sections
MORE

ഇതാണ് ഭാവി ഫോണ്‍, ഇതാവണം സ്മാർട് ഫോൺ, മൊത്തം സ്‌ക്രീൻ, അദ്ഭുത ഫീച്ചറുകൾ

The-Meizu-Zero-3
SHARE

ആപ്പിള്‍ ഇനി സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിലെ അവസാന വാക്കാവില്ലെന്നു വാദിക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒരു കാരണം അവര്‍ക്കൊരു മോശം ചുവടു വയ്ക്കാനാവില്ല എന്നതാണ്. തങ്ങളുടെ ഖ്യാതി നിലനിര്‍ത്തിക്കൊണ്ടു മാത്രമെ അവര്‍ക്ക് ഭാവിയെ ഉള്‍ക്കൊള്ളാനാകൂ. എന്നാല്‍ പല കമ്പനികള്‍ക്കും മേലും കീഴും നോക്കാനില്ല. അവര്‍ പുതിയ സാങ്കേതികവിദ്യകളെ ഒരു സങ്കോചവും കൂടാതെ ഉള്‍ക്കൊള്ളിച്ച് അമ്പരപ്പിക്കുന്ന പ്രൊഡക്ടുകള്‍ നിര്‍മിക്കും. അത്തരത്തിലൊന്നാണ് നമ്മള്‍ ഇന്നു പരിചയപ്പെടുന്ന മെയ്‌സു സീറോ (Meizu Zero) എന്ന സ്മാര്‍ട് ഫോണ്‍. ഹാന്‍ഡ്‌സെറ്റകളെക്കുറിച്ചുള്ള എല്ലാ മുന്‍വിധികളും തിരുത്തുന്ന ഒരു ഫോണാണിത്. അടുത്ത വര്‍ഷങ്ങളില്‍ മറ്റു കമ്പനികള്‍ ഏറ്റുപിടിക്കാന്‍ സാധ്യതയുള്ള ഒരുപിടി ഫീച്ചറുകളാണ് ഈ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നു കാണാം.

ചൈനീസ് കമ്പനിയായ മെയ്‌സു, സ്പീക്കറിനു വേണ്ടിപോലും ദ്വാരമിടാതെയാണ് ഇതു പണിതിരിക്കുന്നത്. പകരം മെയ്‌സുവിന്റെ സ്വന്തം എംസൗണ്ട് 2.0 ('mSound 2.0') സാങ്കേതികവിദ്യയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. സ്‌ക്രീന്‍ തന്നെ ശബ്ദമുണ്ടാക്കും! ഡിസ്‌പ്ലെയില്‍ നിന്ന് സ്പീക്കറില്ലാതെ ശബ്ദം വരുന്ന ടെക്‌നോളജി മെയ്‌സുവിന്റെ സ്വന്തമല്ലെങ്കിലും അവര്‍ സ്വന്തം രീതിയില്‍ പുരോഗതി വരുത്തിയിട്ടുണ്ടെന്നു പറയുന്നു.

5.99-ഇഞ്ച് വലുപ്പമുള്ള ഓലെഡ് ‌സ്‌ക്രീനിന്റെ വിശേഷങ്ങള്‍ അതുകൊണ്ടൊന്നും തീരില്ല. സ്‌ക്രീനിനടിയില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്ളത്. കൂടാതെ ഫേഷ്യല്‍ റെക്കഗ്നിഷനുള്ള സെല്‍ഫി ക്യാമറയും സ്‌ക്രീനിനടിയില്‍ പിടിപ്പിച്ചിരിക്കുന്നു.

The-Meizu-Zero

ഒരു ബട്ടണുമില്ലതെയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ സൈഡില്‍ വെര്‍ച്വല്‍ ബട്ടണുകളുണ്ട്. ഫോണ്‍ ഓണ്‍ ചെയ്യുമ്പോഴും ഓഫ് ചെയ്യുമ്പോഴും വോളിയം കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും എല്ലാം ചെറു കമ്പനങ്ങള്‍ സ്പര്‍ശിച്ചറിയാം.

സിം ഇടാനൊക്കില്ല!

ട്രേ കുത്തിത്തുറന്ന് സിം നിക്ഷേപിക്കുന്ന പരമ്പരാഗത പരിപാടിയൊന്നും മെയ്‌സുവിന്റെ ഫോണിനില്ല! മെയ്‌സുവിന്റെ സീറോ ഫോണില്‍ എംബെഡെഡ് സിംകാര്‍ഡും, ഇസിം (eSIM) ടെക്‌നോളജിയുമാണ് ഉപയോഗിക്കുന്നത്. ഫിസിക്കല്‍ സിം വാങ്ങിയിടുന്ന പരിപാടിയോടു മുഖം തിരിക്കുകയാണ് മെയ്‌സു.

വ്യാപകമായി ലഭ്യമാക്കിയേക്കില്ല

കാലത്തിനു മുൻപെ എത്തുന്ന ഫോണ്‍ ആയിതിനാല്‍ ഇത് ധാരാളമായി വില്‍ക്കപ്പെട്ടേക്കില്ല. ഫോണില്‍ ഇസിം ടെക്‌നോളജി ഉപയോഗിക്കുന്നതിനാല്‍ സേവനദാദാക്കളും അത് ഉപയോഗിച്ചു തുടങ്ങുമ്പോഴായിരിക്കും മെയ്‌സുവിന്റെ ഫോണ്‍ കൂടുതല്‍ പേര്‍ വാങ്ങൂ.

(സത്യത്തില്‍ ഇസിം പാരയാകാനാണ് സാധ്യത എന്നും വാര്‍ത്തകളുണ്ട്. ഇന്ത്യയില്‍ ഇതു നല്‍കുന്ന ജിയോയും മറ്റും ഇപ്പോള്‍ ഫ്രീ ആയി ആണ് നല്‍കുന്നത്. എന്നാല്‍ ചില രാജ്യങ്ങളില്‍ മാസാമാസം ഇസിമ്മിനു വാടക നല്‍കേണ്ടിവരുന്നു. അത് എപ്പോള്‍ വേണമെങ്കിലും ഇവിടെയും വരാം.)

ഡിസ്‌പ്ലെയില്‍ രണ്ടു കുഞ്ഞു ദ്വാരങ്ങള്‍ മാത്രം!

ഫോണില്‍ ആകെയുള്ളത് നന്നെ ചെറിയ രണ്ടു സുഷിരങ്ങള്‍ മാത്രമാണ്. ഒന്ന് മൈക്രോഫോണിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ അടുത്തത് ഫോണ്‍ ഹാര്‍ഡ് റീസെറ്റ് ചെയ്യാനാണ് ഉപയോഗിക്കുക. (ഫോണിന് അനക്കമില്ലാതായാല്‍ ചെയ്യാവുന്ന മുറിവൈദ്യമാണ് ഹാര്‍ഡ് റീസെറ്റ്.) ഈ ഫോണ്‍ പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫല്ലെന്നു പറയാനുള്ള കാരണം ഈ ദ്വാരങ്ങളായിരിക്കും.

വാട്ടര്‍ റെസിസ്റ്റന്‍സില്‍ ഇതിന്റെ റേറ്റിങ് IP68 ആണ്. ഇതാകട്ടെ ഐഫോണ്‍ XS, സാംസങ് ഗ്യാലക്‌സി S9 തുടങ്ങിയവയിലും ലഭ്യമാണ്. എന്നുപറഞ്ഞാല്‍ വെള്ളത്തില്‍ രണ്ടു മീറ്റര്‍ വരെ താഴ്ചയില്‍ 30 മിനിറ്റ് കിടന്നാലും സുരക്ഷിതമായിരിക്കും. (ഈ പണിയെല്ലാം ചെയ്തിട്ടും അത്രയെ സാധ്യമായുള്ളു എന്നതും ഇവിടെ ഓര്‍ക്കാം.)

The-Meizu-Zero-4

ചാര്‍ജിങ് കോഡും ഇല്ല

ഒരു പോര്‍ട്ടു പോലും ഇല്ലാതെ നിര്‍മിച്ചിരിക്കുന്ന ഫോണിന് കോഡുകള്‍ 'അലര്‍ജിയാണ്'! കോഡു കുത്തിയുള്ള ചാര്‍ജിങ് ഒന്നും നടക്കില്ല. ഫോണിന് വയര്‍ലെസ് ചാര്‍ജിങ് മാത്രമെയുള്ളു. വയര്‍ലെസ് ചാര്‍ജിങ്ങിലെ കുതിപ്പാണ് മറ്റൊരു മികവ്. ആപ്പിളും സാംസങ്ങുമടങ്ങുന്ന, ആഢ്യന്മാരായി കരുതുന്ന ഫോണ്‍ നിര്‍മാതാക്കള്‍ ഇപ്പോഴും 7.5 ഉം 9 വാട്‌സും സ്പീഡിലുള്ള വയര്‍ലെസ് ചാര്‍ജിങ് രീതിയാണ് ഉപയോഗിക്കുന്നത്. മെയ്‌സുവാകട്ടെ 18-വാട്‌സ് വയര്‍ലെസ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇത് ചാര്‍ജിങ് അതിവേഗമാക്കിയേക്കും എന്നാണ് കരുതുന്നത്. പക്ഷേ, ഫോണ്‍ ഇറങ്ങി ടെസ്റ്റുകള്‍ക്കു ശേഷമെ ഈ അവകാശവാദം ശരിയോ എന്നു നിര്‍ണ്ണയിക്കാനാകൂ.

2018ലെ ഏറ്റവു മികച്ച പ്രൊസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 845 ആണ് ഫോണിനു ശക്തി പകരുന്നത്. ബ്ലൂടൂത് 5 ഉം ഉപയോഗിച്ചിരിക്കുന്നു. ഫോണിനെക്കുറിച്ച് പുറത്തുവിടാത്ത വിശേഷങ്ങളും ഉണ്ടെന്നു പറയുന്നു.

എന്തായാലും മെയ്‌സൂ സീറോയുടെ ഓലെഡ് ഡിസ്‌പ്ലെ എങ്ങനെയിരിക്കും, സ്‌ക്രീന്‍ നേരിട്ടു പുറപ്പെടുവിക്കുന്ന ഓഡിയോയുടെ ഗുണനിലവാരം എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ ടെക് ജേണലിസ്റ്റുകള്‍ക്കിടയില്‍ ജിജ്ഞാസ പരത്തിയിരിക്കുകയാണിപ്പോള്‍. ഈ മോഡലിന്റെ തുടക്ക വില എത്രയായിരിക്കും, എന്നു പുറത്തിറക്കും, ഏതെല്ലാം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തും തുടങ്ങിയവയും അറിയാനിരിക്കുന്നതെയുള്ളു. ഫെബ്രുവരി 25-28 വരെ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ കൂടുതല്‍ വിശേഷങ്ങള്‍ അറിയാമെന്നാണ് കരുതുന്നത്. 

The-Meizu-Zero-2

മെയ്‌സു സീറോ ധാരാളമായി വില്‍ക്കപ്പെടുമോ എന്നതിനെക്കാളേറെ, മറ്റു കമ്പനികളും പുതിയ മോഡലുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അവഗണിക്കാനാകാത്ത ഒന്നായി തീരും ഇതിന്റെ രൂപകല്‍പ്പന മികവ് എന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രസക്തി എന്നും പറയുന്നു. ഭാവിയുടെ ഫോണ്‍ എന്നൊക്കെ പറയാമെങ്കിലും ഇതിന്റെ പുതുമയും അടുത്ത ഏതാനും വര്‍ഷം മാത്രമായിരിക്കും നില്‍ക്കുക എന്ന വാദവുമുണ്ട്. ഉദാഹരണത്തിന് ഫോള്‍ഡബിൾ ഫോണുകള്‍ വിജയമാകുന്നുണ്ടെങ്കില്‍ ഈ രീതിയിലുള്ള ഡിസൈന്റെ പ്രസക്തി തന്നെ നഷ്ടപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOBILES
SHOW MORE
FROM ONMANORAMA