sections
MORE

ഐഫോണിനെ ഇന്ത്യയും കൈവിട്ടു‍; ചൈനീസ് ഫോണുകളെ ഭയന്ന് ആപ്പിൾ

iPhone
SHARE

ആപ്പിള്‍ ഈ വര്‍ഷം ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ വളര്‍ച്ച കാണിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഈ മാസം ആദ്യം ആപ്പിള്‍ കമ്പനി നല്‍കിയ മുന്നറിയപ്പു പ്രകാരം അവരുടെ വിറ്റുവരവ് അഞ്ചു ശതമാനം കുറയും. ഇതാകട്ടെ ഐഫോണുകളുടെ വില്‍പ്പനയില്‍ വന്ന ഇടിവു മൂലമാണത്രെ. പ്രധാനമായും ചൈനയിലെ വിറ്റുവരവിടിഞ്ഞതാണ് കാരണമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ആപ്പിളിന്റെ മൊത്തം വരുമാനത്തിലെ അഞ്ചിലൊന്ന് ചൈനയില്‍ നിന്നായിരുന്നു ലഭിച്ചത്. ചൈനയിലെ ആപ്പിളിന്റെ പ്രകടനത്തില്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ ഉത്കണ്ഠാകുലരുമാണ്.

എന്നാല്‍, നിക്ഷേപകര്‍ ആപ്പിളിന്റെ ഇന്ത്യയിലെ അവസ്ഥ എന്താണെന്ന് അന്വേഷിച്ചതായി തോന്നിയിട്ടില്ല. ഒരു കാലത്ത് തങ്ങള്‍ അടുത്തതായി ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കാന്‍ പോകുന്ന വിപണിയായി ആപ്പിള്‍ ഇന്ത്യയെ വിലയിരുത്തിയിരുന്നതായി ഓര്‍ക്കുക. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന ഇപ്പോള്‍ വന്‍ കുതിപ്പാണ് കാണിക്കുന്നതും. 2014ല്‍ 80 ദശലക്ഷം ഫോണുകളാണ് വിറ്റിരുന്നതെങ്കില്‍ ഇപ്പോഴത് 150 ദശലക്ഷമായി തീര്‍ന്നിരിക്കുന്നു. ഈ കുതിപ്പ് ആപ്പിളും മുതലാക്കേണ്ടതായിരുന്നുവെന്നാണ് ചില വിലയിരുത്തലുകള്‍. ഇന്ത്യയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്കു പോലും ഐഫോണുകള്‍ അത്ര ആകര്‍ഷകമായി തോന്നുന്നില്ലെന്നു തന്നെയല്ല ഇത്രകാലം ഉണ്ടായിരുന്ന താത്പര്യം പോലും കുറയുകയാണെന്നും കണക്കുകള്‍ പറയുന്നു.

2014ലില്‍ ഏകദേശം 15 ലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ വിറ്റതെങ്കില്‍, 2017ല്‍ അത് 32 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ 2018ല്‍ ഇത് ഏകദേശം 16-17 ലക്ഷമായി കൂപ്പുകുത്തി എന്ന് കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസേര്‍ച്ച് പുറത്തുവിട്ട കണക്കുകളില്‍ നിന്നു മനസ്സിലാക്കാം. ആപ്പിളിന് ഇപ്പോള്‍ ഇന്ത്യയില്‍ ഏകദേശം 1 ശതമാനം മാര്‍ക്കറ്റ് സാന്നിധ്യമേയുള്ളു. ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളുടെ വിലയാണ് പ്രധാന പ്രശ്‌നം. പഴയ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ അടക്കം നല്‍കിയിട്ടും ആരും തന്നെ ചാടിവീണു വാങ്ങുന്നുമില്ല. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുന്നില്ല എന്നത് കമ്പനി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണെന്നു പറയുന്നു.

വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളാണ് ഇന്ത്യയില്‍ വിലസുന്നത്. ഷവോമി, ഒപ്പോ, വിവോ എന്നീ ചൈനീസ് നിര്‍മാതാക്കള്‍ക്കൊപ്പം മൈക്രോമാക്‌സും ഇവടെ തകര്‍ത്തുവാരുന്നു. ഒപ്പം സാംസങും ഉണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകളില്‍ 27 ശതമാനം ഷവോമിയുടേതാണ്. 22 ശതമാനവുമായി സാംസങ് രണ്ടാം സ്ഥാനത്തും 10 ശതമാനവുമായി വിവോ മൂന്നാം സ്ഥാനത്തും 9 ശതമാനവുമായി മകൈക്രോമാക്‌സ് നാലാം സ്ഥാനത്തും 8 ശതമാവുമായി ഒപ്പോ അഞ്ചാം സ്ഥാനത്തുമുണ്ട്, മറ്റുള്ളവര്‍ ഏകദേശം 24 ശതമാനമാണ് വില്‍ക്കുന്നത്. ആ മറ്റുള്ളവര്‍ക്കിടയില്‍ ആപ്പിളും മറഞ്ഞു കിടപ്പുണ്ടെന്നാണ് കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷം അവസാന ക്വാര്‍ട്ടറില്‍ മാത്രം വണ്‍പ്ലസ് കമ്പനി അഞ്ചു ലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു. ആപ്പിളാകട്ടെ ഏകദേശം നാലു ലക്ഷം ഫോണുകള്‍ ഇന്ത്യയിലേക്കു കയറ്റി അയച്ചു. എന്നാല്‍ ഇത് ആപ്പിളിന്റെ മാത്രം പ്രശ്‌നമല്ല. മൈക്രോസോഫ്റ്റും ആല്‍ഫബറ്റും (ഗൂഗിള്‍) ഈ പ്രശ്‌നം നേരിട്ടവരാണ്. തങ്ങളുടെ സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിർത്തുന്നതിനു മുൻപ് മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ലൂമിയ ഫോണുകളും സ്മാര്‍ട് ഫീച്ചര്‍ ഫോണുകളും വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഗൂഗിളാകട്ടെ തങ്ങളുടെ ആന്‍ഡ്രോയിഡ് വണ്‍ ഇന്ത്യ പോലെയുള്ള മാര്‍ക്കറ്റുകള്‍ക്കായി സൃഷ്ടിച്ചതാണ്. കായിഓഎസില്‍ (KaiOS) പണമിറക്കിയിരിക്കുന്നതും ഇന്ത്യയില്‍ പച്ചപിടിക്കാനാകുമോ എന്നു പരീക്ഷിക്കാനാണ്. പ്രീമിയം ഫോണുകള്‍ ഇവിടെ വില്‍പ്പന എളുപ്പമല്ലെന്നു തിരിച്ചരിഞ്ഞ മറ്റു രണ്ടു കമ്പനികളാണ് മൈക്രോസോഫ്റ്റും ആല്‍ഫബറ്റും എന്നു കാണാം.

ഇത്തരം ചീറ്റിപ്പോയ ഒരു പരീക്ഷണം ആപ്പിളും 2013ല്‍ നടത്തിയിട്ടുണ്ട്. ഐഫോണ്‍ 5c എന്നൊരു മോഡല്‍ ഇറക്കല്‍. എന്നാല്‍, ഇതിനു വിലയിട്ടിരുന്നത് 600 ഡോളറായിരുന്നു. ഇപ്പോള്‍ ഐഫോണ്‍ XR നേരിടുന്നതു പോലെയൊരു  പ്രതിസന്ധിയാണ് അതും നേരിട്ടത്. ഏറ്റവും പുതിയ ഐഫോണ്‍ കുടുംബത്തിലെ അംഗമായ ഐഫോണ്‍ XR ന് 1,000 ഡോളറിലേറെയാണ് ഇന്ത്യയിലെ വില. ഇതാകട്ടെ അമേരിക്കയിലെ വിലയേക്കാള്‍ 40 ശതമാനം കൂടുതലാണെന്നും പറയുന്നു. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയാല്‍ ഈ വില അല്‍പ്പം കുറഞ്ഞേക്കും. പക്ഷേ, അതൊന്നും വന്‍ ചലനങ്ങള്‍ ഉണ്ടാക്കില്ല.

ആപ്പിളിന് ഇന്ത്യയില്‍ വളര്‍ച്ച സാധ്യമാണോ? 

ഇന്ത്യയിലെ മാത്രം വിറ്റുവരവ് എടുത്തുപറയുന്ന രീതി ആപ്പിളിനില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം കമ്പനി ഇന്ത്യയില്‍ വളര്‍ച്ചാരഹിതമാണ് (flat) എന്നാണ് ആപ്പിവ്‍ മേധാവി ടിം കുക്ക് പറഞ്ഞത്. എന്നാല്‍ തങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിശ്വസിക്കുന്നുവെന്നും ഭാവിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയൊട്ടാകെ ആപ്പിള്‍ സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയിപ്പോള്‍. ഇത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന് അവര്‍ കരുതുന്നു. പക്ഷെ, ആപ്പിളിന്റെ ഇന്ത്യയിലെ സാധ്യതകള്‍ വളരെ പരിമിതം തന്നെയാണ്. പരീക്ഷിക്കാവുന്ന ഒന്ന് വളരെ വിലകുറഞ്ഞ ഒരു ഫോണ്‍ ഇന്ത്യക്കായി ഇറക്കുക എന്നതാണ്. എന്നാല്‍ അത്തരമൊരു ഫോണ്‍ ഇറക്കി, താഴത്തെ നിരയിലുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളുമായി മൽസരിച്ച് കച്ചവടം വര്‍ധിപ്പിക്കാനുള്ള താത്പര്യം ഇപ്പോള്‍ ആപ്പിളിനുണ്ടാവില്ല. കൂടാതെ, അത്തരമൊരു ഉപകരണം ഐഫോണ്‍ എന്ന പേരില്‍ ഇറക്കിയാല്‍ ഐഫോണുകള്‍ക്കു മൊത്തം ചീത്തപ്പേരുണ്ടാക്കുമോ എന്നതും കമ്പനിയെ പേടിപ്പിക്കുന്നുണ്ടാകാം. ഇത് പ്രീമിയം ഉപകരണങ്ങളിറക്കുന്ന കമ്പനിയെന്ന പേരുള്ള ബ്രാന്‍ഡിന് ക്ഷീണമേല്‍പ്പിച്ചേക്കാം.

ആപ്പിളിന് ഇപ്പോള്‍ ചെയ്യാവുന്ന ഒരു കാര്യം ഇന്ത്യയില്‍ ഹൈ-എന്‍ഡ് ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ഫോണുകള്‍ വില്‍ക്കാന്‍ ശ്രമിക്കുക എന്നതു മാത്രമാണ്. പക്ഷേ, അതും അത്ര എളുപ്പമല്ല. കാരണം ഐഫോണിലുള്ളതിനേക്കാള്‍ ഫീച്ചറുകളുള്ള ഫോണുകളാണ് മാര്‍ക്കറ്റിലെത്തുന്നത്. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന സാംസങ്ങിന്റെ ഫോള്‍ഡബിൾ ഫോണിനും, വാവെയുടെ ക്യാമറ മികവിനും, എന്തിന് ഷവോമിയുടെ 'ഫുള്‍-സ്‌ക്രീന്‍' ഫോണായ MI മിക്‌സ് 3യ്ക്കു പോലും പകരം വയ്ക്കാവുന്ന ഒന്നും കമ്പനിയുടെ കൈയ്യില്‍ ഇപ്പോള്‍ ഇല്ലെന്ന് സ്മാര്‍ട് ഫോണ്‍ മര്‍ക്കറ്റ് നിരീക്ഷകര്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA