sections
MORE

ഐഫോണും സുരക്ഷിതമല്ല, സ്ക്രീൻ റെക്കോർഡ് ചെയ്യാനും രഹസ്യ ആപ്പുകൾ

3d-touch-iphone-6s-press
SHARE

താരതമ്യേന സുരക്ഷിതമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഐഒഎസിലും ഡേറ്റ ചോര്‍ത്തുന്ന ആപ്പുകളുടെ വിളയാട്ടം. ഉപയോക്താക്കളുടെ അനുമതി ചോദിക്കാതെ ചില ആപ്പുകള്‍ അവരുടെ സ്‌ക്രീന്‍ ചെയ്തികള്‍ മുഴുവന്‍ റെക്കോഡു ചെയ്‌തെടുത്ത് വിറ്റു കാശാക്കുന്നു എന്നാണ് ആരോപണം. തിരിച്ചറിഞ്ഞ, ആപ്പുകളോട് ഒളിഞ്ഞു നോട്ടം നിർത്തിയില്ലെങ്കില്‍ ആപ്‌സ്റ്റോറില്‍ നിന്നു പുറത്താക്കമെന്ന് താക്കീതു നല്‍കിയിരിക്കുകയാണ്. തങ്ങളുടെ ഇക്കോ സിസ്റ്റത്തില്‍ സ്വകാര്യത പരമപ്രാധാന്യമുള്ള ഒന്നാണെന്നാണ് ആപ്പിള്‍ പ്രതികരിച്ചത്. 

ഹോട്ടലുകളുടെയും ട്രാവല്‍ സൈറ്റുകളുടെയും സെല്‍ഫോണ്‍ സേവനദാതാക്കളുടെയും ബാങ്കുകളുടെയും സാമ്പത്തിക ഇടപാടുകാരുടെയും മറ്റും ആപ്പുകളാണ് ഡേറ്റ ചോര്‍ത്തിയിരുന്നത്. ഈ ആപ്പുകളുടെ ഡെവലപ്പര്‍മാര്‍ അപഗ്രഥനപരമായ (analytics) ശേഷി നിഗൂഢമായി തിരുകിയാണ് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തിയിരുന്നത്. സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ അതേപടി പകര്‍ത്തിയിരുന്ന ആപ്പുകളും ഓരോ സ്പര്‍ശത്തിന്റെയും സ്വൈപ്പിന്റെയും ബട്ടണ്‍ ക്ലിക്കിന്റെയും കീബോര്‍ഡ് ടച്ചുകളുടെയും സ്‌ക്രീന്‍ ഷോട്ട് എടുത്തിരുന്നവയും ഉണ്ടായിരുന്നു. എയര്‍ കാനഡ, ഹോളിസ്റ്റര്‍, എക്പീഡിയ തുടങ്ങിയവരുടെ ആപ്പുകള്‍ സ്‌ക്രീന്‍ റെക്കോഡു ചെയ്യുക മാത്രമല്ല അവ വിറ്റു കാശാക്കുകയും ചെയ്തിരുന്നുവത്രെ. ഡേറ്റാ ഖനനത്തെക്കുറിച്ചുള്ള ഒരു സൂചന പോലും നല്‍കാതെയാണ് പല ആപ്പുകളും ഇതെല്ലാം ചെയ്തരുന്നത്. പാസ്‌പോര്‍ട്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഡേറ്റാ തുടങ്ങിയവയൊക്കെ റെക്കോഡു ചെയ്തിരിക്കാമെന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്.

ആപ്പിളിനു തിരിച്ചടിയായി മറ്റൊരു റിപ്പോര്‍ട്ട്

അതേസമയം, ഈ വര്‍ഷം എങ്ങനെയെങ്കലും ഐഫോണ്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ആപ്പിളിന് അത്ര ശുഭകരമായ വാര്‍ത്തയല്ല വന്നിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടിം കുക്കിന്റെ പേടിസ്വപ്‌നം യാഥാര്‍ഥ്യമാകുകയാണ്. എന്തുകൊണ്ട് ഐഫോണ്‍ വില്‍പ്പന കുറയുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഉപയോക്താക്കള്‍ വര്‍ഷാവര്‍ഷം അപ്‌ഗ്രേചെയ്യുന്ന പരിപാടി കുറച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ബേണ്‍സ്റ്റെയ്ന്‍ എന്ന ഗവേഷണ കമ്പനിയുടെ മേധാവി ടോണി (Toni Saccanoghi) പറയുന്നത് പല ഐഫോണ്‍ ഉപയോക്താക്കളും ഫോണ്‍ മാറ്റുന്നത് നാലു കൊല്ലത്തിലൊരിക്കല്‍ ആക്കിയെന്നാണ്. 2018ല്‍ അത് മൂന്നു കൊല്ലം വരെയായിരുന്നു. ഈ വര്‍ഷം അതു വര്‍ധിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ആപ്പിളിന്റെ ബാറ്ററി മാറ്റിവച്ചു കൊടുക്കാനുളള തീരുമാനവും വില വര്‍ധിച്ചതുമാണ് വര്‍ഷാവര്‍ഷം പോയിട്ട് രണ്ടും മൂന്നും വര്‍ഷത്തേക്ക് ഫോണ്‍ മാറേണ്ട കാര്യമില്ലെന്ന തീരുമാനത്തിലെത്താന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ഇന്‍സ്റ്റാലേഷന്‍ ബെയ്‌സ് 9 ശതമാനം വര്‍ധിച്ചിരുന്നു. ഈ വര്‍ഷം അത് 19 ശതമാനം കുറയുമെന്നാണ് ഞങ്ങളുടെ പ്രവചനമെന്ന് അദ്ദേഹം പറയുന്നു. ഐഫോണിന്റെ ബാറ്ററി മാറ്റിവച്ചു നല്‍കാനുള്ള തീരുമാനത്തിന് ആപ്പിളിന് അക്ഷരാര്‍ഥത്തില്‍ വന്‍ വില നല്‍കേണ്ടി വന്നതായി കുക്കും അഭിപ്രായപ്പെട്ടിരുന്നു. ഫോണുകളിലെ പുതിയ ഫീച്ചറുകളില്‍ പലതും ശരാശരി ഉപയോക്താക്കളെ സംബന്ധിച്ച് അര്‍ഥരഹിതമാണ്. ഇതൊക്കെയാണെങ്കിലും അമേരിക്കയിലെ ഐഫോണ്‍ വില്‍പ്പനയില്‍ മികവ് തുടരുന്നുണ്ടെന്നും പറയുന്നു. 18.9 കോടി ഐഫോണുകള്‍ അമേരിക്കയില്‍ ഉപയോഗത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്ക തന്നെയാണ് ഐഫോണുകളുടെ പ്രധാന വിപണിയും.

ചൈനയുമായുള്ള അമേരിക്കയുടെ വാണിജ്യ യുദ്ധമാണ് ആപ്പിള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. മറ്റൊന്ന് ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ XR/XS/മാക്‌സ് എന്നീ മോഡലുകളോട് ഒരാവേശവും ഉപയോക്താക്കള്‍ കാണിക്കുന്നില്ല എന്നതാണ്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞതായും കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA