യ ഫോണാണ് എല്‍ജി പുറത്തിറക്കിയത്. 

ഫോണിന്റെ പിന്നിലെ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം ഇങ്ങനെ:

∙ 16MP സൂപ്പര്‍ വൈഡ് (1.9 / 1.0µm / 107°)--27mm

∙ 12MP സ്റ്റാന്‍ഡര്‍ഡ്  (F1.5 / 1.4µm / 78°)--16mm

∙ 12MP ടെലിഫോട്ടോ (F2.4 / 1.0µm / 45°)--52mm

സാധാരണ ഫോണുകളില്‍ കാണപ്പെടുന്ന ഒറ്റ ക്യാമറ, 28mm നു സമീപമുള്ള ഒരു ഫോക്കല്‍ ലെങ്തിലുള്ളതായിരിക്കും. ഇതിനെ സ്റ്റാന്‍ഡേര്‍ഡ് എന്നു വിളിക്കുന്നു. ഇതില്‍ കിട്ടുന്നതിനേക്കാള്‍ വൈഡായി ചിത്രീകരിക്കാന്‍ അനുവദിക്കുന്നതാണ് സൂപ്പര്‍ വൈഡ്. സൂം ചെയ്ത് മുന്നോട്ടു പോകാനും പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ എടുക്കാനുമാണ് ടെലി ലെന്‍സ് ഉപയോഗിക്കുന്നത്. V40 തിങ്കിന്റെ ടെലി ലെന്‍സ്, ഐഫോണ്‍ തുടങ്ങിയ ക്യാമറകളുടേതിനോടു സമാനമാണ്.

പേപ്പറിലെങ്കിലും മികച്ച ക്യാമറ സിസ്റ്റമാണ് എല്‍ജി അവതരിപ്പിച്ചിരിക്കുന്നത്: V40യുടെ പ്രധാന ക്യാമറയ്ക്ക്, അതിന്റെ മുന്‍ഗാമിയായ V30യെക്കാള്‍ 40 ശതമാനം വലുപ്പമുള്ള പിക്‌സലുകള്‍, കൂടുതല്‍ ഫാസ്റ്റ് അപേര്‍ചര്‍, DSLRകളിലും മറ്റും ഉപയോഗിക്കുന്ന പിഡിഎഎഫ്, അഡ്വാന്‍സ്ഡ് എച്ഡിആര്‍ തുടങ്ങിയ ഫീച്ചറുകളുടെ ഒരു സമ്മേളനമാണ് ഈ ഫോണ്‍. (എച്ഡിആര്‍ മൂന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മിക്ക ഫോണുകളിലെയും മികച്ച ഫീച്ചറാകുകയാണ്. ഐഫോണ്‍ XS/മാക്‌സ് മോഡലുകളില്‍ ഇത് പൊതുവെ മികവു പുലര്‍ത്തുന്നു.) 

ഇരട്ട പിന്‍ ക്യാമറകള്‍ ഇവയാണ്:

∙ 8MP സ്റ്റാൻഡേർഡ് (F1.9 / 1.12µm / 80°)--26mm

∙ 5MP വൈഡ് (F2.2 / 1.12µm / 90°)--21mm

6.4-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. ഓലെഡ് സ്‌ക്രീന്‍ നിര്‍മാണത്തില്‍ ലോകത്തെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നാണല്ലോ എല്‍ജി. സ്വന്തം ഫോണിന് മികച്ച ഡിസ്‌പ്ലെ തന്നെ ഉപയോഗിച്ചിരിക്കുമെന്നു നമുക്ക് അനുമാനിക്കാം. HDD+ റെസലൂഷന്‍ അഥവാ 3120 x 1440പിക്‌സല്‍സ് ആണ് സ്‌ക്രീനിനുള്ളത്. ഫോണില്‍ എടുക്കുന്ന ചിത്രങ്ങളും വിഡിയോയും ഈ സ്‌ക്രീനില്‍ മികവോടെ കാണാം. 

lg-v40

ഈ വര്‍ഷത്തെ മികച്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലതിനും ശക്തിപകരുന്ന സ്‌നാപ്ഡ്രാഗണ്‍ 845 ആണ് പ്രോസസര്‍. 6ജിബി റാമും ഉണ്ട്. 64ജിബി, 128ജിബി എന്നീ രണ്ടു സ്റ്റോറേജുകളില്‍ ഫോണ്‍ ലഭ്യമാക്കുന്നുണ്ട്. ഇരട്ട സിം സ്ലോട്ടുകളും, മൈക്രോ എസ്ഡികാര്‍ഡ് സ്ലോട്ടുമുണ്ട്. 3300 mAh ആണ് ബാറ്ററി കപ്പാസിറ്റി. നേരത്തെ പറഞ്ഞതു പോലെ, ലോകത്തെ ആദ്യത്തെ ട്രിപ്പിള്‍ പിന്‍ ക്യാമറ സെറ്റ്-അപ് ഉള്ള ഫോണല്ല എല്‍ജി V4 തിങ്ക്. പക്ഷേ, മൂന്നു വ്യത്യസ്ത ഫോക്കല്‍ ലെങ്തുകള്‍ ഉള്‍പ്പെടുത്തിയ ആദ്യ ഫോണാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA