ADVERTISEMENT

സ്മാര്‍ട്ഫോണ്‍ പ്രേമികളെ കുലുക്കി മറിച്ചാണ് ഐഫോണ്‍ X, 2017ല്‍ രംഗപ്രവേശനം ചെയ്തത്-അതിന്റെ ഏകദേശം മുഴുവന്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ ആളുകളുടെ മനം കവര്‍ന്നു. കൂടുതല്‍ സൂക്ഷിച്ചു നോക്കിയ പലരും അതിന്റെ വിലക്ഷണമായ നോച്ചിനെ വെറുത്തു. പൂര്‍ണമായും ബെസലില്ലാത്ത ഫോണ്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ ആപ്പിളിന്റെ എൻജിനീയര്‍മാര്‍ പരാജയപ്പെടുകയായിരുന്നു. മുന്‍ക്യാമറാ സിസ്റ്റത്തിന് ഇരിക്കാനായി സൃഷ്ടിച്ചതാണ് നോച്. ആപ്പിളാകട്ടെ, ഈ ഫോണിനെയും അതിന്റെ പിന്‍ഗാമികളെയും ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലെയെന്നും പറഞ്ഞ് ഇന്നും വില്‍ക്കുന്നുമുണ്ട്. ഐഫോണിന്റെ പ്രഭാവം എത്രയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു പിന്നീടു നടന്ന കാര്യങ്ങള്‍--ആന്‍ഡ്രോയിഡ് നിര്‍മാതാക്കളും, നോച് കോപ്പിയടിച്ച് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിച്ചു.

എന്നാല്‍, ഫുള്‍സ്‌ക്രീന്‍ ഫോണ്‍ എന്ന ആശയം കൈയ്യില്‍ കിട്ടിയ ചില ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ തങ്ങളുടെ രീതിയില്‍ നോച്ചില്ലാ ഡിസ്‌പ്ലെ നിര്‍മിക്കാനുള്ള ശ്രമവും നടത്തി. അവരില്‍ ഒരാളാണ് ഒപ്പോ. ഏകദേശം 1,000 ഡോളര്‍ വിലയിട്ട്, മുഴുവന്‍ ഡിസ്‌പ്ലെയുമായി പുറത്തിറക്കിയ മോഡലാണ് ഒപ്പോ ഫൈന്‍ഡ് X. ഐഫോണ്‍ Xമായുള്ള സാമ്യം പേരിലടക്കം എവിടെയും ദര്‍ശിക്കാം. എന്നാല്‍, ഇതിന്റെ ഓലെഡ് സ്‌ക്രീന്‍ നോച്ചില്ലാതെ നിർമിച്ചതാണ്.

ഒപ്പോയുടെ തീരുമാനം ഫൈന്‍ഡ് Xല്‍ പുറത്തേക്കു തള്ളിവരുന്ന (pop-out) മോട്ടൊറൈസ്ഡ് ക്യാമറ പരീക്ഷിക്കാനായിരുന്നു. ക്യാമറ ആവശ്യമുള്ളപ്പോള്‍ വരുത്താം. സൂക്ഷ്മ ചലനത്തോടെയാണ് ക്യാമറ പുറത്തെത്തുന്നത്. ക്യാമറാ ആപ്പില്‍നിന്നു മാറുമ്പോള്‍ പോപ്-ഔട്ട് ക്യാമറയും വലിഞ്ഞു പോകും. ക്യാമറയുടെ ചലനങ്ങളെല്ലാം സുഗമവും സൗമ്യവും ആകര്‍ഷകവുമാണ്.

എന്നാല്‍, ഈ മോട്ടോറൈസ്ഡ് ക്യാമറാ പരീക്ഷണം എത്ര ഗൗരവത്തിലെടുക്കണം എന്നാണ് ടെക് വിദഗ്ദ്ധര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഐഫോണ്‍ Xന് നോച് ഉണ്ട് പക്ഷേ, വാട്ടര്‍ റെസിസ്റ്റന്‍സ് റെയ്റ്റിങ് IP67 ആണ്. എന്നാല്‍ ഫൈന്‍ഡ് Xന്റെ പോപ്-ഔട്ട് ക്യാമറാ അറയിലേക്ക് വെള്ളം വീണാല്‍ എന്തു സംഭവിക്കുമെന്ന് ഒപ്പോ വിശദീകരിച്ചിട്ടില്ല. ക്യാമറാ അറയില്‍ സൂക്ഷ്മമായ മണല്‍ തരികളും പൊടിയും മറ്റും കയറി അടയുമോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്.

ഇപ്പോള്‍ ക്യാമറ പുറത്തെത്താന്‍ ഒരു സെക്കന്‍ഡ് സമയം എടുക്കുന്നുണ്ട്. കാലക്രമത്തില്‍ ഈ സമയം വര്‍ദ്ധിച്ചേക്കാം. പോക്കറ്റിലും മറ്റും കിടന്ന് പൊടിയും അഴുക്കും പുരണ്ടും ക്യാമറാ മോട്ടറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ക്യാമറാ സിസ്റ്റം പുറത്തെത്തുമ്പോള്‍ ക്യാമറയ്ക്ക് അല്‍പ്പം വലുപ്പം കൂടുന്നു. ഇത്തരം ഒരു ഫോണിനുള്ള സംരക്ഷണ കെയ്‌സ് എവിടെയെങ്കിലും ലഭിക്കുമോ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. 

ഐഫോണ്‍ കുടുംബത്തിലെ മോഡലുകള്‍ വാഴുന്ന പടിഞ്ഞാറന്‍ മാര്‍ക്കറ്റുകളില്‍ പോലും ഈ ഫോണ്‍ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ വിജയിക്കുന്നു എന്നത് ഒപ്പോയ്ക്ക് അഭിമാനിക്കുന്ന കാര്യമാണ്. 2019ലെങ്കിലും നോച് എന്ന വിലക്ഷണത ഒഴിവാക്കാനാകുമോ എന്ന ചിന്തയിലാണ് ഐഫോണ്‍ എൻജീനിയര്‍മാര്‍. പക്ഷേ, ഡിസ്‌പ്ലെയ്ക്കുള്ളില്‍ സെല്‍ഫി ക്യാമറകള്‍വച്ചുള്ള പരീക്ഷണമാണ് താരതമ്യേന സുരക്ഷിതം എന്നു തോന്നുന്നു. ആപ്പിളും ആ വഴിയായിരിക്കും സ്വീകരിക്കാന്‍ സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com