ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച ഹാര്‍ഡ്‌വയെര്‍ നിര്‍മാതാക്കളായ സാംസങ് ഈ വര്‍ഷത്തെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ ഗ്യാലക്‌സി S10 സീരിസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണല്ലോ. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും പ്രധാന മോഡലും ഇതായിരിക്കും. നാലു വേരിയന്റുകളാണ് S10 പ്ലസ് സീരിസില്‍ പ്രതീക്ഷിക്കുന്നത്.

മൊബൈല്‍ഫണ്‍ (MobileFun) പുറത്തുവിട്ട ചിത്രം ശരിയാണെങ്കില്‍ ഫോണിന്റെ സ്‌ക്രീനിന്റെ മുകളില്‍ ഇടത്തു ഭാഗത്ത് ക്യാപ്‌സ്യൂള്‍ രീതിയിലുള്ള ഒരു കട്-ഔട്ട് ഉണ്ട്. ഇതായിരിക്കാം സെല്‍ഫി ക്യാമറകള്‍ക്കുള്ള സ്ഥലം. താഴെ വൃത്താകൃതിയിലുള്ള കട്-ഔട്ടുമുണ്ട്. ഇത് അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറിനു വേണ്ടിയായിരിക്കും.

ഇവയില്‍ ഏറ്റവും കരുത്തുറ്റ മോഡലായ സാംസങ് S10 പ്ലസിന്റെ പ്രധാന വേരിയന്റിന് സാംസങ്ങിന്റെ എക്‌സിനോസ് 9820 പ്രൊസസറും, 12 ജിബി റാമും, 1 ടിബി സംഭരണശേഷിയുമുണ്ടായിരിക്കും. ഈ മോഡലിന് ലഭിച്ചിരിക്കുന്ന ആന്റ്റുറ്റു (AnTuTu) സ്‌കോര്‍ 326185 ആണെന്നു പറയുന്നു. (ഈ ടെസ്റ്റില്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ച സ്‌കോറില്‍ മുന്നില്‍ നില്‍ക്കുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ മോഡല്‍ വാവെയ് മെയ്റ്റ് 20 പ്രോയാണ്, 310512. എന്നാല്‍, ആന്റ്റുറ്റു വിശ്വസനീയമല്ല എന്ന വാദവുമുണ്ട്.) ഈ മോഡലിന് 6.3-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെയായിരിക്കും ഉണ്ടാവുക. 3040×1440 പിക്‌സല്‍ റെസലൂഷനും ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 855 അല്ലെങ്കില്‍ എക്‌സിനോസ് 9820 പ്രോസസറുകള്‍ ആയിരിക്കും ശക്തി പകരുന്നത്. 12 ജിബി റാമും 1 റ്റിബി സ്റ്റോറേജും വരെയുള്ള മോഡലുകള്‍ പ്രതീക്ഷിക്കുന്നു. ഒപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യം പറഞ്ഞാല്‍, ആന്‍ഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കി സൃഷ്ടിച്ച സാംസങ്ങിന്റെ സ്വന്തം വണ്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ് (One UI) ആയിരിക്കും ഇതിനും മറ്റു മോഡലുകള്‍ക്കും.

പുറത്തു വരുമെന്നു കേള്‍ക്കുന്ന നാലു വേരിയന്റുകളുടെ പേരുകള്‍ ഇങ്ങനെയായേക്കാം, ഗ്യാലക്‌സി S10, S10 പ്ലസ്, S10E, S10 5G. (ഇന്ത്യയില്‍ S10, S10 പ്ലസ്, S10E എന്നീ മോഡലുകളായിരിക്കും അവതരിപ്പിക്കുക എന്നാണറിവ്.) നാലു വേരിയന്റുകളുടെയും സൂപ്പര്‍ അമോലെഡ് സ്‌ക്രീനില്‍ മുന്‍ക്യാമറ സിസ്റ്റത്തിനിരിക്കാന്‍ ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ടത്രെ.

പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് പ്രതീക്ഷിക്കുന്നു. (ഈ വര്‍ഷത്തെ ഒന്നോ ഒന്നിലേറെയോ ഐഫോണ്‍ മോഡലുകള്‍ക്കും ട്രിപ്പിള്‍ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്നും പറയുന്നു.) പുതിയ സാംസങ് S സീരിസ് ഫോണുകളുടെ പിന്‍ ക്യാമറ സിസ്റ്റത്തിന്റെ പ്രധാന ക്യാമറയ്ക്ക് 12 എംപി റെസലൂഷന്‍ തന്നെയായിരിക്കുമെന്നാണ് കേള്‍വി. മറ്റൊരു ക്യാമറയും 12 എംപി ആയിരിക്കും. മൂന്നാമത്തെ ക്യാമറയ്ക്ക് 16 എംപി റെസലൂഷന്‍ പ്രതീക്ഷിക്കുന്നു. മുന്നില്‍ 10 എംപി, 4കെ റെഡി സെല്‍ഫി ക്യാമറയും ഉണ്ടാവുമെന്നു കരുതുന്നു.

ഗ്യാലക്‌സി F അവതരിപ്പിക്കുമോ?

ഏറെ നാളായി പറഞ്ഞുകേള്‍ക്കുന്ന, സാംസങ്ങിന്റെ ഫോള്‍ഡബിൾ ഫോണ്‍ ആയ ഗ്യാലക്‌സി F ഈ മുകളില്‍ പറഞ്ഞ ഫോണുകള്‍ക്കൊപ്പം അവതരിപ്പിക്കുമോ എന്നതാണ് സ്മാര്‍ട് ഫോണ്‍ പ്രേമികളില്‍ ഉദ്വേഗം നിറയ്ക്കുന്ന മറ്റൊരു വാര്‍ത്ത. ഗ്യാലക്‌സി F അനാവരണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതായിരിക്കാം ഈ ഇവന്റിലെ സൂപ്പര്‍ സ്റ്റാര്‍! അധികം താമസിയാതെ ഇത്തരം മടക്കാവുന്ന ഫോണുകളുമായി ഷവോമിയും വാവെയും എത്തുമെന്നും കേള്‍ക്കുന്നു. സാംസങ്ങിന്റെയും വാവെയുടെയും മടക്കാവുന്ന ഫോണുകള്‍ക്ക് വന്‍ വില പ്രതീക്ഷിക്കുമ്പോള്‍ ഷവോമി താരതമ്യേന കുറഞ്ഞ വിലയില്‍ അതും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com