ADVERTISEMENT

ഐഫോണുകളുടെ ഡിസൈനില്‍ 2020ല്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാമെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന അഭ്യൂഹങ്ങള്‍ പറയുന്നത്. അടുത്ത വര്‍ഷം ഇറക്കുന്ന ഫോണുകളില്‍, അതിനൂതനമായ ഓഗ്‌മെന്റഡ് റിയാലിറ്റിയെ ആവാഹിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ആപ്പിള്‍. ഇതിനായി കമ്പനി പിന്നിലും 3D ക്യാമറ സിസ്റ്റം പിടിപ്പിക്കുമെന്നും പറയുന്നു. ഈ ക്യമറകള്‍ക്ക് 15 മീറ്റര്‍ വരെ റെയ്ഞ്ച് ഉണ്ടാകും. ഇതിലൂടെ ചുറ്റുപാടുകളെ സ്‌കാന്‍ ചെയ്ത്, അവയുടെ ത്രിമാനത പകര്‍ത്താനാണു ശ്രമം. നിലവിലുള്ള 3D ക്യാമറ സിസ്റ്റത്തിന് 25 മുതല്‍ 50 സെന്റീമീറ്റര്‍ റെയ്ഞ്ചാണല്ലോ ഉള്ളത്. ഇതിലൂടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ മാത്രമാണ് സാധ്യമാകുന്നത്.

പുതിയ സിസ്റ്റത്തിനായി ലേസര്‍ സ്‌കാനര്‍ ആയിരിക്കും ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഡോട് പ്രൊജക്‌ഷന്‍ സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. അതിനൂതനമായ മൂന്നാമതൊരു ക്യാമറയും പ്രതീക്ഷിക്കാം. 3D ക്യാമറയ്‌ക്കൊപ്പം എത്തുന്ന ഓഗ്‌മെന്റഡ് റിയാലിറ്റിയും കൂടെയാകുമ്പോള്‍ ഫോട്ടോയിലെ ഡെപ്ത് ഒപ്പിയെടുക്കുന്ന രീതിക്ക് മാറ്റം വരും. ഈ സിസ്റ്റത്തിനു വേണ്ട സെന്‍സറുകള്‍ നിര്‍മിച്ചു കിട്ടാനായി ആപ്പിളും ലോകത്തെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍ നിര്‍മാതാവായ സോണിയും തമ്മില്‍ ചര്‍ച്ച നടക്കുകയാണത്രെ.

വെര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ ലോകത്ത് ഒരു നിമഗ്നമായ അനുഭവം പകരുന്നുവെങ്കില്‍ ഓഗ്‌മെന്റഡ് റിയാലിറ്റി ദൃശ്യങ്ങളും ഡേറ്റയും യഥാര്‍ഥ ലോകത്തിനുമേല്‍ പതിക്കും. ഉദാഹരണത്തിന് ഒരു കെട്ടിടത്തിനു നേരെ ക്യാമറയിലൂടെ നോക്കുമ്പോള്‍ അതിന്റെ മറ്റു പല വിശദാംശങ്ങളും ചിത്രത്തിനൊപ്പം കാണാം. പ്രശ്നം വന്ന ഒരു മെഷീനിലേക്കു നോക്കുമ്പോള്‍ എങ്ങനെ നന്നാക്കാമെന്നതു വിശദമാക്കും. ഇതിന് വെര്‍ച്വല്‍ റിയാലിറ്റിയേക്കാള്‍ ജനസമ്മതി കിട്ടുമെന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ സാധ്യതകളെക്കുറിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക് വാചാലനാകുകയും ചെയ്തിട്ടുണ്ട്.

ഈ സിസ്റ്റം ആദ്യം പരീക്ഷിക്കുക ഐഫോണിലായിരിക്കില്ല, മറിച്ച് അടുത്ത വര്‍ഷം ഇറങ്ങുന്ന ഐപാഡ് പ്രോയിയില്‍ ആരിക്കാമെന്നും പറയുന്നു. ഈ വര്‍ഷം ഇറങ്ങുന്ന ഐപാഡുകള്‍ മുന്‍നിര മോഡലുകള്‍ ആയിരിക്കില്ല.

2020ലെ ഐഫോണ്‍, ആവര്‍ഷം വര്‍ഷം തന്നെ ആപ്പിള്‍ ഇറക്കിയേക്കാവുന്ന ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റിന് ആമുഖമായിരിക്കാമെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിൾ വക്താവ് വിസമ്മതിച്ചു. പുതിയ ക്യാമറ സിസ്റ്റം ഈ വര്‍ഷത്തെ (2019) ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അതു മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് പറയുന്നത്.

2019ല്‍ എന്തൊക്കെ?

ഐഫോണ്‍ Xs/മാക്‌സ് എന്നീ മോഡലുകളുടെ പിന്‍ഗാമികളുടെ കോഡ് നാമം D42 എന്നും, D43 എന്നുമാണത്രെ. XR മോഡലിനും ആപ്‌ഡേറ്റ് ഉണ്ടാകും. ഇവയില്‍ ഏറ്റവും വലിയ ഹാന്‍ഡ്‌സെറ്റായ D43യ്ക്ക് മൂന്നു പിന്‍ ക്യാമറ സിസ്റ്റം പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. മാറ്റങ്ങള്‍ വരുത്തിയ ക്യാമറ സിസ്റ്റം തന്നെ മറ്റു മോഡലുകള്‍ക്കും പ്രതീക്ഷിക്കാമെന്നും വാര്‍ത്തകളുണ്ട്. ഈ വര്‍ഷം അവതരിപ്പിച്ചേക്കാവുന്ന മൂന്നാം ക്യാമറ, വൈഡ് ആംഗിള്‍ ആയിരിക്കാമെന്നാണ് പറയുന്നത്. കൂടുതല്‍ വിശാലമായ കാഴ്ചയായിരിക്കും ഇതിനുണ്ടാകുക. ഇത് കൂടുതല്‍ പിക്‌സലുകളും പിടിച്ചെടുക്കും. ഇതിലൂടെ മറ്റൊരു സുപ്രധാന ഫീച്ചറും വന്നേക്കാമത്രെ. ഫോട്ടോയില്‍ വിട്ടുപോയ എന്തെങ്കിലും ആപ്പിളിന്റെ സോഫ്റ്റ്‌വെയറിനു കൂട്ടിച്ചേര്‍ത്ത് ഫോട്ടോയും വിഡിയോയും 'റിപ്പയര്‍' ചെയ്യാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആപ്പിളിന്റെ 'ലൈവ് ഫോട്ടോ' ഫീച്ചറിലുമുണ്ടാകും മാറ്റം. ഇപ്പോള്‍ മൂന്നു സെക്കന്‍ഡ് വിഡിയോ ആണു പകര്‍ത്തുന്നതെങ്കില്‍ ഈ വര്‍ഷത്തെ മോഡലുകള്‍ മുതല്‍ അത് ആറു സെക്കന്‍ഡായി വര്‍ധിപ്പിക്കുമത്രെ.

ക്യാമറകള്‍ക്ക് മറ്റു ഫീച്ചറുകളെക്കാള്‍ പ്രാധാന്യം ഉപയോക്താക്കള്‍ നല്‍കുന്നുണ്ടത്രെ. മെച്ചപ്പെടുത്തിയ ക്യാമറ സിസ്റ്റമുള്ള ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുവെന്നും പറയുന്നു. മറ്റു പല പുതുമകളും ശരാശരി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാകുന്നില്ല എന്നതാണ് ഇതിന്റെ കാരണം. മൊബൈല്‍ ഫോണ്‍ ക്യാമറയുടെ മികവിന് വഴിയൊരുക്കിയതില്‍ ആപ്പിളിന്റെ പങ്ക് ഒട്ടും ചെറുതല്ല.

മറ്റു ഫീച്ചറുകള്‍

നിശ്ചയമായും യുഎസ്ബി-സി പോര്‍ട്ടുള്ള ഐഫോണ്‍ ആപ്പിള്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. എന്നാല്‍, 2012 മുതല്‍ ഉപയോഗിച്ചു വരുന്ന ലൈറ്റ്‌നിങ് പോര്‍ട്ട് ഈ വര്‍ഷം തന്നെ ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പൂര്‍ണ്ണമായ ഉറപ്പില്ല. അങ്ങനെ മാറിയാല്‍ ഇനി ഐഫോണ്‍ ചാര്‍ജു ചെയ്യാനും ആന്‍ഡ്രോയിഡ് ഫോണിന്റെ ചാര്‍ജറുകള്‍ ഉപയോഗിക്കാനായേക്കാം.

പുതിയ ശക്തികൂടിയ പ്രൊസസര്‍ ഉറപ്പായും എത്തും. ഫെയ്‌സ്‌ഐഡി സിസ്റ്റം അപ്‌ഡേറ്റു ചെയ്തിരിക്കും. ഇത്തരം മാറ്റങ്ങള്‍ വരുമെങ്കിലും പുറമെ നിന്നു നോക്കിയാല്‍ ഈ വര്‍ഷത്തെ മോഡലുകളേക്കാള്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണ് പറയുന്നത്. എന്നാല്‍, 2020ല്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 5Gയും അടുത്ത വര്‍ഷം പ്രതീക്ഷിച്ചാല്‍ മതിയത്രെ.

വില കുറഞ്ഞ ഐപാഡുകള്‍ ഈ വര്‍ഷം ഇറങ്ങിയേക്കും. ഐഒഎസ് 13ലെ പ്രധാന ഫീച്ചറുകളിലൊന്ന് ഡാര്‍ക്ക് മോഡായിരിക്കും. രാത്രി ഉപയോഗം ഇതിലൂടെ മെച്ചപ്പെടുത്താം. ചില ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ത്തന്നെയുണ്ട്.

ചില രാജ്യങ്ങളില്‍ ഐഫോണ്‍ വില കുറയുന്നു

അമേരിക്കയ്ക്കു വെളിയില്‍ ഐഫോണുകളുടെ വില കുറച്ചേക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഡോളറിനെതിരെ പല രാജ്യങ്ങളിലെയും കറന്‍സികള്‍ക്ക് ഇടിവു നേരിട്ടിട്ടുണ്ട്. ഇത് ഫോണുകളുടെ വില കുത്തനെ ഉയരാന്‍ ഇടയാക്കി. ഉദാഹരണത്തിന് ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം മോഡലായ ഐഫോണ്‍ XR ന് അമേരിക്കയിലെ വില വച്ചു നോക്കിയാല്‍ ഏകദേശം 400 ഡോളറാണ് കൂടുതല്‍. അല്‍പ്പം നഷ്ടം സഹിച്ചാണെങ്കിലും വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമം ആപ്പിള്‍ നടത്തിയേക്കാമെന്നാണ് പറയുന്നത്. കറന്‍സിയുടെ വിനിമയ നിരക്കില്‍ വന്ന മാറ്റം ഇന്ത്യ, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങള്‍ക്ക് തിരിച്ചടിയായി എന്ന് ആപ്പിള്‍ നേരത്തെ സമ്മതിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com